18 February Tuesday

താഴ്വരകളിൽ ചോര കിനിയുന്നു

എം എം പൗലോസ്Updated: Friday Aug 23, 2019


ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതായിരുന്നു കശ്മീർ. അതിനെ നരകമാക്കുകയാണ് നരേന്ദ്ര മോഡി. ഒരേ ഒരിന്ത്യ സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രി. അതുപക്ഷേ, പ്രൊക്രൂസ്റ്റസിന്റെ കട്ടിലിൽ വച്ചാണെന്നുമാത്രം.ഒരു സ്വതന്ത്രരാജ്യത്ത് പ്രത്യേകാധികാരങ്ങളോടെ ഒരു സംസ്ഥാനം നിലനിൽക്കുന്നതിലെ അനീതി നീക്കി എന്നാണ് പ്രഖ്യാപനം.എങ്കിൽ ഭരണഘടനയുടെ 370–ാം വകുപ്പ് മാത്രമല്ല, 371, 371(എ), 371 (ബി) 371(സി) 371(ഡി), 371(എഫ്), 371(ജി),  371(എച്ച്) എന്നീ വകുപ്പുകളും റദ്ദാക്കേണ്ടതാണ്. സമത്വത്തിന്റെ സംഗമഭൂമിയിൽ എന്തിനാണ് അസമത്വത്തിന്റെ ചില തുരുത്തുകൾ ബാക്കിനിർത്തുന്നത്?.

ഇതിന്റെ ഉത്തരം ഇന്ത്യ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിൽനിന്നാണ്. 2014 മെയ് 27ന് മോഡിയുടെ ആദ്യസത്യപ്രതിജ്ഞയോടെയല്ല ഇന്ത്യ എന്ന രാജ്യം രൂപീകരിച്ചത്. 2014ലെ ഇന്ത്യയല്ല, 1814ലെ ഇന്ത്യ. അന്ന് ഇന്ത്യ ഒരു പേര് മാത്രമായിരുന്നു. 1858ൽ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായപ്പോൾ ഇന്ത്യയിലേക്ക് ഭരിക്കാൻ വന്ന ഉദ്യോഗസ്ഥന്മാർക്ക് കേംബ്രിഡ്ജിൽ ക്ലാസുണ്ടായിരുന്നു. സർ ജോൺ സ്േട്രച്ചിയാണ് പഠിപ്പിച്ചത്. സ്ട്രേച്ചി ദീർഘകാലം ഇന്ത്യയിലുണ്ടായിരുന്നു. ഗവർണർ ജനറലിന്റെ കൗൺസിലിൽ അംഗമായിരുന്നു. സ്ട്രേച്ചി പറഞ്ഞുകൊടുത്തു: "ഇന്ത്യ ഒരു വെറും ലേബൽ. അത് വിവിധ രാജ്യങ്ങൾ കൂടിച്ചേർന്ന ഒരു ഭൂവിഭാഗംമാത്രം. യൂറോപ്പിലെ വിവിധ രാജ്യങ്ങൾക്കിടയിലുള്ള ഐക്യംപോലും അവിടെയില്ല. ബംഗാളും പഞ്ചാബും തമ്മിലുള്ളതിനേക്കാൾ കൂടുതൽ സാമ്യം  സ്പെയ്നും സ്കോട്ട്ലൻഡും തമ്മിലുണ്ട്.'

നൂറ്റാണ്ടുകളോളം ഈ രാജ്യത്തെ കൊള്ളയടിച്ച് കൊഴുക്കാമെന്ന കൊതിതുള്ളുന്ന മനസ്സോടെ അവർ കപ്പലിൽ കയറി. പിൽക്കാലത്ത് വിൻസ്റ്റൺ ചർച്ചിൽ ആക്ഷേപിച്ചു:"സംസ്കാരമില്ലാത്ത ജനത.'

