13 December Friday

ഓർമയിൽ അണയാതെ ആ കനൽ...

സതീഷ‌് ഗോപിUpdated: Saturday Mar 23, 2019


പുറത്ത‌് ചോരയ‌്ക്ക‌് ദാഹിക്കുന്നവരുടെ കൈയിലെ കൊലവാളുകളുടെ തിളക്കം ഇപ്പോഴും ഇവരുടെ കൺമുമ്പിലുണ്ട‌്. ആളിപ്പടർന്ന പുൽക്കെട്ടിലെ തീയും പുകയും ശ്വാസം മുട്ടിച്ച നിമിഷങ്ങളുടെ പകപ്പ‌ുണ്ട‌് നെഞ്ചിൽ. അതിലുമപ്പുറം പ്രിയസഖാക്കൾ വെട്ടേറ്റ‌് വീണതിന‌് സാക്ഷിയായതിന്റെ ഓർമയും ഒരിക്കലും കെടാത്ത കനലായി ഉള്ളിലുണ്ട‌്.

എം ബാലകൃഷ‌്ണൻ, എം ശശിധരൻ, പി ജാനകി, കെ ഭാർഗവി, കിഴക്കേകരയിലെ കെ പി കുമാരൻ, പി പി ഗോവിന്ദൻ, പി പി നാരായണൻ തുടങ്ങിയവർ അന്നത്തെ നരവേട്ടയ‌്ക്ക‌് സാക്ഷികളാണ‌്. കൃത്യമായിപ്പറഞ്ഞാൽ അന്ന‌് തീയിട്ട ഓഫീസിനുള്ളിൽനിന്ന‌് മരണത്തെ മുഖാമുഖം കണ്ടവർ.

‘‘നായനാർ മത്സരിക്കുന്നതിന്റെ ആവേശത്തിലാണ‌് ഞാൻ പ്രവർത്തനത്തിനിറങ്ങിയത‌്. എല്ലാ വീട്ടിലും സ‌്ക്വാഡായി കയറിയിറങ്ങി. വോട്ട‌് എല്ലാം ചെയ‌്തു എന്നുറപ്പിച്ചശേഷമാണ‌് സഖാക്കൾക്കൊപ്പം ഓഫീസിൽ ഒത്തുകൂടിയത‌്.   ഗുണ്ടകൾ വരുന്നുണ്ടെന്ന സന്ദേശമുള്ള ഫോൺ ശശിയാണ‌്  അറ്റൻഡ‌് ചെയ‌്തത‌്. സഖാവ‌് ഓഫീസിലേക്ക‌് ഓടിയെത്തിയതിന‌് പിന്നാലെ അവരും എത്തി. പുറത്തുനിന്നവർ ചിതറിയോടി. ഞങ്ങൾ ഓഫീസിൽ കയറി വാതിലടച്ചു. തുടർന്നാണ‌് വാതിൽ തല്ലിപ്പൊളിച്ച‌് വെട്ടിക്കൊല്ലാൻ നീക്കം തുടങ്ങിയത‌്. അതു പരാജയപ്പെട്ടതോടെ കത്തിച്ചുകൊല്ലാനായി നീക്കം. ജനാല തുറന്ന‌് സ‌്ത്രീകൾ ഉൾപ്പെടെ ചിലരെ ആദ്യമേ പുറത്തേക്കു വിട്ടിരുന്നു. പിന്നീട‌് അക്രമം ഉച്ചസ്ഥായിയിൽ എത്തിച്ചപ്പോഴാണ‌് ആലവളപ്പിൽ അമ്പുവേട്ടൻ ചാടിയത‌്. അവസാനം ചാടിയ എന്നെ കണ്ട‌് അതാടാ ബാലകൃഷ‌്ണൻ എന്ന‌് ആക്രോശിച്ചത‌് കേട്ട ഓർമയുണ്ട‌്. അപ്പോഴേക്കും ശരീരത്തിൽ വെട്ടുവീണു തുടങ്ങി‌.’’

