09 December Friday

പുസ്തകങ്ങള്‍: ഫലാനുഭവങ്ങളുടെ കലവറ

പയ്യന്നൂര്‍ കുഞ്ഞിരാമന്‍Updated: Wednesday Jun 22, 2016

പുതുപ്രതീക്ഷകള്‍ ഉണരുന്ന കേരളത്തിലെ വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും വായനവസന്തം. പുസ്തകം നെഞ്ചോട് ചേര്‍ത്തുവച്ച് പുരോഗതിയിലേക്ക് നടന്നുനീങ്ങണമെന്നാണ് വായനവാരാചരണം ഓര്‍മിപ്പിക്കുന്നത്. അക്ഷരവെളിച്ചംകൊണ്ട് ഹൃദയം കഴുകി നിര്‍മലമാക്കണമെന്ന് മലയാളികളെ ആഹ്വാനം ചെയ്ത പി എന്‍ പണിക്കരുടെ സ്മരണയിലാണ് വായനദിനം കൊണ്ടാടുന്നത്. മലയാളം സംസാരിക്കുന്നതുപോലും പോരായ്മയായി തോന്നുന്ന വര്‍ത്തമാനകാലത്ത് പുതുതലമുറയെ അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്തേക്ക് നയിക്കാന്‍ കര്‍മപരിപാടികള്‍തന്നെ വേണം. നിരന്തരവും നിര്‍ണായകവുമായ ഇടപെടലുകള്‍കൊണ്ടാണ് സമൂഹം പരിവര്‍ത്തനവിധേയമാകുന്നത്. ഈ സാമൂഹ്യപ്രക്രിയയെ ത്വരിതപ്പെടുത്താന്‍ പുസ്തകവായന അനിവാര്യംതന്നെ. 

മനുഷ്യന് വയറിന്റെ പ്രശ്നം മാത്രമല്ല ഉള്ളത്. മനസ്സിന്റെ പ്രശ്നവും പ്രധാനംതന്നെ. ജീവനുള്ള രാഷ്ട്രീയം പഠിക്കാനും പഠിപ്പിക്കാനുമുള്ള ഉപകരണമാണ് പുസ്തകം. കേരളത്തിലേതുപോലെ പത്രവും പുസ്തകവും വായനശീലമാക്കിയ മറ്റൊരു സംസ്ഥാനമില്ല. ഫെയ്സ്ബുക്കിന്റെയും വാട്സ് ആപ്പിന്റെയും കാലത്ത് പുസത്കവായന എന്തിനെന്ന് സംശയിക്കുന്നവരുണ്ട്. വായന മനുഷ്യന് പ്രയത്നഫലം നല്‍കുന്ന കര്‍മമാണ്. പ്രകാശത്തെയും സന്തോഷത്തെയും കാണാന്‍ അത് പ്രേരണ നല്‍കുന്നു. നീണ്ട കഷ്ടംനിറഞ്ഞ വഴിയല്ല ജീവിതമെന്ന് ഓര്‍മിപ്പിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് ജീവിതത്തില്‍ സുപ്രധാനമായ ചില സങ്കല്‍പ്പങ്ങളുണ്ടാകണം. ഭാവിയെപ്പറ്റി പ്രതീക്ഷകള്‍ വളരണം. നിശ്ചയദാര്‍ഢ്യവും മനശ്ശക്തിയുംകൊണ്ടേ ഇതെല്ലാം സാധ്യമാകൂ. പുസ്തകവായന മനോഗതിയെ മാറ്റിപ്പണിയുന്ന പ്രക്രിയയാണ്. ശുദ്ധവിചാരങ്ങള്‍കൊണ്ടേ ജീവിതത്തില്‍ ശുചിത്വമുണ്ടാകൂ എന്ന് കുമാരനാശാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഏറ്റവും പ്രിയപ്പെട്ട ഫലാനുഭവങ്ങളുടെ കലവറയാണ് പുസ്തകങ്ങള്‍. അവ ഉചിതമായ രീതിയില്‍ ഉപയോഗിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. പാപത്തിന്റെ കളകള്‍ മനസ്സില്‍നിന്ന് വേരോടെ പറിച്ചെറിയണം. സ്നേഹത്തിന്റെ വിളകള്‍ സമൃദ്ധിനേടണം. ഒരു പുസ്തകം കൈവശമുള്ളവനെ സാമ്രാട്ട് എന്നാണ് മഹാകവി ഉള്ളൂര്‍ വിശേഷിപ്പിച്ചത്. ഭാഗ്യമെന്നാല്‍ നല്ല പുസ്തകങ്ങളുടെ വായനാനുഭവംതന്നെ. മനസ്സിനെ ഒരു തോട്ടത്തോടും ആശാന്‍ ഉപമിച്ചിട്ടുണ്ട്. തോട്ടം കാടുപിടിച്ചുകിടക്കരുത്. കാട് വെട്ടിത്തെളിച്ച് നിര്‍മലവിചാരങ്ങള്‍ നട്ടുപിടിപ്പിക്കണം. വിദ്യാര്‍ഥികളെ സംബന്ധിച്ച് ക്ഷമയും ശാന്തതയും വിവേകവും ശുഷ്കാന്തിയും വിടര്‍ന്നുല്ലസിക്കണം. പഠിച്ച് നല്ലവരാകാനും ജയിച്ച് മുന്നേറാനും കഴിയണം.

