02 June Tuesday

ഫസൽവധക്കേസ്‌: തുടരന്വേഷണം തടയുന്നത്‌ ആര്‌

അഡ്വ. കെ വിശ്വൻUpdated: Wednesday Oct 23, 2019


തലശേരി പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലെ ലിബർട്ടി ക്വാർട്ടേഴ്‌സിന്‌ മുന്നിലുള്ള സംസ്ഥാനപാതയ്‌ക്കരികിൽ 2006ലെ ഒരു വെളുപ്പാൻകാലത്ത്‌ ഫസൽ എന്ന ഒരു ചെറുപ്പക്കാരൻ അതിദാരുണമായ നിലയിൽ വെട്ടേറ്റ്‌ കൊല്ലപ്പെടുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട്‌ രജിസ്‌റ്റർ ചെയ്‌ത കേസിലെ പരാതിയിൽ പ്രതികൾ ആരാണെന്ന്‌ വെളിവായിരുന്നില്ല. അന്ന്‌ രാവിലെയുണ്ടായ എൻഡിഎഫ്‌ നേതാക്കളുടെ പ്രതികരണവും ആർഡിഒ മുമ്പാകെ നടന്ന സമാധാനയോഗത്തിൽനിന്ന്‌ ആർഎസ്‌എസ്‌–-ബിജെപി നേതാക്കളെ ചൂണ്ടി ‘കൊലയാളികളുടെ സാന്നിധ്യത്തിൽ സമാധാന ചർച്ചയ്‌ക്കില്ലെന്ന്‌’ പ്രഖ്യാപിച്ച്‌ അവർ ഇറങ്ങിപ്പോയതും പൊതുസമൂഹത്തിന്‌ ഓർമയുള്ളതാണ്‌. വധംനടന്നതിന്‌ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ആർഎസ്‌എസ്‌–-ബിജെപിയും എൻഡിഎഫും തമ്മിലുണ്ടായ സംഘർഷമാണ്‌ അവരെ ഈ നിലപാടിലെത്തിച്ചത്‌. 

എന്നാൽ, കേസന്വേഷണത്തിന്റെ ഏതോ വേളയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. മറ്റു ക്രിമിനൽ കേസിൽ പ്രതികളായി ആരോപണം നേരിടുന്ന മൂന്നുപേരെ യാതൊരു അടിസ്ഥാനവുമില്ലാതെ ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്‌തു. അവർ സിപിഐ എം അനുഭാവികളാണ്‌ എന്ന കാരണത്താൽ കുറ്റകൃത്യം മുഴുവനും സിപിഐ എമ്മിന്റെ മേൽ കെട്ടിവയ്‌ക്കാനാണ്‌ പിന്നീട്‌ ശ്രമമുണ്ടായത്‌.

തലശേരിയിൽ നന്നായി വേരോട്ടമുള്ള സിപിഐ എമ്മിന്‌ മുസ്ലിംജനവിഭാഗങ്ങളിൽ നല്ല സ്വാധീനമുണ്ട്‌. സാധാരണ തൊഴിലാളികൾമുതൽ വലിയ തറവാട്ടംഗങ്ങളടക്കം സിപിഐ എമ്മിന്റെ ഭാഗമായി വളരെക്കാലമായി പ്രവർത്തിക്കുന്നു. ഇഴപിരിയാത്ത ഈ ബന്ധവും ഗാഢസൗഹൃദവും ആരെയും അസൂയപ്പെടുത്തുന്നതാണ്‌

