03 June Saturday

ജനതയുടെ സ്വപ്‌നങ്ങൾ സഫലമാക്കാൻ - മന്ത്രി കെ രാധാകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ജനുവരി 23ന്‌ ആരംഭിച്ചു. ഫെബ്രുവരി ഒമ്പതുവരെ നീണ്ട ആദ്യഘട്ടത്തിനുശേഷം 27ന്‌ പുനരാരംഭിച്ച്‌ ഈമാസം 21 വരെ  21 ദിവസം നീണ്ടു.

കേരളത്തിന്റെ വികസന നേട്ടങ്ങളും സാമൂഹ്യ, സാമ്പത്തിക പുരോഗതിയും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ എടുത്തുപറഞ്ഞു. സുസ്ഥിരവികസനവും സാമൂഹ്യശാക്തീകരണവും ദാരിദ്ര്യനിർമാർജനവും ദുർബലവിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന വികസന നയവുംവഴി കേരളത്തെ രാജ്യത്തെ മുൻനിരയിൽ അവരോധിക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണ് രണ്ടാം പിണറായി സർക്കാർ തുടർന്നുവരുന്നത്. കടമെടുപ്പുപരിധിയിൽ അയുക്തികമായ നിയന്ത്രണം ഏർപ്പെടുത്തുന്ന നടപടി സംസ്ഥാന വികസനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നത് മറികടന്നുവേണം നമുക്ക് മുന്നോട്ടുകുതിക്കാൻ. അതോടൊപ്പംതന്നെ ഭരണഘടനാ സ്ഥാപനങ്ങളുടെയും ഫെഡറൽ മൂല്യങ്ങളുടെയും സംരക്ഷണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. നയപ്രഖ്യാപന പ്രസംഗത്തിന്മേൽ അവതരിപ്പിച്ച നന്ദിപ്രമേയത്തിൽ രണ്ടുദിവസംനീണ്ട ചർച്ചയ്ക്കുശേഷം പ്രമേയം സഭ പാസാക്കി. കേരളത്തിന്റെ വികസന നേട്ടങ്ങളെ തകർക്കുന്നവിധത്തിലുള്ള കേന്ദ്ര സർക്കാർ നയങ്ങൾ നന്ദിപ്രമേയ ചർച്ചയിൽ അംഗങ്ങൾ തുറന്നുകാട്ടി.

ഫെബ്രുവരി മൂന്നിന്‌ ധനമന്ത്രി 2023–- 24ലെ ബജറ്റ് അവതരിപ്പിച്ചു. 1,35,419 കോടി റവന്യു വരുമാനവും 1,76,089 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ സാമൂഹ്യസുരക്ഷാ പെൻഷനുവേണ്ടി 9764 കോടി രൂപ വകയിരുത്തി. നവകേരളം സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി സമഗ്രവികസനവും ക്ഷേമവും ലക്ഷ്യമിട്ട്‌ നിരവധി പദ്ധതിയാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയെ പുനരുദ്ദീപിപ്പിച്ച് ഉൽപ്പാദനവും അതുവഴി വരുമാനവും വർധിപ്പിക്കുക എന്നതാണ് എൽഡിഎഫ്‌ സർക്കാരിന്റെ നയം.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്കായി 2000 കോടി രൂപയും ഭവന നിർമാണത്തിനായി 1436 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. ദേശീയപാതാ വികസനം, വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനവികസനം, കാർഷികമേഖലയുടെ വികസനം‍, ഐടി മേഖലയിലെ വികസനം, ആരോഗ്യം തുടങ്ങി നാനാതുറയിലുമുള്ള വികസന രൂപരേഖയാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള കാലപരിധി അവസാനിച്ചതും ധന കമീഷൻ ശുപാർശപ്രകാരമുള്ള സംസ്ഥാനങ്ങളുടെ വിഹിതത്തിനുള്ള മാനദണ്ഡങ്ങൾ കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ പുനക്രമീകരിച്ചതുമൂല മുണ്ടായ പ്രതിസന്ധികൾക്കും പുറമേയാണ് കടമെടുപ്പുപരിധി സംബന്ധിച്ച കേന്ദ്രത്തിന്റെ കടുംപിടിത്തം. ഫെഡറൽ സംവിധാനത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്തരീതിയിൽ ഏകപക്ഷീയമായി കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ സംസ്ഥാന താൽപ്പര്യങ്ങൾക്ക് പ്രതികൂലമാണ്.

