16 August Sunday
നിയമസഭാ അവലോകനം

മാതൃകയായി സർക്കാർ

എ കെ ബാലൻUpdated: Saturday Nov 23, 2019


നിരവധി കാര്യങ്ങളിൽ മാതൃക സൃഷ്ടിച്ച 14–ാം  നിയമസഭയുടെ വ്യാഴാഴ്ച സമാപിച്ച 16–ാം സമ്മേളനത്തിൽ ഒന്നൊഴികെ എല്ലാ ഓർഡിനൻസുകളും നിയമമാക്കി. രണ്ട് ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യർഥന ചർച്ചയ്ക്കും വിനിയോഗിച്ചതൊഴിച്ചാൽ 19 ദിവസം നീണ്ട ഈ സമ്മേളനത്തിലെ 15 ദിവസവും നിയമനിർമാണത്തിനാണ് വിനിയോഗിച്ചത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികം പ്രമാണിച്ച് ഒരു പ്രത്യേക സമ്മേളനവും ചേർന്നു.

ഭരണ‐പ്രതിപക്ഷ അംഗബലത്തിൽ വ്യത്യാസം വന്നശേഷമുള്ള സമ്മേളനം കൂടിയായിരുന്നു ഇത്. പ്രതിപക്ഷത്തിന്റെ അംഗബലം 49 ൽനിന്ന് 47 ആയി കുറയുകയും ഭരണപക്ഷത്തെ അംഗബലം 91 ൽനിന്ന് 93 ആയി വർധിക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റിൽ യുഡിഎഫിന്റെ മൂന്ന് സീറ്റ് പിടിച്ചെടുത്തുകൊണ്ടാണ് എൽഡിഎഫ് അതിന്റെ അംഗബലം വർധിപ്പിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ മൂന്നരവർഷത്തെ ഭരണമികവിന്റെ സാക്ഷ്യപത്രം കൂടിയായിരുന്നു ഈ വിജയം. ഈ വിജയത്തെ ഉൾക്കൊള്ളാൻ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല പ്രതിപക്ഷം. സർക്കാരിന്റെ ജനകീയ അംഗീകാരത്തെ കണ്ടില്ലെന്നുനടിച്ച് അനാവശ്യവിവാദങ്ങളും ആരോപണങ്ങളും ഉയർത്തി പുകമറ സൃഷ്ടിക്കാനായിരുന്നു ഈ സമ്മേളനത്തിലുടനീളം പ്രതിപക്ഷം ശ്രമിച്ചത്. എന്നാൽ, ഭരണപക്ഷം ജനങ്ങൾ നൽകിയ പിന്തുണയിൽ വലിയ ആത്മവിശ്വാസത്തോടെയാണ് സർക്കാരിന്റെ നേട്ടങ്ങൾ സഭയിൽ അവതരിപ്പിച്ചത്.

നിയമനിർമാണത്തിനുവേണ്ടി ചേർന്ന ഈ സമ്മേളനത്തിൽ ആകെ 18 ബില്ലാണ് പാസാക്കിയത്. അതിൽ ആറെണ്ണം ഒറിജിനൽ ബില്ലും 12 എണ്ണം ഭേദഗതി ബില്ലും ആയിരുന്നു. ഒറിജിനൽ ബില്ലുകളിൽ രണ്ടെണ്ണം 2018 ൽ സെലക്ട് കമ്മിറ്റികൾക്ക് വിട്ടവയായിരുന്നു. ഇതിനുപുറമെ ഒരു ധനവിനിയോഗ ബില്ലും സഭ പാസാക്കി.
കണ്ണൂർ, പരിയാരം സഹകരണ ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന 2019 ലെ കേരള സഹകരണ ആശുപത്രി കോംപ്ലെക്സും മെഡിക്കൽ സയൻസ് അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ബിൽ, സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ നഷ്ടം സംഭവിച്ച വ്യക്തിക്ക് നഷ്ടപരിഹാരവും പ്രതിക്ക് ശിക്ഷയും ഉറപ്പുവരുത്തുന്ന 2019 ലെ കേരള സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം തേടലും ബിൽ, മദ്രസ അധ്യാപകർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്ന കേരള മദ്രസ അധ്യാപക ക്ഷേമനിധി ബിൽ, വ്യവസായം തുടങ്ങി മൂന്നുവർഷം കഴിഞ്ഞുമാത്രം വിവിധ ലൈസൻസുകൾ നേടിയാൽ മതിയെന്ന് വ്യവസ്ഥ ചെയ്യുന്ന 2019 ലെ കേരള സൂക്ഷ്മ‐ചെറുകിട‐ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ എന്നിവയാണ് ഈ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കിയ ഒറിജിനൽ ബില്ലുകൾ.


