07 July Tuesday

കോൺഗ്രസിലെ ആശയക്കുഴപ്പം

പി വി തോമസ്‌Updated: Friday Jan 24, 2020


രാജ്യം പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ പട്ടിക വിരുദ്ധസമരത്തിന്റെ തീച്ചൂളയിലാണ്‌.  എന്നിട്ടും ഒരു പ്രധാന ദേശീയ പ്രതിപക്ഷകക്ഷിയുടെ അഭാവം സമരപ്രക്ഷോഭങ്ങളിൽ പ്രകടമാകുന്നത്‌ എന്തുകൊണ്ട്‌?  കോൺഗ്രസിന്‌ ആ പങ്ക്‌ ദേശീയതലത്തിൽ നിർവഹിക്കാൻ എന്തുകൊണ്ട്‌ സാധിക്കുന്നില്ല? സമരത്തിനോടുള്ള ആഭിമുഖ്യം കോൺഗ്രസ്‌ പലപ്പോഴും പാതിമനസ്സോടെയാണ്‌ നടപ്പാക്കുന്നത്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ്‌ ഗവൺമെന്റുകൾ എടുക്കുന്ന സമീപനം ഒരു ഉദാഹരണമാണ്‌. മുതിർന്ന കോൺഗ്രസ്‌ നേതാക്കന്മാരുടെ പരസ്‌പര വിരുദ്ധമായ പ്രസ്‌താവനകൾ സമരമധ്യേ ആശയക്കുഴപ്പത്തിലായ സേനാ നായകന്മാരുടെ പ്രതീതിയാണ്‌ ജനിപ്പിക്കുന്നത്‌. ഇതിൽ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ്‌ ചെന്നിത്തലയും കപിൽ സിബലും പി ചിദംബരവും ജയറാം രമേശുമെല്ലാം ഉൾപ്പെടുന്നു. കൂടാതെ ദേശീയതലത്തിൽ ഒരു പ്രതിപക്ഷ സഖ്യമുന്നണി ഫലവത്തായും സജീവമായും മുന്നോട്ടുകൊണ്ടുവരുന്നതിൽ കോൺഗ്രസ്‌ ഏറെക്കുറെ പരാജയപ്പെട്ട മട്ടാണ്‌. ഇതിന്റെയെല്ലാം അർഥം കോൺഗ്രസിന്‌ ദേശീയ പ്രതിപക്ഷനേതൃത്വം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്‌. സമഗ്രമായ ഒരു ദേശീയമുന്നേറ്റം നയിക്കാൻ കോൺഗ്രസിന്‌ ഇതുവരെയും സാധിച്ചിട്ടില്ല. ആഹ്വാനങ്ങളും പ്രമേയങ്ങളും ഏറെയുണ്ട്‌. സമരപ്പന്തലിലെ സന്ദർശകരായും നേതാക്കന്മാരുണ്ട്‌.

ജനുവരി 11ന്‌ കോൺഗ്രസിന്റെ ഉന്നതാധികാര കമ്മിറ്റി ഡൽഹിയിൽ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്നു. എന്നാൽ, എന്ത്‌ സുപ്രധാനമായ തീരുമാനങ്ങളാണ്‌ പാർടിയുടെ ഉന്നതനേതൃത്വം ഇതിൽ എടുത്തത്‌? ശക്തമായ പ്രമേയങ്ങൾ ഒഴികെ. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരായി നിയമസഭയിൽ ഒരു പ്രമേയം പാസാക്കാനുള്ള വ്യക്തമായ നിർദേശം പോലും കമ്മിറ്റി നൽകിയില്ല. ഇതിനെ ഒരുതരം തണുപ്പൻ സമീപനമായിട്ടേ സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുമ്പോൾ വിലയിരുത്താനാകൂ. പഞ്ചാബ്‌ നിയമസഭ ജനുവരി 17നു പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രമേയം പാസാക്കിയത്‌ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർസിങ്ങിന്റെ ഒറ്റയാൻ നിലപാടുകൊണ്ടാണെന്ന്‌ അദ്ദേഹത്തെ അറിയാവുന്ന രാഷ്‌ട്രീയ നിരീക്ഷകർക്ക്‌ മനസ്സിലാകും. സിങ് പലപ്പോഴും പല നിർണായക വിഷയത്തിലും കോൺഗ്രസ്‌ ഹൈക്കമാൻഡിന്റെ നിലപാട്‌ പിന്തുടരാറില്ല. കഴിഞ്ഞ ദിവസം രാജസ്ഥാനും പ്രമേയം അവതരിപ്പിച്ചു.  കോൺഗ്രസ്‌ ഭരിക്കുന്ന മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾ പ്രമേയത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.


