24 November Tuesday

യുഎൻ: കുതിപ്പും കിതപ്പും

ജോസഫ്‌ ആന്റണിUpdated: Saturday Oct 24, 2020


രണ്ടാം ലോകയുദ്ധം സൃഷ്ടിച്ച സമാനതകളില്ലാത്ത നരഹത്യകൾക്കും സർവനാശത്തിനും ആവർത്തനമുണ്ടാകാതിരിക്കാനുള്ള ലോകരാഷ്ട്രങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെ സ്ഥാപനരൂപമാണ് 1945 ഒക്ടോബർ 24ന് നിലവിൽവന്ന ഐക്യരാഷ്ട്ര സംഘടന(യുഎൻഒ). പോളണ്ട് ഒഴികെ 50 സ്ഥാപകാംഗങ്ങൾ 1945 ജൂൺ 26നുതന്നെ ഐക്യരാഷ്ട്രസംഘടനയുടെ ചാർട്ടറിൽ ഒപ്പിട്ടെങ്കിലും, പഞ്ചമഹാശക്തികളായ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയും മറ്റുള്ള അംഗരാജ്യങ്ങളും ചാർട്ടർ അംഗീകരിച്ചതോടെയാണ്, 1945 ഒക്ടോബർ 24ന് ഐക്യരാഷ്ട്ര സംഘടന നിലവിൽവന്നത്. 1945ൽ നിലവിൽ വന്നെങ്കിലും ഒക്ടോബർ 24 ഐക്യരാഷ്ട്രദിനമായി ആചരിക്കാനാരംഭിച്ചത് 1948 മുതലാണ്. അന്തർദേശീയ സമാധാനവും സുരക്ഷയും നിലനിർത്താനും അംഗരാജ്യങ്ങളുടെയിടയിൽ സൗഹൃദം ഊട്ടിയുറപ്പിക്കാനും അന്തർദേശീയ സഹകരണം വർധിപ്പിക്കാനും സർവോപരി, രാജ്യങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്രമാകാനും നിലവിൽവന്ന ലോകത്തെ ഏറ്റവും വലിയ സംഘടനയാണ് ഐക്യരാഷ്ട്ര സംഘടന.

ഒന്നാം ലോകയുദ്ധത്തിനുശേഷം രണ്ടു പതിറ്റാണ്ടായപ്പോൾത്തന്നെ രണ്ടാം ലോകയുദ്ധത്തിന്റെ തീച്ചൂളയിലേക്ക് ലോകം വലിച്ചെറിയപ്പെട്ടു. എന്നാൽ, രണ്ടാം ലോകയുദ്ധത്തിനുശേഷം മറ്റൊരു യുദ്ധത്തിന്റെ യാതനകളിലേക്ക് ലോകം നീങ്ങിയില്ലെന്നത് യുഎൻഒയുടെ നേട്ടമായി കാണാവുന്നതാണ്. 1990 വരെ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തിൽ നടന്ന ശീതയുദ്ധം അതിനു സഹായകരമായെങ്കിലും മൂന്നാമതൊരു ലോകയുദ്ധമുണ്ടായില്ലെന്നത് ചെറിയനേട്ടമല്ല.

ഇവയ്ക്കുപുറമെ, ഐക്യരാഷ്ട്രസംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളിലൂടെ മനുഷ്യാവകാശ സംരക്ഷണത്തിനും ജീവകാരുണ്യസഹായം നൽകുന്നതിനും അന്തർദേശീയനിയമം പരിപാലിക്കാനും നടത്തിയ പ്രവർത്തനങ്ങളും പ്രശംസാവഹമാണ്. ഇത്തവണ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ വേൾഡ് ഫുഡ് പ്രോഗ്രാം എന്ന സംഘടന, യുഎൻഒയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ്. ഇത് എൺപതോളം രാജ്യങ്ങളിലായി ഏകദേശം പത്തുകോടി ജനങ്ങൾക്ക് ഭക്ഷണം നൽകുന്നുണ്ട്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇതുവരെ 28 സംഘടനയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ  പകുതിയോളവും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്നവയാണെന്നത്, വിവിധ മേഖലകളിൽ സംഘടന വഹിച്ച പങ്കിനുള്ള അംഗീകാരമാണ്.

