17 February Monday

ചട്ടമ്പിസ്വാമിയും നവോത്ഥാനകേരളവും

പ്രൊഫ. വി കാർത്തികേയൻ നായർUpdated: Thursday Aug 22, 2019


സാമ്പത്തികമായി ജന്മിത്തവും രാഷ്ട്രീയമായി നാടുവാഴിത്തവും സാമൂഹ്യമായി ജാതിവ്യവസ്ഥയും നിലനിന്നിരുന്ന കേരളത്തിലാണ് 1854ൽ ചട്ടമ്പിസ്വാമി ജനിക്കുന്നത്. സമ്പദ്ഘടനയിൽ മുതലാളിത്തവും ഭരണത്തിൽ ബ്രിട്ടീഷ്സർക്കാരും സ്വാധീനം ചെലുത്തുന്നകാലവുമായിരുന്നു അത്. എന്നാൽ, ജാതിവ്യവസ്ഥ യാതൊരു ഊനവും തട്ടാതെ നിലനിൽക്കുകയും പൗരോഹിത്യം അതിന്റെ കാവലാളായി വർത്തിക്കുകയും ചെയ്തിരുന്നു. മദിരാശിയിലെ ബ്രിട്ടീഷ്സർക്കാരിന്റെ ഒത്താശയോടുകൂടി പ്രൊട്ടസ്റ്റന്റ് ക്രൈസ്തവമിഷണറിമാർ തെക്കൻതിരുവിതാംകൂറിൽ മതപരിവർത്തനം, ഇംഗ്ലീഷ് വിദ്യാഭ്യാസം, അച്ചടി തുടങ്ങിയ കാര്യങ്ങൾ വളരെ ഊർജിതമായി ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ സ്വാധീനഫലമായി തിരുവിതാംകൂർ സർക്കാരും ഇത്തരം പ്രവർത്തനങ്ങളിലേർപ്പെട്ടു. നാട്ടുഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 1817ൽത്തന്നെ സർക്കാർ ശമ്പളം നൽകി അധ്യാപകരെ നിയമിച്ചിരുന്നു. നിരവധി വിളംബരങ്ങളിലൂടെ സർക്കാർവക ഭൂമി കുടിയാന്മാർക്ക് പാട്ടത്തിനു നൽകുന്ന ഏർപ്പാട് കേണൽ മൺറോയുടെ കാലത്തുതന്നെ തുടങ്ങിയിരുന്നു. ഭരണത്തിൽ സെക്രട്ടറിയറ്റ് സമ്പ്രദായവും നിയമഭരണത്തിൽ ഇംഗ്ലീഷ്കോടതികളും നിലവിൽ വന്നതോടുകൂടി വളരെ നിശ്ശബ്ദമായ ഒരു പരിവർത്തനത്തിന് ആദ്യം തിരുവിതാംകൂറും അചിരേണ കേരളവും വിധേയമായി. ഈ പരിവർത്തനത്തോട് സർഗാത്മകമായി ഇടപെട്ട സന്യാസിശ്രേഷ്ഠന്മാരിൽ അഗ്രഗണ്യരായിരുന്നു ചട്ടമ്പിസ്വാമികളും സതീർഥ്യനായ നാരായണഗുരുവും.

തെക്കൻ തിരുവിതാംകൂറിൽ നിലനിന്നിരുന്ന നിർബന്ധിതവും പ്രതിഫലമില്ലാത്തതുമായ ഊഴിയവേല എന്ന സമ്പ്രദായത്തിനെതിരെ കലാപം നടന്നുവരികയായിരുന്നു. അതോടൊപ്പം മേൽവസ്ത്രം ധരിക്കുന്നതിനുവേണ്ടി നടത്തിവന്ന ചാന്നാർകലാപം ചട്ടമ്പിസ്വാമിയുടെ ബാല്യം കഴിയുന്നതിനുമുമ്പുതന്നെ വിജയകരമായി പരിസമാപ്തിയിലെത്തിയിരുന്നു. ഊഴിയവേലയ്ക്കെതിരായും ക്ഷേത്രസംബന്ധമായ അനാചാരങ്ങൾക്കെതിരായും കലാപമുയർത്തുകയും അതുകാരണം രാജകോപത്തിനിരയായി ജയിൽവാസമനുഭവിക്കേണ്ടിവരികയും ചെയ്ത അയ്യാവൈകുണ്ഠന്റെ പരോക്ഷസ്വാധീനം സ്മര്യപുരുഷനിൽ പ്രകടമായിരുന്നു. അയ്യാവൈകുണ്ഠന്റെ സമകാലീനനും ബ്രിട്ടീഷ് റസിഡൻസി ഉദ്യോഗസ്ഥനുമായിരുന്ന തൈക്കാട്ട് അയ്യാഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചയാളായിരുന്നു ചട്ടമ്പിസ്വാമി. അയ്യാഗുരുവിന്റെ ഭവനത്തിൽ നാനാജാതിമതസ്ഥരെ ഒരുമിച്ചിരുത്തി നടത്തിയിരുന്ന സമപന്തിഭോജനത്തിൽ ചട്ടമ്പിയും ശ്രീനാരായണനും പങ്കെടുത്തിരുന്നു.

