14 July Tuesday

പിന്നെയും മുറുമുറുക്കുന്ന യുഡിഎഫ‌്!

എ സി മൊയ‌്തീൻ (തദ്ദേശസ്വയംഭരണ മന്ത്രി)Updated: Monday Jun 24, 2019


കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തം നേരിട്ടത് മാസങ്ങൾക്കു മുമ്പാണ്. ഏതൊരു നാടും തകർന്നുപോകുമായിരുന്ന ഈ മഹാദുരന്തത്തെ അനിതരസാധാരണമായ ഇച്ഛാശക്തിയോടെ നേരിട്ട കേരളത്തെ ലോകം ആദരവോടെ കണ്ടു. സാമൂഹികനീതിയിൽ അടിയുറച്ച വികസന നേട്ടങ്ങൾ കൈവരിക്കുന്നതിനും നവോത്ഥാനമൂല്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും പ്രകടിപ്പിച്ച മികവും നിശ്ചയദാർഢ്യവുംകൊണ്ട് ലോകത്തിനു മാതൃകയാക്കി അംഗീകരിക്കപ്പെട്ട കേരളത്തിന്, സർവസംഹാരിയായ ഒരു പ്രകൃതിദുരന്തത്തെ നേരിട്ട അനുഭവം പുതിയതായിരുന്നു. എന്നാൽ, രാഷ്ട്രീയനേതൃത്വത്തിന്റെ ഇച്ഛാശക്തിയും ജനങ്ങളുടെ പങ്കാളിത്തവുംകൊണ്ട് അതിനെയും മറികടക്കാൻ നമുക്കായി. വിലമതിക്കാനാകാത്ത 480 മനുഷ്യജീവനുകൾക്കു പുറമെ, പ്രളയത്തിൽ സംസ്ഥാനത്തിന് 31,000 കോടി രൂപയുടെ നഷ്ടവുമുണ്ടായതായി ഐക്യരാഷ്ട്രസംഘടന കണക്കാക്കി. ജീവനോപാധികൾ നഷ്ടപ്പെട്ടവരുടെ അവസാനിക്കാത്ത ദുരിതങ്ങൾ ഇതിനുപുറമെയാണ്. കേരളം നേരിട്ടത് എല്ലാവരുടെയും നഷ്ടമായി കാണാനും വ്യക്തിപരമായ പ്രയാസങ്ങൾ തൃണവൽഗണിച്ച് നാടിനെ വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാകാനും ഓരോരുത്തരും തയ്യാറായതാണ് ആഴ്ചകൾക്കകം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ നമ്മെ സഹായിച്ചത്.

ഈ അസാധാരണ സ്ഥിതിവിശേഷത്തെ നേരിടുന്നതിൽ ശാസ്ത്രീയമായ ആസൂത്രണത്തിനും വിദഗ്ധമായ ധന മാനേജ്മെന്റിനും പ്രധാന പങ്കുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അതാണ് ചെയ‌്തുകൊണ്ടിരിക്കുന്നത്. പ്രളയാനന്തര പുനർനിർമാണത്തിന് പണം കണ്ടെത്തുന്നതിനും പുനർനിർമാണം ശാസ്ത്രീയവും സുസ്ഥിരവുമാണെന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാർ കൈക്കൊണ്ടുവരുന്ന നടപടികൾ രാജ്യത്തിനകത്തും പുറത്തും പ്രശംസയും അംഗീകാരവും നേടിയതാണ്. എന്നാൽ, ഈ വക സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത് തെറ്റാണെന്ന് കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം കരുതുന്നതുപോലെ തോന്നുന്നു. ഈ നാട് ചരിത്രം സൃഷ്ടിക്കുമ്പോൾ ഇവിടത്തെ പ്രതിപക്ഷം കഥയറിയാതെ ആട്ടംകാണുകയാണ്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സ‌്പിൽഓവർ പദ്ധതികൾക്ക് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപങ്ങൾ അവരുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണർത്തുന്നു.

