18 October Friday

ചീമേനി കൂട്ടക്കൊല ; കോൺഗ്രസിന്റെ കിരാത മുഖം

പി കരുണാകരൻUpdated: Saturday Mar 23, 2019

ചീമേനി കൂട്ടക്കൊലയ്ക്ക് കേരളചരിത്രത്തിൽ സമാനതകളില്ല. ഇത് സിപിഐ എമ്മിനുമാത്രം അനുഭവിക്കേണ്ടിവന്ന ക്രൂരത. മറ്റൊരു പാർടിയും ഇതുപോലെ ആക്രമിക്കപ്പെട്ടിട്ടില്ല. വെട്ടിപ്പിളർന്നും തീയിൽ ചുട്ടെരിച്ചും അഞ്ചു മനുഷ്യരെ പച്ചജീവനോടെ കൊന്നുകളഞ്ഞ കൊടുംക്രൗര്യം കോൺഗ്രസിനുമാത്രം അവകാശപ്പെട്ടത്. ഭരണത്തിന്റെ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയാണ് അഞ്ചുപേരെ ഒറ്റയടിക്ക് ഏറ്റവും കിരാതമായി വകവരുത്തി, ആയുധമുയർത്തി അട്ടഹസിക്കാൻ അന്ന് കോൺഗ്രസിന് ധൈര്യം പകർന്നത്. ചീമേനിയിൽ ചോര ഒഴുകിപ്പരക്കുമ്പോഴും മാംസം കത്തിക്കരിയുമ്പോഴും കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടേണ്ടവർതന്നെ എന്നായിരുന്നു ചില പ്രമുഖ പത്രങ്ങളുടെ ഭാവം. ഇന്നും സിപിഐ എമ്മിനെ കൊലയാളിപ്പട്ടികയിൽ എത്തിക്കാൻ അത്യധ്വാനം ചെയ്യുന്നവർ ചീമേനിയെ ഓർക്കുന്നേയില്ല.

ചീമേനിയിലെ അഞ്ച്  രണധീരന്മാരുടെ ജീവത്യാഗത്തിന് ഇന്ന് 32 വർഷം. ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകങ്ങളായി ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന സഖാക്കൾ കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നിവരുടെ വീരസ്മരണ ഇന്ന് നാം വീണ്ടും പുതുക്കുകയാണ്.  

1987 മാർച്ച് 23ന് വൈകിട്ട് അഞ്ചിനുശേഷമാണ് കൂട്ടക്കൊലപാതകം. നിയമസഭാ തെരഞ്ഞെടുപ്പുദിവസം ചീമേനിയിലെ പാർടി ഓഫീസിൽ പ്രവർത്തകർ വോട്ടുകണക്ക് പരിശോധിക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള അറുപതോളംപേരാണ് ഉണ്ടായിരുന്നത്. അഞ്ചുമണി കഴിഞ്ഞതോടെ തൊട്ടടുത്ത കോൺഗ്രസ് ഐ ഓഫീസിൽനിന്ന് ആയുധങ്ങളുമായി ഒരുകൂട്ടം ഓടിക്കയറി. കൈയിൽ കടലാസും പെൻസിലുമായി നിന്ന സഖാക്കൾക്ക് പെട്ടെന്നുള്ള ആക്രമണം ചെറുക്കാൻ കഴിയുമായിരുന്നില്ല. ചിലർ ഓടി. മറ്റുള്ളവർ പാർടി ഓഫീസിനകത്ത് അഭയംതേടി. വാതിലും ജനലുകളും അടച്ചു. അക്രമികൾ ഓഫീസ് തല്ലിത്തകർക്കാൻ തുടങ്ങി. വാതിൽ തുറക്കുന്നത് ബെഞ്ചും ഡെസ്കുമിട്ട് അകത്തുള്ള സഖാക്കൾ തടഞ്ഞു. അക്രമികൾ ജനലഴികൾ അറുത്തുമാറ്റി കല്ലുകളും കുപ്പിച്ചില്ലുകളും വീശിയെറിഞ്ഞു. 

 

