08 June Thursday

മണ്ണിന്റെ മക്കൾക്കൊപ്പം - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Feb 24, 2023

കർഷകരുടെ നാടായ 
വയനാടിന്റെ ഹൃദയത്തുടിപ്പുകൾ 
അറിഞ്ഞാണ്‌ വ്യാഴാഴ്‌ചത്തെ 
ജാഥാ പര്യടനം അവസാനിച്ചത്‌. 
ഇരിട്ടിയിൽനിന്ന്‌ വർധിതാവേശത്തോടെ 
വയനാട്ടിലേക്ക്‌ കടന്ന ജാഥയ്ക്ക് മാനന്തവാടി 
മണ്ഡലത്തിലെ തലപ്പുഴയിൽ പാർടി 
നേതാക്കളും പ്രവർത്തകരും ചേർന്ന്‌ നൽകിയ സ്വീകരണം അവിസ്‌മരണീയമാണ്. 
അതിശക്തമായ ജനകീയ മുന്നേറ്റത്തിന്‌ 
വയനാട്‌ തയ്യാറെടുക്കുന്നതിന്റെ ആവേശം 
ആദ്യ സ്വീകരണത്തിൽത്തന്നെ പ്രകടം.  
മാനന്തവാടിയുടെ മണ്ണിൽ ഗോത്രജനതയും 
കർഷകരും എല്ലാംചേർന്ന്‌ 
വരവേൽപ്പ്‌ ഗംഭീരമാക്കി

ജനകീയ പ്രതിരോധ ജാഥ വ്യാഴാഴ്‌ച നാലാം ദിവസം പൂർത്തിയാക്കി. കാസർകോട്, കണ്ണൂർ ജില്ലകളിലെ 16 അസംബ്ലി മണ്ഡലത്തിൽ 15 കേന്ദ്രത്തിലായി പര്യടനം നടത്തിയ ജാഥ വയനാട് ജില്ലയിലെ മൂന്ന് അസംബ്ലി കേന്ദ്രത്തിലും സ്വീകരണം ഏറ്റുവാങ്ങി.  വെള്ളിയാഴ്‌ച ജാഥ കോഴിക്കോട് ജില്ലയിലേക്ക് കടക്കും. ഇതിനകം രണ്ട് ലക്ഷത്തിലധികം ജനങ്ങളോട് ജാഥ സംവദിച്ചു. കൂടാതെ, മൂന്ന് ദിവസവും രണ്ട് ജില്ലയിലെ പൗരപ്രമുഖരുമായി നടത്തിയ ചർച്ചയും വേറിട്ട അനുഭവമാണ്.

കേരളത്തിന് അർഹമായ വിഹിതം നൽകാതെ ഒരു തരത്തിലുള്ള സാമ്പത്തിക ഉപരോധമാണ് കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ഗൗരവതരമായ വിഷയം ജാഥയിൽ പ്രധാനമായി  ഉയർത്തിക്കൊണ്ടു വന്നതോടെ ഇത് കേരളത്തിന്റെ പൊതുചോദ്യമായിത്തന്നെ മാറിയിരിക്കുന്നു. കേരളത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും തുടർന്നും നടപ്പാക്കണമെങ്കിൽ അതിന് വിഭവം അനിവാര്യമാണ്. വിഭവസമാഹരണത്തിന് കേന്ദ്രം തടസ്സം നിൽക്കുമ്പോൾ സംസ്ഥാനത്തിന്  അനിവാര്യമായ ചില വഴികൾ സ്വീകരിക്കേണ്ടി വരുന്നു. ജാഥ ഈ വിഷയവും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ഇത്തരം നടപടികളെയെല്ലാം ജനങ്ങൾ പിന്തുണയ്‌ക്കുകയാണ്. വർഗീയശക്തികൾ പരസ്പരം കൈകോർത്ത് യുഡിഎഫ്- ബിജെപി ബാന്ധവത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നു. ഇത്തരത്തിൽ നടന്ന ജമാഅത്തെ ഇസ്ലാമി–- ആർഎസ്എസ് ചർച്ചയെക്കുറിച്ച് ജാഥ ചോദ്യങ്ങൾ ഉന്നയിച്ചതോടെ കേരളീയസമൂഹം ആ വിപത്തിനെക്കുറിച്ചും ഗൗരവമായി ചർച്ച ചെയ്യുകയാണ്.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തുനിന്നാണ് വ്യാഴാഴ്‌ച ജാഥ പര്യടനം ആരംഭിച്ചത്. പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണകളിരമ്പുന്ന തലശേരിയിലെയും മലയോര ദേശമായ ഇരിട്ടിയിലെയും സ്വീകരണത്തോടെ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി വയനാട്ടിലേക്ക് കടന്നു. വയനാട് ജില്ലയിലെ മാനന്തവാടി, ബത്തേരി കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ജാഥ കൽപ്പറ്റയിൽ സമാപിച്ചു.


