05 July Tuesday

സിൽവർ ലൈനിനെ എതിർക്കുന്നവരോട്‌ മനുഷ്യവംശം പുരോഗതി നേടിയതെങ്ങനെ?

സുരേഷ് സിദ്ധാർഥUpdated: Saturday Apr 23, 2022

ജനതയുടെ ജീവിതനിലവാരം ഉയർത്തുന്ന നിരവധിയായ നിർമാണ പരിഷ്കരണ ആസൂത്രണ പദ്ധതികളിലൂടെയാണ് മനുഷ്യവംശം  പുരോഗതി നേടിയിട്ടുള്ളത്. പ്രപഞ്ചത്തിലെ കോടിക്കണക്കായ ജീവിവംശത്തിൽ സ്വന്തം ജീവിതനിലവാരം ഉയർത്താനുള്ള പദ്ധതികൾ ആസൂത്രണംചെയ്ത് നടപ്പാക്കാൻ ശേഷിയുള്ളത് മനുഷ്യന് മാത്രമാണ്. മറ്റൊരു ജീവിയും പ്രതിസന്ധികൾ തരണം ചെയ്യാൻ ആസൂത്രിതമായ ഒരു സംവിധാനത്തെയും  ആശ്രയിക്കുന്നില്ല. കൊന്നും തിന്നും വേട്ടയാടിയും ഇരയും ഇണയുമൊക്കെയായി അവയിങ്ങനെ പ്രകൃതിയിൽ തുടരുന്നു. ചക്രങ്ങളുടെയും യന്ത്രങ്ങളുടെയും വരവിനെപ്പോലും ഏതോ പൈശാചിക ശക്തിയുടെ കടന്നുവരവായി കണ്ട് ഭീതിയോടെ അകറ്റിനിർത്തിയിരുന്ന ഒരു വിഭാഗത്തെ പുരോഗതിയുടെ എല്ലാ ഘട്ടത്തിലും കാണാവുന്നതാണ്.

തലയ്ക്കു മീതേ പറക്കുന്ന വിമാനവും തിരമാലകളെ ഭേദിച്ച് ഭൂഖണ്ഡാന്തര യാത്ര നടത്തിയ കപ്പലുകളും കൽക്കരിയുടെ പുകയൂതി ഭൂമിപിളർക്കുന്ന ഒച്ചയുമായെത്തിയ തീവണ്ടിയുമൊക്കെ ദൈവശാപം വിളിച്ചു വരുത്തുമെന്ന് ഭയത്തോടെ കണ്ടിരുന്നവരും പഴയ തലമുറയിലുണ്ടായിരുന്നു. ശീലിച്ചുപോയ എന്തിൽനിന്നും വേറിട്ടെത്തുന്ന മാറ്റങ്ങളെ ഈ ആധുനികകാലത്തും  കുറച്ചുപേരെങ്കിലും ഭയപ്പാടോടെ വീക്ഷിക്കുന്നു. അതിന്‌ ഉദാഹരണമാണ് ഇന്ന് നാടൊട്ടുക്ക് കാണപ്പെടുന്ന മൊബൈൽ ടവറുകൾ. അവയ്ക്കെതിരെ സംഘടിപ്പിക്കപ്പെട്ട സമരങ്ങളും ഭയപ്പാടുകളും ഈ കൊറോണക്കാലത്ത് സാധാരണക്കാരന്റെ ജീവിതത്തെപ്പോലും നിയന്ത്രിച്ച ഓൺലൈൻ വിപ്ലവത്തിൽ നമുക്ക് ലജ്ജയോടെ മാത്രമേ ഓർക്കാൻ കഴിയൂ. ഇന്ന് മൊബൈൽ ടവറുകളും ആധുനിക സംവിധാനങ്ങളുള്ള മൊബൈലും ഏതു നാട്ടുമ്പുറത്തുകാരനും ഒഴിവാക്കാൻ കഴിയാത്ത അവശ്യവസ്തുവായി മാറിക്കഴിഞ്ഞു. വികസനമെത്തുമ്പോഴുള്ള വിഭ്രാന്തിയെ അങ്ങനെമാത്രം കണ്ടാൽ മതി.