ജാതിവ്യവസ്ഥയ്ക്ക് ദാർശനിക വ്യാഖ്യാനം നൽകി സംരക്ഷിച്ചുപോന്ന പൗരോഹിത്യത്തെ വെല്ലുവിളിക്കുന്നതിനുവേണ്ടി ചട്ടമ്പിസ്വാമി എഴുതിയ ഗ്രന്ഥമാണ് "പ്രാചീനമലയാളം'

പരശുരാമൻ മഴുവെറിഞ്ഞ് നേടിയെടുത്ത ഭൂവിഭാഗത്തെ അറുപത്തിനാലുഗ്രാമമായി വിഭജിച്ച് അവിടെ ബ്രാഹ്മണഗ്രാമങ്ങൾ സ്ഥാപിച്ചു എന്നാണല്ലോ ഐതിഹ്യം. ഇതിലുള്ള മുപ്പത്തിരണ്ടുഗ്രാമമാണ് കേരളമായത്. ഇത് സ്ഥാപിക്കാൻവേണ്ടി മലയാള ബ്രാഹ്മണർ പടച്ചുണ്ടാക്കിയ ഗ്രന്ഥമായിരുന്നു "കേരളോൽപ്പത്തി'. ഇതിന്റെ ഒരു താളിയോലപ്പതിപ്പ് ഹെർമൻ ഗുണ്ടർട്ട് കണ്ടെടുത്ത് അച്ചടിച്ച് വിതരണം ചെയ്തിരുന്നു. മലയാളബ്രാഹ്മണരായിരുന്നു നാടുവാഴിഭരണത്തിലും ക്ഷേത്രഭരണത്തിലും പിടിമുറുക്കിയിരുന്നത്. അവരിലൊരുവിഭാഗം ഭൂസ്വാമിമാരുമായിരുന്നു. ജാതിവ്യവസ്ഥയ്ക്ക് ദാർശനിക വ്യാഖ്യാനം നൽകി സംരക്ഷിച്ചുപോന്ന പൗരോഹിത്യത്തെ വെല്ലുവിളിക്കുന്നതിനുവേണ്ടി ചട്ടമ്പിസ്വാമി എഴുതിയ ഗ്രന്ഥമാണ് "പ്രാചീനമലയാളം'. ബ്രാഹ്മണ കുടിയേറ്റം ആരംഭിക്കുന്നതിനു മുമ്പുതന്നെ കേരളമെന്ന ഭൂവിഭാഗം ഉണ്ടായിരുന്നുവെന്നും അവിടെ അധ്വാനശീലവും ബലിഷ്ഠഗാത്രരുമായ മനുഷ്യർ ജീവിക്കുന്നുണ്ടായിരുന്നുവെന്നും പ്രസ്തുത കൃതിയിൽ അദ്ദേഹം സമർഥിക്കുന്നു.

വേദകൃതികൾ പഠിക്കാനുള്ള കുത്തകാവകാശം ബ്രാഹ്മണർക്കു മാത്രമാണെന്ന അവകാശവാദത്തെ നിരാകരിക്കുന്നതാണ് "വേദാധികാര നിരൂപണം' എന്ന ഗ്രന്ഥം. വേദപഠനത്തിന് ജാതീയമായ അതിർവരമ്പുകളില്ലെന്ന് സമർഥിക്കുന്ന അദ്ദേഹം അറിവിന്റെ ജനകീയവൽക്കരണത്തെയാണ് ഉയർത്തിപ്പിടിക്കുന്നത്. വേദം എന്നു വച്ചാൽ അറിവാണെന്നും അതു നിഷേധിക്കാൻ ആർക്കും അധികാരമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ജ്ഞാനത്തെ സ്വകാര്യസ്വത്തായി കരുതിപ്പോന്ന ജന്മിത്ത‐പൗരോഹിത്യ കൂട്ടുകെട്ടിനെതിരെയുള്ള ധൈഷണിക പ്രതിരോധമാണ് ഈ ഗ്രന്ഥം.

