28 February Friday

ജനങ്ങളാണ് അധ്യാപകർ

പി രാജീവ‌്Updated: Tuesday Jul 23, 2019


കമ്യൂണിസ്റ്റുകാർ ജലത്തിലെ മത്സ്യംപോലെയാണെന്ന് മാവോ പറയുകയുണ്ടായി. ജനങ്ങളുമായുള്ള ജൈവബന്ധമാണ് കമ്യൂണിസ്റ്റുകാരുടെ കരുത്ത്. എപ്പോൾ ജനങ്ങളിൽനിന്ന‌് അകലുന്നുവോ അപ്പോൾ വെള്ളത്തിൽനിന്ന‌് കരയ‌്ക്ക‌് എടുത്തിട്ട മത്സ്യത്തെ പോലെയാകും. ജനങ്ങളാണ് ജീവവായു. പാർടി എടുക്കുന്ന തീരുമാനങ്ങളും നയങ്ങളും ജനങ്ങളെ പഠിപ്പിക്കുക മാത്രമല്ല കമ്യൂണിസ്റ്റുകാർ ചെയ്യുന്നത്. ജനങ്ങളിൽനിന്ന‌് കാര്യങ്ങൾ പഠിക്കുകയും വേണം.  നിറഞ്ഞ പാത്രങ്ങളല്ല കമ്യൂണിസ്റ്റുകാർ. ഏതു കാര്യവും ജനങ്ങളിൽനിന്ന‌് പഠിക്കാൻ കഴിയേണ്ടതുണ്ട്.  പ്രയോഗ അനുഭവങ്ങളാൽ നിരന്തരം സമ്പന്നമാകുന്ന ദർശനമെന്നതാണ് മാർക‌്സിസത്തിന്റെ സവിശേഷത. അനുഭവങ്ങളെ വിലയിരുത്തുന്നതും പഠിക്കുന്നതും നിരന്തരം പുതുക്കുന്ന പ്രയോഗത്തിനുവേണ്ടിയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ജനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ കരുത്തിൽ വളർന്നുവന്നതാണ്.

എന്നാൽ, കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിൽ കേരളത്തിലെ പാർടിക്കുണ്ടായ പരാജയം ഗൗരവപ്പെട്ട കാര്യമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും തെരഞ്ഞെടുപ്പ് വിലയിരുത്തലിൽ സൂചിപ്പിക്കുന്നുണ്ട്. കുറവുകൾ തിരുത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും തീരുമാനിക്കുകയുണ്ടായി. ജനങ്ങളുമായുള്ള നിരന്തരബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. പാർടിയുടെ എല്ലാ നിലവാരത്തിലുള്ള പ്രവർത്തകരും ജൂലൈ 22 മുതൽ ഒരാഴ‌്ച ഗൃഹസന്ദർശനം നടത്തി ജനങ്ങളുമായി സംവദിക്കുന്നത് ഈ കാഴ‌്ചപ്പാടിന്റെ ഭാഗമാണ്. വിവിധ പ്രശ്നങ്ങളിൽ പാർടി എടുത്ത നിലപാടുകൾ വിശദീകരിക്കുകയും അവരിൽനിന്ന‌് കാര്യങ്ങൾ മനസ്സിലാക്കാനും ഏതെങ്കിലും കാര്യങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടായെങ്കിൽ അത് പരിഹരിക്കുന്നതിനും ഈ സന്ദർഭം ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം പാർടിയിൽനിന്നും സർക്കാരിൽനിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന‌് മനസ്സിലാക്കാനുമുള്ള അവസരം കൂടിയാണ്.

