13 June Sunday

കോവിഡ് വാക്സിൻ: യഥാർത്ഥ വിപണി യുദ്ധം കമ്പനി കാണിച്ചു തരും!

സന്തോഷ് ടി വർഗീസ്Updated: Friday Apr 23, 2021
സന്തോഷ്‌ ടി വർഗീസ്‌

സന്തോഷ്‌ ടി വർഗീസ്‌

രാജ്യമെമ്പാടും ഉയർന്നു വരുന്ന വാക്സിൻ ക്ഷാമത്തിന്റെ യഥാർത്ഥ കാരണം കേന്ദ്ര സർക്കാർ പ്രതിനിധികളുടെ പ്രസ്താവനയോടെ വെളിവായിരിക്കുകയാണ്. ഏത് വസ്തുവിന്റെയാണെങ്കിലും ലഭ്യത കുറവാണെന്ന പ്രതീതി സൃഷ്ടിച്ചെങ്കിൽ മാത്രമേ ഉയർന്ന വില ഈടാക്കിക്കൊണ്ട് കൊള്ളലാഭം നേടാൻ വ്യാപാരികൾക്ക് കഴിയുകയുള്ളൂ. വാക്സിന് ക്ഷാമമുണ്ടാകുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക ഉയർന്ന വില ഈടാക്കുന്നതിനുള്ള അനുകൂല അന്തരീക്ഷം സൃഷ്ടിക്കും. അതുകൊണ്ടാണ് വാക്സിൻ ലഭ്യത ഇല്ലാതെയാവുകയും ആശങ്കപരക്കുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾ വേണമെങ്കിൽ വിപണിവില നൽകി കമ്പനികളിൽ നിന്നും വാക്സിൻ വാങ്ങി ജനങ്ങൾക്ക് നൽകിക്കോളൂ എന്ന് യാതൊരു സങ്കോചവുമില്ലാതെ പറഞ്ഞുകൊണ്ട് കേന്ദ്രസർക്കാർ കടന്നു വന്നത്. വാക്സിൻ കമ്പനികളുടെ ലാഭതാൽപ്പര്യമാണ് ജനങ്ങളുടെ ജീവനേക്കോൾ കേന്ദ്രസർക്കാരിന് വലുതെന്ന് ഇതിൽ നിന്ന് വ്യക്തമാവുകയാണ്.
 
എന്നാൽ ഈ വർഷത്തെ കേന്ദ്രബജറ്റിൽ കോവിഡ് വാക്സിൻ നൽകുന്നതിനായി 35,000 കോടി രൂപ മാറ്റി വയ്ക്കുമെന്ന് ധനകാര്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് കൊടുക്കാനുള്ള വിഹിതമെന്ന രീതിയിലാണ് (ട്രാൻസ്ഫർ ടു സ്റ്റേറ്റ്സ്) തുക വകയിരുത്തിയിരിക്കുന്നതെന്ന് കാണാവുന്നതാണ്. മുഴുവൻ പേർക്കും വാക്സിൻ സൗജന്യമായി നൽകുന്നതിനു വേണ്ടിയാണ് ബജറ്റ് വിഹിതം വകയിരുത്തിയിരിക്കുന്ന തന്നെ പ്രതീതി ഉണ്ടെങ്കിലും വസ്തുത അതൊന്നുമല്ല.
 
ഇപ്പോൾ ഏതാണ്ട് 12 കോടി വാക്സിൻ കേന്ദ്ര സർക്കാർ വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ടല്ലോ. നിലവിൽ ഇങ്ങനെ നൽകിയ വാക്സിന് കേന്ദ്രസർക്കാർ പണമൊന്നും ഈടാക്കിയിട്ടില്ല. അതു കൊണ്ടുതന്നെ ഇതുവരെ നൽകിയ വാക്സിൻ ഡോസുകളെല്ലാംതന്നെ സൗജന്യമായി നൽകിയതാണെന്നാണ് ജനം തെറ്റിദ്ധരിച്ചിരിക്കുന്നത്.  
 
ഇനിയാണ് യഥാർത്ഥ 'യുദ്ധം' ജനം കാണാൻ പോകുന്നത്. പ്രളയ ദുരന്തമുണ്ടായപ്പോൾ കേന്ദ്രം നൽകിയ അരിയടക്കമുള്ള മുഴുവൻ അവശ്യവസ്തുകൾക്കും മറ്റെല്ലാ സേവനങ്ങൾക്കും വില ഈടാക്കിയതുപോലെ ഇപ്പോൾ നൽകിയ മുഴുവൻ വാക്സിൻ ഡോസുകൾക്കും വില ഈടാക്കാൻ പോകുന്നതേയുള്ളൂ.  സംസ്ഥാനങ്ങൾക്ക് നൽകുമെന്നു പറയുന്ന വിഹിതം യഥാർത്ഥത്തിൽ ഈ രീതിയിൽ വകയിരുത്താനാണ് കേന്ദ്രബജറ്റിലൂടെ സർക്കാർ ലക്ഷ്യം വെച്ചിരിക്കുന്നത്.  
 
ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വാക്സിന്റെ യഥാർത്ഥ വില വാക്സിൻ ഉൽപാദിപ്പിക്കുന്ന മുതലാളിയോ കേന്ദ്രസർക്കാരോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നതാണത്. കേന്ദ്രസർക്കാരിന് 150 രൂപയ്ക്കും സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്ക് 600 രൂപയ്ക്കും വാക്സിൻ നൽകുമെന്നോ വിപണിയിൽ നിന്ന് വാങ്ങാമെന്നോ എല്ലാം പറയുമ്പോൾ വാക്സിന്റെ യഥാർത്ഥ വില150 രൂപയാണെന്ന ഒരു ധാരണ പരക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ കമ്പനി മുതലാളി യഥാർത്ഥത്തിൽ ഈടാക്കാൻ പോകുന്ന വില എന്താണെന്ന് കാത്തിരുന്ന് മാത്രമേ അറിയാൻ കഴിയൂ. ലോകത്തുള്ള മറ്റ് വാക്സിനുകൾ എന്തു വിലയ്ക്കാണോ ഇന്ത്യയിൽ വിൽക്കാൻ പോകുന്നതെന്ന് മനസ്സിലാക്കിയതിനുശേഷമായിരിക്കും പ്രസ്തുത വില ഇവർ പ്രഖ്യാപിക്കാൻ പോകുന്നത്.  
 
ഇതിനിടയ്ക്ക് 150 രൂപയ്ക്ക് വാക്സിൻ വിറ്റാലും ലാഭം ലഭിക്കുമെന്ന് കമ്പനി മുതലാളി പറയുന്നുണ്ടെങ്കിലും അതിന്റെ അർത്ഥം വാക്സിന്റെ പരമാവധി വില 150 രൂപയാണെന്നല്ല. കേന്ദ്രസർക്കാരിൽ നിന്നും വലിയ തുക സബ്സിഡിയായി ലഭിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് 150 രൂപയ്ക്ക് വാക്സിൻ വിറ്റാലും ലാഭം നേടാൻ കഴിയുമെന്ന് കമ്പനി മുതലാളി പറയുന്നത്. 
 
റഷ്യയിൽ നിന്ന് ലഭിക്കുന്ന "സ്പുട്നിക്ക് വി" വാക്സിന് ഒരു ഡോസിന് 750 രൂപ വിലവരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ സംസ്ഥാനങ്ങൾക്ക് കൈമാറ്റം ചെയ്തു നൽകാനായി വകയിരുത്തിയിട്ടുള്ള 35,000 കോടി രൂപ കൊണ്ട് ഏതാണ്ട് 48 കോടി വാക്സിൻ ഡോസുകളായിരിക്കും കേന്ദ്രസർക്കാർ വാങ്ങി നൽകാൻ പോകുന്നത് (ഒരു ഡോസിന് 750 രൂപ). ഇപ്പോൾ തന്നെ ഏതാണ്ട് 12 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. അതിനെല്ലാംതന്നെ പ്രളയദുരന്ത സമയത്ത് ചെയ്തതുപോലെ വില ഈടാക്കുമെന്ന കാര്യത്തിൽ ആരും സംശയിക്കേണ്ടതില്ല. അങ്ങനെയാകുമ്പോൾ ഇപ്പോൾ തന്നെ ഏതാണ്ട് 9000 കോടി രൂപ സംസ്ഥാനങ്ങളുടെ വിഹിതമെന്ന നിലയ്ക്ക് വാക്സിൻ മുതലാളിക്ക് നൽകി കഴിഞ്ഞിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോൾ ബാക്കിയുള്ള 26,000 കോടി രൂപ കൊണ്ട് ഏതാണ്ട് 36 കോടി വാക്സിൻ കൂടി മാത്രമേ വാങ്ങാൻ കഴിയൂ. 
 
പതിനെട്ട് വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകണമെങ്കിൽ (ഏതാണ്ട് 100 കോടി ജനങ്ങൾ) 200 കോടി വാക്സിൻ ഡോസുകൾ ആവശ്യമായി വരും. എന്നാൽ ഒരു ഡോസിന് 750 രൂപവച്ച് കണ്ടതാതിയാൽ ബജറ്റിൽ അനുവദിച്ചിരിക്കുന്ന തുക കൊണ്ട് പരമാവധി 48 കോടി ഡോസുകൾ മാത്രമേ വാങ്ങാൻ കഴിയുകയുള്ളൂ എന്ന കാര്യം കണ്ടു കഴിഞ്ഞു. അതായത് 24 കോടി ജനങ്ങൾക്ക് മാത്രമേ ബജറ്റ് വിഹിതം കൊണ്ട് രണ്ട് ഡോസ് വാക്സിൻ വീതം നൽകാൻ കഴിയൂ. 
 
ബാക്കി 76 കോടി ജനങ്ങളും കോവിഡിൽ നിന്ന് രക്ഷ നേടണമെങ്കിൽ വേറേ വഴി കണ്ടെത്തേണ്ടിവരും. അതുകൊണ്ടാണ് വാക്സിൻ മുതലാളിയും കേന്ദ്ര സർക്കാരിന്റെ വിവിധ പ്രതിനിധികളും വാക്സിൻ വേണമെങ്കിൽ കമ്പോളവില നൽകി വാങ്ങേണ്ടിവരുമെന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഈ മഹാമാരിയുടെ കാലത്ത് ജനങ്ങൾക്കെതിരെയുള്ള യഥാർത്ഥ യുദ്ധം കമ്പനി മുതലാളി നമുക്ക് കാണിച്ചു തരും! 

(ലേഖകൻ എറണാകുളം മഹാരാജാസ് കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനാണ്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top