05 July Sunday

തെരഞ്ഞെടുപ്പ്‌ പരിഷ‌്കാരം അനിവാര്യം

പ്രകാശ്‌ കാരാട്ട്‌Updated: Thursday May 23, 2019


പതിനേഴാമത് ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഔദ്യോഗികമായി സമാപിച്ചതിനുശേഷം ഹിമാലയത്തിലെ കേദാർനാഥിലുള്ള ക്ഷേത്രത്തിൽ ധ്യാനമിരിക്കുന്ന നരേന്ദ്ര മോഡിയുടെ ചിത്രങ്ങൾ രാജ്യമെമ്പാടും സംപ്രേഷണം ചെയ്യുകയുണ്ടായി. അവസാനഘട്ട പോളിങ് നടന്ന മെയ് 19നു മുമ്പുള്ള നിശ്ശബ്ദ പ്രചാരണവേളയിലാണ് ഇതുണ്ടായത്. നരേന്ദ്ര മോഡി മത്സരിക്കുന്ന വാരാണസി മണ്ഡലത്തിലെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പോകുമ്പോഴാണ് അവരുടെ മുന്നിലേക്ക് നരേന്ദ്ര മോഡി മതപരമായ ധ്യാനത്തിൽ ഏർപ്പെടുന്ന ചിത്രങ്ങൾ എത്തിയത്. അവസാനഘട്ടം വോട്ടെടുപ്പ് നടന്ന 59 ലോക‌്സഭാ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമായിരുന്നു ഇത്. 

എന്നാൽ, ഈ സംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ മതപരമായ തീർഥാടനത്തിന് നരേന്ദ്ര മോഡി തെരഞ്ഞെടുപ്പു കമീഷന്റെ അനുമതി വാങ്ങിയിരുന്നുവെന്നതാണ്. ദൂരദർശനെയും മറ്റു മാധ്യമങ്ങളെയും ഉപയോഗിച്ച് ഇതിന് വൻ പ്രചാരണവും അദ്ദേഹം നൽകി. തെരഞ്ഞെടുപ്പ‌ു കമീഷന് എന്താണ് സംഭവിക്കുന്നത് എന്നതിന്റെ നഖച്ചിത്രംകൂടിയാണിത്. ഒരിക്കലും തെരഞ്ഞെടുപ്പു കമീഷന്റെ വിശ്വാസ്യതയും ആർജവവും ഇത്രയും താഴ‌്ന്ന നിലവാരത്തിലെത്തുകയുണ്ടായിട്ടില്ല. 

തെരഞ്ഞെടുപ്പു കമീഷന്റെ ഈ രീതിയിലുള്ള പ്രവർത്തനവും വീഴ്‌ചയും ഈ ഭരണഘടനാ സമിതിയുടെ പെരുമയ‌്ക്കും പ്രശസ‌്തിക്കും മങ്ങലേൽപിച്ചു. നീതിപൂർവകവും നിഷ‌്‌പക്ഷവുമായ രീതിയിൽ തെരഞ്ഞെടുപ്പുകൾ നടത്തി അസൂയാവഹമായ നേട്ടങ്ങൾ കൊയ‌്ത സ്ഥാപനമാണ് ഇത്തരത്തിൽ തരംതാഴ‌്ന്നത‌്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൽ ഒരു പരിധിവരെ  സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ അച്ചുതണ്ടായി പ്രവർത്തിച്ച സ്ഥാപനമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമീഷൻ എന്ന ഖ്യാതി ലോകമെമ്പാടും പരന്നിരുന്നു. 

എന്നാൽ, മോഡി സർക്കാരിന്റെ അഞ്ചു വർഷക്കാലത്തെ ഭരണത്തിനിടയിൽ ഒന്നിനുപിറകെ ഒന്നായി എല്ലാ ഭരണഘടനാ  സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളും അട്ടിമറിക്കപ്പെട്ടു. ഈ സ്ഥാപനങ്ങളെല്ലാം പക്ഷപാതിത്വത്തോടെ പ്രവർത്തിക്കാൻ നിർബന്ധിക്കപ്പെട്ടു. ഭരണഘടനാ ചുമതലകൾ നിർവഹിക്കുന്നതിൽനിന്നും പിന്തിരിപ്പിക്കപ്പെട്ടു. ഭരണഘടനയെ തന്നെ അട്ടിമറിക്കാനുള്ള ആർഎസ്എസ്–-ബിജെപി കൂട്ടുകെട്ടിന്റെയും മോഡി സർക്കാരിന്റെ ഏകാധിപത്യ പ്രവണതകളുടെയും അവസാനത്തെ ഇരയാണ് തെരഞ്ഞെടുപ്പു കമീഷൻ.