 

മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമൽനാഥിന്റെ നിലപാട്‌ നിയമം നടപ്പാക്കുകയില്ലെന്ന്‌ തീരുമാനമെടുത്ത അവസ്ഥയിൽ ഒരു പ്രത്യേക നിയമസഭാ പ്രമേയത്തിന്റെ ആവശ്യമില്ലെന്നാണ്‌. എന്നാൽ, ചില മുതിർന്ന വർക്കിങ്‌ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായത്തിൽ സംസ്ഥാന നിയമസഭകൾ ഇങ്ങനെയൊരു പ്രമേയം പാസാക്കിയാൽ അത്‌ വലിയ ദേശീയ ആഘാതം ഉളവാക്കും. അത്‌ ആരും ചെവിക്കൊണ്ടില്ല. എന്നാൽ, മറ്റു ചില കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായത്തിൽ (ആർപിഎൻ സിങ്‌, ജിതേന്ദ്രസിങ്‌) കോൺഗ്രസ്‌ ഗവൺമെന്റുകൾ നിയമസഭാ പ്രമേയം പാസാക്കുകയോ സമരത്തിൽ ശക്തമായി പങ്കെടുക്കുകയോ ചെയ്‌താൽ അത്‌ ബിജെപി വിരിച്ച വർഗീയ ധ്രുവീകരണമെന്ന കെണിയിൽപ്പെടുകയായിരിക്കും. പകരം പാർടി സാമ്പത്തിക വിഷയങ്ങളിലും തൊഴിലില്ലായ്‌മയിലും അതിന്റെ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതുപോലുള്ള നിലപാടാണ്‌ കോൺഗ്രസിനെ പിന്നോട്ട്‌ വലിക്കുന്നത്‌.