വിനാശകരമായതും നീണ്ടുനിൽക്കുന്നതുമായ യുദ്ധങ്ങളിലേക്കു നീങ്ങാമായിരുന്ന നിരവധി സംഘർഷങ്ങൾ ഇല്ലാതാക്കാനും  കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിലും ആഭ്യന്തരകലാപങ്ങളിലും യുഎൻ വിജയകരമായി ഇടപെട്ടിട്ടുണ്ട്. 1948ലെ അറബ്‌–-ഇസ്രയേൽ സംഘർഷംമുതൽ ഇപ്പോൾ അസർബൈജാനും അർമേനിയയും തമ്മിൽ  നടന്നുകൊണ്ടിരിക്കുന്ന നാഗോർണോ–-കരാബാക്  സംഘർഷങ്ങളിൽവരെ പ്രശ്നപരിഹാരത്തിനായി ഇടപെടൽ നടത്തുന്നു.പരമ്പരാഗത ആയുധങ്ങളുടെയും ആണവായുധങ്ങൾ, രാസായുധങ്ങൾ എന്നിവയുടെയും നിരോധനങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ; കുട്ടികൾ, സ്ത്രീകൾ, തൊഴിലാളികൾ, മറ്റ്‌ പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവർക്കായി, യൂണിസെഫ്, യുനെസ്കോ, അൺക്ടാഡ്, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ എന്നീ ഏജൻസികളിലൂടെ നടത്തിയ ഇടപെടലുകൾ എന്നിവയും  പ്രശംസനീയമാണ്. സുരക്ഷയെ ആയുധസഹായത്താലുള്ള രാജ്യസുരക്ഷയെന്ന പരമ്പരാഗത സങ്കൽപ്പനത്തിൽ  മാറ്റംവരുത്തി, ജനങ്ങളുടെ സുരക്ഷയ്ക്കും തുല്യപ്രാധാന്യം നൽകാൻ മാനവവികസന സൂചിക അവതരിപ്പിച്ചുകൊണ്ട് അമർത്യ സെന്നിനെപ്പോലുള്ളവരുടെ നേതൃത്വത്തിൽ യുഎൻഡിപി നടത്തിയ പ്രവർത്തനങ്ങളും വലിയമാറ്റങ്ങൾക്ക്‌ സഹായകമായിട്ടുണ്ട്.

ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതലത്തിൽ ശക്തമായ ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരായ രാഷ്ട്രങ്ങളുടെ പ്രവർത്തനങ്ങളെ നയിക്കാനും യുഎൻഒ മുന്നിലുണ്ടായിരുന്നു. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ സമാധാനശ്രമങ്ങളിൽ   ഏർപ്പെട്ടിരിക്കെ, 1961ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട യുഎൻ സെക്രട്ടറി ജനറൽ ഡാഗ് ഹാമർഷോൾഡിന്റെ പേര് പ്രത്യേകം ഓർമിക്കേണ്ടതാണ്. മുമ്പ്‌ സൂചിപ്പിച്ച നേട്ടങ്ങളും ഇടപെടലുകളുമെല്ലാം അംഗരാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ്.

ഐക്യരാഷ്ട്ര സംഘടനയുടെ ഏറ്റവും വലിയ ദൗർബല്യം അത് സ്വതന്ത്ര പരമാധികാര രാജ്യങ്ങൾ നൽകുന്ന സാമ്പത്തികവും സൈനികവുമായ പിന്തുണയിൽമാത്രം പ്രവർത്തിക്കാൻ കഴിയുന്ന ഒരു സംഘടനയാണെന്നതാണ്. എന്നുമാത്രമല്ല, നിലനിൽക്കുന്ന അന്താരാഷ്ട്ര വ്യവസ്ഥയ്‌ക്കുള്ളിലാണ് അതിന്റെ പ്രവർത്തനം. ഉദാഹരണത്തിന്, അന്താരാഷ്ട്രവ്യവസ്ഥ അമേരിക്കയ്ക്ക് മേധാവിത്വമുണ്ടായിരുന്ന ഏകധ്രുവ ലോകവ്യവസ്ഥയായി നിലനിന്നപ്പോൾ, ഐക്യരാഷ്ട്രസംഘടനയെയും ലോകരാഷ്ട്രീയത്തെയും നിയന്ത്രിച്ചത് അമേരിക്കൻ താല്പര്യങ്ങളാണ്. ഈ ഘട്ടത്തിലാണ് എല്ലാ അന്താരാഷ്ട്ര മര്യാദകളെയും ഐക്യരാഷ്ട്ര സംഘടനയുടെയും ചട്ടങ്ങളെ മറികടന്ന് ഇറാഖിൽ അമേരിക്ക അധിനിവേശയുദ്ധം നടത്തിയത്. 1950കളിൽ കൊറിയയിൽ ഐക്യരാഷ്ട്രസഭയുടെ പേരിൽ യുദ്ധം നടത്തിയത് അമേരിക്കയായിരുന്നു. ലോകരാഷ്ട്രീയം അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും തുല്യശക്തികളുടെ നേതൃത്വത്തിലുള്ള ദ്വിധ്രുവ ലോകമായിരുന്നപ്പോൾ താരതമ്യേന സമാധാനം നിലനിന്നത് അതുകൊണ്ടാണ്. 1995ൽ നടന്ന ബോസ്നിയൻ യുദ്ധത്തിനുനേരെയും 2009ൽ ശ്രീലങ്കയിൽ നടന്ന മനുഷ്യക്കുരുതിയെയും രോഹിൻഗ്യൻ വംശഹത്യയിലുമെല്ലാം ഇടപെടൽ പരാജയപ്പെട്ടു. ആ പരാജയത്തിന്റെ സംസാരിക്കുന്ന സാക്ഷ്യമാണ് പലസ്തീൻ. അമേരിക്കയുടെ ഒത്താശയോടെ ഇസ്രയേൽ നടത്തുന്ന കോളനിഭരണത്തിനെതിരായി ഒന്നുംചെയ്യാനാകാതെ നിൽക്കയാണ് യുഎൻഒ.