തലശേരിയിൽ നന്നായി വേരോട്ടമുള്ള സിപിഐ എമ്മിന്‌ മുസ്ലിംജനവിഭാഗങ്ങളിൽ നല്ല സ്വാധീനമുണ്ട്‌. സാധാരണ തൊഴിലാളികൾമുതൽ വലിയ തറവാട്ടംഗങ്ങളടക്കം സിപിഐ എമ്മിന്റെ ഭാഗമായി വളരെക്കാലമായി പ്രവർത്തിക്കുന്നു. ഇഴപിരിയാത്ത ഈ ബന്ധവും ഗാഢസൗഹൃദവും ആരെയും അസൂയപ്പെടുത്തുന്നതാണ്‌. ഈ സാഹചര്യത്തിൽ സിപിഐ എം ഒരിക്കലും ഈ നീചകൃത്യത്തിന്‌ മുതിരില്ലെന്ന്‌ തലശേരിയെ അറിയുന്നവർക്കെല്ലാം നല്ല ബോധ്യമുണ്ട്‌. ഈ വസ്‌തുതയാണ്‌ എൻഡിഎഫ്‌ ആദ്യം സ്വീകരിച്ച നിലപാടിന്‌ ബലം നൽകിയത്‌. യാതൊരു നീതീകരണവുമില്ലാതെ അറസ്‌റ്റ്‌ ചെയ്യപ്പെട്ട്‌ ജയിലിൽ തള്ളപ്പെട്ടവരുടെ ഫോൺ രേഖകൾ പരിശോധിച്ച അന്വേഷണ സംഘത്തിന്‌ ഇത്‌ ബോധ്യംവന്നതുമാണ്‌. പ്രതികളുടെ പങ്ക്‌ പരിശോധിക്കുന്നതിന്‌ പോളിഗ്രാഫ്‌ ടെസ്‌റ്റ്‌ നടത്തിയ രേഖപ്രകാരം പ്രതികൾ ഫസലിനെ കണ്ടിട്ടുപോലുമില്ലെന്ന്‌ വെളിപ്പെട്ടു. എന്നാൽ, കുറ്റം സിപിഐ എമ്മിന്റെ തലയിൽകെട്ടിവയ്‌ക്കാൻ വിവിധ ഭാഗങ്ങളിൽനിന്ന്‌ ഒളിഞ്ഞും തെളിഞ്ഞും ശ്രമമുണ്ടായി.

മനോവിചാരത്തിനനുസരിച്ച്‌ തയ്യാറാക്കുന്ന തിരക്കഥയനുസരിച്ച്‌ കേസന്വേഷണം  മാറിയും മറിഞ്ഞും നീങ്ങുന്ന ഘട്ടത്തിലാണ്‌ സിബിഐ അന്വേഷണത്തിനായി ഫസലിന്റെ ഭാര്യ മറിയു മുന്നോട്ടുവന്നത്‌. ആ നടപടിയുടെ ഭാഗമായി  കേസ്‌ രേഖകൾ  ഹൈക്കോടതിയിലെ ജസ്‌റ്റിസ്‌ വി രാംകുമാർ, ജസ്‌റ്റിസ്‌ എച്ച്‌ എൽ ദത്തു എന്നിവർ പരിശോധിച്ചതിൽ അതുവരെ നടന്ന കേസന്വേഷണത്തിൽ സംഭവിച്ച തികച്ചും പ്രകടമായ അപാകതകൾ ചൂണ്ടിക്കാണിച്ചുള്ള വിധി പ്രസക്തമാണ്‌. എളുപ്പത്തിൽ പിടിക്കാവുന്നവരെ യാതൊരു സാക്ഷിമൊഴിയും തെളിവും ഇല്ലാതെ പ്രതിയാക്കിയതും ആയുധം കണ്ടെത്തിയതുസംബന്ധിച്ച്‌ തയ്യാറാക്കിയ രേഖകൾ ശരിയല്ലാത്തതും കോടതി പ്രത്യേകം പരാമർശിച്ചു.  ശരിയായതും സത്യസന്ധവുമായ അന്വേഷണമാണ്‌ ഫസൽകേസിൽ ഹൈക്കോടതി വിധിച്ചത്‌.

തെറ്റായ വഴിയിൽ സിബിഐയും
തെറ്റുകൾ തിരുത്തി മുന്നോട്ട്‌ പോകുന്നതിനുപകരം മുമ്പ്‌ നടന്ന തെറ്റായ അന്വേഷണത്തിന്റെ ചുവടുപിടിച്ച്‌ സിബിഐയും ദുരൂഹമായി സഞ്ചരിച്ചു. കൂടുതൽ അപക്വവും അശാസ്‌ത്രീയവുമായ നിലപാടുകളെ കാരണമില്ലാതെ സിബിഐ മുറുകെപ്പിടിച്ചു. നേരത്തെ ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ച മൂന്നുപേർക്ക്‌ പുറമെ മറ്റു മൂന്നുപേരെക്കൂടി സിബിഐ ജയിലിലടച്ചു. ഇവരെല്ലാം സിപിഐ എം പ്രവർത്തകർ ആയതുകൊണ്ട്‌  സിപിഐ എം തിരുവങ്ങാട്‌ ലോക്കൽ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനും തലശേരി ഏരിയ സെക്രട്ടറിയായിരുന്ന കാരായി രാജനും അറിയാതെ കുറ്റകൃത്യം നടത്തില്ലെന്ന ബാലിശ വാദമുണ്ടായി. ഇത്തരം അബദ്ധധാരണകളുടെ അടിസ്ഥാനത്തിലാണ്‌ ഏഴ്‌, എട്ട്‌ പ്രതികളാക്കി ചന്ദ്രശേഖരനെയും രാജനെയും ജയിലിലടച്ചത്‌.