ബൂത്ത‌് ഏജന്റായിരുന്ന എം ബാലകൃഷ‌്ണന്റെ കണ്ണുകളിലുണ്ട‌് ആ ഭീകരാനുഭവത്തിന്റെ മിന്നലാട്ടം. കൈകാലുകൾ കൊത്തിക്കീറി ഉപേക്ഷിച്ചപ്പോൾ ഇഴഞ്ഞുനീങ്ങി അടുത്തുള്ള സ‌്കൂളിന്റെ മൂത്രപ്പുരയിൽ ബോധം കെട്ടുകിടന്നതുകൊണ്ടാണ‌് ഈ വാക്കുകൾ പറയാൻ ഇന്ന‌് ബാലകൃഷ‌്ണൻ അവശേഷിക്കുന്നത‌്. മാസങ്ങളോളം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞശേഷമാണ‌് പാതി ജീവനോടെ ബാലകൃഷ‌്ണൻ ജീവിതത്തിലേക്ക‌് വീണ്ടും പിച്ചവച്ചത‌്. കൊലക്കത്തി ആവേശം തീർത്ത മുറിപ്പാടുകളാണ‌് ആ ശരീരത്തിലെങ്ങും. അത‌് സമ്മാനിച്ച വേദനകളുമായാണ‌് ഇപ്പോഴും ജീവിതം.

‘‘ജോസ‌്, ഗോപി, അബ്രഹാം തുടങ്ങി ഒരു സംഘമായിരുന്നു അന്ന‌് ചീമേനിയുടെ ഭീഷണി. ചെറിയക്കന്റെ പീടികയിലാണ‌് ഇരുപ്പ‌്. അങ്ങോട്ട‌് നോക്കിപ്പോയാൽ പിന്നെ അടിയാണ‌്. ടൗണിൽ ഒരാൾക്കും കാലുകുത്താനാകാത്ത അവസ്ഥ മാറിയത‌് ചീമേനിയിലെ അഞ്ച‌് സഖാക്കളുടെ രക്തസാക്ഷിത്വത്തോടെയാണ‌്.’’ അന്ന‌് ഓഫീസിൽ കുടുങ്ങിയവരിലുണ്ടായിരുന്ന എം ശശിധരൻ വരച്ചുകാട്ടുന്നത‌് ഒരു ദേശം അടക്കിവാണ കിരാതവാഴ‌്ചയുടെ നേർചിത്രം. ചോരപ്പാട‌് പിന്തുടർന്നാണ‌് മൂത്രപ്പുരയിലെത്തി ബാലകൃഷ‌്ണനെ കണ്ടെത്തിയത‌്. അന്ന‌് ഒപ്പമുണ്ടായിരുന്ന ബാബു പൊള്ളലേറ്റ ശരീരവുമായി അഞ്ച‌് കിലോമീറ്റർ ഓടിയാണ‌് വഴിയിൽ വീണത‌്. ഇന്ന‌് കുമ്പള സഹകരണ ആശുപത്രിയിലെ ജീവനക്കാരനാണ‌് ബാബു. തലയ‌്ക്കേറ്റ അടിയിൽ ഓർമയ‌്ക്കും തകരാറുണ്ടായി. ഓഫീസിനുള്ളിൽ വാതിൽ തള്ളിത്തുറക്കുന്നത‌് തടയാൻ ശ്രമിച്ചപ്പോഴാണ‌് ബാബുവിന്റെ ശരീരത്തിൽ തീപടർന്നത‌്. പുറത്തേക്ക‌് ഓടുമ്പോഴാണ‌് തലയ‌്ക്ക‌് മാരകമായ അടിയേറ്റത‌്.

പ്ലാന്റേഷൻ ജീവനക്കാരിയായിരുന്ന പി ജാനകി ഭർത്താവ‌് കുഞ്ഞപ്പന്റെ ഒപ്പമാണ‌് ഓഫീസിലെത്തിയത‌്. രണ്ട‌് ആൺമക്കളും കൂടെയുണ്ടായിരുന്നു. ബ്ലൗസിന്റെ കൈയിൽ അരിവാൾ ചുറ്റിക നക്ഷത്രം തുന്നിച്ചേർത്ത‌് ധരിച്ചിരുന്ന ചീമേനിയിലെ അന്നത്തെ ഉശിരൻ പെൺപടയിലെ ഒരാളായിരുന്നു അവർ. സഹോദരികളായ സി തമ്പായി, വത്സല  എന്നിവരും എം യശോദയും അന്ന‌് ഓഫീസിൽ പെട്ടവരിൽ ഉണ്ടായിരുന്നു എന്ന‌് അവർ ഓർമിക്കുന്നു. ‘‘എനിക്ക‌് ഇന്നും പൊലീസുകാരെ കാണുമ്പോൾ കലിയാണ‌്. അവർ വിചാരിച്ചിരുന്നെങ്കിൽ അഞ്ചുസഖാക്കളെയും രക്ഷിക്കാമായിരുന്നു. കോൺഗ്രസ‌് ക്രിമിനലായ ഗോപിയുടെ കൈയിലെ കഠാര എനിക്കിപ്പോഴും ഓർമയുണ്ട‌്. ഞങ്ങളെ ജനൽ തുറന്ന‌് പുറത്തേക്ക‌് ചാടാൻ നിർബന്ധിപ്പിച്ചത‌് അമ്പുവേട്ടനാണ‌്. കൊല്ലാനാണ‌് അവരുടെ നീക്കം എന്ന‌് അപ്പോഴും തോന്നിയില്ല. പുറത്തിറങ്ങി ഓടുമ്പോൾ ഇടം കവിളിന‌് കല്ലേറ‌് കൊണ്ടു. കുറെക്കാലം ചികിത്സിച്ചു. അതിന്റെ പാട‌് ഇപ്പോഴുമുണ്ട‌്. അന്ന‌് കുഞ്ഞായിരുന്ന മകൻ രതീശൻ ഇപ്പോൾ കയ്യൂർ–- ചീമേനി പഞ്ചായത്ത‌് അംഗമാണ‌്.’’

