18 February Tuesday

തീവ്ര ഹിന്ദുത്വ അജൻഡ നടപ്പാക്കാനുള്ള ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

(സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും എ കെ ജി പഠന ഗവേഷണ കേന്ദ്രവും സംഘടിപ്പിച്ച ‘അനുച്ഛേദം 370 ദദ്ദാക്കൽ; ജമ്മു കശ്‌മീർ ഉയർത്തുന്ന പ്രശ്‌നങ്ങൾ’  വിഷയത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗം)

കശ്‌മീർ ഇന്ന്‌ അശാന്തിയുടെ താഴ്‌വരയാണ്‌. ലോകത്ത്‌ ഏറ്റവും സൈനിക സാന്നിധ്യമുള്ള സ്ഥലമാക്കി കശ്‌മീരിനെ മാറ്റിയിരിക്കുകയാണ്‌ മോഡി സർക്കാർ. സൈനിക ഭരണത്തിലേക്കുള്ള, ഹിന്ദുരാഷ്ട്ര രൂപീകരണത്തിലേക്കുള്ള  നീക്കമാണിത്‌.  എല്ലാ ഭരണഘടനാമൂല്യങ്ങളും കാറ്റിൽപറത്തി,  ജനാധിപത്യ–-ഫെഡറൽ തത്വങ്ങൾ അട്ടിമറിച്ചാണ്‌ കശ്‌മീരിനെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമാക്കി വെട്ടിക്കീറിയത്‌. ഇതിന്‌ രണ്ടാഴ്‌ചമുമ്പേതന്നെ അവിടെ വർധിച്ചതോതിൽ സൈന്യത്തെ വിന്യസിച്ചിരുന്നു. ജനങ്ങളെ തോക്കിൻമുനയിൽ നിർത്തിയും വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിച്ചും കശ്‌മീരിനെ അക്ഷരാർഥത്തിൽ അധിനിവേശ പ്രദേശമാക്കി മാറ്റി. കശ്‌മീരിനെ ഇന്ത്യയിലെ പലസ്‌തീനാക്കി മാറ്റാനുള്ള നീക്കം അനുവദിക്കാനാകില്ല. രാജ്യത്തിന്റെ മൗലികമായ മതനിരപേക്ഷ സ്വഭാവം പൊളിച്ചെഴുതി തങ്ങളുടെ തീവ്രഹിന്ദുത്വ അജൻഡ സ്ഥാപിക്കാനുള്ള ബിജെപി–- ആർഎസ്‌എസ്‌ ശ്രമത്തിനെതിരെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി പോരാടണം.

സൂചനയാണ്‌ കശ്‌മീർ
സംസ്ഥാനങ്ങൾ വിഭജിക്കണമെങ്കിൽ ആ സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ അംഗീകാരം വേണമെന്ന്‌ ഭരണഘടന നിഷ്‌കർഷിക്കുന്നു. ഉത്തരാഖണ്ഡ്‌, ഛത്തീസ്‌ഗഢ്‌, ജാർഖണ്ഡ്‌ സംസ്ഥാനങ്ങൾമുതൽ ആന്ധ്ര, തെലങ്കാന രൂപീകരണംവരെ ഇപ്രകാരമായിരുന്നു. പക്ഷേ, കശ്‌മീരിൽ  കൗശലകരവും ആസൂത്രിതവുമായ നീക്കങ്ങളാണ്‌ ബിജെപി നടത്തിയത്‌. ആദ്യം അവർ തങ്ങൾകൂടി ഭാഗമായിരുന്ന ഭരണമുന്നണിയിൽനിന്ന്‌ പിൻവാങ്ങി. കോൺഗ്രസും നാഷണൽ കോൺഫറൻസും മുന്നണിയായി സർക്കാർ രൂപീകരിക്കുമെന്നായപ്പോൾ ഗവർണർ ഭരണം ഏർപ്പെടുത്തി.

കശ്‌മീരിന്‌ പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 370–-ാം അനുച്ഛേദത്തിൽ ഇടപെടാൻ അവർ 367 മാറ്റിയെഴുതി. 370 ഭേദഗതി ചെയ്യാനുള്ള മാനദണ്ഡങ്ങളാണ്‌ 367ലുള്ളത്‌. ഇതിനായി രാഷ്ട്രപതിയുടെ പ്ര‌ത്യേക ഉത്തരവ്‌ സമ്പാദിച്ചു. പാർലമെന്റിലെ ഭൂരിപക്ഷബലത്തിൽ കശ്‌മീരിനെ വെട്ടിമുറിക്കുന്ന ബിൽ പാസാക്കി.