 

കർഷകരുടെ നാടായ വയനാടിന്റെ ഹൃദയത്തുടിപ്പുകൾ അറിഞ്ഞാണ്‌ വ്യാഴാഴ്‌ചത്തെ ജാഥാ പര്യടനം അവസാനിച്ചത്‌. ഇരിട്ടിയിൽനിന്ന്‌ വർധിതാവേശത്തോടെ വയനാട്ടിലേക്ക്‌ കടന്ന ജാഥയ്ക്ക് മാനന്തവാടി മണ്ഡലത്തിലെ തലപ്പുഴയിൽ പാർടി നേതാക്കളും പ്രവർത്തകരും ചേർന്ന്‌ നൽകിയ സ്വീകരണം അവിസ്‌മരണീയമാണ്. അതിശക്തമായ ജനകീയ മുന്നേറ്റത്തിന്‌ വയനാട്‌ തയ്യാറെടുക്കുന്നതിന്റെ ആവേശം ആദ്യ സ്വീകരണത്തിൽത്തന്നെ പ്രകടം.  മാനന്തവാടിയുടെ മണ്ണിൽ ഗോത്രജനതയും കർഷകരും എല്ലാംചേർന്ന്‌ വരവേൽപ്പ്‌ ഗംഭീരമാക്കി. വിവിധ രാഷ്ട്രീയ പാർടിയിൽ പ്രവർത്തിച്ചവർ പോലും ആ നിലപാട് തിരുത്തി ജാഥയെ വരവേൽക്കാൻ എത്തുന്ന ആവേശകരമായ കാഴ്ചയാണ് വയനാട്ടിൽ. മാനന്തവാടിയിൽ ജനതാദൾ മുൻപ്രവർത്തകർ ഡോ. ഗോകുൽദേവും ബത്തേരിയിൽ കോൺഗ്രസും ലീഗും വിട്ട ആറ് പ്രവർത്തകരും ജാഥയുടെ ഭാഗമായി.ക്രിക്കറ്റ്‌ താരങ്ങളായ സജ്‌ന സജീവൻ, മിന്നുമണി എന്നിവരെ മാനന്തവാടിയിലെ ചടങ്ങിൽ ആദരിച്ചു. വനിതാ ഐപിഎല്ലിലെ ആദ്യ മലയാളി താരമാണ് മിന്നുമണി. ഇവരുടെ സാന്നിധ്യവും ജാഥയ്ക്ക് ആവേശം പകർന്നു.

സംസ്ഥാന സർക്കാരിന്റെയും കിഫ്‌ബിയുടെ വിവിധ പദ്ധതികളിൽ റോഡുകളും പാലങ്ങളും ഹൈടെക് ആക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മാനന്തവാടി നഗരത്തിൽ കടക്കാതെയായിരുന്നു ബത്തേരിയിലേക്കുള്ള യാത്ര. കൊയിലേരി–-പനമരം പച്ചിലക്കാട്‌ വഴി മീനങ്ങാടിയിൽ എത്തി. നേതാക്കളും പ്രവർത്തകരും ചേർന്ന്‌ സ്വീകരിച്ച്‌ നൂറുകണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടെ വൃത്തിയുടെ നഗരമായ ബത്തേരിയിലെത്തി. മികച്ച നഗരസഭയ്‌ക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ്‌ ട്രോഫി നേടിയ ബത്തേരി നഗരസഭയുടെ ഹൃദയം ചെമ്പട്ടണിഞ്ഞ്‌ കൂടുതൽ സുന്ദരമായി. ബഫർസോണും വന്യമൃഗശല്യവും, രാത്രി യാത്രാ പ്രശ്‌നവും  ഉൾപ്പെടെ ജനങ്ങളുടെ പ്രയാസങ്ങൾ നേരിട്ട്‌ കേൾക്കാനും ഇവിടെ അവസരമുണ്ടായി. വ്യാപാരികളും കർഷകരും  ഉൾപ്പെടെയുള്ളവർ ജാഥ കാണാനും പാർടി ഉയർത്തുന്ന വിഷയങ്ങൾ കേൾക്കാനുമെത്തിയത്‌ ആശാവഹമാണ്‌. കൽപ്പറ്റയിൽ പ്രതീക്ഷിച്ചതിലും അൽപ്പം വൈകിയാണ്‌ ജാഥ എത്തിയത്‌. ജില്ല ഒന്നാകെ കൽപ്പറ്റയിലേക്ക്‌ ഒഴുകിയെത്തിയതുപോലെ ജനപ്രവാഹം. എല്ലാ കേന്ദ്രങ്ങളിലെയും സ്വീകരണം ജാഥയുടെ മുന്നോട്ടുള്ള പ്രയാണത്തിന്‌ കൂടുതൽ കരുത്തുപകരുന്നതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top