പെരുമാറ്റച്ചട്ട ലംഘനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു
ഈ തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർടികൾക്കും തുല്യ പരിഗണന നൽകുന്നതിൽ തെരഞ്ഞെടുപ്പു കമീഷൻ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വ്യക്തമായും അനുശാസിക്കുന്നത് തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കുവേണ്ടി ഭരണസംവിധാനത്തിന്റെ ആനുകൂല്യങ്ങൾ ഭരണകക്ഷി ഉപയോഗിക്കരുതെന്നാണ്. വർഗീയ പ്രചാരണവും മതത്തിന്റെ പേരിലുള്ള വോട്ട് അഭ്യർഥനകളും നടത്തുന്നതിൽനിന്നും സ്ഥാനാർഥികളെയും രാഷ്ട്രീയ പാർടികളെയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വിലക്കുന്നുമുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ സുനിൽ അറോറ നയിക്കുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പു കമീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത് ഷായും നടത്തിയ നിരവധി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങൾ തടയുന്നതിൽ പൂർണമായും പരാജയപ്പെട്ടു.  ഈ രണ്ടു നേതാക്കളും ഹിന്ദുക്കളുടെ പേരിൽ വോട്ട് അഭ്യർഥന നടത്താനും ന്യൂനപക്ഷങ്ങൾക്കെതിരെ പരോക്ഷമായ പ്രസ‌്താവനകൾ നടത്താനും തയ്യാറായി.  അമിത് ഷാ ഒരു വേള ‘നുഴഞ്ഞുകയറ്റക്കാരെ' (അസമിലെയും പശ്ചിമ ബംഗാളിലെയും മുസ്ലിങ്ങൾ) തുടച്ചുനീക്കണമെന്നുപോലും ആവശ്യപ്പെടുകയുണ്ടായി.

മതപരമായ ചിഹ്നങ്ങളും ഹിന്ദുവികാരങ്ങളെ താലോലിക്കുന്ന അഭ്യർഥനകളും ന്യൂനപക്ഷവിരുദ്ധ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അനുവദിക്കുക വഴി അതിനൊക്കെ സാധൂകരണം നൽകുകയായിരുന്നു തെരഞ്ഞെടുപ്പു കമീഷൻ. പ്രധാനമന്ത്രിയുടെ കാര്യത്തിലാണെങ്കിൽ അദ്ദേഹത്തിനു വഴങ്ങിനിൽക്കുകയും ചെയ‌്തു. സ്വേച്ഛാധിപത്യത്തിലേക്കുള്ള മാർഗമാണിത്. നരേന്ദ്ര മോഡി പരസ്യമായി തന്നെ സായുധസേനയെ തെരഞ്ഞെടുപ്പുപ്രചാരണത്തിന് കരുവാക്കി. ഇതുവഴി സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കുക എന്ന അപകടകരമായ പാതയാണ് സ്വീകരിക്കപ്പെട്ടത്. 

നരേന്ദ്ര മോഡിയുടെ പ്രസംഗത്തിനെതിരെയുള്ള പരാതികൾ പരിഗണിച്ച തെരഞ്ഞെടുപ്പു കമീഷൻ അതുവഴി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച എല്ലാ കുറ്റങ്ങളിൽനിന്നും മോഡിയെ ഒഴിവാക്കുകയാണ് ചെയ‌്തത‌്. സേനയിലെ ഉന്നത ഉദ്യോഗസ്ഥരും 40 വിരമിച്ച ജനറൽമാരും സൈന്യത്തെ വോട്ട് ലഭിക്കുന്നതിനായി ഉപയോഗിക്കുന്നതിനെതിരെ പരാതി നൽകിയിട്ടു പോലും തെരഞ്ഞെടുപ്പു കമീഷനിൽനിന്നും ഒരു പ്രതികരണവും ഉണ്ടായില്ല.