മുതിർന്ന നേതാവ്‌ പി ചിദംബരം കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവൺമെന്റുകൾ പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രമേയം പാസാക്കണമെന്ന അഭിപ്രായക്കാരനാണ്‌. പക്ഷേ, വിലപ്പോയില്ല. ഇതെല്ലാം തെളിയിക്കുന്നത്‌ കോൺഗ്രസ്‌ വിരുദ്ധ ദിശകളിലാണ്‌ സഞ്ചരിക്കുന്നത്‌ എന്നാണ്‌. ഒരു ദേശീയ പ്രതിപക്ഷ മുന്നേറ്റത്തിൽ പ്രധാന പ്രതിപക്ഷ കക്ഷിക്ക്‌ ആശയക്കുഴപ്പം ഉണ്ടായിക്കൂടാ. ഇതുതന്നെയാണ്‌ കേരളത്തിൽ സംയുക്ത പ്രക്ഷോഭത്തിന്റെ കാര്യത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനും ചെന്നിത്തലയും സ്വീകരിക്കുന്ന നയവും. അത്‌ പാർടിയെയും അത്‌ ഉൾപ്പെട്ട ജനകീയപ്രക്ഷോഭത്തെയും എങ്ങും എത്തിക്കുകയില്ല. മുതിർന്ന നേതാവായ ജയറാം രമേശിന്‌ നിയമസഭകൾ പാസാക്കുന്ന പൗരത്വ ഭേദഗതി നിയമവിരുദ്ധപ്രമേയം ഭരണഘടനയുടെ മുമ്പിൽ വിലപ്പോകുമോ എന്ന കാര്യത്തിൽത്തന്നെ സംശയമാണ്‌. ഇതുതന്നെയാണ്‌ കപിൽ സിബലിന്‌ സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതി നിയമവും മറ്റും നടപ്പിലാക്കുകയില്ലെന്ന്‌ ശഠിക്കുന്നതിനോടുള്ള സമീപനവും. ഇതിന്റെ അർഥം, കോൺഗ്രസിൽത്തന്നെ ആശയവിരുദ്ധതയും വ്യക്തതയില്ലായ്‌മയും പ്രകടമാണ്‌ എന്നാണ്‌. ഒരു ദേശീയ ജനകീയപ്രക്ഷോഭത്തെ നയിക്കാനുള്ള പ്രധാന പ്രതിപക്ഷ കക്ഷിയുടെ അയോഗ്യതയാണ്‌ ഇത്‌ തെളിയിക്കുന്നത്‌. അക്കാരണത്താൽത്തന്നെ കോൺഗ്രസിന്‌ ഈ സമരത്തിലുള്ള ദേശീയനേതൃത്വം നഷ്ടപ്പെട്ടിരിക്കുകയാണ്‌. കോൺഗ്രസ്‌ വർക്കിങ്‌ കമ്മിറ്റി പൗരത്വ ഭേദഗതിയെയും മറ്റും ശക്തമായി എതിർക്കുകയും അവർ നിർത്തിവയ്‌ക്കാൻ കേന്ദ്രത്തോട്‌ ആവശ്യപ്പെടുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ ഈ വക ആശയക്കുഴപ്പങ്ങൾ.

ആശയപരമായിട്ടുള്ള എതിർപ്പല്ല ഇതിന്റെയൊന്നും പ്രധാന കാരണം. കോൺഗ്രസിന്റെ നേതൃത്വത്തോടുള്ള വിയോജിപ്പാണ്‌. ബിജെപിയെയും നരേന്ദ്ര മോഡിയെയും അമിത്‌ ഷായെയും എതിർക്കാനായി കച്ചകെട്ടി നിൽക്കുന്ന രാജ്യത്തെ പ്രധാന പ്രതിപക്ഷകക്ഷിയുടെ പരാജയമാണ്‌ ഇത്‌ തെളിയിക്കുന്നത്‌

ജനുവരി 13ന്‌ കോൺഗ്രസ്‌ ഒരു പ്രതിപക്ഷയോഗം ഡൽഹിയിൽ വിളിച്ചുകൂട്ടി. ഇതിൽ 20 വലുതും ചെറുതുമായ രാഷ്‌ട്രീയ കക്ഷികൾ പങ്കെടുത്തു. എങ്കിലും ചില പ്രധാന പ്രാദേശിക കക്ഷികൾ വിട്ടുനിന്നു. യോഗത്തിന്റെ പ്രധാന ഉദ്ദേശ്യം പൗരത്വ പ്രക്ഷോഭങ്ങൾതന്നെ. യോഗം ബഹിഷ്‌കരിച്ച കക്ഷികളിൽ ബിഎസ്‌പിയും എസ്‌പിയും തൃണമൂൽ കോൺഗ്രസും ആംആദ്‌മി പാർടിയും ഡിഎംകെയും ശിവസേനയും ഉൾപ്പെടുന്നു. ഇവരൊന്നും കോൺഗ്രസിന്റെ  നേതൃത്വം അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. യോഗത്തിൽ പങ്കെടുക്കാനുള്ള പാർടികളുടെ ലിസ്‌റ്റിൽ വൈഎസ്‌ആർ കോൺഗ്രസോ ടിആർഎസോ ടിഡിപിയോ എഐഡിഎംകെയോ ഉണ്ടായിരുന്നില്ല. പിന്നെയല്ലേ അവർ പങ്കെടുക്കുന്ന കാര്യം! കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാനുള്ള ബഹുഭൂരിപക്ഷം പ്രതിപക്ഷ കക്ഷികളുടെ വൈമുഖ്യം ഇവിടെ വെളിവാകുന്നു. ആശയപരമായിട്ടുള്ള എതിർപ്പല്ല ഇതിന്റെയൊന്നും പ്രധാന കാരണം. കോൺഗ്രസിന്റെ നേതൃത്വത്തോടുള്ള വിയോജിപ്പാണ്‌. ബിജെപിയെയും നരേന്ദ്ര മോഡിയെയും അമിത്‌ ഷായെയും എതിർക്കാനായി കച്ചകെട്ടി നിൽക്കുന്ന രാജ്യത്തെ പ്രധാന പ്രതിപക്ഷകക്ഷിയുടെ പരാജയമാണ്‌ ഇത്‌ തെളിയിക്കുന്നത്‌.