ദീർഘവീക്ഷണമുള്ള ഒരു ഗവൺമെന്റിന്, പുനരധിവസിപ്പിക്കപ്പെടേണ്ടവരെ കൃത്യമായി കണ്ടെത്തി അതു പരിഹരിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും അവ സാധ്യമാകുകയും ചെയ്യുമ്പോൾ അവസാനിക്കുന്ന അസ്വസ്ഥതകൾ മാത്രമാണിത്. അതോടെ ഏത് വികസന പദ്ധതികളും ജനങ്ങൾ ഹൃദയത്തിലേറ്റുമെന്നതിൽ സംശയമില്ല. ഒരു കാലത്ത് നടന്നും കാളവണ്ടിയിലും യാത്ര ചെയ്തിരുന്ന മനുഷ്യൻ ആ നില തുടർന്നിരുന്നെങ്കിൽ ഇന്നെവിടെ എത്തുമായിരുന്നു. ഒരു ഫോൺ വിളിയുടെ സൗകര്യംപോലും എത്ര മാസത്തെ കാത്തിരുപ്പിനാണ് അറുതി വരുത്തിയതെന്ന് നാം ചിന്തിക്കണം.

മറ്റൊരു ഭൂഖണ്ഡത്തിൽ കഴിഞ്ഞിരുന്ന ബന്ധുവിനെ കത്തെഴുതി വിവരമറിയിക്കാൻ കാത്തിരുന്നു മാസങ്ങൾ കഴിഞ്ഞിടത്താണ് പെറ്റുവീണ പേരക്കുഞ്ഞിനെ നിമിഷ മാത്രയിൽ കാണാൻ സൗകര്യമൊരുക്കുന്ന സെൽഫോണുകൾ എത്തിയത്. ട്രങ്ക് കോളുകൾ ബുക്ക് ചെയ്ത്  ശബ്ദം കേൾക്കാൻ കാത്തിരുന്നവർ ഇന്നെവിടെയാണ്. വർഷങ്ങളെടുത്ത് ഒരു രാജ്യത്തെ വിഭജിച്ചു നിർമിച്ച "പനാമാ കനാൽ' ആ രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെയാകെ സാമ്പത്തിക വാണിജ്യ വളർച്ചയിൽ വരുത്തിയ പങ്കിനെക്കുറിച്ച് സ്കൂൾ വിദ്യാർഥികൾക്കു പോലുമറിയാം. വിദേശങ്ങളിലേക്ക്‌ പോയി  പലതും കൺകുളിർക്കെ കാണുകയും ആസ്വദിക്കുകയും  അലിഞ്ഞുചേർന്ന് ജീവിക്കുകയും ചെയ്യുന്ന മലയാളികൾക്ക് ഒരു കാലത്തും നാടിന്റെ വികസന വിപ്ലവത്തെ തള്ളിപ്പറയാൻ കഴിയുകയില്ല.

അതിവേഗ ട്രെയിൻ സർവീസുകൾ കൊണ്ടുവരുന്നത് അൽപ്പം ചിലയാളുകളുടെ യാത്രാ സൗകര്യം മാത്രമല്ല. അതിന്റെ നിർമാണത്തിനായി വിതരണം ചെയ്യപ്പെടുന്ന കോടിക്കണക്കായ പണം ചെന്നെത്തുന്നത് അനേകായിരം മലയാളി കുടുംബങ്ങളിലുമാണ് എന്നുകൂടി ഓർമിക്കേണ്ടതുണ്ട്.