ജനതയുടെ ധാരണകൾ രൂപംകൊള്ളുന്നത് ഇന്നലത്തേതുപോലെയല്ല. മാധ്യമനിർമിതികളാണ് പൊതുബോധരൂപികരണത്തിന്റെ അടിസ്ഥാനം. മാധ്യമങ്ങളുടെ സ്വാധീനത്താൽ ഓരോ പ്രശ്നങ്ങളിലും നിലപാടുകൾ സ്വീകരിക്കുന്നവരാണ് ചെറുതല്ലാത്ത വിഭാഗം

ജനതയുടെ ധാരണകൾ രൂപംകൊള്ളുന്നത് ഇന്നലത്തേതുപോലെയല്ല. മാധ്യമനിർമിതികളാണ് പൊതുബോധരൂപികരണത്തിന്റെ അടിസ്ഥാനം. മാധ്യമങ്ങളുടെ സ്വാധീനത്താൽ ഓരോ പ്രശ്നങ്ങളിലും നിലപാടുകൾ സ്വീകരിക്കുന്നവരാണ് ചെറുതല്ലാത്ത വിഭാഗം. ജനങ്ങളുമായുള്ള നിരന്തരമായ ചർച്ചകളിലൂടെ വസ‌്തുതകൾ അവതരിപ്പിക്കാനും നുണകളെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ട്. അതുപോലെതന്നെ പ്രധാനമാണ് മാധ്യമങ്ങളുടെ നുണപ്രചാരവേലകളെ നിരന്തരം തുറന്നുകാണിക്കുന്ന സംവിധാനങ്ങളെ  ശക്തിപ്പെടുത്തേണ്ടതും.

ചില കാര്യങ്ങളിൽ അനുഭവംതന്നെ ജനങ്ങളെ തിരിച്ചറിവിലേക്ക് എത്തിക്കുന്നുണ്ട്. കഴിഞ്ഞദിവസം യുഎപിഎയുടെയും എൻഐഎയുടെയും ഭേദഗതി ബില്ലുകളെ പിന്തുണച്ച യുഡിഎഫിന്റെ സമീപനം തെരഞ്ഞെടുപ്പിൽ അവരെ പൂർണമായും പിന്തുണച്ച പലരുടെയും കണ്ണുതുറപ്പിച്ചിട്ടുണ്ട്. യുഎപിഎയും എൻഐഎയും കോൺഗ്രസിന്റെ സൃഷ്ടികളാണ്. 1967ൽ യുഎപിഎ അവതരിപ്പിക്കുന്നതിന് പാർലമെന്റിന‌് അധികാരം ലഭിക്കുന്നതിന് ഭരണഘടനതന്നെ ഭേദഗതി ചെയ്യുകയുണ്ടായി. പ്രജാ സോഷ്യലിസ്റ്റ‌് പാർടി നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന നാഥ് പൈ പ്രസക്തമായ ചോദ്യം യുഎപിഎ ബില്ലിന്റെ ചർച്ചയിൽ ഉന്നയിക്കുകയുണ്ടായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും ഉറപ്പ്  പൊലീസിന്റെ ബാറ്റൻ മാത്രമാണോയെന്ന‌് അദ്ദേഹം അന്നത്തെ ആഭ്യന്തരമന്ത്രിയായ കോൺഗ്രസ് നേതാവ്  വൈ ബി ചവാനോട് ചോദിച്ചിരുന്നു. സർക്കാരിന്റെ ഉദ്ദേശ്യത്തോട് വിയോജിപ്പില്ലെങ്കിലും ഇത് ഹനുമാന്റെ കൈയിൽ വാളു കൊടുക്കുന്നതുപോലെയാകുമെന്ന മുന്നറിയിപ്പ് ജെ ബി കൃപാലിനി നൽകുകയുണ്ടായി. അന്ന് കോൺഗ്രസ് കൊടുത്ത വരം പലതവണ ഭസ‌്മാസുരന്മാർ ദുരുപയോഗിച്ചെങ്കിലും ഭീകരവാദം ശക്തിപ്പെടുകയാണ് ഉണ്ടായത്. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎപിഎ നിയമം ചർച്ചകൾ ഒന്നുമില്ലാതെ ഭേദഗതിചെയ‌്തു. നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി രൂപീകരിക്കാനുള്ള നിയമവും പാസാക്കി.

