08 July Wednesday

കേരളത്തെ വഞ്ചിക്കുന്ന പ്രതിപക്ഷം - കെ എൻ ബാലഗോപാൽ എഴുതുന്നു

കെ എൻ ബാലഗോപാൽ Updated: Thursday Apr 23, 2020

വിഷുദിനത്തിൽ മലയാളത്തിലെ പ്രമുഖ പത്രങ്ങളിൽ വിഷുക്കണിയുടെ ചിത്രത്തോടൊപ്പം കോവിഡ് രോഗമുക്തിയിൽ കേരളം നമ്പർ വൺ എന്നൊരു വാർത്തകൂടി ഉണ്ടായിരുന്നു. ലോകമാധ്യമങ്ങൾ കേരള മോഡൽ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് റിപ്പോർട്ടുകൾ നൽകിവരികയാണ്. അമേരിക്കയിലെ വാഷിങ്‌ടൺ പോസ്റ്റും ജർമനിയിലെയും ബ്രിട്ടനിലെയും ഗൾഫ് രാജ്യങ്ങളിലെയും പ്രധാന മാധ്യമങ്ങളും കേരളമോഡലിനെ ശ്ലാഘിച്ച് വാർത്തകൾ നൽകുന്നു.  ലോകത്ത് പലയിടങ്ങളിലായി  മലയാളികൾമാത്രം നാല്പതോളം പേർ കോവിഡുമൂലം  മരിച്ചപ്പോൾ കേരളത്തിൽ രണ്ടു ജീവനുകൾമാത്രമാണ് നഷ്ടപ്പെട്ടത്. ന്യൂയോർക്കിലെയും കേരളത്തിലെയും സ്ഥിതി താരതമ്യം ചെയ്താൽ വ്യക്തമാകും നമ്മുടെ മികവ്. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽമാത്രമല്ല, മറിച്ച് ലോക്ക്‌ഡൗൺ മൂലം ദുരിതത്തിലേക്ക് വീണ എല്ലാ ആളുകളുടെയും ജീവിതത്തിൽ  സഹായത്തിന്റെയും കരുതലിന്റെയും കൈത്തിരി തെളിക്കാനും സർക്കാരിന് കഴിഞ്ഞു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾക്കുവേണ്ടി മലയാളികൾ കാത്തിരിക്കുന്നു. ഇന്ത്യയിൽ ഒരു പ്രാദേശിക ഭാഷയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന പരിപാടിയായി പിണറായിയുടെ വാർത്താസമ്മേളനങ്ങൾ മാറി.

പരിഭ്രാന്തരായ പ്രതിപക്ഷം
കേരളം ഒറ്റക്കെട്ടായി സർക്കാരിന്റെ നേതൃത്വത്തിൽ ഈ മഹാമാരിയെ പ്രതിരോധിക്കുന്ന ഘട്ടത്തിലാണ് പ്രതിപക്ഷത്തിന്റെ അസഹിഷ്ണുത പുറത്തുവരുന്നത്. ലോകമാകെ കേരള സർക്കാരിനെ വാഴ്ത്തുന്നതുകണ്ട്  വിറളിപൂണ്ട പ്രതിപക്ഷം സ്പ്രിങ്ക്‌ളർ കമ്പനിയുടെ സോഫ്റ്റ്‌വെയർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് വിവാദമാക്കുകയാണ്. രോഗവ്യാപനം തടയുന്നതിലും രോഗവിമുക്തി സാധ്യമാക്കുന്നതിലും കേരളം തീർത്ത മാതൃകയുടെ ഫലപ്രാപ്തി കണ്ട് സമനില തെറ്റിയ  പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരുന്ന ഉണ്ടയില്ലാവെടിയാണ് സ്പ്രിങ്ക്‌ളർ. സാധാരണക്കാരുടെ മനസ്സിൽ  സംശയത്തിന്റെ പൊടിപടലങ്ങൾ ഉയർത്തി പ്രധാന വിഷയങ്ങളിൽനിന്ന് ശ്രദ്ധ മാറ്റുന്നതിനുള്ള വിവാദവ്യവസായരീതി തന്നെയാണ് ഇവിടെയും തുടരുന്നത്.

