28 February Friday

ജനവിരുദ്ധ കേന്ദ്ര ബജറ്റ്

എളമരം കരീംUpdated: Wednesday Jul 24, 2019


മോഡി സർക്കാരിന്റെ 2019‐20 വർഷത്തേക്കുള്ള ബജറ്റ് ദേശീയ കുത്തകകൾക്ക് സമ്പദ്ഘടനയിൽ കൂടുതൽ പിടിമുറുക്കുന്നതിന് അവസരം നൽകുന്നതാണ്. മാത്രമല്ല, അന്തർദേശീയ ധനമൂലധനശക്തികൾക്ക് ദേശീയ സമ്പദ്ഘടനയിൽ കടന്നുകയറാൻ വഴിതുറക്കുന്നതുമാണ്. പുതിയ ബജറ്റ് രാജ്യത്തെ അധ്വാനിക്കുന്ന ജനതയുടെ (കൃഷിക്കാർ, തൊഴിലാളികൾ തുടങ്ങിയവരുടെ) ഒരു പ്രശ്നത്തെയും പരിഗണിച്ചിട്ടില്ല. മാത്രമല്ല, സാധാരണ ജനങ്ങളുടെ തലയിൽ കൂടുതൽ ഭാരം കയറ്റിവയ്ക്കുകയും ചെയ്യുന്നു.

കാർഷികത്തകർച്ച, തൊഴിലില്ലായ്മ, വ്യവസായമേഖലയുടെ മാന്ദ്യം
സാമ്പത്തിക പരിഷ്കരണനയങ്ങളുടെ പേരിൽ, വിദേശമൂലധനത്തിന്, ഇന്ത്യൻ സമ്പദ്ഘടനയുടെ വിവിധ മേഖലകളിൽ കടന്നുകയറാൻ ബജറ്റ് അവസരം നൽകുന്നു. പെൻഷൻ മേഖലയിൽ വിദേശമൂലധനത്തിന് അവസരം നൽകുന്നു. റെയിൽവേ, മെട്രോ റെയിൽ തുടങ്ങിയ മേഖലയിലെല്ലാം സ്വകാര്യ പങ്കാളിത്തത്തിന് അവസരം നൽകുന്നു. കർഷകരുടെ ഭാരിച്ച കടബാധ്യതയ്ക്ക് ആശ്വാസം നൽകുന്നതോ ഉൽപ്പന്നങ്ങൾക്ക് ന്യായവില നിർണയിക്കുന്നതോ ആയ ഒരു നിർദേശവും ബജറ്റിലില്ല.

തൊഴിൽ നിയമങ്ങൾ ലേബർ കോഡുകളാക്കി മാറ്റി തൊഴിലുടമകൾക്ക് അനുകൂലമായ ഭേദഗതികൾ വരുത്തുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തികമാന്ദ്യം കാർഷികത്തകർച്ച, വ്യവസായമേഖലയുടെ മാന്ദ്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ബജറ്റിൽ ഒരു പരാമർശവുമില്ല.
രാജ്യത്തെ തൊഴിലില്ലായ്മ വളരെ രൂക്ഷമാണ്. എൻഎസ്എസ്ഒ (നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ) പുറത്തുവിട്ട കണക്കുകളനുസരിച്ച് തൊഴിലില്ലായ്മ 6.1 ശതമാനമാണ്. കാർഷികവളർച്ചയും പിറകോട്ടാണ്. 2018‐19ലെ വളർച്ച നിരക്ക് 2.9 ശതമാനം മാത്രമാണെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നു. ഭക്ഷ്യധാന്യ ഉൽപ്പാദനം 2018‐19ൽ 283.4 ദശലക്ഷം ടണ്ണാണ്. 2017‐18ൽ ഇത് 285 ദശലക്ഷം ടണ്ണായിരുന്നു. ഉൽപ്പന്നങ്ങളുടെ വിലയിടിവാണ് കാർഷിക ഉൽപ്പാദനത്തിൽ കുറവുവരാൻ കാരണം. ഈ സാഹചര്യത്തിൽ 2019‐20ലെ ജിഡിപി വളർച്ച സർക്കാർ അവകാശപ്പെടുന്ന ഏഴു ശതമാനം വളർച്ച നേടുന്നത് എങ്ങനെയാണ്.