പിന്നീട് രണ്ടാം യുപിഎ സർക്കാർ യുഎപിഎ നിയമം വീണ്ടും ഭേദഗതി ചെയ‌്തു. അത് ദുരുപയോഗിക്കുന്നതിനുള്ള സാധ്യതകൾ ഞങ്ങൾ അന്ന് പാർലമെന്റിൽ ഉന്നയിച്ചിരുന്നു. നേരത്തെ സംഘടനകൾ മാത്രമാണ് ഭീകരവാദ പട്ടികയിൽ വന്നിരുന്നതെങ്കിൽ ഇന്ന്  വേണമെങ്കിൽ ഏത് വ്യക്തിയെയും ഭീകരനാക്കാൻ അന്വേഷണ ഏജൻസികൾക്ക് സ്വാതന്ത്ര്യം നൽകുന്ന ഭേദഗതി ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. രാജ്യത്തെ പൊലീസ് സ്റ്റേറ്റ്  ആയി മാറ്റിത്തീർക്കുന്നതാണ് ഈ ഭേദഗതിയെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ശക്തമായി ചർച്ചയിൽ വ്യക്തമാക്കി. എന്നാൽ, നിങ്ങൾ ആർക്ക് ഒപ്പമെന്ന് ജോർജ‌്‌ ബുഷിന്റെ പഴയ ചോദ്യം അമിത് ഷാ ശക്തമായി ചോദിച്ചപ്പോൾ, ബിജെപിയെ പ്രതിരോധിക്കാൻ ശക്തിയുള്ളവർ വേണമെന്നുപറഞ്ഞ് കേരളത്തിലെ നല്ലൊരു വിഭാഗം വോട്ടുചെയ‌്തയച്ച യുഡിഎഫ് എംപിമാർ പറഞ്ഞതെല്ലാം വിഴുങ്ങി ബിജെപിക്കൊപ്പം വോട്ടുചെയ‌്തു. മുസ്ലിംലീഗ് എംപിമാർ എതിർക്കാൻ ധൈര്യമില്ലെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി. വിരലിലെണ്ണാവുന്നവരേയുള്ളൂവെങ്കിലും നിലപാടിന്റെ കരുത്തിൽ ഇടതുപക്ഷം ബില്ലിനെതിരെ വോട്ടുചെയ‌്തു. ഇടതുപക്ഷമില്ലാത്ത പാർലമെന്റിനെക്കുറിച്ച് ആലോചിക്കാനേ കഴിയില്ലെന്ന് ഇടതുപക്ഷത്തെ തോൽപ്പിക്കാൻ വിശ്രമമില്ലാതെ പ്രവർത്തിച്ച ചിലർ പരസ്യമായി പറയുന്നതും കേട്ടു.

ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന പ്രതീതിയിൽ നിലപാട് സ്വീകരിച്ച പലരും ഇന്നത്തെ കോൺഗ്രസിന്റെ സ്ഥിതി കണ്ട് അമ്പരന്നുപോകുന്നുണ്ട്. ഗോവയിൽ പ്രതിപക്ഷനേതാവ് ഉൾപ്പെടെ പത്തുപേരാണ് ബിജെപിയിലേക്ക് കൂറുമാറിയത്

ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന പ്രതീതിയിൽ നിലപാട് സ്വീകരിച്ച പലരും ഇന്നത്തെ കോൺഗ്രസിന്റെ സ്ഥിതി കണ്ട് അമ്പരന്നുപോകുന്നുണ്ട്. ഗോവയിൽ പ്രതിപക്ഷനേതാവ് ഉൾപ്പെടെ പത്തുപേരാണ് ബിജെപിയിലേക്ക് കൂറുമാറിയത്. കർണാടകത്തിൽ എത്ര പേർ ബിജെപിയിലേക്ക് പോയെന്ന് കണക്കെടുക്കാൻപോലും പറ്റാത്ത പരുവത്തിലാണ് കോൺഗ്രസ്. പാർലമെന്റ‌് അംഗങ്ങളിൽ കൊഴിച്ചിലില്ലാത്തത് ബിജെപി വിലയ‌്ക്കെടുക്കാൻ വരാത്തതുകൊണ്ട് മാത്രമാണ്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ആർഎസ്എസ് നയങ്ങൾ ബിജെപി സർക്കാരിനേക്കാളും വേഗത്തിലാണ് നടപ്പാക്കുന്നത്. ഈ നിർണായക സന്ദർഭത്തിൽ നയിക്കാൻ ആരുമില്ലാത്ത പാർടിയെന്ന ദയനീയാവസ്ഥയെയും കോൺഗ്രസിന് നേരിടേണ്ടിവന്നു. ബിജെപിയെ പ്രതിരോധിക്കാൻ ഇടതുപക്ഷമല്ല ജയിക്കേണ്ടതെന്നും കോൺഗ്രസ് തന്നെ വിജയിക്കണമെന്നും കരുതിയിരുന്നവരിൽ നല്ലൊരു പങ്കും പറ്റിയ അബദ്ധത്തെ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.

