19 September Saturday

ആസ്ഥാന കലകളും മുല്ലപ്പള്ളിയുടെ വയലൻസും

ഗൗതമൻUpdated: Monday Feb 24, 2020മുല്ലപ്പള്ളിജിക്ക്‌ ആര്‌ ആരാണെന്നും എന്ത്‌ എന്താണെന്നും അറിയാം.  കിറുകൃത്യവും  വടിവൊത്തതുമായ ഭാഷയിൽ അദ്ദേഹം അത്‌ പറയുകയും ചെയ്യും. അല്ലെങ്കിൽ പിന്നെ ഈ രാഷ്‌ട്രീയകാര്യസമിതിയുടെ ആവശ്യമെന്താണെന്ന്‌ അദ്ദേഹം ഒരു ശങ്കയുമില്ലാതെ ചോദിക്കുമോ?  ഇക്കാര്യത്തിലൊക്കെ നല്ല ഗ്രാഹ്യമുള്ള കോൺഗ്രസുകാരനായതുകൊണ്ടാണ്‌ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ രാഷ്‌ട്രീയകാര്യ സമിതിയുടെ കാര്യം മിണ്ടിപ്പോകരുതെന്ന്‌ അദ്ദേഹത്തിന്റെ ഉഗ്രശാസനം. പണ്ടെങ്ങോ സംസ്ഥാനത്ത്‌ ഭരണമുണ്ടായിരുന്ന കാലത്ത്‌ പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനത്തിനു രൂപീകരിച്ചതാണ്‌ രാഷ്ടീയകാര്യസമിതിയെന്ന്‌ മുല്ലപ്പള്ളിജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.  അതുകഴിഞ്ഞ്‌ കെപിസിസി ഓഫീസിലെ  ടാപ്പിലൂടെ വെള്ളം ഒത്തിരി ഒഴുകിയെന്നും ഇനി ഭരണം കിട്ടാൻ  ഇത്തിരി പുളിക്കുമെന്നും തിരിച്ചറിഞ്ഞതുകൊണ്ടുകൂടിയാണ്‌ അത്  അട്ടത്തുവെച്ചാൽ മതിയെന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നത്‌.

അല്ലെങ്കിൽ തന്നെ എഐസിസി, കെപിസിസി ,ഡിസിസി തുടങ്ങിയ സമിതികളൊക്കെ രാഷ്‌ട്രീയത്തിനു പകരം ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, തെങ്ങിലെ മണ്ഡരിബാധ തുടങ്ങിയവയൊക്കെയാണോ ചർച്ച ചെയ്യുന്നതെന്ന ന്യായമായ സംശയത്തിനും വകയുണ്ട്‌.   രാഷ്ട്രീയകാര്യസമിതിയെന്ന പേരുമിട്ട്‌ തന്നെ തേച്ചൊട്ടിക്കാൻ മാത്രം ഒരു സംവിധാനം ആവശ്യമുണ്ടോ എന്ന്‌ അദ്ദേഹം ചിന്തിച്ചുപോയതിൽ കുറ്റം പറയാനാകില്ല. കഴിഞ്ഞ സമിതി യോഗത്തിൽ വ്യക്തിഹത്യ, കുത്തുവാക്ക്‌,  വിഴുപ്പലക്ക്‌,  ചെളിവാരി എറിയൽ, തൊഴുത്തിൽക്കുത്ത്‌ തുടങ്ങി കോൺഗ്രസിന്റെ ഔദ്യോഗിക കലാപരിപാടികൾ മാത്രമാണ്‌ അരങ്ങേറിയതെന്നാണ്‌ അദ്ദേഹം വെളിപ്പെടുത്തുന്നത്‌.

ഗ്രൂപ്പു മാനേജർമാർ എന്ന ഒരു തസ്‌തിക കോൺഗ്രസിലുണ്ടെന്ന കാര്യവും ഇത്തരുണത്തിൽ മുല്ലപ്പള്ളിജിക്ക്‌ വെളിപ്പടുത്തേണ്ടി വന്നു. മുൻ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരൻ, വി എം സുധീരൻ  എന്നിവർ മുതൽ  ഡൽഹിയിൽ കോൺഗ്രസിനെ ഒരു പരുവമാക്കി തിരിച്ചെത്തിയ പി സി ചാക്കോ വരെ വളഞ്ഞിട്ട്‌ ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ യോഗത്തിനു ശേഷം മുല്ലപ്പള്ളിജി കൂടുതൽ വയലന്റായി കാണപ്പെടുന്നുവെന്നുള്ള എ ഐ വിഭാഗങ്ങളുടെ ആരോപണം  ഹൈക്കമാൻഡ്‌ എങ്കിലും ഗൗരവമായി എടുക്കുമെന്നാണ്‌ പ്രതീക്ഷ.  വീരശൂര പരാക്രമിയും അടിതടകളിൽ അഗ്രഗണ്യനുമായ ‘ഗാന്ധിശിഷ്യൻ’  കണ്ണൂർ സുധാകരൻജി പോലും  വയലൻസ്‌ കണ്ടു വിരണ്ടുപോയത്രെ.  സർവ്വപ്രതാപിയായ കരുണാകർജിയെ ചാരക്കേസിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തിയവരാണ്‌ തന്റെ ഇരുവശങ്ങളിലും നിൽക്കുന്നതെന്ന കാര്യം മുല്ലപ്പള്ളിജി നമ്മുടെ കിങ്ങിണിക്കുട്ടൻജിയുടെ മുഖം കാണുമ്പോഴെങ്കിലും ഓർക്കണം.