കോൺഗ്രസ് പാർടി നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയിൽനിന്ന് വ്യത്യസ‌്തമായി, തദ്ദേശഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിൽ വന്നപ്പോഴൊക്കെ സ്വീകരിച്ചത്. രണ്ടു ദശാബ്ദക്കാലത്തെ ജനകീയാസൂത്രണ ചരിത്രത്തിൽ, പദ്ധതിവർഷത്തിലെ ലക്ഷ്യം പ്രാവർത്തികമാക്കിയ സർക്കാരാണിത്. പദ്ധതി നിർവഹണത്തിലെ മികവിന്റെ കാര്യമെടുത്താൽ, 2017‐18ൽ ജനകീയാസൂത്രണത്തിന്റെ ചരിത്രത്തിലെ സർവകാല റെക്കോഡ് നേടിയ ഈ സർക്കാർ തൊട്ടടുത്ത വർഷം അത് തിരുത്തി പുതിയ റെക്കോഡിട്ടു. എന്നാൽ, ഈ സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പണം കൊടുക്കാതെ ഞെക്കിപ്പിഴിയുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ കണ്ടെത്തൽ. ഈ വിമർശനംകൊണ്ട് പ്രതിപക്ഷം എന്താണ് ഉദ്ദേശിക്കുന്നതെന്ന് ജനപ്രതിനിധികൾ തിരിച്ചറിയണം.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ദുഷ്ടലാക്ക‌്
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, വിവിധ സർക്കാർ വകുപ്പുകളുടെ പദ്ധതികളിൽ 20 ശതമാനം കുറവുവരുത്തിയ ഘട്ടത്തിൽപോലും സംസ്ഥാന സർക്കാർ തദ്ദേശഭരണപദ്ധതികളിൽ ഒരു വെട്ടിക്കുറവും വരുത്തിയില്ല. ഇത് പ്രാദേശിക സർക്കാരുകളോടുള്ള സംസ്ഥാന സർക്കാരിന്റെ കരുതൽ അല്ലെങ്കിൽ പിന്നെ എന്താണ്? മാർച്ച് 31നു മുമ്പ് തദ്ദേശഭരണപദ്ധതിയുടെ 85 ശതമാനം പണവും ട്രഷറിയിൽനിന്നു നൽകി. ക്യൂവിൽ ഉണ്ടായിരുന്ന 837 കോടി രൂപയുടെ ബില്ലുകളിൽ 808 കോടി രൂപയും ഈ ധനവർഷം ട്രഷറിയിൽനിന്ന് മാറിനൽകി. ബാക്കി 29 കോടി രൂപയുടെ ബില്ലുകൾ പുതുക്കി റീവാലിഡേറ്റ് ചെയ‌്ത‌് സമർപ്പിച്ചാൽ തുക നൽകുന്നതിന് ഒരു തടസ്സവുമില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നഷ്ടമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ഇതിനുപിന്നിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ദുഷ്ടലാക്കല്ലെങ്കിൽ മറ്റെന്താണ്?

ക്യൂ ബില്ലുകൾ ഈവർഷത്തെ പദ്ധതി അടങ്കലിൽനിന്നു നൽകുന്നത് പുതിയ പദ്ധതികളുടെ നടത്തിപ്പിനെ അവതാളത്തിലാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ കണ്ടെത്തൽ. ഇത് കുരുടൻ ആനയെ കണ്ടതുപോലെയാണ്. അടങ്കൽ തുകയിൽ 20 ശതമാനം വർധനയോടെ പദ്ധതി ഭേദഗതി ചെയ്യാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ പരിധിക്കുള്ളിൽ നിൽക്കുന്ന സ‌്പിൽഓവർ പ്രോജക്ടുകൾ പുതിയ വർഷത്തെ അടങ്കലിൽ ഉൾപ്പെടും.

ഈ തുക 837 കോടിയേക്കാൾ വളരെ കൂടുതലാണെന്ന് മനസ്സിലാക്കാൻ സ‌്കൂൾ വിദ്യാർഥികളുടെ ഗണിതശാസ്ത്രപാടവം മതിയാകും. കൂടുതൽ തുക ക്യൂ ബില്ലുകളിൽ വന്ന ജില്ലാ പഞ്ചായത്തുകൾക്കും കോർപറേഷനുകൾക്കും 30 ശതമാനംവരെ തുകയുടെ ക്യാരിഓവർ അനുവദിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അവയുടെ പദ്ധതിനിർവഹണത്തിന് എത്ര തുക ലഭിക്കുന്നുവെന്ന ലളിതമായ കണക്കുമാത്രമാണ് പ്രതിപക്ഷം പറയാത്തത്. 2016–-17ൽ 4,828.07 കോടി രൂപയാണ് തദ്ദേശഭരണസ്ഥാപനങ്ങൾ വികസന ഫണ്ട്, മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ ചെലവാക്കിയത്. അനുവദിച്ചതിന്റെ 63 ശതമാനം. തുടർന്നുള്ള വർഷങ്ങളിൽ സർക്കാർ നടത്തിയ ഇടപെടലുകളുടെ ഫലമായി, ചെലവ് ഗണ്യമായി ഉയർന്നു. 2018–19ൽ അത് 7,624.32 കോടിയിലെത്തി. 84.07 ശതമാനം. രണ്ടു വർഷംകൊണ്ട് 2,796.25 കോടിയുടെ വർധന. ഈ കണക്കുകൾ വച്ച് സംസാരിക്കാൻ പ്രതിപക്ഷം തയ്യാറുണ്ടോ?