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ പരസ്യമായി ആക്രമിക്കുകയാണ്‌ കേന്ദ്രസർക്കാർ ചെയ്‌തത്‌. തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളെ അസാധുവാക്കി, ഏത്‌ നിമിഷവും ഏത്‌ സംസ്ഥാനത്തും രാഷ്ട്രപതിഭരണം ഏർപ്പെടുത്താമെന്ന സൂചനയാണ്‌ കശ്‌മീർ നൽകുന്നത്‌. ഏത്‌ ‌സംസ്ഥാനത്തിന്റെയും അതിരുകളും ഭൗതികസാഹചര്യവും സ്വഭാവവുംതന്നെയും മാറ്റാൻ  തങ്ങൾക്കാകുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്‌ കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിനും ഭരണഘടനയ്‌ക്കും നേരെയുള്ള അതീവ അപകടകരമായ വെല്ലുവിളിയാണിത്‌.

ജനങ്ങളെ ഭീതിദമായ അരക്ഷിതാവസ്ഥയിലേക്ക്‌  തള്ളിവിട്ടു
കശ്‌മീർ മാത്രമല്ല പ്രത്യേക പരിഗണന ലഭിക്കുന്ന ഇന്ത്യൻ സംസ്ഥാനം. 370നു പുറമെ വിവിധ സംസ്ഥാനങ്ങൾക്ക്‌ പ്രത്യേക അധികാരം നൽകുന്ന പത്ത്‌ അനുച്ഛേദമുണ്ട്‌. ‘371’, ‘371 എ’ മുതൽ ‘ഐ’ വരെയുള്ള അനുച്ഛേദങ്ങൾ പ്രധാനമായും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത്‌  സംസ്ഥാനങ്ങൾക്കുമെല്ലാം ഇത്തരം പരിഗണന നൽകുന്നതാണ്‌. അവയെയൊന്നും തൊടാതെ, പ്രത്യേക പരിഗണന ലഭിക്കുന്നതിൽ  മുസ്ലിംഭൂരിപക്ഷമുള്ള  ഏക സംസ്ഥാനം എന്നതിനാലാണ്‌ കശ്‌മീർ ആക്രമിക്കപ്പെട്ടത്‌.

കശ്‌മീരിനെപ്പോലെ ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നും പുറത്തുനിന്നുള്ളവർക്ക്‌ ഭൂമി വാങ്ങാനാകില്ല. എന്നാൽ, കശ്‌മീരിൽമാത്രം ഈ വ്യവസ്ഥയ്‌ക്ക്‌ മാറ്റം വരുത്തി, മുസ്ലിം ഭൂരിപക്ഷമുള്ള കശ്‌മീരിന്റെ ജനഘടന ഉടച്ചുവാർക്കുകയെന്ന തീവ്രഹിന്ദുത്വ അജൻഡയാണ്‌ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്‌. പലസ്‌തീനിൽ ജൂതകുടിയേറ്റം പ്രോത്സാഹിപ്പിച്ച്‌ അധിനിവേശത്തിന്‌ നിയമസാധുത നൽകിയ ഇസ്രയേൽ ഭരണമാതൃകയാണ്‌ കേന്ദ്രസർക്കാർ കശ്‌മീരിൽ പിന്തുടരുന്നത്‌.

മുമ്പ്‌ കശ്‌മീരിലേക്കുള്ള കേന്ദ്ര പ്രതിനിധിസംഘത്തിന്റെ ഭാഗമായി പോവുകയുണ്ടായി. സന്ദർശനശേഷം കശ്‌മീർ ജനതയെ വിശ്വാസത്തിലെടുക്കണമെന്നും എല്ലാവിഭാഗവുമായുള്ള ചർച്ചയിലൂടെ സമാധാനം പുനഃസൃഷ്ടിക്കണമെന്നും സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു. എന്നാൽ, ഇസ്രയേൽ മാതൃകയിൽ കശ്‌മീരിൽ സൈനികസാന്നിധ്യം വർധിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്‌തത്‌. പ്രദേശത്തെ പൂർണമായും സൈനികനിയന്ത്രണത്തിലാക്കി. ജനങ്ങളെ ഭീതിദമായ അരക്ഷിതാവസ്ഥയിലേക്ക്‌ തള്ളിവിട്ടു. കശ്‌മീരുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തി സമാധാനം സ്ഥാപിക്കാൻ പ്രാപ്തരായ രാഷ്ട്രീയ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്‌ത്‌ ജയിലിലടച്ചു.