അക്രമം നടത്തിയവരെന്ന്‌ മുദ്രകുത്തിയ ഒന്നുമുതൽ ആറുവരെ പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്‌. എന്നാൽ, യാതൊരു സാക്ഷിമൊഴിയും തെളിവും ഇല്ലാതെ എപ്പോൾ, എവിടെവച്ച്‌ ആരുമായി ഗൂഢാലോചന നടത്തി എന്ന കേവല ആരോപണം പോലുമില്ലാത്ത കാരായി ചന്ദ്രശേഖരനും കാരായി രാജനും വർഷങ്ങളായി എറണാകുളത്ത്‌ കഴിയുന്നു. ജാമ്യത്തിൽ വിടുമ്പോൾ മുൻകൂർ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ ചേർത്തതിനാൽ സ്വന്തം നാട്ടിൽനിന്ന്‌ ഏഴരവർഷമായി നാടുകടത്തപ്പെട്ട്‌ കഷ്‌ടപ്പെടുന്നു. സാക്ഷികളെ സ്വാധീനിച്ചു എന്നോ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നോ പരാതിയില്ലാത്ത നിലയിൽ സിബിഐയുടെ സാങ്കൽപ്പിക വാദത്തെ കോടതികൾ തള്ളിക്കളയാത്തത്‌ ആരെയും വേദനിപ്പിക്കുന്നതാണ്‌.

ഗൂഢാലോചനക്കഥയുടെ ഇരകൾ
പ്രതിചേർക്കപ്പെട്ടവർ പോളിഗ്രാഫ്‌  ബ്രെയിൻമാപ്പിങ് ഉൾപ്പെടെ സർവശാസ്‌ത്രീയ പരിശോധനയ്‌ക്കും തയ്യാറാണ്‌. ഇക്കാര്യം സിബിഐയെ അറിയിച്ചിട്ടും ഇവരുടെ നിരപരാധിത്വം പുറത്തുവരും എന്ന ഭയത്താൽ അതിന്‌ തയ്യാറാകുന്നില്ല. അപേക്ഷ ന്യായമായി പരിശോധിക്കാനോ പരിഗണിക്കാനോ തയ്യാറാകുന്നില്ല. കേവലം ഊഹത്തിന്റെയും സാങ്കൽപ്പിക കഥകളുടെയും അടിസ്ഥാനത്തിൽ സാക്ഷികളില്ലാതെ കെട്ടിപ്പൊക്കിയ സിബിഐയുടെ ഗൂഢാലോചനക്കഥയുടെ ഇരകളാണിപ്പോൾ ഇരുവരും.