ഫെബ്രുവരി ആറുമുതൽ എട്ടുവരെ ബജറ്റിന്മേലുള്ള പൊതുചർച്ച നടന്നു. തുടർന്ന് 13 മുതൽ രണ്ടാഴ്ച വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗംചേർന്ന് ധനാഭ്യർഥനകൾ സൂക്ഷ്മപരിശോധന നടത്തി. ഫെബ്രുവരി 27ന്‌ ആരംഭിച്ച രണ്ടാംഘട്ടത്തിൽ ധനാഭ്യർഥനകൾ ചർച്ചചെയ്ത് പാസാക്കുന്നതിനുവേണ്ടിയാണ് ഭൂരിഭാഗം സമയവും നീക്കിവച്ചത്. 46 ശീർഷകങ്ങളിലെ വിവിധ ധനാഭ്യർഥനകൾ സഭയുടെ മുമ്പാകെ വരികയും പാസാക്കുകയും ചെയ്തു.‌  ഇത് ഒമ്പതാംതവണയാണ് ഫുൾ ബജറ്റ് പാസാക്കുന്നതെന്ന സവിശേഷതകൂടി എട്ടാം സമ്മേളനത്തിനുണ്ട്.

2023–- 24ലെ ബജറ്റിലേക്കുള്ള ധന ബില്ലുകൾ 21ന് അവതരിപ്പിച്ച് പാസാക്കി. 2022–- 23ലെ അന്തിമ ഉപധനാഭ്യർഥനകൾ സംബന്ധിച്ച് ചർച്ചയും വോട്ടെടുപ്പും നടന്നു. ധനവിനിയോഗ ബില്ലുകൾ ഉൾപ്പെടെ ഈ സമ്മേളനത്തിൽ ആകെ എട്ട്‌ ബിൽ പാസാക്കി. ദി കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ്‌ ആൻഡ്‌ അസൈൻമെന്റ്) ഭേദഗതി ബിൽ, പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ, മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, സെലക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള കേരള പൊതുജനാരോഗ്യ ബിൽ എന്നിവ പ്രധാന ബില്ലുകളിൽ ഉൾപ്പെടുന്നു.

എട്ടാം സമ്മേളനത്തിലാകെ 570 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളും 6888 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളും സഭയുടെ മുമ്പാകെ വന്നു. ആകെ 32 ശ്രദ്ധക്ഷണിക്കലും 149 സബ്മിഷനും ഉന്നയിക്കപ്പെട്ടു. ബ്രഹ്മപുരം വിഷയം സംബന്ധിച്ച്‌ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി 15നു സഭയിൽ പ്രസ്താവന നടത്തി. 384 രേഖ സഭയുടെ മേശപ്പുറത്തുവയ്ക്കുകയും 57 റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ചട്ടം 50 പ്രകാരം 14 നോട്ടീസ്‌ വരികയുണ്ടായി. അവയിൽ അടിയന്തരപ്രമേയ നോട്ടീസുകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് നോട്ടീസിന്‌  ഉന്നയിക്കുന്നതിനുമുമ്പും മറ്റുള്ളവയ്ക്ക്  ബന്ധപ്പെട്ട  മന്ത്രിമാരുടെ വിശദമായ മറുപടികൾക്കുശേഷവും അവതരണാനുമതി നിഷേധിച്ചു. 1957 മുതൽ 2016 വരെയുള്ള കാലയളവിൽ ആകെ 24 അടിയന്തരപ്രമേയങ്ങൾ മാത്രമേ സഭ നിർത്തിവച്ച് ചർച്ച ചെയ്‌തിട്ടുള്ളൂ. എന്നാൽ, 2016ൽ എൽഡിഎഫ്‌ അധികാരത്തിൽ വന്നതിനുശേഷം 10 അടിയന്തരപ്രമേയം സഭ നിർത്തിവച്ച് ചർച്ച ചെയ്‌തു. റൂൾ 50 നോട്ടീസുകൾക്ക് സർക്കാർ അനുമതി നൽകുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. സഭയുടെ വിലപ്പെട്ട സമയം ബഹളമയമായ അന്തരീക്ഷം സൃഷ്ടിച്ച് നഷ്ടപ്പെടുത്തിയതിനു പുറമേ പ്രതിപക്ഷം എല്ലാ ജനാധിപത്യമൂല്യങ്ങളും പാർലമെന്ററി വ്യവസ്ഥകളും കാറ്റിൽപ്പറത്തി. കഴിഞ്ഞ 15ന് സ്പീക്കറുടെ ചേംബർ ഉപരോധിക്കുന്നതിനും വാച്ച് ആൻഡ്‌ വാർഡ് ജീവനക്കാരെ പരിക്കേൽപ്പിക്കുന്നതിനും നേതൃത്വം നൽകി. പ്രതിപക്ഷം സ്പീക്കറുടെ മുഖത്തിനുനേരെ ബാനർ ഉയർത്തുകയും നടുത്തളത്തിൽ സമാന്തര സഭ നടത്തുകയും ചെയ്തു. അത്തരം നടപടികൾ ന്യായീകരിക്കാനാകില്ല. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച ചർച്ച ഉയർന്നുവരാൻ പാടില്ലെന്ന ഗൂഢോദ്ദേശ്യത്തോടെ പ്രതിപക്ഷം സഭാനടപടികൾ‍ തുടർച്ചയായി ബഹിഷ്കരിച്ചു. ചില അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരിപ്പുസമരം ആരംഭിച്ചതിനാൽ മുൻനിശ്ചയിച്ചതിൽനിന്നും വ്യത്യസ്തമായി 21ന് സഭ അനിശ്ചിതകാലത്തേക്ക്‌ പിരിഞ്ഞു.