മായാവതി കോൺഗ്രസിനെയും ബിജെപിയെയും ഒരു നാണയത്തിന്റെ രണ്ടു വശമായിട്ടാണ്‌ ചിത്രീകരിക്കുന്നത്‌. കോൺഗ്രസിന്റെ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട്‌ മായാവതി നടത്തിയ ഒരു പ്രസ്‌താവനയും (ലഖ്‌നൗ) ഇവിടെ ശ്രദ്ധേയമാണ്‌. യൂണിയൻ ക്യാബിനറ്റ്‌ പൗരത്വ ഭേദഗതി നിയമം അംഗീകരിച്ചപ്പോൾ അതിനെ ആദ്യം എതിർത്തത്‌ താനാണെന്ന്‌ മായാവതി അവകാശപ്പെടുന്നു. കോൺഗ്രസ്‌ അപ്പോൾ നിശ്ശബ്ദമായിരുന്നെന്നും അവർ ആരോപിക്കുന്നു. കോൺഗ്രസ്‌ വക്താക്കൾ ആരുംതന്നെ ഇതിനെ ഖണ്ഡിച്ചിട്ടുമില്ല. മമതയ്‌ക്കാകട്ടെ കോൺഗ്രസിന്റെ നേതൃത്വത്തോടുള്ള വിയോജിപ്പ്‌ സ്‌പഷ്ടവുമാണ്‌.

പൗരത്വ സംബന്ധിയായ പ്രക്ഷോഭങ്ങൾ ദേശവ്യാപകമായി വ്യാപിക്കുമ്പോൾ അതിനെ നയിക്കാൻ കോൺഗ്രസിന്‌ സാധിക്കുന്നില്ല. കോൺഗ്രസിൽത്തന്നെ ആശയക്കുഴപ്പമുണ്ട്‌. പ്രധാന പ്രതിപക്ഷകക്ഷികൾക്ക്‌ കോൺഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അവ വീണ്ടെടുക്കാനോ പ്രതിപക്ഷത്തെ ഒന്നടങ്കം ഏകോപിപ്പിച്ച്‌ ഒരു ജനകീയ സമരമുന്നണി കെട്ടിപ്പടുക്കാനോ കോൺഗ്രസ്‌ പരാജയപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ മോഡിയും ഷായും രാഷ്‌ട്രീയമായി മുതലെടുക്കുന്നതും ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കാൻ ശ്രമിക്കുന്നതും. ഇതേ രാഷ്‌ട്രീയ സാഹചര്യത്തിൽത്തന്നെയാണ്‌, അതായത്‌ പ്രധാന ദേശീയ പ്രതിപക്ഷകക്ഷിയുടെ ഫലപ്രദമായ ഇടപെടലിന്റെ അഭാവത്തിലാണ്‌ രാജ്യത്തെ ക്യാമ്പസുകൾ പ്രതീക്ഷയാകുന്നത്‌.


പ്രധാന വാർത്തകൾ
 Top