അതിവേഗ ട്രെയിൻ സർവീസുകൾ കൊണ്ടുവരുന്നത് അൽപ്പം ചിലയാളുകളുടെ യാത്രാ സൗകര്യം മാത്രമല്ല. അതിന്റെ നിർമാണത്തിനായി വിതരണം ചെയ്യപ്പെടുന്ന കോടിക്കണക്കായ പണം ചെന്നെത്തുന്നത് അനേകായിരം മലയാളി കുടുംബങ്ങളിലുമാണ് എന്നുകൂടി ഓർമിക്കേണ്ടതുണ്ട്. അതുവഴി സമൂഹത്തിലാകെ വരുന്ന സാമ്പത്തികനേട്ടവും  മുന്നിൽക്കാണണം. ഏത് പദ്ധതിക്കും ചെലവിടുന്നതിന്റെ പകുതിയിലധികവും അധ്വാനമൂല്യമായി തൊഴിലാളികളിലേക്കും ചെറുകിട വൻകിട നിർമാണ വ്യാപാര മേഖലകളിലേക്കുമാണ് ചെന്നെത്തുകയെന്ന് ആർക്കാണ് അറിയാത്തത്. അതായത് പദ്ധതി പ്രദേശത്തു മാത്രമല്ല, കേരളത്തിലാകമാനമുള്ള തട്ടുകടക്കാരനും പെട്ടി ഓട്ടോക്കാരനുംവരെ പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ വരുമാനമുണ്ടാക്കുന്ന ഒരു പദ്ധതിയായി വേണം ഏതൊരു വികസന പ്രവർത്തനത്തെയും സ്വീകരിക്കേണ്ടത്. ഖജനാവിൽ നിന്നായാലും കടമെടുത്തായാലും ഒടുവിലാ പണമെത്തുക സാധാരണക്കാരന്റെ കൈയിലായിരിക്കുമെന്ന് ചുരുക്കം. കൊറോണയ്ക്ക് ശേഷമുണ്ടായ സാമ്പത്തിയ ഞെരുക്കത്തിൽനിന്ന് അതിവേഗം കരകയറാൻകൂടി, ഇത്തരത്തിൽ എല്ലാ മേഖലയിലേക്കും വിതരണം ചെയ്യപ്പെടുന്ന പണംകൊണ്ട് സാധിക്കുമെന്ന് ചുരുക്കം.

ജനകീയാസൂത്രണവും സാക്ഷരതയുമടക്കം ജനപങ്കാളിത്തത്തോടെ വികസന പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി വിജയിപ്പിച്ച ഒരു നാടാണിത്. കേവലമായ അഭ്യൂഹങ്ങളെ അകറ്റി വമ്പിച്ച ജനപങ്കാളിത്തത്തോടെ ജനകീയ വിദ്യാഭ്യാസ പദ്ധതികളിലൂടെ പലതും സുതാര്യമായി നടപ്പാക്കി മാതൃകയായ നാട്. മറ്റു സംസ്ഥാനങ്ങളുടെ ഭൂപ്രകൃതിയുമായി തട്ടിച്ചു നോക്കിയാൽ ജനസാന്ദ്രതയിലും ഉപഭോഗ സംസ്കാരത്തിലും ഏറെ മുന്നിൽ നിൽക്കുന്ന മലയാളികൾ, ഇടുങ്ങിയ പൊതുനിരത്തുകളിൽ അനുഭവിക്കുന്ന യാത്രാക്ലേശം വിവരണാതീതമാണ്. വാഹന ബാഹുല്യം വിശാലമായ ദേശീയപാതയിൽപ്പോലും നഷ്ടപ്പെടുത്തുന്ന സമയവും ഇന്ധനവും നമ്മുടേതുതന്നെ. പൊതുനിരത്തുകളിൽ ഇനിയുമൊരു അഞ്ചെട്ട് വർഷം കഴിഞ്ഞാലുള്ള അവസ്ഥ ചിന്തിക്കാവുന്നതിനുമപ്പുറത്താണ്. എന്നാൽ, ഇത്തരം വിശാലപദ്ധതികൾക്ക് പൊതുജന സർവേകൾക്ക് പ്രസക്തിയില്ല. അവിടെ വേണ്ടത് അത്തരം മേഖലകളിൽ വിദഗ്‌ധരുടെ കൂട്ടായ ചർച്ചയും ആസൂത്രണവുമാണ്. കൊങ്കൺ റെയിൽവേയുടെ നിർമാണത്തിന് ഒരു ജനകീയ സർവേ നടത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു അതിന്റെ ഭാവി. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ മുന്നേ കണ്ടു നടപ്പാക്കുമ്പോഴാണ് ഭരണം ജനതയ്ക്ക് വേണ്ടിയാകുന്നത്. 

(പരിസ്ഥിതി പ്രവർത്തകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top