ആരാണ് ഈ ഇന്ത്യയെ സൃഷ്ടിച്ചത്?
ദക്ഷിണാഫ്രിക്കയിലെ സമരത്തിൽ വെന്നിക്കൊടിപാറിച്ച് മഹാത്മാഗാന്ധി വരുമ്പോൾ ഇന്ത്യയിൽ 30 കോടി ജനങ്ങൾ.  ഏഴുലക്ഷത്തിലേറെ ഗ്രാമങ്ങൾ. ഇരുപതിലേറെ ഭാഷകൾ. 80 ശതമാനം പേർ നിരക്ഷരർ. ചാതുർവർണ്യം വകതിരിച്ച നാല് വർണത്തിലായി മൂവായിരത്തിലേറെ ജാതികൾ. ജാതികൾ തമ്മിൽ ശത്രുത. മുഖ്യധാരയിൽ പ്രവേശമില്ലാത്ത ചണ്ഡാലന്മാർ വേറെ. അവർക്ക് അമ്പലങ്ങളില്ല, തെരുവുകളില്ല, കുടിക്കാൻ വെള്ളം പോലുമില്ല. ഇവിടെനിന്നാണ് ഒരു ഇന്ത്യ ഉണ്ടായത്. ആരാണ് ഈ ഇന്ത്യയെ സൃഷ്ടിച്ചത്? വീർ സവർക്കറാണോ?. ഗുരുജി ഗോൾവാൾക്കറാണോ?.അല്ല, നരേന്ദ്ര മോഡിയാണോ?. 1937ൽ കോൺഗ്രസ് മന്ത്രിസഭകൾ രാജിവച്ചപ്പോൾ ബ്രിട്ടീഷുകാർക്ക് പിന്തുണ വാഗ്ദാനം ചെയ്തു സവർക്കർ. ബ്രിട്ടീഷുകാരുടെ മുന്നിൽ ദയാവായ്പിന് ശിരസ്സു നമിച്ചു ആഢ്യപാരമ്പര്യത്തിൽ അഭിമാനം കൊണ്ടിരുന്ന സവർക്കർ. അധികാരക്കൊതിക്ക് അസ്പൃശ്യതയില്ല. ഗോൾവാൾക്കർ നാം അഥവാ നമ്മുടെ രാഷ്ട്രത്തെ എങ്ങനെയാണ് നിർവചിച്ചത്?.

അതുമല്ല "ജയ് ശ്രീറാം' എന്നു വിളിച്ചാണോ ഇന്ത്യ രൂപീകരിക്കപ്പെട്ടത് ?. അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങൾ ഇന്ത്യയോട് ചേർന്നത് "ജയ് ശ്രീറാം' വിളിച്ചിട്ടോ പട്ടേലിന്റെയും വി പി മേനോന്റെയും സമർഥമായ നീക്കങ്ങളിലൂടെയോ?. മതംകൊണ്ട് മുദ്രകുത്തിയാൽ ഇതിൽ ഏറെയും ആരായിരിക്കും?. സി പി രാമസ്വാമി അയ്യർ എന്തുകൊണ്ട് സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ചു?. സ്വതന്ത്രമായി നിൽക്കാൻ എന്തിന് ബ്രിട്ടീഷുകാരുടെ സഹായം അഭ്യർഥിച്ചു?.


 

ദേശീയസ്വാതന്ത്ര്യ സമരത്തിന്റെ മൂശയിൽവച്ചാണ് ഇന്ത്യ എന്ന ബോധം വളർത്തിയെടുത്തത്. അതിൽ വർഗീയവാദികൾക്ക് എന്ത് പങ്ക്? മടിയിൽവച്ച് തിരിച്ച ചർക്കയിൽ മോഹൻദാസ് കരംചന്ദ് ഗാന്ധിയും സ്വാതന്ത്ര്യസമര പോരാളികളുമാണ് ദേശീയതയുടെ ഊടുംപാവും നെയ്തെടുത്തത്. 