സ്പ്രിങ്ക്‌ളർ സോഫ്റ്റ്‌വെയർ സേവനം
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി രോഗബാധിതരുടെയും രോഗസാധ്യത ഉള്ളവരുടെയും വിവരങ്ങൾ ശേഖരിച്ച് സ്പ്രിങ്ക്‌ളർ കമ്പനി നിർമിച്ച് നൽകിയ പ്ലാറ്റ്ഫോമിലേക്ക് അപ്‌ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്. കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും വിശദാംശങ്ങൾ വിപുലമായി  ശേഖരിക്കേണ്ടിയും അവ വിശകലനം ചെയ്യേണ്ടിയും വരും. കോവിഡ് ബാധിതമായ പ്രദേശങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്നവരെയും അവരുമായി സമ്പർക്കത്തിലേർപ്പെടുന്നവരെയും നിരീക്ഷിക്കേണ്ടിവരും. അതിന് കുറ്റമറ്റ ഒരു സോഫ്റ്റ്‌വെയർ സംവിധാനം ആവശ്യമുണ്ട്. അതിനുവേണ്ടിയാണ് സ്പ്രിങ്ക്‌ളർ കമ്പനിയുടെ സേവനം സർക്കാർ തേടിയത്. തികച്ചും സൗജന്യമായ സേവനം ആണ്  വാഗ്ദാനംചെയ്തത്. സർക്കാരുമായി വിവരസുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കരാറും ഒപ്പുവച്ചിട്ടുണ്ട്.  കരാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും കൂടുതൽ നിബന്ധനകൾ കൂട്ടിച്ചേർക്കണമെന്നുണ്ടെങ്കിൽ അതിന് സന്നദ്ധമാണെന്ന് ഐടി സെക്രട്ടറി അറിയിച്ചിട്ടുമുണ്ട്.


 

നിലവിലുള്ള ഇന്ത്യയിലെ കമ്പനികളെക്കൊണ്ടോ പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ടോ  ഇത് ചെയ്തുകൂടേ എന്ന ചോദ്യമുണ്ട്. അമേരിക്കയിലെപോലെ ലക്ഷക്കണക്കിന് ആളുകൾക്ക് രോഗം ബാധിച്ചാൽ നമുക്ക് വലിയ മുൻകരുതലുകൾ എടുക്കേണ്ടി വരും. കോവിഡ് പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തിൽ ലക്ഷക്കണക്കിനു പ്രവാസികൾ കേരളത്തിലേക്ക് മടങ്ങിയെത്തും. അവരെ നിരീക്ഷണത്തിലാക്കുകയും തുടർ നടപടികൾ ചെയ്യേണ്ടിയും വരും.  അപ്പോൾ ബിഗ് ഡാറ്റ  അനലിറ്റിക്സ്   ( ബൃഹദ് വിവര വിശകലനം) ചെയ്യേണ്ടി വരും. സർക്കാർ സ്ഥാപനങ്ങൾ ഈ ആവശ്യത്തിനുള്ള സോഫ്റ്റ്‌വെയർ പുതുതായി നിർമിച്ചുതരാനും അത് കുറ്റമറ്റതാക്കിയെടുക്കാനും കാലതാമസം ഉണ്ടാകും.  

യുദ്ധസമാന സാഹചര്യം നേരിടാൻ പ്രത്യേക അവകാശങ്ങളും നിയമപരമായ സംരക്ഷണവും സർക്കാരുകൾക്ക് ഉണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ അനുസരിച്ച് യാത്ര ചെയ്യാനും മറ്റു കാര്യങ്ങൾ ചെയ്യാനും ലോക്ക്‌ഡൗൺകാലത്ത്‌  അവകാശം ഉണ്ടോ?. ആ പ്രത്യേക  സാഹചര്യത്തിൽനിന്നുകൊണ്ടുവേണം ഇത്തരം കാര്യങ്ങളെ മനസ്സിലാക്കേണ്ടത്. ന്യൂയോർക്കിലെപോലെ  പതിനായിരക്കണക്കിനു മനുഷ്യർ മരിച്ചുവീണ സാഹചര്യം ഇവിടെ ഉണ്ടാകാത്തതുകൊണ്ടാണ് പ്രതിപക്ഷത്തിന് ഇങ്ങനെ പറയാൻ സാധിക്കുന്നതുതന്നെ. പ്രളയകാലത്ത് പമ്പയാറും പെരിയാറും കുലംകുത്തിയൊഴുകിവരുമ്പോൾ വള്ളമെങ്കിൽ വള്ളം, ഹെലികോപ്റ്റർ എങ്കിൽ ഹെലികോപ്റ്റർ, കിട്ടുന്നതെല്ലാം ഉപയോഗിച്ച് ജീവൻ രക്ഷിക്കുകയാണ്  വേണ്ടത്. വെള്ളം ഇരച്ചു കയറുമ്പോൾ പത്താംനിലയിൽ  പെട്ടുപോയ ആളുകളെ രക്ഷിക്കാൻ ഹെലികോപ്റ്റർ വിളിക്കുന്നത് ടെൻഡർ വിളിച്ചിട്ടല്ല.