തദ്ദേശഭരണസ്ഥാപനങ്ങൾക്ക് പദ്ധതിത്തുക മുൻകൂർ ഗഡുക്കളായി നൽകുന്ന സമ്പ്രദായം അവസാനിപ്പിച്ചതും സർക്കാർ വകുപ്പുകൾ ചെയ്യുന്നതുപോലെ ട്രഷറിയിലെ കൺസോളിഡേറ്റഡ് ഫണ്ടിൽനിന്ന് തുക പിൻവലിക്കുന്ന രീതി കൊണ്ടുവന്നതും 2004ൽ യുഡിഎഫ് സർക്കാരാണ്. മാർച്ച് 31നകം പൂർത്തിയാകാതെ വരുന്ന പ്രോജക്ടുകളുടെ ധനബാധ്യതയിൽനിന്ന് സംസ്ഥാന സർക്കാരിനെ ഒഴിവാക്കുകയെന്ന ലാക്കോടെയാണ് അന്ന് പ്രതിപക്ഷമായിരുന്ന എൽഡിഎഫിന്റെ അഭിപ്രായം മറികടന്ന് അന്നത്തെ യുഡിഎഫ് സർക്കാർ ഈ സമീപനം സ്വീകരിച്ചത്. അതോടെ, മാർച്ച് 31നകം ചെലവഴിക്കാത്ത പണം ലാപ‌്സാകുന്ന സ്ഥിതി വന്നു. 2006ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ, ആദ്യവർഷങ്ങളിൽ നിലവിലെ രീതി തുടർന്നതിനുംശേഷം, അലോട്ട്മെന്റ് സമ്പ്രദായം തിരികെ കൊണ്ടുവന്നു. പൂർത്തിയാകാത്ത പദ്ധതികൾക്കുള്ള പണം അടുത്ത വർഷത്തേക്ക‌് ക്യാരിഓവർ ചെയ്യുന്ന രീതിയും അതോടൊപ്പം തിരിച്ചുകൊണ്ടുവന്നു.

തുടർന്നുവന്ന യുഡിഎഫ് സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 2013‐14ൽ അലോട്ട്മെന്റ് സമ്പ്രദായം അവസാനിപ്പിച്ച്, കൺസോളിഡേറ്റഡ് ഫണ്ടിൽനിന്ന് പ്രോജക്ടുകൾക്ക് തുക മാറിയെടുക്കുന്ന രീതി പുനഃസ്ഥാപിച്ചു. ഇടതുപക്ഷ സർക്കാർ തിരികെ കൊണ്ടുവന്ന ക്യാരിഓവർ സമ്പ്രദായവും അവർ വേണ്ടെന്നുവച്ചു. പ്രളയത്തിന്റെ സാഹചര്യത്തിൽപ്പോലും തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ബജറ്റ‌് അടങ്കൽ വർധിപ്പിച്ചത് പ്രാദേശിക സർക്കാരുകളുടെ വിഭവലഭ്യത ഉറപ്പുവരുത്തുന്നതിൽ ഈ സർക്കാരിനുള്ള പ്രതിബദ്ധതയുടെ തെളിവാണ്. രണ്ടു മുന്നണിയുടെയും സമീപനത്തിലുള്ള വ്യത്യാസം ഇവിടെ പകൽ പോലെ വ്യക്തമാണ്.