കശ്‌മീരിൽ എല്ലാം സാധാരണ നിലയിലാണെന്ന സർക്കാർ വാദം ഖണ്ഡിക്കുന്നതാണ്‌ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ. എന്നെയും ഡി രാജയെയും സിപിഐ എം നേതാവും നാലുതവണ എംഎൽഎയുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെ കാണുന്നതിൽനിന്ന്‌ വിലക്കിയതും കശ്‌മീരിന്റെ യാഥാർഥ സ്ഥിതിഗതികൾ ലോകമറിയരുത്‌ എന്ന നിർബന്ധത്തിന്റെ ഭാഗമാണ്‌. ഒരു ജനതയെയാകെ ഒറ്റപ്പെടുത്തി നടപ്പാക്കിയ വിഭജനം ഏതെല്ലാം തരത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന്‌ ഇപ്പോൾ പറയാനാകില്ല.

ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ
ആർഎസ്‌എസ്‌ കാലാകാലങ്ങളായി തുടർന്നുവരുന്ന ഹിന്ദുത്വ അജൻഡയുടെ ഭാഗമാണ്‌ കശ്‌മീർ വിഭജനവും. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പാകിസ്ഥാൻ ഇസ്ലാമിക്‌ രാജ്യമായി ഫ്യൂഡൽ സംരക്ഷകരായി മാറാൻ തീരുമാനിച്ചു.  ജനാധിപത്യ, മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയുടെ ഭാഗമാകാനാണ്‌ കശ്‌മീർ തീരുമാനിച്ചത്‌. സ്വാതന്ത്ര്യശേഷം കശ്‌മീരിനെ ആക്രമിച്ച പാകിസ്ഥാന്‌ എതിരായി ഷേഖ്‌ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള കശ്‌മീരിലെ  മുസ്ലിങ്ങൾ നിലപാടെടുത്തു. ഭൂരിപക്ഷ ജനവികാരവും ഇന്ത്യക്ക്‌ അനുകൂലമായിരുന്നു. ബിജെപിയുടെ പൂർവരൂപമായ പ്രജാ പരിഷത്ത്‌ കശ്‌മീർ ഇന്ത്യയുടെ ഭാഗമാകുന്നതിന്‌ എതിരായിരുന്നു. കശ്‌മീർ സ്വതന്ത്രരാജ്യമായി തുടരണമെന്ന നിലപാടിലായിരുന്നു അവർ എന്നത്‌ ബിജെപി ഇപ്പോഴും തുടർന്നുവരുന്ന ഇരട്ടത്താപ്പിന്റെ വളരെ പഴയ ദൃഷ്ടാന്തമാണ്‌. ഇവരുടെ പിന്മുറക്കാരായ ബിജെപിയാണ്‌ ഇന്ന്‌ ഈ ചരിത്രത്തെയാകെ വികൃതമാക്കി വളച്ചൊടിച്ച്‌ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത്‌. ഷേഖ്‌ അബ്ദുള്ള ഭൂപരിഷ്‌കരണം നടപ്പാക്കിയപ്പോഴും പ്രജാപരിഷത്ത്‌ അതിനെ എതിർത്തു. അനുച്ഛേദം 370ന്റെ സംരക്ഷണം ഉണ്ടായതിനാലാണ്‌ ഭൂപരിഷ്‌കരണം നടപ്പാക്കാൻ ഷേക്ക്‌ അബ്ദുള്ളയ്‌ക്ക്‌  കഴിഞ്ഞത്‌. പ്രഥമ ഇ എം എസ്‌ സർക്കാർ ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട്‌ പല ബില്ലും നിയമസഭയിൽ പാസാക്കിയെങ്കിലും രാഷ്ട്രപതി അംഗീകാരം നൽകുകയുണ്ടായില്ല.