സ്പീക്കറുടെയും സർക്കാരിന്റെയും അഭ്യർഥനകൾക്ക് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് മാത്രമല്ല, കാര്യോപദേശക സമിതിയിൽ പങ്കെടുക്കാൻപോലും തയ്യാറായില്ലെന്നത് ഗൗരവകരമാണ്. തുടർഭരണം വിറളിപിടിപ്പിച്ചതിന്റെ അസ്വസ്ഥതകളുടെ വിളംബരമാണ് അവരുടെ സമീപനത്തിലുടനീളം ദൃശ്യമായത്.

ലോക വനദിനമായ 21ന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ തസ്തികകൾ പുതുതായി സൃഷ്ടിച്ച് നിയമിക്കുന്നതിന്റെ ഭാഗമായി നിയമന ഉത്തരവ് കൈമാറിയത് വനസംരക്ഷണം പൊതുജന സഹകരണത്തോടെ നടപ്പാക്കുന്നതിൽ ശ്രദ്ധേയമായ ചുവടുവയ്പായി മാറി. വനാശ്രിത സമൂഹത്തെ സ്വയംപര്യാപ്തമാക്കി മുഖ്യധാരയിലേക്ക് ചേർത്തുനിർത്തി കേരളത്തിന്റെ വികസന, ക്ഷേമ താൽപ്പര്യങ്ങൾക്ക് ഗതിവേഗം നൽകുന്ന നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ, ഈ സമ്മേളന കാലയളവിൽ കേരളം സന്ദർശിച്ച രാഷ്ട്രപതി കേരള മാതൃകയെ പുകഴ്ത്തിയത് നമുക്ക് അഭിമാനകരമാണ്. ഡിജിറ്റൽ കേരളമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോഴും ദുർബല വിഭാഗങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് ഉറച്ച കാൽവയ്പുകളോടെ തന്നെയാണ് മുന്നോട്ടുള്ള യാത്രയെന്ന് എൽഡിഎഫ്‌ സർക്കാർ ഉറപ്പുവരുത്തുന്നു. മാനവികതയിൽ അധിഷ്ഠിതമായ വികസന ബദലിനു മാത്രമേ കോർപറേറ്റ്‌–-വർഗീയ കൂട്ടുകെട്ടിനെതിരെ  പ്രതിരോധം തീർക്കാനും വിശാലമായ ഐക്യനിര കെട്ടിപ്പടുത്ത് പുതിയ ചക്രവാളങ്ങൾ ലക്ഷ്യമിട്ട് മുന്നോട്ടുപോകാനും കെൽപ്പുണ്ടാകൂ. ഈ ബോധ്യംതന്നെയാണ് കേരളത്തിലെ മതനിരപേക്ഷ ജനതയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സർക്കാരിന് കരുത്തുപകരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top