ഓഫീസിന് ഇരുനൂറുവാരയകലെ പൊലീസ് പിക്കറ്റുണ്ടായിരുന്നു. ഇത്രയും വലിയ കുഴപ്പം നടന്നിട്ടും അവരാരും തിരിഞ്ഞുനോക്കിയില്ല. അകത്തുള്ളവർ പുറത്തുവരാതിരുന്നപ്പോൾ കോൺഗ്രസുകാർ ക്രൂരതയുടെ മൂർത്തീകരണമായി മാറി. പുരമേയാൻ വച്ചിരുന്ന പുല്ലിൻകെട്ടുകൾ കൊണ്ടുവന്ന് ജനലുകൾ വഴി അകത്തേക്കിട്ട് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീകൊളുത്തി. നിമിഷങ്ങൾക്കകം പാർടി ഓഫീസ് അഗ്നിഗോളമായി. ഒന്നുകിൽ അകത്ത് വെന്തുമരിക്കണം; അല്ലെങ്കിൽ നരഭോജികളുടെ മുന്നിലേക്ക് ഇറങ്ങിച്ചെല്ലണം. കമ്യൂണിസ്റ്റ് ധീരതയുടെ പ്രതീകമായി മാറിയ സഖാക്കൾ തീരുമാനിച്ചു‐ എല്ലാവരും ഒരുമിച്ച് കൊലചെയ്യപ്പെട്ടുകൂടാ. ചിലരെങ്കിലും ശേഷിക്കണം. കൂട്ടത്തിലെ തലമുതിർന്ന ആളായ ആലവളപ്പിൽ അമ്പുവാണ് ആദ്യം പുറത്തുചാടിയത്. നരഭോജികൾ ചാടിവീണു. നിമിഷങ്ങൾക്കകം കുത്തിയും വെട്ടിയും കൊലപ്പെടുത്തി. സ്വന്തം അച്ഛൻ കൊലചെയ്യപ്പെടുന്നത് നേരിട്ടുകണ്ട് അമ്പുവിന്റെ മക്കൾ കുമാരനും ഗംഗാധരനും ഓഫീസിനകത്ത് കത്തിക്കൊണ്ടിരിക്കുന്ന തീയുടെ നടുവിൽ വിങ്ങിപ്പൊട്ടുകയായിരുന്നു. പിന്നാലെ പുറത്തുചാടിയ ചാലിൽ കോരനെ വലതുകൈ അറുത്തുമാറ്റിയശേഷം കൊലചെയ്തു. അകത്തുള്ളവർ ഇതൊക്കെ കാണുകയായിരുന്നു. മൂന്നാമത് പുറത്തുവന്നത് പഞ്ചായത്ത് മെമ്പറും ബാങ്ക് ഡയറക്ടറുമായിരുന്ന, വീടും കുടുംബവും സമ്പത്തുമൊക്കെ പാർടി ഓഫീസാക്കി മാറ്റിയ പി കുഞ്ഞപ്പൻ. ഘാതകർ തല തല്ലിപ്പൊളിച്ചു. തൃപ്തി വരാതെ, പാർടി ഓഫീസിന്റെ പിന്നിലേക്ക് വലിച്ചിഴച്ച് പുല്ലിൽ പൊതിഞ്ഞ് തീയിട്ടുകൊന്നു. 

തുടർന്ന് പുറത്തുചാടിയ എം കോരനെ കൊലയാളികൾ ആഞ്ഞുവെട്ടി. കോരൻ കുറെ ദൂരം ഓടി. പിന്നാലെ പാഞ്ഞ ഘാതകർ കാൽ വെട്ടിമുറിച്ചു. ഓടാൻ കഴിയാതെ വീണ കോരനെ കുത്തി കൊലപ്പെടുത്തി. പിന്നീട് പുറത്തുചാടിയ ബാലകൃഷ്ണനെയും കൈക്കും കാലിനും വെട്ടി. കുറെ ദൂരം ഓടിയ ബാലകൃഷ്ണൻ ബോധംകെട്ട് വീണു. മരിച്ചെന്ന ധാരണയിൽ ഉപേക്ഷിച്ചു. ഇതിനിടെ, കൊലചെയ്യപ്പെടുമെന്ന ധാരണയിൽത്തന്നെ ഓഫീസിനകത്തുണ്ടായിരുന്നവർ ഓരോരുത്തരായി പുറത്തേക്ക് ചാടി ഓടി. അക്രമിസംഘം പിന്തുടർന്ന് പരിക്കേൽപ്പിച്ചു. പലരും പല സ്ഥലങ്ങളിലും വീണു. പരിക്കേറ്റ പലരെയും മരിച്ചെന്ന ധാരണയിൽ ഉപേക്ഷിക്കുകയായിരുന്നു. 

ചീമേനിയിലെ തെരഞ്ഞെടുപ്പുചുമതല ലോക്കൽ കമ്മിറ്റി അംഗം കെ വി കുഞ്ഞിക്കണ്ണനായിരുന്നു. പോളിങ് സമാധാനപരമായി കഴിഞ്ഞശേഷം കയ്യൂരിലേക്ക് മടങ്ങുന്നതിന് ബസ് കാത്തുനിൽക്കുമ്പോഴാണ് നരനായാട്ട് അരങ്ങേറിയത്. അടുത്ത കടയിൽ അഭയം തേടി. കടയുടമയുടെ എതിർപ്പ് വകവയ്ക്കാതെ, വലിച്ചിഴച്ച് റോഡിലിട്ട് മർദിച്ചു. എന്നിട്ടും കലിയടങ്ങാത്ത അക്രമികൾ കടവരാന്തയിലുണ്ടായിരുന്ന അമ്മിക്കല്ലെടുത്ത് തലയ്ക്കടിച്ച് അത്യന്തം പൈശാചികമായാണ് സഖാവിനെ കൊലപ്പെടുത്തിയത്. 