അസമിൽ പൗരത്വ രജിസ്റ്റർ കൊണ്ടുവന്ന നടപടിയിലും എൻഡിഎ സർക്കാരിന്റെ ഹിന്ദുത്വ അജൻഡയാണ്‌ വ്യക്തമാക്കുന്നത്‌. പതിറ്റാണ്ടുകളായി ഈ രാജ്യത്ത്‌ ജീവിച്ചുവന്ന 41.2 ലക്ഷം ജനങ്ങൾ ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ പൗരന്മാരല്ലാതായിരിക്കുന്നു. രണ്ടായിരത്തി ഇരുപതോടെ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമാക്കാനാണ്‌ തീരുമാനം. രാജ്യം മുഴുവൻ ഇതിനായി സെൻസസ്‌ നടത്തും. ഇന്ത്യൻ പൗരനാണെന്ന്‌ തെളിയിക്കാനാകാത്തവരെ പുറത്താക്കും. എന്നാൽ, മുസ്ലിമല്ലാത്തവർക്ക്‌ പൗരത്വം ലഭ്യമാക്കും. ഇതിനായി മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നു. മറ്റ്‌ രാജ്യങ്ങളിൽനിന്ന്‌ വന്ന്‌ താമസമാക്കിയവർ, മുസ്ലിങ്ങളല്ലെങ്കിൽ, പൗരനാകാം എന്നാണ്‌ ഈ  ബിൽ പറയുന്നത്‌. രാജ്യത്തിന്റെ മൗലികമായ സ്വഭാവത്തെ അട്ടിമറിക്കുന്ന ബില്ലാണിത്‌. ഇത്‌ ദേശവ്യാപകമായി ഹിന്ദു–- മുസ്ലിം വേർതിരിവുണ്ടാക്കു‌ം.

മുത്തലാഖ്‌, അയോധ്യ, അനുച്ഛേദം 370 തുടങ്ങി ബിജെപിയുടെ വർഗീയ അജൻഡ ഒന്നൊന്നായി നടപ്പാക്കുകയാണ്‌ കേന്ദ്രസർക്കാർ. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ഇവർ കഠിനമായി പരിശ്രമിച്ചു

മുത്തലാഖ്‌, അയോധ്യ, അനുച്ഛേദം 370 തുടങ്ങി ബിജെപിയുടെ വർഗീയ അജൻഡ ഒന്നൊന്നായി നടപ്പാക്കുകയാണ്‌ കേന്ദ്രസർക്കാർ. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ഇവർ കഠിനമായി പരിശ്രമിച്ചു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ശക്തിയും സ്വാധീനവുംകൊണ്ട്‌ അത്‌ നടന്നില്ല. ഇതിന്റെ അമർഷമാണ്‌ ഗാന്ധിവധത്തിൽ കലാശിച്ചത്‌. പിന്നീട്‌, രാജ്യത്തിന്റെ ഭാഷാടിസ്ഥാനത്തിലുള്ള പുനഃക്രമീകരണത്തിനെതിരെയും ഇവർ നിലകൊണ്ടു. വൈവിധ്യം എന്ന ആശയത്തിന്‌ എന്നും എതിരായിരുന്നു ബിജെപി. ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു ഭരണഘടന, ഒരു നികുതി തുടങ്ങിയ ഏകാധിപത്യ ആശയങ്ങൾ സ്ഥാപിക്കാനാണ്‌ ശ്രമിക്കുന്നത്‌.

ഇതിനുള്ള തുടക്കമാണ്‌ കശ്‌മീരിനെ ഇന്ത്യയുടെ പലസ്‌തീനാക്കാനുള്ള നീക്കം. ജമ്മു കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്‌. ഇതിനു വിരുദ്ധമായ നിലപാട്‌ അനുവദിക്കരുത്‌. രാഷ്ട്രീയവും സാമൂഹ്യവുമായ സമത്വം രാജ്യത്തെ എല്ലാ പ്രദേശങ്ങൾക്കും എല്ലാവിഭാഗം ജനങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്‌. അതിന്റെ നിരാകരണത്തെ സിപിഐ എം പൂർണമായും എതിർക്കുന്നു. രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ, ഫെഡറൽ ഘടനയെ മാറ്റി, ഫാസിസ്റ്റ്‌ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുള്ള ആർഎസ്‌എസ്‌ അജൻഡയാണ്‌ കേന്ദ്രസർക്കാർ പ്രാവർത്തികമാക്കുന്നത്‌. ഇതിന്‌ തടസ്സമാകുന്ന ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും തച്ചുടയ്‌ക്കാൻ നോക്കുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കൈകടത്തുന്നു. 

മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി രാജ്യത്തെ നിലനിർത്തണോ, അതോ ഫാസിസ്റ്റ്‌, ഏകാധിപത്യ, ഹിന്ദുരാഷ്ട്രമായി മാറ്റാൻ അനുവദിക്കണോ എന്ന്‌ നമ്മൾ തീരുമാനിക്കണം. രാജ്യത്തിന്റെ വൈവിധ്യവും മതനിരപേക്ഷതയും ഫെഡറൽ തത്വവും സംരക്ഷിക്കാൻ ദേശാഭിമാനികളായ എല്ലാ ആളുകളും ഒന്നുചേരണം. ആ പോരാട്ടത്തെ കേരളം മുന്നിൽനിന്ന്‌ നയിക്കണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top