ഇടതുപക്ഷത്തിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളിലും കഴിഞ്ഞതവണ ചോർച്ചയുണ്ടായി. എന്തുകൊണ്ട് അവർ ആ സമീപനം സ്വീകരിച്ചെന്ന് മനസ്സിലാക്കുന്നതിനും തെറ്റിദ്ധാരണകൾ  ഉണ്ടെങ്കിൽ അത് തിരുത്തിക്കുന്നതിനും ഗൃഹസന്ദർശനം ഉപകരിക്കും. അതോടൊപ്പം അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കുന്നതിനും ഈ സന്ദർഭം സഹായകരമായിരിക്കും.  ശബരിമലയിൽ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽ സർക്കാർ സ്വീകരിച്ചത് ഏതൊരു സർക്കാരും സ്വീകരിക്കേണ്ട ഭരണാഘടനാപരമായ ഉത്തരവാദിത്തമാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിലുണ്ടായ അനുഭവങ്ങൾ പഠിപ്പിക്കുകയുണ്ടായി. സുപ്രീംകോടതിവിധിയെ മറികടക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കഴിയില്ലെന്ന് ബിജെപിയും പരസ്യമായി പറഞ്ഞു. ഇതുസംബന്ധിച്ച് നേരത്തെ എഴുതിയിരുന്നതുകൊണ്ട് വിശദീകരിക്കുന്നില്ല. ഇനി സുപ്രീംകോടതി എന്തു  വിധിച്ചാലും അതും സർക്കാർ നടപ്പാക്കുകയും ചെയ്യും. വിശ്വാസവുമായി ബന്ധപ്പെട്ടതും വൈകാരികവുമായ വിഷയമായതുകൊണ്ട് വ്യത്യസ‌്തമായ നിലപാട് സ്വീകരിച്ച ചെറുതല്ലാത്ത വിഭാഗമുണ്ട്. ഒറ്റ സന്ദർശനംകൊണ്ടോ സംസാരം കൊണ്ടോ സ്വീകരിച്ച സമീപനം അവരിൽ പലരും പെട്ടെന്ന് മാറ്റിയെന്നും വരില്ല. എന്നാൽ, തിരിച്ചറിവാണ് മനുഷ്യനെ വ്യത്യസ‌്തമാക്കുന്ന ഒരു ഘടകമെന്നതുകൊണ്ട് ശരിയായ സമീപനത്തിലേക്ക് എത്താതിരിക്കില്ല.

നിയമസഭാതെരഞ്ഞെടുപ്പിന് പ്രസിദ്ധപ്പെടുത്തിയ എൽഡിഎഫിന്റെ പ്രകടനപത്രിക സമയബന്ധിതമായി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓരോ വർഷവും സുതാര്യമായി അത് ജനങ്ങളെ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നു. മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നത്