കയറ്റുമതി 2019‐20ലും കാര്യമായി വർധിക്കില്ലെന്ന് ബജറ്റിൽ പറയുന്നുണ്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെമേൽ അമേരിക്ക ചുങ്കം ചുമത്തിയത് നമ്മുടെ കയറ്റുമതിയെ ദോഷകരമായി ബാധിക്കും

ഇറക്കുമതി ചെയ്യുന്ന എണ്ണവില കുറയുമെന്നാണ് ബജറ്റിലെ പ്രതീക്ഷ. ഇറാനിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് അമേരിക്കൻ സമ്മർദത്തിനു വഴങ്ങി നിർത്തലാക്കുകയാണ്. ഇറാനിൽനിന്ന് ലഭിക്കുന്നതിനേക്കാൾ കൂടിയ വിലയ്ക്കാണ് ഇനി വാങ്ങേണ്ടിവരിക. മാത്രമല്ല, അമേരിക്ക ഇറാനെതിരെ യുദ്ധത്തിനുള്ള പുറപ്പാടിലാണ്. പശ്ചിമേഷ്യയിൽ ഉണ്ടാകുന്ന സംഘർഷം ഇന്ത്യയെ ഏറ്റവും കൂടുതൽ ബാധിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില കുറയുമെന്ന ബജറ്റിലെ പ്രതീക്ഷ അയഥാർഥമാണ്.

കയറ്റുമതി 2019‐20ലും കാര്യമായി വർധിക്കില്ലെന്ന് ബജറ്റിൽ പറയുന്നുണ്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെമേൽ അമേരിക്ക ചുങ്കം ചുമത്തിയത് നമ്മുടെ കയറ്റുമതിയെ ദോഷകരമായി ബാധിക്കും. ലോക സമ്പദ്ഘടന ഇപ്പോഴും പ്രതിസന്ധിയിലാണ്. 3.8 ശതമാനമാണ് 2018‐19ലെ ലോക സാമ്പത്തിക വളർച്ച. അമേരിക്ക ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ചുങ്കം ചുമത്തി ആരംഭിച്ച ആഗോള "വ്യാപാരയുദ്ധം' ലോക സമ്പദ്ഘടനയെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി വർധിക്കാൻ ഒരു സാധ്യതയുമില്ല. ദേശീയ വ്യവസായങ്ങളുടെ വളർച്ചയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണിത്. ഈ ഗൗരവമായ പ്രശ്നം ബജറ്റ് കണ്ട ഭാവം നടിച്ചിട്ടില്ല.

2018‐19ലെ യഥാർഥ വരവുചെലവ് കണക്കുകൾ ധനമന്ത്രി ബജറ്റിൽ കൊടുത്തില്ല. യഥാർഥത്തിൽ 2018‐19ലെ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ കുറവാണ് വരവും ചെലവും. ഈ വസ്തുത ജനങ്ങളിൽനിന്ന് മറച്ചുവച്ചു. നികുതി വരുമാനം 2018‐19ലെ പുതുക്കിയ ബജറ്റിൽ പറഞ്ഞതിനേക്കാൾ 1,65,176 കോടി രൂപ കുറവാണ്. അതായത് പ്രതീക്ഷിച്ചതിന്റെ 13.5 ശതമാനം കുറവ്. ജിഎസ്ടിയിലൂടെ വരുമാനം കുറഞ്ഞതാണ് പ്രധാന കാരണം. ചെലവ് ചുരുക്കിക്കൊണ്ടാണ് സർക്കാർ ഇതിനെ നേരിട്ടത്. 2018‐19ലെ റിവൈസ്ഡ് ബജറ്റിൽ പറഞ്ഞ ചെലവിൽ 1,45,813 കോടി രൂപ കുറഞ്ഞു. ഇത് പ്രതീക്ഷിച്ച ചെലവിന്റെ 13.4 ശതമാനമാണ്. ബജറ്റ് ജിഡിപിയുടെ ഒരു ശതമാനംകണ്ട് ചുരുങ്ങി. ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിൽ ഈ വസ്തുതകൾ മറച്ചുവച്ചു. ധനകമ്മി 2018‐19ൽ ബജറ്റിൽ പറഞ്ഞതിനേക്കാൾ 10,963 കോടി രൂപ വർധിച്ചു. മാന്ദ്യകാലത്ത് സർക്കാർ ചെലവുകൾ വെട്ടിക്കുറച്ചതാണ് സമ്പദ്ഘടനയെ കൂടുതൽ കുഴപ്പത്തിലാക്കിയത്.