മോഡിക്കെതിരെയുള്ള പരാതിയിൽ ക്ലീൻ ചിറ്റ്
പ്രതിപക്ഷ നേതാക്കൾക്കെതിരെ പ്രത്യേകിച്ചും ആന്ധ്രപ്രദേശിലെയും കർണാടകയിലെയും മന്ത്രിമാർക്കെതിരെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോൾപോലും തെരഞ്ഞെടുപ്പു കമീഷൻ ഇടപെട്ടില്ല. എന്നാൽ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുതിർന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അവരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾ സംബന്ധിച്ച് പരാതികൾ ഉന്നയിക്കപ്പെട്ടപ്പോൾ  തെരഞ്ഞെടുപ്പു കമീഷൻ ഉടൻ തന്നെ നടപടി സ്വീകരിക്കുകയും ചെയ‌്തു. 
മൂന്നംഗ കമീഷനിലെ പ്രവർത്തനം തെറ്റായ വഴിക്കാണ് നീങ്ങുന്നതെന്ന് അതിലെ ഒരംഗം അശോക് ലവാസ തന്നെ തുറന്നുകാട്ടുകയുണ്ടായി. മോഡിക്കെതിരെയുള്ള നാലു പരാതിയിൽ ക്ലീൻ ചിറ്റ് നൽകിയതിലുള്ള തന്റെ എതിർപ്പ് തെരഞ്ഞെടുപ്പു കമീഷൻ രേഖപ്പെടുത്തുകയോ പുറത്തുവിട്ട ഉത്തരവിൽ പരാമർശിക്കുകയോ ചെയ‌്തിട്ടില്ലെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ‌്തു. തന്റെ അഭിപ്രായഗതികൾ സ്വീകരിക്കപ്പെടാത്തതിനാൽ ഒരു ഘട്ടത്തിൽ ലവാസ കമീഷന്റെ സമ്പൂർണ യോഗത്തിൽനിന്ന് വിട്ടുനിൽക്കുക പോലുമുണ്ടായി.

നിലവിൽ തെരഞ്ഞെടുപ്പു കമീഷണർമാരെ തെരഞ്ഞെടുക്കുന്നത് എക‌്സിക്യൂട്ടീവാണ് അഥവാ അധികാരത്തിലുള്ള കേന്ദ്ര ഗവൺമെന്റാണ്. മൂന്നംഗ കമീഷനിലെ മുതിർന്നയാളാണ് മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ ആകാറുള്ളത്. മോഡി സർക്കാരാകട്ടെ തെരഞ്ഞെടുപ്പു കമീഷനെ നിയന്ത്രിക്കുന്നതിന് അവർക്കിഷ്ടമുള്ള ബ്യൂറോക്രാറ്റുകളെ കമീഷണർമാരായി നിയമിക്കുകയാണ് ചെയ്യുന്നത്.

ലോക‌്സഭയുടെ തെരഞ്ഞെടുപ്പുഫലം എന്തുതന്നെയായാലും തെരഞ്ഞെടുപ്പു കമീഷണർമാരെ തെരഞ്ഞെടുക്കുന്ന രീതി മാറുകതന്നെ വേണം. എക‌്സിക്യൂട്ടീവായിരിക്കരുത് കമീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. അതിനു പകരം സിബിഐ മേധാവിയെ തെരഞ്ഞെടുക്കുന്നതുപോലെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും  ഉൾപ്പെടുന്ന ഒരു സമിതിയായിരിക്കണം തെരഞ്ഞെടുപ്പു കമീഷൻ അംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടത്. കാലാവധി പൂർത്തിയാക്കുന്ന തെരഞ്ഞെടുപ്പു കമീഷണർമാരെ ഗവർണർ പദവിയോ അതുപോലുള്ള ഗവൺമെന്റ് പദവികളോ ഏറ്റെടുക്കുന്നതിൽനിന്ന് വിലക്കുകയും വേണം. പാർലമെന്റിലേക്കോ നിയമസഭകളിലേക്കോ അവർ തെരഞ്ഞെടുക്കപ്പെടുകയുമരുത്.  

എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പു കമീഷണർമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും രാജ്യസഭാംഗങ്ങളാകുകയും മന്ത്രിമാരാകുകയും ചെയ‌്തിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പു കമീഷനെന്ന സ്ഥാപനത്തിന്റെ ആർജവം ഇല്ലാതാക്കും. തെരഞ്ഞെടുപ്പു കമീഷനെ പരിഷ‌്കരിക്കേണ്ടത് പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാവിക്ക് അനിവാര്യമാണ്. ഇത്തരം പരിഷ‌്കാരങ്ങൾ കാലതാമസം കൂടാതെ കൊണ്ടുവരണമെന്ന് 17–-ാമത‌് ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അടിവരയിടുന്നു.


പ്രധാന വാർത്തകൾ
 Top