ഇടംകാലിലെ തീപ്പൊള്ളലിന്റെ വടുക്കൾപോലെ കിഴക്കേകരയിലെ ഭാർഗവിയുടെ ഓർമയിലും കൂട്ടക്കൊലയുടെ പൊള്ളലുണ്ട‌്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആ സംഭവം വിവരിക്കുമ്പോൾ അവരുടെ വാക്കുകളിൽ രോഷത്തിന്റെ കനലാളുന്നുണ്ട‌്.


 

കരുണാകരനെ താഴെയിറക്കി
വെട്ടിമുറിവേൽപ്പിച്ച ശരീരങ്ങളിൽ തീയിട്ട‌് കലി തീർത്ത കോൺഗ്രസുകാരുടെ നൃശംസതയ‌്ക്ക‌് അരുനിൽക്കുകയായിരുന്നു അന്നത്തെ പൊലീസ‌്. ആ മൃതദേഹങ്ങൾ പിറ്റേന്ന‌് ജനം കണ്ടാൽ എന്തു സംഭവിക്കുമെന്ന‌് അറിയാവുന്ന അവർ മൃതദേഹങ്ങൾ അന്ന‌് രാത്രി കാഞ്ഞങ്ങാട‌് ജില്ലാ ആശുപത്രിയിലേക്ക‌് മാറ്റി. നേതാക്കൾ ഇടപെട്ട‌് കരിവെള്ളൂരിൽനിന്ന‌് ഫോട്ടോഗ്രാഫറെ എത്തിച്ച‌് ചിത്രങ്ങൾ പകർത്തിയില്ലായിരുന്നെങ്കിൽ കൂട്ടക്കൊലയുടെ പൊലീസ‌് വ്യാഖ്യാനം പൊലീസ‌് ചമക്കുന്നതാകുമായിരുന്നു. ചീമേനിയിൽ പാർടി ഓഫീസ‌് ആക്രമിക്കപ്പെട്ടപ്പോൾ കാഞ്ഞങ്ങാട‌് സിഐയെ നായനാർ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