വനിതാക്ഷേമത്തിന് പണം കുറച്ചു
ജനങ്ങളെ ബാധിക്കുന്ന പല പദ്ധതിക്കും പണം അനുവദിക്കുന്നതിൽ വലിയ പിശുക്കാണ് ധനമന്ത്രി കാണിച്ചിരിക്കുന്നത്. സബ്സിഡി ഇനത്തിൽ മൊത്തം ചെലവിന്റെ 12 ശതമാനം മാത്രമാണ് വകയിരുത്തൽ. കഴിഞ്ഞ ബജറ്റിലെ തുകയിൽനിന്നു കാര്യമായ വർധനയില്ല.  വനിതാ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ, വനിതാക്ഷേമത്തിനായുള്ള വകയിരുത്തൽ കഴിഞ്ഞ ബജറ്റ് ചെലവിന്റെ 5.1 ശതമാനമായിരുന്നത് 4.9 ശതമാനമായി കുറച്ചു. സ്ത്രീസുരക്ഷാ പദ്ധതി‐"നിർഭയ'ക്കുള്ള നീക്കിയിരിപ്പിലും കുറവുവരുത്തി. മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ തൊഴിൽ ദിവസങ്ങൾ പ്രതിവർഷം 100 ഉറപ്പാക്കുകയും വർധിപ്പിക്കുകയും ചെയ്യണമെന്നും  വേതനം വർധിപ്പിക്കണമെന്നുമുള്ള മുറവിളി ഉയരുന്ന ഘട്ടത്തിലും കഴിഞ്ഞ ബജറ്റിലേതിനേക്കാൾ 1084 കോടി രൂപ കുറച്ചു. ഒന്നാം മോഡി സർക്കാർ കൊട്ടിഘോഷിച്ച"സ്വച്ഛ്ഭാരത് അഭിയാന്' 4500 കോടി രൂപയാണ് കുറവുവരുത്തിയത്.

കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്ന ഒരു നിർദേശവും ബജറ്റിലില്ല. കർഷകരുടെ കടബാധ്യത തീർക്കാൻ ഒരു പദ്ധതിയുമില്ല. കടുത്ത വരൾച്ചയെ തുടർന്ന് കൃഷി തകർന്ന ഗ്രാമങ്ങളിൽനിന്നു ലക്ഷക്കണക്കിനു ഗ്രാമീണജനത വൻനഗരങ്ങളിലേക്ക് കുടിയേറുകയാണ്. കമ്പോള ഇടപെടലിനും ഉൽപ്പന്നങ്ങളുടെ വില സുസ്ഥിരതയ്ക്കും സംഭരണത്തിനും നീക്കിവച്ച തുക തികച്ചും അപര്യാപ്തമാണ്. സംഭരണവിലയിൽ ചെറിയ വർധന മാത്രമാണ് വരുത്തിയിരിക്കുന്നത്.
മത്സ്യബന്ധനമേഖലയിലെ പശ്ചാത്തല വികസനത്തിന്, സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. മത്സ്യമേഖല സ്വകാര്യമേഖലയിലെ വൻകിട കമ്പനികൾക്ക് തുറന്നുകൊടുക്കലാണ് ലക്ഷ്യം, ചില്ലറവ്യാപാര മേഖലയിൽ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കുന്നതും വൻകിട വ്യാപാര കമ്പനികൾക്ക് കൃഷിക്കാരിൽനിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ സംഭരിക്കാൻ അവസരം നൽകുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. രാജ്യം നേരിടുന്ന അതീവ ഗുരുതരമായ വരൾച്ചയുടെ സാഹചര്യത്തിൽ വരൾച്ച ബാധിത പ്രദേശങ്ങൾക്കും ജനങ്ങൾക്കും ആശ്വാസകരമായ ഒരു പദ്ധതിയും ബജറ്റിൽ കാണുന്നില്ല.