സിബിഐ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയരേഖകളിൽത്തന്നെ ഫസൽ കൊല്ലപ്പെടുന്നതിന്‌ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ബിജെപി–-ആർഎസ്‌എസ്‌ പ്രവർത്തകരും ഫസൽ അടക്കമുള്ള എൻഡിഎഫുകാരും തമ്മിൽ സംഘട്ടനമുണ്ടായി എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ‘‘എന്നും ഫസലിനെ കാണുമ്പോൾ ആർഎസ്‌എസുകാർ വാളിന്‌ മൂർച്ചകൂട്ടുന്നതിലേക്ക്‌ രാകുന്ന ആംഗ്യം കാണിക്കാറുണ്ടായിരുന്നു. രാധാകൃഷ്‌ണ മഠത്തിന്റെ വഴിപാട്‌ പരസ്യബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട്‌ ഫസലിന്റെ സുഹൃത്തുക്കൾക്ക്‌ എതിരെ ആർഎസ്‌എസ്‌ ആക്രമണം നടത്തിയിരുന്നു. ആയുധങ്ങളുമായി ഫസലിന്റെ പിന്നാലെ മുസ്ലിംപള്ളിവരെ ആർഎസ്‌എസുകാർ പിന്തുടർന്ന്‌ ഓടിയിരുന്നു. ആർഎസ്‌എസുകാരെ ആക്രമിച്ച എൻഡിഎഫ്‌ പ്രവർത്തകരെ ഈ സംഭവത്തിന്‌ തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ്‌ ജാമ്യത്തിലെടുത്തത്‌. ഫസൽ കൊല്ലപ്പെടേണ്ട ആൾതന്നെ’’ എന്ന്‌ ആർഎസ്‌എസുകാരൻ പറഞ്ഞതടക്കം വെളിവാകുന്ന ഇരുപത്തഞ്ചോളം സാക്ഷിമൊഴികൾ കേസ്‌ രേഖയോടൊപ്പമുണ്ട്‌. ഫസലിനെ മൃഗീയമായി ആക്രമിച്ച്‌ കൊലപ്പെടുത്താൻ ആർഎസ്‌എസിനുള്ള പ്രബല സാഹചര്യങ്ങളെ കാരണമില്ലാതെ നിരാകരിച്ചാണ്‌ സിബിഐ യാതൊരു സാമാന്യനീതികരണവുമില്ലാതെ സിപിഐ എമ്മിനുനേരെ തിരിഞ്ഞത്‌.

കുറ്റാരോപിതരുടെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ രേഖകൾ അവരുടെ സാന്നിധ്യം സംഭവസ്ഥലത്ത്‌ ഉറപ്പിക്കുന്നില്ല എന്ന തെളിവും സിബിഐ അവഗണിച്ചു. നിലവിലെ പ്രതികൾ ഉൾപ്പെട്ടതായി കാണുന്ന യാതൊരു പ്രബലതെളിവും ലഭ്യമല്ലാത്തതും സിബിഐയെ മാറ്റി ചിന്തിപ്പിച്ചില്ല

ഫസലിനെ ജീവിതത്തിലൊരിക്കലും കണ്ടവരല്ലെന്ന്‌ പോളിഗ്രാഫ്‌ ടെസ്‌റ്റിന്‌ വിധേയമാക്കിയ രണ്ട്‌ പ്രതികളുടെയും റിസൾട്ട്‌ വ്യക്തമായിട്ടും അത്‌ സിബിഐ കണ്ടില്ലെന്ന്‌ നടിച്ചു. മറ്റ്‌ ആറ്‌ പ്രതികളും ഏത്‌ ശാസ്‌ത്രീയ പരിശോധനയ്‌ക്കും വിധേയരാകാൻ സന്നദ്ധരാണെന്ന്‌ സിബിഐയെ അറിയിച്ചിട്ടും അത്‌ അവർ ചെവിക്കൊണ്ടില്ല. കുറ്റാരോപിതരുടെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ രേഖകൾ അവരുടെ സാന്നിധ്യം സംഭവസ്ഥലത്ത്‌ ഉറപ്പിക്കുന്നില്ല എന്ന തെളിവും സിബിഐ അവഗണിച്ചു. നിലവിലെ പ്രതികൾ ഉൾപ്പെട്ടതായി കാണുന്ന യാതൊരു പ്രബലതെളിവും ലഭ്യമല്ലാത്തതും സിബിഐയെ മാറ്റി ചിന്തിപ്പിച്ചില്ല.
യഥാർഥപ്രതികളെ നിയമത്തിന്‌ മുന്നിലെത്തിക്കണം

പ്രതിചേർത്തവർ നിരപരാധികളാണ്‌ എന്ന്‌  വ്യക്തമാക്കുന്ന പ്രബലതെളിവുകൾ കേസ്‌ രേഖകളിൽനിന്ന്‌ കണ്ടെത്താൻ എന്തുകൊണ്ടാണ്‌ നമ്മുടെ അന്വേഷണസംവിധാനത്തിന്‌ സാധിക്കാത്തത്‌? നിലവിലുള്ള പ്രതികൾ നിരപരാധികളാണ‌് എന്ന‌് സ്ഥാപിക്കുന്ന തെളിവുള്ള സാഹചര്യത്തിൽ യഥാർഥ കുറ്റവാളികളെ നിയമത്തിന‌ുമുന്നിൽ കൊണ്ടുവരാൻ എന്തുകൊണ്ടാണ‌് കഴിയാത്തത്‌?