 

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ചെയ്യപ്പെട്ടവരുടെയും വിവരങ്ങൾ മറ്റാർക്കെങ്കിലും മറിച്ചു നൽകും എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തികച്ചും അടിസ്ഥാന രഹിതമായ വാദമാണിത്. വിവര സുരക്ഷയുമായി ബന്ധപ്പെട്ട കരാറിൽ സർക്കാർ ഏർപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഈ വിവരങ്ങൾ സൂക്ഷിക്കുന്നത് ഇന്ത്യയിലെ സെർവറിൽതന്നെയാണ്. കമ്പനി  കരാർ ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടിവരും. കേരളത്തിൽ മാത്രമല്ല  ഇത്തരത്തിൽ വിവരശേഖരണം നടത്തുന്നത് എന്നുകൂടി മനസ്സിലാക്കണം. കോൺഗ്രസും ശിവസേനയും നേതൃത്വം  നൽകുന്ന മഹാരാഷ്ട്രയിൽ കോവിഡ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനായി ഒരു സെൽഫ് അസ്സസ്‌മെന്റ് പോർട്ടൽ  സർക്കാർ തുറന്നിരിക്കുകയാണ്.  ഈ വെബ്‌സൈറ്റിൽ നൽകുന്ന വിവരങ്ങൾ ക്രോഡീകരിക്കപ്പെടുന്നത് മൈക്രോസോഫ്റ്റ്‌ അസൂറിന്റെ ക്ലൗഡ്‌ സെർവറിലാണ്. സെർവറിന്റെ ലൊക്കേഷൻ അന്വേഷിച്ചുപോയാൽ  എത്തുക നെതർലൻഡ്‌സിലാണ്. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിലാകട്ടെ വിവരശേഖരണം നടത്തുന്നത് അമേരിക്കൻ കമ്പനിയാണ്.  പ്രസ്തുത കമ്പനി വിവരങ്ങൾ സൂക്ഷിക്കുന്നത് സാൻഫ്രാൻസിസ്‌കോയിലുള്ള സെർവറിലാണ്. ചുരുക്കിപ്പറഞ്ഞാൽ കേരളം നൽകുന്ന ഡാറ്റ ഇന്ത്യക്കുള്ളിലെ സെർവറിൽ സൂക്ഷിക്കുമ്പോൾ രാജസ്ഥാനും മഹാരാഷ്ട്രയും അവ ഇന്ത്യക്ക് പുറത്താണ് സൂക്ഷിക്കുന്നത്‌.

മുഖ്യമന്ത്രിയോടുള്ള അസഹിഷ്ണുത
കോവിഡിനെ പ്രതിരോധിക്കുന്നതിൽ സർക്കാരിനുണ്ടാകുന്ന വീഴ്ചകൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു  പ്രതിപക്ഷം. എന്നാൽ, ഒരു ഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുണ്ടായിരുന്ന കേരളം നടത്തിയ ഉജ്വലമായ പ്രവർത്തനം അവരെ പരിഭ്രാന്തരാക്കി എന്നതാണ് സത്യം. തങ്ങളുടെ പ്രസക്തിതന്നെ നഷ്ടപ്പെടുന്നുണ്ടോ എന്നവർ സംശയിച്ചു. ഒരു പത്രത്തിൽ പ്രതിപക്ഷ നേതാവ് എഴുതിയ ലേഖനത്തിൽ ഉറുമ്പുകളുടെ ഭക്ഷണക്കാര്യത്തിൽവരെ ശ്രദ്ധിക്കുന്ന മുഖ്യമന്ത്രി എന്നൊരു പ്രയോഗം  ഉണ്ട്. മുഖ്യമന്ത്രിയോട് എത്രമാത്രം  അസ്വസ്ഥതയുള്ളവരാണ് പ്രതിപക്ഷം എന്ന് തെളിയിക്കുന്നതാണിത്. തങ്ങളുടെ ഇടുങ്ങിയ മനസ്സ്‌ അവർ അറിയാതെ ജനങ്ങൾക്കു മുന്നിൽ വ്യക്തമാക്കുന്നു. മാർക്സിസ്റ്റ്‌  വിരുദ്ധ മഴവിൽ മുന്നണിക്കാരെ സംഘടിപ്പിച്ച്‌ ഒരു വിവാദ വ്യവസായം കൊഴുപ്പിക്കാമോ എന്ന് ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ അന്വേഷിക്കുകയാണ്.  രാജ്യത്തിനു നേരെയും ജനങ്ങൾക്കു നേരെയും ഒരാക്രമണം വരുമ്പോൾ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്.  മറിച്ച്, ജനങ്ങളെ വിഘടിപ്പിക്കാനും നാടിന്റെ പ്രതിരോധത്തെ തകർക്കാനുമുള്ള നീക്കങ്ങളിൽ വ്യാപൃതരാകുന്ന പ്രതിപക്ഷം സ്വയം പരിഹാസ്യരാകുകയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top