നിയമസഭാതെരഞ്ഞെടുപ്പിന് പ്രസിദ്ധപ്പെടുത്തിയ എൽഡിഎഫിന്റെ പ്രകടനപത്രിക സമയബന്ധിതമായി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓരോ വർഷവും സുതാര്യമായി അത് ജനങ്ങളെ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നു. മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, ബോധപൂർവം നിർമിക്കുന്ന വിവാദങ്ങളിലൂടെ ഇവയൊന്നും ചർച്ച ചെയ്യപ്പെടാതിരിക്കുന്നതിന് മാധ്യമങ്ങളിൽ ഭൂരിപക്ഷവും ശ്രമിക്കുന്നു. നിപായുടെയും പ്രളയത്തിന്റെയും ഘട്ടങ്ങളിൽ സർക്കാർ കാണിച്ച അനിതരസാധാരണമായ നേതൃപാടവത്തെയും ജനപക്ഷ പ്രതിബദ്ധതയെയും തമസ‌്കരിക്കുന്നതിലും ഇക്കൂട്ടർ കാണിക്കുന്ന പ്രൊഫഷണൽ വൈദഗ‌്ധ്യവും കാണേണ്ടതുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ നേട്ടം അനുഭവിക്കുന്നവരെ പോലും സ്വാധീനിക്കാൻ ഇത്തരം പ്രചാരവേലകൾവഴി ശ്രമിക്കുന്നു.

ഇതിനെ പ്രതിരോധിക്കുന്നതിന് ജനകീയമായ മുൻകൈ ആവശ്യമാണ്. ഓരോ പ്രദേശത്തും നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും ജനക്ഷേമ നടപടികളും വിശദീകരിക്കാൻ ഗൃഹസന്ദർശനം സഹായകരമാണ്. അതോടൊപ്പം സർക്കാരിനെയും അതിനെ നയിക്കുന്ന എൽഡിഎഫിനെയും സംബന്ധിച്ച് അവർക്ക് എന്താണ് പറയാനുള്ളതെന്ന് മനസ്സിലാക്കാനും കഴിയേണ്ടതുണ്ട്. ഓരോ പ്രവൃത്തിയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അവരെക്കൂടി പങ്കാളികളാക്കുന്നതിനും ഏതു സമീപനമായിരിക്കും നല്ലത് എന്ന് തിരിച്ചറിയുന്നതിനും ഇതുവഴി കഴിയും.

സിപിഐ എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ ഒപ്പംനിൽക്കുന്നവരെ മാത്രമല്ല വീടുകളിൽ പോയി കാണുന്നത്. ജനങ്ങൾ നിലപാടുകൾ സ്വീകരിക്കുന്നത് അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. ഓരോ ഘട്ടത്തിലും നിലപാടിനെ സ്വാധീനിക്കുന്ന സാഹചര്യവും പ്രധാനമാണ്. ഈ സാഹചര്യത്തെ മനസ്സിലാക്കുന്നതിൽ അവർക്ക് പാളിച്ച പറ്റിയിട്ടുമുണ്ടാകാം. അതോടൊപ്പം അവരെ വിശ്വാസത്തിലെടുക്കുന്നതിലും കാര്യങ്ങൾ അവർക്കുകൂടി ബോധ്യമാകുന്ന രീതിയിൽ  വിശദീകരിക്കുന്നതിലും പാർടിക്കും കുറവുകൾ ഉണ്ടായെന്നുംവരാം. അതെല്ലാം മനസ്സിലാക്കി ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിന‌് ലഭിക്കുന്ന സന്ദർഭം കൂടിയാണത്. ജനങ്ങളിൽനിന്ന‌് പാർടി പ്രവർത്തകർക്ക് ലഭിക്കുന്ന വിദ്യാഭ്യാസം അവരിൽമാത്രമായി പരിമിതപ്പെടില്ല. കേൾക്കുന്ന അഭിപ്രായങ്ങളും വിമർശനങ്ങളും നിർദേശങ്ങളും കൂട്ടായ വിലയിരുത്തലിന് വിധേയമാക്കും. അതുവഴി ആവശ്യമായ തിരുത്തലുകൾ കൂട്ടായി വരുത്തുകയും ചെയ്യും. ഇങ്ങനെ ജനങ്ങളിൽനിന്ന‌് പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാർടിയുടെ അടിസ്ഥാനരീതി പ്രായോഗികമാക്കുകയും ചെയ്യും. തുടർച്ചയായ ജനബന്ധത്തിലൂടെ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാൻ മാത്രമല്ല, കാലം ആവശ്യപ്പെടുന്ന കൂടുതൽ കരുത്തിലേക്ക് മുന്നേറാനും സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കഴിയുകതന്നെ ചെയ്യും.


പ്രധാന വാർത്തകൾ
 Top