കേന്ദ്ര ബജറ്റ് കേരളത്തെ പൂർണമായി അവഗണിച്ചിരിക്കുകയാണ്. 2018ലെ പ്രളയദുരന്തത്തിൽ തകർന്ന സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനായി സംസ്ഥാനം ആവശ്യപ്പെട്ട സഹായാഭ്യർഥന പൂർണമായും അവഗണിച്ചു

ലോകമാകെ പരാജയപ്പെട്ട നവ‐ഉദാരവൽക്കരണ നയങ്ങളുമായി മുന്നോട്ടുപോകുന്ന മോഡി സർക്കാരിന്റെ ഭരണത്തിൽ സമ്പദ്ഘടന തകരുകയും ജനങ്ങളുടെ ദുരിതം വർധിക്കുകയും ചെയ്യുന്നു. ദേശീയ സമ്പദ്ഘടനയുടെ വികസനത്തേക്കാൾ കോർപറേറ്റ് താല്പര്യത്തിനാണ് മുൻഗണന. രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന സമ്പത്തിന്റെ ഗണ്യമായ ഭാഗം വൻകിട കുത്തകകളുടെ പോക്കറ്റിലേക്കാണ് പോകുന്നത്. സാമ്പത്തിക അസമത്വം ഏറ്റവും വർധിച്ചുവരുന്ന രാജ്യമായി ഇന്ത്യ മാറി. പൊതുമേഖല തകർക്കുന്നതിലൂടെ രാജ്യത്തിന്റെ സ്വയംപര്യാപ്തതപോലും ദുർബലമാകുകയാണ്. ഈ സ്ഥിതി രൂക്ഷമാക്കുന്നതാണ് 2019‐20 വർഷത്തേക്കുള്ള മോഡി സർക്കാരിന്റെ ബജറ്റ്.

കേന്ദ്ര ബജറ്റ് കേരളത്തെ പൂർണമായി അവഗണിച്ചിരിക്കുകയാണ്. 2018ലെ പ്രളയദുരന്തത്തിൽ തകർന്ന സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനായി സംസ്ഥാനം ആവശ്യപ്പെട്ട സഹായാഭ്യർഥന പൂർണമായും അവഗണിച്ചു. കടമെടുക്കാനുള്ള പരിധി ഉയർത്തണമെന്ന ആവശ്യവും പരിഗണിച്ചില്ല. കേരളം വളരെ കാലമായി ആവശ്യപ്പെടുന്നതും കേന്ദ്രസർക്കാർ ഉറപ്പുനൽകിയതുമായ "എയിംസി'നെ കുറിച്ച് ഒരു പരാമർശവും ബജറ്റിലില്ല. റെയിൽ സോൺ, റെയിൽവേ കോച്ച് ഫാക്ടറി എന്നീ ആവശ്യങ്ങളും അനുവദിച്ചില്ല. ദേശീയപാത വികസനം, തീരദേശപാത, മലയോര ഹൈവേ എന്നിവയ്ക്കൊന്നും ഒരു സഹായവും കേന്ദ്രം നൽകുന്നില്ല. തകർച്ചയെ നേരിടുന്ന സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ പുനരുദ്ധരിക്കുന്നതിനെക്കുറിച്ച് ഒരു പരാമർശവും ബജറ്റിലില്ല. ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ തത്വം കാറ്റിൽ പറത്തുന്ന സമീപനമാണ് ബജറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്.
 


പ്രധാന വാർത്തകൾ
 Top