പദ്ധതിവിഹിതത്തിൽ ഗണ്യമായ വർധന വരുത്തി
2019ലെ ബജറ്റിൽ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും പദ്ധതിവിഹിതത്തിൽ ഗണ്യമായ വർധന വരുത്തുന്നതിന് സർക്കാർ തയ്യാറായി. പ്രളയത്തിൽ കൊടിയ നാശം സംഭവിച്ച തദ്ദേശഭരണസ്ഥാപനങ്ങൾക്ക് പ്രത്യേക സഹായമായി വകയിരുത്തിയ 250 കോടി രൂപ ഉൾപ്പെടെ പദ്ധതി ഇനത്തിൽ 7500 കോടി രൂപ വകയിരുത്തുകയും നോൺ പ്ലാൻ ഇനത്തിൽ 4367 കോടി രൂപ അനുവദിക്കുകയും ചെയ‌്തു. മൊത്തം 11,867 കോടി രൂപയാണ് ഈവർഷം അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതിനുപുറമെ റീബിൽഡ് കേരള ഫണ്ടിൽനിന്ന‌് 1000 കോടി ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി അനുവദിക്കുന്നതിനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.
പിണറായി വിജയൻ സർക്കാർ തദ്ദേശസ്വയംഭരണരംഗത്ത് കൊണ്ടുവന്ന മാറ്റങ്ങളെ ഉറ്റുനോക്കുന്ന വേളയിലാണ് പ്രതിപക്ഷത്തിന്റെ പൊറാട്ടുനാടകം. 85 ശതമാനത്തോളം തുക തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മാറ്റിയെടുത്തതിനുശേഷമാണ് ബില്ലുകൾ ക്യൂവിൽ വയ‌്ക്കേണ്ടിവന്നത്. അതും പ്രളയത്തിനു ശേഷമുണ്ടായ ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ. ഈ നാട്ടിൽ പ്രളയമുണ്ടായത് യുഡിഎഫ് അറിഞ്ഞില്ലെന്നുണ്ടോ? അതോ, രാഷ്ട്രീയലാഭത്തിൽ മാത്രമാണോ അവരുടെ നോട്ടം?
2014-–-15ൽ 68 ശതമാനവും 2015-–-16ൽ 73 ശതമാനവുമായിരുന്ന പദ്ധതിച്ചെലവ്. 2017-–-18ൽ 84 ശതമാനത്തിൽ എത്തിച്ചത് സംസ്ഥാന സർക്കാരിന്റെ മികച്ച ആസൂത്രണവും പഴുതടച്ച മേൽനോട്ടവും തദ്ദേശഭരണസ്ഥാപനങ്ങളുടെ പരിശ്രമവുമാണ്. ഏതു കണക്കും യുക്തിയും വച്ചുനോക്കിയാലും പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചെലവിന്റെ ശതമാനക്കണക്ക് മോശമാകുകയാണ് ചെയ്യേണ്ടിയിരുന്നത്. അത് ഉണ്ടായില്ലെന്ന് മാത്രമല്ല, 2018–-19ലെ പദ്ധതിനേട്ടം 85 ശതമാനത്തോടെ പുതിയ റെക്കോഡ് സ്വന്തമാക്കുകയാണ് ചെയ‌്തത‌്. അതിനുശേഷവും 837 കോടി രൂപയുടെ ബില്ലുകൾ ക്യൂവിൽ എത്തിയത് സംസ്ഥാന സർക്കാരിന്റെ മികവിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കാര്യക്ഷമതയ്ക്കും തെളിവായി കാണുന്നതിനു പകരം, വികസനപ്രവർത്തകരുടെ സാമാന്യബോധത്തെ കൊഞ്ഞനംകുത്തുകയാണ് യുഡിഎഫ് ചെയ്യുന്നത്.

പ്രളയത്തിന്റെ പ്രത്യേക സാഹചര്യത്തിൽ, 20 ശതമാനത്തിലധികം തുകയ‌്ക്കുള്ള ബില്ലുകൾ ക്യൂവിൽ ഉണ്ടെങ്കിൽ അത് പ്രത്യേകം പരിഗണിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ ഒരു നയമായി കാണേണ്ടതില്ല. ചെലവാക്കാത്ത തുകയുടെ ക്യാരിഓവർ എളുപ്പമാക്കുകയല്ല, മുഴുവൻ തുകയും പദ്ധതിവർഷംതന്നെ ചെലവഴിക്കുക എന്നതാണ് ഈ സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു മുന്നിൽ വയ‌്ക്കുന്ന ലക്ഷ്യം. അതിനോട് പ്രതിപക്ഷം മുഖംതിരിച്ചാൽ ജനങ്ങൾ അവരോട് മുഖംതിരിക്കും എന്നേ പറയാനുള്ളൂ.


പ്രധാന വാർത്തകൾ
 Top