 

 

നേരത്തെ പുറപ്പെട്ട 100 കോടി
‘ഡൊണാൾഡ്‌ ട്രംപ്‌ നാഗരിക്‌ അഭിവാദൻ സമിതി’ യാണത്രെ  അഹമ്മദാബാദിൽ നമ്മുടെ  ട്രംപ്‌ജിയെ ആനയിച്ച്‌ 100 കോടി പൊടിപൊടിച്ച്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. ഇതുവരെ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന വാർത്ത ശനിയാഴ്‌ച രാത്രി പുറത്തുവിട്ടതോടെയാണ്‌  മാലോകർ വിവരം അറിയുന്നത്‌. ഐരാവതക്കുഴി പഞ്ചായത്ത്‌  പൗരസമിതി, കോത്താഴം പഞ്ചായത്ത്‌ ഇരട്ടഗരുഡൻ സമിതി എന്നൊക്കെ പറയുന്നതുപോലെ അത്ര നിസ്സാരമായൊന്നും ഇതിനെ ആരും തള്ളിക്കളയരുത്. സമിതി രൂപീകരിക്കും മുമ്പേ 100 കോടിയോളം രൂപ രണ്ടുമണിക്കൂർ നേരത്തെയല്ല മാസങ്ങൾ നേരത്തെയാണ്‌ സമിതിയിലേക്ക്‌ പുറപ്പെട്ടത്‌.  സർക്കാർ പരിപാടിയല്ലെങ്കിൽ ഏതു  മന്ത്രാലയത്തിൽ നിന്നാണ്‌ ഇത്രയും തുക സമിതിക്കു നൽകിയതെന്നൊക്കെ  പ്രിയങ്കാജി ട്വിറ്ററിലുടെ ചോദിച്ചിട്ടുണ്ട്‌. അതിനാക്കെ  ‘ഗാണ്ഡി’, ‘ഇറ്റലി’, ‘റോബർട്ട്‌  വാദ്ര’, ‘ദേശസ്‌നേഹം’ തുടങ്ങിയ വാക്കുകളുപയോഗിച്ച്‌ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ കാവിപ്പടയുടെ സൈബർപിള്ളേർ മറുപടി നൽകും.

ആരാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌ എന്ന കാര്യം മാത്രമല്ല ട്രംപ്‌ജിയുടെ സന്ദർശനം ആകെ ദുരൂഹതയിലാണ്‌.  പരിപാടിയിൽ പങ്കെടുക്കുന്ന ലക്ഷങ്ങളുടെ അളവ്‌ ദിവസവുംകുറഞ്ഞു കുറഞ്ഞുവരുന്നുണ്ട്‌. റോഡ്‌ ഷോ 22 കിലോമീറ്ററാണോ ആറു കിലോമീറ്ററാണോ എന്നൊന്നും ആർക്കും അറിയില്ല. സബർമതി ആശ്രമത്തിൽ പോകുമെന്നു അഹമ്മദാബാദ്‌ മുനിസിപ്പൽ കോർപ്പറേഷൻ പറയുമ്പോൾ അങ്ങനെയൊരു കാര്യം വൈറ്റ്‌  ഹൗസിന്റെ ഷെഡ്യൂൾ തയ്യാറാക്കിയവർ കേട്ടിട്ടുപോലുമില്ല.

ട്രംപ്‌ജിക്ക്‌  രാജസ്ഥാനിൽ  പ്രത്യേകം തയ്യാറാക്കിയ സ്വർണ്ണത്തളികയിലാണ്‌ ഭക്ഷണം വിളമ്പുന്നത്‌. അത്‌ ഗോമാതാവിന്റെ പാലിൽ നിന്നു വേർതിരിച്ച സ്വർണ്ണം കൊണ്ടാണോ എന്നത്‌ മറ്റൊരു ദുരൂഹത.

നമ്മുടെ സുപ്രിം കോടതി ജഡ്‌ജി അരുൺമിശ്ര സകലകലാവല്ലഭൻ  പട്ടം നൽകിയ മോഡിജിയെ ട്രംപ്‌ജി വിടുവായത്തത്തിൽ പലപ്പോഴും കടത്തിവെട്ടിക്കളയുമെന്നത്‌ സത്യമാണ്‌. അതുകൊണ്ട്‌ ‘ നമസ്‌തേ ട്രംപി’ൽ അദ്ദേഹം എന്തൊക്കെ വിളിച്ചു പറയുമെന്നതും ദുരൂഹതയാണ്‌.