നിലവിൽ പുറത്തുവന്ന കുറ്റസമ്മതമൊഴിയിൽ പരാമർശിക്കുന്ന കുറ്റവാളി ഏകദേശം രണ്ട്‌ വർഷംമുമ്പ്‌ വിദേശത്തുവച്ച്‌ തന്റെ കുറ്റം ഏറ്റുപറഞ്ഞ ഫോൺ ശബ്ദരേഖ പരസ്യമായിട്ടും തുടരന്വേഷണം നടക്കുന്നില്ല

കുറ്റം ഏറ്റുപറഞ്ഞ പ്രതികളിൽനിന്ന‌് ശാസ‌്ത്രീയതെളിവുകൾ ശേഖരിക്കാത്തതും അവരെ സംബന്ധിച്ച‌് അന്വേഷിക്കാത്തതും എന്ത‌ുകൊണ്ടാണ‌്‌? നാട്ടിൽ വരാതെ വിദേശത്ത‌് വർഷങ്ങളായി ഒളിച്ചുതാമസിക്കുന്ന യഥാർഥ കുറ്റവാളിയെ പരിശോധിക്കാത്ത സിബിഐ നിലപാട‌് അന്യായമല്ലേ. നിലവിൽ പുറത്തുവന്ന കുറ്റസമ്മതമൊഴിയിൽ പരാമർശിക്കുന്ന കുറ്റവാളി ഏകദേശം രണ്ട്‌ വർഷംമുമ്പ്‌ വിദേശത്തുവച്ച്‌ തന്റെ കുറ്റം ഏറ്റുപറഞ്ഞ ഫോൺ ശബ്ദരേഖ പരസ്യമായിട്ടും തുടരന്വേഷണം നടക്കുന്നില്ല. നിലവിലുള്ള  കുറ്റപത്രത്തിന്റെ അടിക്കുറിപ്പിൽ പുതിയതെളിവുകൾ പുറത്തുവന്നാൽ തുടരന്വേഷണം നടത്തുന്നതാണ്‌ എന്ന്‌ കോടതിയെ അറിയിച്ച സിബിഐ മുൻ നിലപാടിൽനിന്ന്‌ പിന്നോട്ടുപോകുന്നത്‌ ഉൽക്കണ്‌ഠപ്പെടുത്തുന്നതാണ്‌.

നേരത്തെയുള്ള കണ്ടെത്തലുകളെയും നിരീക്ഷണങ്ങളെയും അടിമുടി നിരാകരിക്കുന്ന അപ്രതിരോധ്യമായ തെളിവുകൾ കുറ്റവാളികളിൽനിന്ന്‌ കുറ്റസമ്മതമൊഴിയായി വന്നത്‌ പരിശോധിച്ച്‌ തുടരന്വേഷണം നടത്താതെ കുറ്റകരമായ  ദുർവാശി സിബിഐ പ്രകടിപ്പിക്കുകയാണ്‌. ഇത്‌ യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാനോ, അതോ സത്യം പുറത്തുവന്നാൽ പ്രതിരോധിക്കാനുള്ള ഭയമോ. അന്വേഷണസംവിധാനത്തിന്റെ അപാകതകൾ, പോരായ്‌മകൾ അടക്കമുള്ള സർവന്യൂനതയും പരിഹരിക്കാൻ നിയമപരമായും ധാർമികമായും സിബിഐക്ക്‌ ബാധ്യതയില്ലേ. കേന്ദ്ര അന്വേഷണസംഘത്തിന്റെ മികവും അതിലെ പ്രതീക്ഷയും പൊതുസമൂഹം ഉപേക്ഷിക്കണമോ. എന്താണ്‌ യഥാർഥസത്യം എന്ന കണ്ടെത്തൽ നടത്തുമ്പോഴാണ്‌ സിബിഐ ശരിയുടെ പാതയിൽ എത്തുന്നത്‌. ഫസൽകേസിന്റെ പുനരാലോചനയും തുടരന്വേഷണവും വരുംകാലത്തിന്റെ ആവശ്യംതന്നെയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top