മനസ്സാക്ഷി മരവിപ്പിക്കുന്ന കൊടുംപാതകമറിഞ്ഞ്, ഇ എം എസും ഇ കെ നായനാരും ഉൾപ്പെടെയുള്ള ജനനേതാക്കൾ ചീമേനിയിലെത്തി. ജാലിയൻവാലാബാഗിനുസമാനമാണ് സംഭവമെന്നാണ് ഇ എം എസ് പറഞ്ഞത്.

കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ തെറ്റി. തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ഇ കെ നായനാരുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്നു. അഞ്ചു ധീരരെ നഷ്ടപ്പെട്ടെങ്കിലും ചീമേനിയിലും കാസർകോട് ജില്ലയിലും ഉത്തരോത്തരം കരുത്താർജിക്കുകയാണ്  സിപിഐ എം. മഹത്തായ ആ രക്തസാക്ഷിത്വം പാർടിയുടെ മുന്നേറ്റപ്പാതയിൽ തലമുറകളെ ത്രസിപ്പിക്കുന്ന ഊർജസ്രോതസ്സായി.

പാർലമെന്റ്സ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിലാണ്യ ഇത്തവണ ചീമേനി രക്തസാക്ഷികളുടെ സ്മഞരണ പുതുക്കുന്നത്മ. ബിജെപിയുടെ മോഡി ഭരണം അഞ്ച്ാ വർഷത്തിനുള്ളിൽ ഇന്ത്യയെ സാമ്പത്തികമായി തകർത്തു. നോട്ട്ണ നിരോധനവും ജിഎസ്ടിതയും സാധാരണക്കാരന്റെ നടുവൊടിച്ചു.

കർഷകപ്രക്ഷോഭങ്ങൾ വർധിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവൽക്കരിച്ചു. ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുംനേരെയുള്ള ആക്രമണങ്ങൾ വർധിച്ചു.  ഇതിനെല്ലാം പുറമെയാണ് വർഗീയവിഷം കത്തിച്ചുള്ള ആൾക്കൂട്ട ‐ ഗോരക്ഷാ കൊലപാതകങ്ങൾ. ഭരണഘടനയെയും ഫെഡറലിസത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കുന്ന മോഡിഭരണം അവസാനിപ്പിക്കേണ്ടത് ഇന്ത്യയെന്ന മതനിരപേക്ഷ രാജ്യത്തിന്റെ നിലനിൽപ്പിന്ി അനിവാര്യമാണ്. ബിജെപി ഭരണം തൂത്തെറിയാനും പകരം മതനിരപേക്ഷ ജനാധിപത്യ സർക്കാരിനെ അധികാരത്തിലേറ്റാനും ഇടതുപക്ഷത്തിന്റെ കരുത്ത് പാർലമെന്റിൽ വർധിപ്പിക്കണം.

കോൺഗ്രസ് ബിജെപിയിൽനിന്ന് വിഭിന്നമല്ല. ഇന്നത്തെ കോൺഗ്രസാണ് നാളത്തെ ബിജെപി. കണ്ണടച്ച് തുറക്കുംമുമ്പാണ് കോൺഗ്രസ് എംഎൽഎമാരും എംപിമാരും കാവിയുടുക്കുന്നത്. കോൺഗ്രസിൽ നിന്ന്റ നൂറുകണക്കിന്  പ്രമുഖ നേതാക്കളാണ് ബിജെപിയിലേക്ക ചാടിയത്. പണത്തിനും അധികാരത്തിനുംവേണ്ടി അത് തുടർന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ബിജെപിയുടെയും കോൺഗ്രസിന്റെയും മുന്നണികളെ  ഒറ്റപ്പെടുത്തി എൽഡിഎഫിന്റെ വിജയം ഉറപ്പാക്കണം. ഇത്തവണ ചീമേനി ഉൾപ്പെടുന്ന കാസർകോട്എ പാർലമെന്റ്റ മണ്ഡലത്തെ പ്രതിനിധാനംചെയ്തനിട  കെ പി സതീഷ് ചന്ദ്രനാണ് മത്സരിക്കുന്നത്. അദ്ദേഹത്തെയും മറ്റ്  മണ്ഡലങ്ങളിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ സഖാക്കളെല്ലാം മുന്നിട്ടിറങ്ങണം. ചീമേനി സഖാക്കളുടെ ഒളിമങ്ങാത്ത ഓർമ പോരാട്ടങ്ങൾക്ക് കരുത്തുപകരും. ധീരരക്തസാക്ഷികളുടെ സ് മരണയ്ക്കുമുന്നിൽ ആദരാഞ്ജലികൾ.

 


പ്രധാന വാർത്തകൾ
 Top