ജയ് ശ്രീറാം രാജ്യനിർമാണത്തിന്റെ ആധാരശിലയായി തീരുമാനിച്ചാൽ എന്താകും അതിന്റെ പ്രത്യാഘാതം?. ഈ സിദ്ധാന്തം ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതായി സങ്കൽപ്പിക്കുക. "ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ' എന്ന് പരസ്യമായി പറയാത്തവർ അമേരിക്കയിൽനിന്ന് പുറത്തുപോകണം എന്ന് ഡോണൾഡ് ട്രംപ് ഉത്തരവിട്ടാൽ ഇന്ത്യയുടെ വിദേശമന്ത്രി എസ് ജയശങ്കർ എന്തുചെയ്യും?. ഇതേനയം യൂറോപ്യൻ നാടുകൾ ആവർത്തിച്ചാൽ  ഇന്ത്യയുടെ തൊഴിൽമന്ത്രാലയം എന്തു ചെയ്യും? "അള്ളാഹു അക്ബർ'വിളിക്കാത്തവരെ പരസ്യമായി ചാട്ടയ്ക്കടിക്കാൻ ഗൾഫ് രാജ്യങ്ങൾ തീരുമാനിച്ചാൽ ഇന്ത്യൻ സമ്പദ്ഘടനയെ എങ്ങനെ ബാധിക്കും?. കുതിരയെ കെട്ടേണ്ടത് വണ്ടിയുടെ മുന്നിലോ പിന്നിലോ?. നാം നടക്കേണ്ടത് നാളെയിലേക്കോ ഇന്നലെയിലേക്കോ?.

ഇന്ത്യ സ്വതന്ത്രമായപ്പോൾ ബ്രിട്ടീഷുകാർ ചോദിച്ചത് ഈ രാജ്യം എത്രനാൾ എന്നായിരുന്നു. അത്രയേറെ വൈരുദ്ധ്യങ്ങളായിരുന്നു ഇവിടെ. മഹാഭൂരിപക്ഷം ഹിന്ദുക്കൾ, ലോകത്ത് ഏറ്റവുമധികം മുസ്ലിങ്ങളുള്ള രണ്ടാമത്തെ രാജ്യം. സിഖുകാർ, ക്രിസ്ത്യാനികൾ, പാഴ്സികൾ, ബുദ്ധമതക്കാർ, ജൈനർ. ആശയവിനിമയത്തിന് ഏകീകൃതഭാഷയില്ല. വ്യത്യസ്ത ആചാരങ്ങൾ, പെരുമാറ്റ രീതികൾ. എന്നിട്ടും, ലോകത്ത് പല രാജ്യങ്ങൾ പിളരുകയും അതിർത്തികൾ മാറ്റിവരയ്ക്കുകയും ചെയ്തപ്പോഴും ഇന്ത്യയുടെ വലുപ്പം കുറഞ്ഞില്ല.

‘‘ഇത് തെക്കിനെ കീഴടക്കുന്ന വടക്കിന്റെ സാമ്രാജ്യത്വമോഹമാണ്. എങ്കിൽ വേറിട്ടുപോകേണ്ടതായി ഞങ്ങൾക്ക് ആലോചിക്കേണ്ടിവരും.’’

പ്രതിസന്ധികൾ ഇന്ത്യയിൽ ഉണ്ടാകാതിരുന്നിട്ടില്ല. 1965ൽ ഹിന്ദി രാഷ്ട്രഭാഷയാകും എന്ന് പ്രചരിച്ചതോടെ അന്നത്തെ മദിരാശി കത്തി.  സി എൻ അണ്ണാദുരൈ പാർലമെന്റിൽ പ്രസംഗിച്ചു:‘‘ഇത് തെക്കിനെ കീഴടക്കുന്ന വടക്കിന്റെ സാമ്രാജ്യത്വമോഹമാണ്. എങ്കിൽ വേറിട്ടുപോകേണ്ടതായി ഞങ്ങൾക്ക് ആലോചിക്കേണ്ടിവരും.’’ പഞ്ചാബിൽ "ഖലിസ്ഥാൻ' വാദമുണ്ടായി. അസമിലും ത്രിപുരയിലും വിഘടനവാദങ്ങളുണ്ടായി. നാഗാ കലാപമുണ്ടായി. എന്നിട്ടും മദിരാശി വിട്ടുപോയില്ല. ഖലിസ്ഥാൻ ഉണ്ടായില്ല. അസമും ത്രിപുരയും നാഗാലാൻഡും ഇന്ത്യയിൽ തന്നെയാണ് ഇപ്പോഴും. ഇതൊന്നും "ജയ് ശ്രീറാം' വിളിച്ചതിന്റെ ഫലമല്ല.