ചീമേനിയിൽ ഇതല്ല, ഇതിലപ്പുറവും നടക്കുമെന്ന സിഐയുടെ മറുപടിയിലടങ്ങിയിരുന്നു മുൻകൂട്ടി നിശ്ചയിച്ചിരുന്ന കൂട്ടക്കൊലയുടെ ആസൂത്രണം. പ്രദേശത്തെ കോൺഗ്രസിന്റെ തേർവാഴ‌്ചയോട‌് എതിർപ്പുള്ളതിനാൽ യുവാക്കൾ കൂടുതലായി പുരോഗമനപക്ഷത്ത‌് ചേക്കേറിയതാണ‌് കോൺഗ്രസിനെ പ്രകോപിപ്പിച്ചത‌്. ചീട്ടുകളി, കവർച്ച, മദ്യപാനം, അസാന്മാർഗികപ്രവൃത്തികൾ എന്നിവയ‌്ക്ക‌് കുപ്രസിദ്ധിയാർജിച്ചവരായിരുന്നു കോൺഗ്രസിന്റെ ഗുണ്ടാപ്പട. കൃഷ‌്ണൻ, ജയരാജൻ, ജോസ‌്, അബ്രഹാം, സണ്ണി തുടങ്ങിയവരാണ‌് ഗുണ്ടാസംഘത്തിന‌് നേതൃത്വം കൊടുത്തിരുന്നത‌്. കയ്യൂർ–-ചീമേനി പഞ്ചായത്ത‌് പാർടിയുടെ ശക്തികേന്ദ്രമായിരുന്നെങ്കിലും ചീമേനി ടൗണിൽ കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. സിപിഐ എമ്മിന്റെ   ഉണർവോടെയുള്ള പ്രവർത്തനം വൻ തിരിച്ചടിയാകുമെന്ന‌് തിരിച്ചറിഞ്ഞതോടെയാണ‌് കോൺഗ്രസുകാർ കണ്ണിൽചോരയില്ലാത്ത കൂട്ടക്കുരുതിക്ക‌് കളമൊരുക്കിയത‌്. തെരഞ്ഞെടുപ്പ‌് കഴിഞ്ഞാൽ വീണ്ടും അധികാരത്തിൽ വരുമെന്നും കേസിൽനിന്ന‌് പ്രതികളെ രക്ഷിക്കാൻ സാധിക്കുമെന്നും കോൺഗ്രസുകാർ മോഹിച്ചിരുന്നു. എന്നാൽ, കരുണാകരനെ താഴെയിറക്കി കേരളം നാടിന്റെ ഭരണസാരഥ്യം ഇ കെ നായനാരെ ഏൽപ്പിക്കുന്നതായിരുന്നു കാലം ഏൽപ്പിച്ച നിയോഗം.

   

ഇന്നും മായുന്നില്ല ആ ഹൃദയഭേദകദൃശ്യങ്ങൾ
കൂട്ടക്കൊലയിൽ മരവിച്ച ചീമേനി സന്ദർശിച്ച ആ രാത്രി അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്റെ മനസ്സിൽ മായാതെയുണ്ട‌്. പ്രിയസഖാക്കൾ മരിച്ചുകിടക്കുന്ന ആ കാഴ‌്ച ഹൃദയഭേദകം എന്ന ഒറ്റവാക്കിലാണ‌് അദ്ദേഹം വിശേഷിപ്പിക്കുന്നത‌്. അക്രമവിവരമറിഞ്ഞ‌് ഇ കെ നായനാർ, സി കൃഷ‌്ണൻനായർ, എ വി കുഞ്ഞമ്പുവിന്റെ മകൻ അഡ്വ. വിജയകുമാർ, പി ജനാർദനൻ എന്നിവർക്കൊപ്പമാണ‌് പി കരുണാകരൻ ചീമേനിയിലേക്ക‌് പുറപ്പെട്ടത‌്. ചീമേനി ടൗണിൽ എവിടെയും വെളിച്ചമില്ല. കൂരിരുട്ടിൽ നായനാരുടെ കൈപിടിച്ച‌് നീങ്ങുമ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐ പി കെ പോക്കറിന്റെ കൈയിലുണ്ടായിരുന്ന ചെറിയ ടോർച്ചിൽനിന്നുള്ള വെളിച്ചത്തിലാണ‌് അവിടവിടായി മരിച്ചുകിടക്കുന്നവരെ കണ്ടത‌്. സി കുഞ്ഞപ്പന്റെ മൃതദേഹമാണ‌് ആദ്യം കണ്ടത‌്. ദേഹമാകെ വൈക്കോൽ വിതറി തീയുമിട്ടിരുന്നു. ഓഫീസിന‌് അടുത്തായി മറ്റ‌് സഖാക്കളും. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻപോലും പ്രയാസമായിരുന്നു. ഒരു പ്രാവശ്യം മാത്രമാണ‌് ആ ശരീരങ്ങളിലേക്ക‌് നോക്കിയത‌്.

തൊട്ടപ്പുറത്ത‌് മരണമാണ‌് എന്ന‌് അറിഞ്ഞുകൊണ്ട‌് മറ്റുള്ളവരെയെങ്കിലും രക്ഷിക്കാൻ കത്തുന്ന ഓഫീസിൽനിന്ന‌് പുറത്തേക്ക‌് ചാടിയവരുടെ ത്യാഗസന്നദ്ധതയാണ‌് ഈ രക്തസാക്ഷിത്വവാർഷികത്തെയും ആവേശോജ്വലമാക്കുന്നത‌്–- പി കരുണാകരൻ ചൂണ്ടിക്കാട്ടുന്നു.


 


പ്രധാന വാർത്തകൾ
 Top