 
 

യാദൃച്ഛികമായി വീണുകിട്ടിയ മാവോയിസ്റ്റ് വെടിവയ്പും യുഎപിഎ അറസ്റ്റും യൂണിവേഴ്സിറ്റിയിലെ മോഡറേഷനും വാളയാർ കേസും പിന്നെ കിഫ്ബിയും ധനപ്രതിസന്ധിയും ആയിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ചർച്ചാവിഷയങ്ങൾ. ചോദ്യോത്തരവേള, അടിയന്തര പ്രമേയങ്ങൾ, നിയമനിർമാണ ചർച്ച തുടങ്ങിയ അജൻഡകളിലെല്ലാം ഇതായിരുന്നു അവർ ചർച്ചയാക്കാൻ ശ്രമിച്ചത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തികനയങ്ങൾ സംസ്ഥാനത്തുണ്ടാക്കുന്ന പ്രതിസന്ധി, കേരളത്തോടുള്ള വിവേചനം, കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന, കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ സമീപനങ്ങൾ, തൊഴിലില്ലായ്മ, വർഗീയ പ്രീണനം, സാംസ്കാരിക അധിനിവേശം, ന്യൂനപക്ഷ ദളിത് പീഡനങ്ങൾ ഇവയൊന്നും യുഡിഎഫിന് ചർച്ചാവിഷയമേ ആയിരുന്നില്ല. മുഖ്യമന്ത്രിയെയും സിപിഐ എമ്മിനെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയെന്ന പതിവ് അജൻഡ തന്നെയായിരുന്നു യുഡിഎഫിന്റേത്.

പ്രതിപക്ഷത്തിന്റെ 17 അടിയന്തരപ്രമേയത്തിൽ 14 എണ്ണത്തിനാണ് സ്പീക്കർ അവതരണാനുമതി നൽകിയത്. വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിലെ പ്രതികളെ കോടതി വെറുതെവിട്ടത് സംബന്ധിച്ചായിരുന്നു ആദ്യത്തെ അടിയന്തരപ്രമേയം. കേസന്വേഷണത്തിൽ പൊലീസിനോ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനോ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിന്നീട്, അന്വേഷണത്തിൽ വീഴ്ചവരുത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയും പ്രോസിക്യൂട്ടറെ നീക്കം ചെയ്യുകയും ചെയ്തു. ഹൈക്കോടതിയിൽ അപ്പീലും ഫയൽ ചെയ്തു. ജുഡീഷ്യൽ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, പ്രതികളെ സിപിഐ എം ആക്കി രാഷ്ട്രീയമായി സർക്കാരിനെ ആക്രമിക്കാനാണ് ഈ സംഭവത്തെ പ്രതിപക്ഷം വിനിയോഗിച്ചത്.

നിയമനിർമാണ പ്രക്രിയയിൽ പ്രതിപക്ഷം നിർദേശിച്ച പല ഭേദഗതികളും സർക്കാർ സ്വീകരിച്ചിട്ടുപോലും നടപടികളുമായി സഹകരിക്കാതെ പലപ്പോഴും ബഹിഷ്കരിക്കുകയായിരുന്നു

കെഎസ്യുവിന്റെ നിയമസഭാ മാർച്ചിൽ പൊലീസുമായുള്ള സംഘർഷത്തിനിടെ പരിക്കേറ്റ ഷാഫി പറമ്പിൽ എംഎൽഎയുടെ പേരിൽ രണ്ട് ദിവസം പ്രതിപക്ഷം സഭയിൽ പരിധിവിട്ട് പ്രതിഷേധിച്ചു. ആക്രോശവും മുദ്രാവാക്യം വിളിയുമായി സ്പീക്കറുടെ ഡയസിൽ ചാടിക്കയറി അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് സ്പീക്കർക്ക് പെട്ടെന്ന് വേദി വിടേണ്ടിവന്നു. ഇതിന്റെ പേരിൽ അടുത്ത ദിവസം നാല് യുഡിഎഫ് എംഎൽഎമാരെ സഭ ശാസിച്ചു.ഈ സമ്മേളനത്തിന്റെ തുടക്കവും ഒടുക്കവും പ്രതിപക്ഷത്തിന്റെ മാന്യതയില്ലാത്ത ബഹളത്താൽ മുഖരിതമായിരുന്നു. എന്നാൽ, നിശ്ചയിച്ച പ്രകാരമുള്ള എല്ലാ അജൻഡകളും പൂർത്തിയാക്കാൻ സ്പീക്കർ ജാഗ്രതകാട്ടി. നിയമനിർമാണ പ്രക്രിയയിൽ പ്രതിപക്ഷം നിർദേശിച്ച പല ഭേദഗതികളും സർക്കാർ സ്വീകരിച്ചിട്ടുപോലും നടപടികളുമായി സഹകരിക്കാതെ പലപ്പോഴും ബഹിഷ്കരിക്കുകയായിരുന്നു.

കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായി അഞ്ച് പ്രമേയമാണ് സഭ ഐകകണ്ഠ്യേന പാസാക്കിയത്. ആർസിഇപി കരാർ, സംസ്ഥാനത്തെ കാർഷിക‐ചെറുകിട മേഖലകളിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി സംബന്ധിച്ച് ചട്ടം 130 പ്രകാരം പ്രതിപക്ഷത്തെ കെ സി ജോസഫിന്റെ പ്രമേയം സഭ ചർച്ചചെയ്യുകയും ചട്ടം 275 പ്രകാരം പാസാക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ ഇപ്പോൾ ഈ കരാറിൽനിന്ന് പിന്മാറാൻ തീരുമാനിച്ചതിനുപിന്നിലെ പ്രതിഷേധങ്ങളിൽ നമ്മുടെ സഭയുടെ ഈ പ്രമേയവും കാരണമാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം.

ജനങ്ങളെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ 33 ശ്രദ്ധക്ഷണിക്കലിലൂടെയും 190 സബ്മിഷനിലൂടെയും അംഗങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. പിഎസ്സി നിയമനങ്ങൾ, കൂടുതൽ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്സിക്ക് വിടൽ, പരീക്ഷാ ക്രമക്കേട്, മത്സ്യമേഖലയിലെ പ്രതിസന്ധി, ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

യഥാസമയം ഉത്തരം നൽകാത്ത സമീപനം വർഷങ്ങളായി തുടരുന്നതാണ്. ഇതിന് മാറ്റം വരുത്തും

സർഫാസി നിയമത്തിന്റെ മറവിൽ നടക്കുന്ന ജനദ്രോഹങ്ങൾ തടയുന്നതിന് ശക്തമായ നിയമനിർമാണം നടത്തണമെന്ന് ഇതുസംബന്ധിച്ച് രൂപീകരിച്ച നിയമസഭാ സമിതി അതിന്റെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. 570 നക്ഷത്രചിഹ്നമിട്ട ചോദ്യവും 6657 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യവും സഭയുടെ മുമ്പാകെ വന്നു. 57 ചോദ്യത്തിന് മന്ത്രിമാർ വാക്കാൽ മറുപടി നൽകി. 426 ഉപചോദ്യം അംഗങ്ങൾ സഭയിൽ ഉന്നയിച്ചു. മന്ത്രിമാരായ പി തിലോത്തമൻ, ടി പി രാമകൃഷ്ണൻ, വി എസ് സുനിൽകുമാർ, ജി സുധാകരൻ, കെ കൃഷ്ണൻകുട്ടി,  രാമചന്ദ്രൻ കടന്നപ്പള്ളി, കെ രാജു, ഈ ലേഖകൻ എന്നിവർ അവരുടെ വകുപ്പുകളിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി.എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് വൈകിയാൽ ഉദ്യോഗസ്ഥർ കാരണം വ്യക്തമാക്കണമെന്നും ഡിലെ സ്റ്റേറ്റ്മെന്റിൽ അത് വ്യക്തമാക്കണമെന്നും പാർലമെന്ററി മന്ത്രി എന്നനിലയിൽ ഈ ലേഖകൻ സഭയെ അറിയിച്ചു. യഥാസമയം ഉത്തരം നൽകാത്ത സമീപനം വർഷങ്ങളായി തുടരുന്നതാണ്. ഇതിന് മാറ്റം വരുത്തും.

നിയമസഭാ ടിവി, പേപ്പർ രഹിത ഇ‐നിയമസഭ എന്നിവ പുതുവർഷത്തോടെ യാഥാർഥ്യമാക്കുന്നതിന്റെ പ്രഖ്യാപനം സ്പീക്കർ നടത്തി. ഇരുനൂറ് ദിവസത്തെ സമ്മേളനം ഈ സഭാ സമ്മേളനത്തോടെ പൂർത്തിയാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം സമ്മേളിക്കുന്ന റെക്കോർഡും നമ്മുടെ നിയമസഭയ്ക്കാണ്. യുഡിഎഫ് കാലത്തെപ്പോലെ ഓർഡിനൻസ് രാജിന്റെ ഭരണമല്ല കേരളത്തിൽ ഇപ്പോഴെന്ന് തെളിയിക്കുന്നതായിരുന്നു ഈ സമ്മേളനം. ഈ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസുകളിൽ ഒന്നൊഴികെ എല്ലാം നിയമങ്ങളാക്കി സർക്കാർ മാതൃക സൃഷ്ടിച്ചു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top