ട്രംപ്‌ജി  ‘പാരസൈറ്റ്‌’ സിനിമ കണ്ടില്ലെങ്കിലും അതിന്‌ ഓസ്‌കർ കൊടുത്തത്‌ തെറ്റായിപ്പോയെന്നും ഇത്തവണ അക്കാദമി അവാർഡ്‌ എത്ര മോശമായിരുന്നുവെന്നും തട്ടിവിട്ടിട്ടാണ്‌   ട്രംപ്‌ജിയുടെ വരവ്‌. ദക്ഷിണ കൊറിയയുമായി  വ്യാപാരത്തിൽ നമുക്ക്‌ പ്രശ്‌നങ്ങളുള്ളപ്പോൾ അതു പോരാഞ്ഞിട്ട്‌ ഓസ്‌കറും കൂടി കൊടുത്തോ എന്നായിരുന്നു അദ്ദേഹത്തിന്റെ  ന്യായമായ ചോദ്യം.  അദ്ദേഹം  ഇന്ത്യയിൽ വരുമ്പോൾ സിഐഎ, എൻപിആർ, കശ്‌മീർ എന്നൊക്കെ  വിളിച്ചു പറയുമോ?   ഒക്കെ ദുരൂഹത. പാർക്കലാം.

സർവം ക്ഷമിക്കും നെല്ലൂർ
പണ്ട്‌  ടി എം ജേക്കബ്ബ്‌ ഇത്തിൾക്കണ്ണിയാണെന്നു കെ എം മാണി പറഞ്ഞപ്പോൾ മാണി അക്കേഷ്യയാണെന്നാണ്‌ ജേക്കബ്ബ്‌ തിരിച്ചടിച്ചത്‌. രണ്ടു സാധനങ്ങളും മറ്റു മരങ്ങളുടെ വളർച്ചയ്‌ക്ക്‌ ഹാനികരമാണെന്ന്‌ നാട്ടുകാർക്ക്‌ അറിയാമായിരുന്നുവെന്നത്‌ വേറെ കാര്യം. ഗൗതമൻ ഇത്‌ ഓർക്കാൻ കാരണം കേരളകോൺഗ്രസ്‌ ജേക്കബ്ബ്‌ വിഭാഗം പിളർന്നിരിക്കുന്നു. പതിവുപോലെ ഏഷണികളും ആരോപണങ്ങളും അപവാദങ്ങളുമൊക്കെ അന്തരീക്ഷത്തിൽ പറക്കുന്നുണ്ട്‌. ജേക്കബ് ഗ്രൂപ്പിനെ ജോസഫ്‌ പിളർത്തിയെന്നാണ്‌ കരിങ്ങോഴയ്‌ക്കലെ ജോസ്‌ മോൻ പറയുന്നത്‌. എന്നാലും ജോണി നെല്ലൂരിന്‌ ജോസ്‌ മോനെപ്പറ്റി നല്ലതേ പറാനുള്ളൂ. അനൂപ്‌ ജേക്കബുമായി നോക്കുമ്പോൾ ജോസ്‌ മോൻ എത്ര കഴിവുള്ളവനാണ്‌. മാത്രമല്ല ടി എം ജേക്കബ്ബിന്റെ ഭാര്യ ഡെയ്‌സി ജേക്കബും മകൾ അമ്പിളിയുമൊക്കെ രാഷ്‌ട്രീയത്തിൽ അനൂപിനെക്കാൾ മിടുക്കരാണ്‌. അനൂപ്‌ ജേക്കബ്ബ്‌ അടുപ്പിക്കാത്തതുകൊണ്ടാണ്‌ അവരൊന്നും രാഷ്‌ട്രീയത്തിൽ സജീവമാകാത്തത്‌.

ഇതൊക്കെയാണെങ്കിലും ജോണി കരുണാമയനാണ്‌. ഏക അംഗമേ ഉള്ളുവെങ്കിലും അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള വകുപ്പൊക്കെ പാർട്ടി ചെയർമാനുണ്ട്‌. പക്ഷെ അതിനൊന്നും താൻ പോകുന്നില്ലെന്ന്‌ ജോണിജി തുറന്നു പറഞ്ഞിരിക്കുന്നു. വിശാലഹൃദയനായ ആശാൻ  കമാൻഡർ അനൂപ്ജിയോട്‌ ഏഴല്ല എഴുപതുവട്ടം ക്ഷമിച്ചിരിക്കുന്നു.

വെടിക്കുഴൽ

മിനിറ്റ്‌സ്‌ ബുക്ക്‌ നൽകി മുതിർന്ന നേതാവ്‌ ഒ രാജഗോപാൽ സുരേന്ദ്രനെ അധ്യക്ഷന്റെ കസേരയിലേക്ക്‌ ആനയിച്ചു
താഴെയിടരുത്‌


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top