ഭരണഘടന എഴുതിയ ഭാവനാസമ്പന്നരുടെ ദേശീയബോധവും വൈവിധ്യങ്ങളെ അംഗീകരിക്കാനുള്ള ഹൃദയവലുപ്പവുമാണ് ഇന്ത്യയെ ഇന്ത്യയാക്കിയത്. അതിർത്തിയിൽ കിടക്കുന്ന ശത്രുരാജ്യത്തെ ചൂണ്ടിക്കാണിച്ചുമാത്രം ഉണ്ടാക്കേണ്ട ഒന്നല്ല ദേശീയബോധം. ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് കളിക്കുമ്പോൾമാത്രം പ്രത്യക്ഷപ്പെടേണ്ട ഒന്നല്ല അത്. തെരഞ്ഞെടുപ്പിൽ പരാജയഭീതി ഉണ്ടാകുമ്പോൾ പാകിസ്ഥാനിലേക്ക് പോകു എന്ന് പറയുന്നതുമല്ല ദേശീയബോധം.

കുഴിമാടങ്ങളല്ല വികസനത്തിലേക്കുള്ള ചവിട്ടുപടികൾ
1990ലെ അയോധ്യയായിരുന്നു 1950കളിൽ ജനസംഘത്തിന് കശ്മീർ. 1952ലെ പൊതുതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ്മാത്രം കിട്ടിയതിന്റെ ക്ഷീണം തീർക്കാൻ കശ്മീർ ജനസംഘത്തിന് രാഷ്ട്രീയ ആയുധമായി. ജമ്മുവിലെ ഹിന്ദുഭൂരിപക്ഷപ്രദേശത്ത് നടക്കുന്ന കലാപം കത്തിപ്പടർത്താൻ അവർ തയ്യാറായി. ഡോ. ശ്യാമപ്രസാദ് മുഖർജി ജമ്മുവിലെത്തി. കശ്മീരിലേക്ക് യാത്ര ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു സത്യഗ്രഹപ്പന്തലിൽപോലും ഇരിക്കാത്ത മുഖർജി, സത്യഗ്രഹം തുടങ്ങി. കലാപമായിരുന്നു ലക്ഷ്യം.

ആറ് പതിറ്റാണ്ടുമുമ്പ് ജനസംഘം തുടങ്ങിവച്ച അജൻഡയാണ് ഇത്. ജനാധിപത്യത്തിന്റെ സഹിഷ്ണുതയെ ആൾക്കൂട്ടത്തിമിർപ്പുകൊണ്ട് മാനഭംഗപ്പെടുത്തുകയാണ്.  ജനാധിപത്യത്തിന്റെ ആധാരശിലകളെയാണ് പിഴുതെടുക്കുന്നത്. കശ്മീരിനെ പൊന്നണിയിക്കുമത്രെ!. അഞ്ചുവർഷംകൊണ്ട് കർഷകന്റെ കഴുത്തിന് പാകത്തിൽ ആത്മഹത്യാക്കയർ പിരിച്ചുകൊടുത്തവരാണ് ഈ വീരവാദം മുഴക്കുന്നത്. കശ്മീർ വീണ്ടും അഗ്നിപർവതമാകുകയാണ്. ഈ താഴ്വരയും കുന്നും തടാകവും വീണ്ടും മലിനമാകുകയാണ്. കശ്മീർ ഉറങ്ങാതിരിക്കുമ്പോൾ ആരാണ് സന്തോഷിക്കുന്നത്?. കുഴിമാടങ്ങളല്ല വികസനത്തിലേക്കുള്ള ചവിട്ടുപടികൾ.
 


പ്രധാന വാർത്തകൾ
 Top