യേശുവിന്റെ കുരിശുമരണത്തിനുശേഷം അധികം കഴിയുന്നതിനുമുമ്പുതന്നെ ക്രിസ്തുമതം കേരളത്തിൽ എത്തിയിരുന്നു. എന്നാൽ, ഭരണകൂടത്തിന്റെ പിന്തുണയോടുകൂടി വൻതോതിൽ മതപരിവർത്തനം തുടങ്ങുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റ് മിഷണറിമാരായിരുന്നു. നിരക്ഷരർക്ക് അക്ഷരാഭ്യാസം നൽകിയും ഊഴിയവേല നഷ്ടപ്പെട്ടവർക്ക് ബദൽ തൊഴിൽ നൽകിയും അടിമസമ്പ്രദായം അവസാനിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചും മനുഷ്യസ്നേഹപരമായ പ്രവർത്തനം നടത്തിവന്ന ക്രൈസ്തവ മിഷണറിമാരുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായിട്ടാണ് ചട്ടമ്പിസ്വാമി ബൈബിൾ പഠിക്കാനാരംഭിച്ചത്. ക്രൈസ്തവപുരോഹിതന്മാരുമായി ആശയവിനിമയം ചെയ്തും സുവിശേഷകൃതികൾ വായിച്ചുപഠിച്ചും അദ്ദേഹം ക്രിസ്തുദർശനം ഹൃദിസ്ഥമാക്കി. അതിന്റെ ഫലമായുണ്ടായതാണ് "ക്രിസ്തുമതസാരം' എന്ന പുസ്തകം.

നിത്യസഞ്ചാരിയായിരുന്ന ചട്ടമ്പിസ്വാമികൾ പലതരത്തിലുള്ള ആൾക്കാരുമായി ഇടപെടുകയും അവരിൽനിന്ന് ഉത്തമാശയങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതരമതവിശ്വാസികളെ പരിഹസിക്കുന്ന സമീപനം ആരു സ്വീകരിച്ചാലും അദ്ദേഹം കഠിനമായി വിമർശിക്കുകയും ചെയ്യുമായിരുന്നു

എന്നാൽ, ഏതു മതത്തിലായാലും യാഥാസ്ഥിതികത്വത്തിലും ആചാരാനുഷ്ഠാനങ്ങളിലും മുറുകെപ്പിടിക്കുകയും ദർശനത്തെ യാന്ത്രികമായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന പൗരോഹിത്യം മാനവികതയ്ക്ക് എതിരാണെന്നത് ചരിത്രസത്യമാണ്. തങ്ങളുടെ മതംമാത്രമാണ് ശരിയെന്നും മറ്റുള്ളതെല്ലാം അപരിഷ്കൃതമാണെന്നും ഒരു ബഹുസ്വരസമൂഹത്തിൽ സമർഥിക്കാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. വിശ്വാസത്തിന്റെ കാര്യത്തിൽ പല ശരികളുണ്ടെന്ന് അംഗീകരിക്കാതെ വൈവിധ്യങ്ങളേറെയുള്ള ഒരു സമൂഹത്തിൽ ജീവിക്കാനാകില്ല. മതഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിവച്ചിരിക്കുന്നതിനെ ദുർവ്യാഖ്യാനംചെയ്ത് ഇതരവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കാൻ പര്യാപ്തമാക്കുന്ന തരത്തിൽ പ്രവർത്തനം നടത്തുന്ന ചില സുവിശേഷകരുടെ യാന്ത്രികസമീപനത്തെ കഠിനമായി വിമർശിച്ചും പരിഹസിച്ചുകൊണ്ടുമെഴുതിയ ഗ്രന്ഥമാണ് "ക്രിസ്തുമത ഛേദനം'. ഇത്രയും കഠിനമായ ഭാഷ പ്രയോഗിക്കാൻ ചട്ടമ്പിസ്വാമിയെപ്പോലുള്ളൊരാൾ തയ്യാറാകുമോയെന്ന് പലരും സന്ദേഹിക്കുന്നു. നിത്യസഞ്ചാരിയായിരുന്ന ചട്ടമ്പിസ്വാമികൾ പലതരത്തിലുള്ള ആൾക്കാരുമായി ഇടപെടുകയും അവരിൽനിന്ന് ഉത്തമാശയങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതരമതവിശ്വാസികളെ പരിഹസിക്കുന്ന സമീപനം ആരു സ്വീകരിച്ചാലും അദ്ദേഹം കഠിനമായി വിമർശിക്കുകയും ചെയ്യുമായിരുന്നു.