ഏറ്റവുംവലിയ അന്താരാഷ്ട്ര സംഘടനയെ നിയന്ത്രിക്കുന്ന സുരക്ഷാ കൗൺസിൽ ക്രമീകരിച്ചിരിക്കുന്നത് ജനാധിപത്യവിരുദ്ധമായാണ്. അഞ്ച് സ്ഥിരാംഗങ്ങളുൾപ്പെടെ 15 രാഷ്ട്രത്തിന്റെ സമിതിയാണ് ഐക്യരാഷ്ട്ര സംഘടനയുടെ നട്ടെല്ലായ സുരക്ഷാ കൗൺസിൽ. അന്താരാഷ്ട്ര സമാധാനത്തെ ബാധിക്കുന്ന എല്ലാ കാര്യത്തിലും തീരുമാനമെടുക്കേണ്ട ചുമതല ഈ സമിതിക്കാണ്. ആകെയുള്ള 15ൽ 14 അംഗങ്ങളും ഒരു പ്രമേയത്തെ അനുകൂലിച്ചാലും വീറ്റോ അധികാരമുള്ള, സ്ഥിരാംഗമായ ഒരു രാഷ്ട്രം ആ പ്രമേയത്തെ എതിർത്താൽ ആ പ്രമേയം പരാജയപ്പെടും. ഐക്യരാഷ്ട്ര സംഘടനയെ നിർവീര്യമാക്കുന്നതാണ്‌ ഈ സമ്പ്രദായം.

രണ്ടാം ലോകയുദ്ധത്തിനുശേഷം നിലവിൽവന്ന രാഷ്ട്രീയസാഹചര്യത്തിന്റെ സൃഷ്ടിയാണ്, 51 രാജ്യവുമായി ആരംഭിച്ച ഐക്യരാഷ്ട്ര സംഘടന. ഇരുധ്രുവലോകം ബഹുധ്രുവലോകമായി മാറി. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യം അന്താരാഷ്ട്രവേദിയിലെ മുഖ്യശബ്ദമായി മാറി. പ്രമുഖ സാമ്പത്തികശക്തികളായ ജർമനിയും ജപ്പാനും സുരക്ഷാ കൗൺസിൽ സ്ഥിരാംഗങ്ങളല്ല. സ്ഥിരാംഗങ്ങളിൽ ഒരു ആഫ്രിക്കൻരാജ്യംപോലുമില്ല. ചുരുക്കത്തിൽ കടന്നുപോയ ഒരു കാലത്തിന്റെ സൃഷ്ടിയാണ് ഐക്യരാഷ്ട്ര സംഘടന. അത്‌ തിരിച്ചറിഞ്ഞതുകൊണ്ടാണ് യുഎൻഒതന്നെ പരിഷ്കാരശ്രമങ്ങളുമായി മുന്നോട്ടുവന്നിരിക്കുന്നത്. വേണ്ടത് അവിടെയുമിവിടെയും വരുത്തുന്ന പരിഷ്കാരങ്ങളിലൂടെയുള്ള മുഖംമിനുക്കലല്ല. കാലാനുസൃതമായ ഉടച്ചുവാർക്കലാണ്. അത്തരം ഉടച്ചുവാർക്കൽ ഐക്യരാഷ്ട്രസംഘടനയിൽമാത്രം പരിമിതപ്പെടുത്തേണ്ടതുമല്ല, രണ്ടാംലോകയുദ്ധാനന്തരം നിലവിൽവന്ന അന്താരാഷ്ട്രസ്ഥാപനങ്ങൾ പലതും നിലനിൽക്കുന്ന അന്താരാഷ്ട്ര സാഹചര്യങ്ങൾക്ക് ഇണങ്ങുംവിധം ഉടച്ചുവാർക്കേണ്ടതുതന്നെയാണ്.

(കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top