സാമൂഹ്യപരിഷ്കരണ പ്രസ്ഥാനം നവോത്ഥാനപ്രസ്ഥാനമായി പരിണമിക്കുന്നത് ചട്ടമ്പി‐നാരായണഗുരു ദ്വയത്തോടുകൂടിയാണ്. അവരുടെ മുൻഗാമികളായിരുന്ന അയ്യാവൈകുണ്ഠനും ആറാട്ടുപുഴ വേലായുധപ്പണിക്കർക്കും ധൈഷണികമായ ഒരു പശ്ചാത്തലമൊരുക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം അവരൊരുക്കിയ സാമൂഹ്യപശ്ചാത്തലത്തിൽനിന്നാണ് ചട്ടമ്പിയും ശ്രീനാരായണനും തങ്ങളുടെ സാമൂഹ്യവും ധൈഷണികവുമായ വ്യാപാരത്തിനു മുതിരുന്നത്. സമൂഹത്തെ നിയന്ത്രിച്ചിരുന്ന ദർശനത്തെയും അതിനെ ദുർവ്യാഖ്യാനംചെയ്ത് സ്ഥാപിച്ചെടുത്ത ആചാരങ്ങളെയും കാലോചിതമായി വ്യാഖ്യാനിക്കാനാണ് ഇവർ ശ്രമിച്ചത്. അപ്പോഴാണ് ചില ആചാരങ്ങൾ അനാചാരങ്ങളാണെന്ന് അവർ തിരിച്ചറിഞ്ഞത്. അത് പരസ്യമായിപ്പറയാനുള്ള ആർജവം അവർ കാട്ടിയെന്നുള്ളതുമാത്രമല്ല, ഭൂരിപക്ഷം ജനങ്ങളിൽനിന്ന് മറച്ചുവച്ചിരുന്ന ദർശനങ്ങളെയും അവയിലെ മാനവികതയെയും മലയാളിയുടെ ഭാഷയിൽ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നുള്ളതാണ് അവരെ നവോത്ഥാന നായകപദവിയിലെത്തിക്കുന്നത്. ദർശനങ്ങളെ വ്യാഖ്യാനിക്കുകയല്ല ആ ദർശനങ്ങളെ ഉപയോഗപ്പെടുത്തി സാമൂഹ്യമാറ്റം വരുത്തുകയെന്നുള്ളതാണ് തന്റെ ദൗത്യമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അദ്ദേഹം കേരളീയനവോത്ഥാനത്തിന്റെ ധൈഷണിക നായകനായി അംഗീകരിക്കപ്പെടുന്നത്. മനുഷ്യശരീരത്തിന് രോഗകാരണമാകുന്ന അണുവിനെ കണ്ടെത്തി ഉന്മൂലനം ചെയ്യുന്ന ഭിഷഗ്വരനെപ്പോലെ സമൂഹഗാത്രത്തിലെ രോഗാണുവിന്റെ ഉറവിടം കണ്ടെത്തി കാലഹരണദോഷം ബാധിച്ചിട്ടും അവയെ സംരക്ഷിച്ചുനിർത്താൻ ശ്രമിക്കുന്ന പൗരോഹിത്യത്തിന്റെ നട്ടെല്ലുതകർക്കാൻ ശ്രമിച്ച ധൈഷണികനായിരുന്നു ചട്ടമ്പിസ്വാമികൾ. ഒരുബഹുസ്വര സമൂഹത്തിൽ ഒരുപാടു ശരികളുണ്ടെന്ന തിരിച്ചറിവാണ് ചട്ടമ്പിസ്വാമിയുടെ സ്മരണപുതുക്കുമ്പോൾ നാം നിതാന്ത ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ടത്.
 


പ്രധാന വാർത്തകൾ
 Top