വായന മനുഷ്യസഹജമായ വികാരമാണ്. സാമൂഹ്യബന്ധങ്ങളെ ഗുണപ്രദമാക്കിത്തീര്‍ക്കാന്‍ വായന ഉപകരിക്കും. മനസ്സിലെ ആര്‍ദ്രത വറ്റിത്തീരാതെ കാക്കാന്‍ വായനയ്ക്ക് കഴിയും. മനുഷ്യസമൂഹത്തിനുവേണ്ടി പ്രതികരിക്കാന്‍ പ്രേരണ ചെലുത്തും. പുസ്തകങ്ങള്‍ കാലത്തിന്റെ തിരുശേഷിപ്പാണ്. അക്ഷരവും വായനയും മേലാളവര്‍ഗത്തിന്റെമാത്രം കൈയിലൊതുങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ശൂദ്രവിഭാഗത്തിന് വിദ്യ നിഷേധിച്ച കാലം. ആ കാലത്തോട് പടപൊരുതി മാറ്റിയെടുത്തവരാണ് നമ്മുടെ പൂര്‍വികര്‍. എല്ലാവരും വായിക്കണം, എല്ലാവരും പഠിക്കണം, എല്ലാവരും ജയിക്കണം എന്നത് നവോത്ഥാനകാലത്തെ ചിന്തകളായിരുന്നു. കേരളത്തെ മലയാളികളുടെ മാതൃഭൂമിയാക്കി തീര്‍ത്തതില്‍ വായനയ്ക്കുള്ള പങ്കും ചെറുതല്ല. പെറ്റനാടിന്റെ സാംസ്കാരിക പൈതൃകങ്ങളാണ് പുസ്തകങ്ങളില്‍ സംഭരിച്ചുവച്ചിരിക്കുന്നത്. പണ്ടുള്ള പണ്ഡിതശ്രേഷ്ഠര്‍ പരലോകം ഗമിക്കിലും പുസ്തകാകൃതി പൂണ്ട് ഭൂലോകത്ത് കഴിയുന്നുവെന്ന് ഉള്ളൂര്‍ പാടിയിട്ടുണ്ട്. പുസ്തകം നന്മയിലേക്കുള്ള വഴിയാണ്. തിന്മയ്ക്കെതിരെയുള്ള കവചമാണ്. ഫ്രാന്‍സിസ് ബേക്കണ്‍ എന്ന ചിന്തകന്‍ പുസ്തകങ്ങളെ മൂന്നായി തരംതിരിച്ചു– രുചിച്ചുനോക്കേണ്ടവ, വിഴുങ്ങേണ്ടവ, ചവച്ചരച്ച് രക്തത്തില്‍ കലര്‍ത്തേണ്ടവ. മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളാണ് സ്വന്തമാക്കേണ്ടത്.

പൊതുപ്രവര്‍ത്തകരുടെയെല്ലാം ഊര്‍ജമാണ് വായന. പുസ്തകങ്ങള്‍ വിശാലമായൊരു ലോകത്തെയാണ് നിങ്ങള്‍ക്കുമുന്നിലെത്തിക്കുന്നത്. നേരിട്ട് കാണാനോ അനുഭവിക്കാനോ സാധിക്കാത്ത കാര്യങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്നു. പൊതുവിജ്ഞാനം വര്‍ധിക്കുന്നതിനോടൊപ്പം ശരിയായ ചിന്തയും തെളിഞ്ഞുവരും. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ ഒരു ജനത ഇവിടെ ഉണ്ടായിരുന്നു. ജീവിതത്തിലെ പ്രാഥമിക ആവശ്യങ്ങള്‍പോലും അവര്‍ക്ക് നല്‍കിയിരുന്നില്ല. നിഷേധത്തിന്റെയും ചൂഷണത്തിന്റെയും കാലം. വഴി നടക്കാനോ അമ്പലത്തില്‍ പോകാനോ കഴിയാതിരുന്ന അവസ്ഥയെ മറികടക്കാന്‍ പ്രചോദനം നല്‍കിയത് പുസ്തകങ്ങളാണ്. വായനയിലൂടെ കൈവരുന്ന ഊര്‍ജം ചെറുത്തുനില്‍പ്പിന് പ്രേരണ നല്‍കുന്നു. തോട്ടിയുടെ മക്കള്‍ക്കും ജീവിതമുണ്ടെന്ന് സമര്‍ഥിച്ച പുസ്തകമാണ് തകഴിയുടെ നോവല്‍.

നല്ല വായനക്കാരന്‍ നല്ല മനുഷ്യനാകുമെന്നതിന് അനേകം തെളിവുകളുണ്ട്. വാല്‍മീകിയുടെ കഥ നമുക്കുമറിയാം. രത്നാകരന്‍ എന്ന കാട്ടാളന്‍ അക്ഷരം ഉരുവിട്ടപ്പോഴാണ് മാനവനായി തീര്‍ന്നത്. അക്ഷരങ്ങളും അക്കങ്ങളും ഉരുവിട്ടുവളര്‍ന്ന ഒരു സാംസ്കാരിക ജീവിതത്തെക്കുറിച്ചാണ് നമുക്കെന്നും ചിന്തിക്കാനുള്ളത്. തോമസ് എഡിസനെ ഒന്നിനും കൊള്ളാത്തവനെന്ന് പറഞ്ഞ് സ്കൂളില്‍നിന്ന് പുറത്താക്കി. അമ്മ വാങ്ങിക്കൊടുത്ത പുസ്തകം വായിച്ച് പരീക്ഷണം നടത്തിയാണ് എഡിസണ്‍ മഹാനായിത്തീര്‍ന്നത്. ഒഴിവുസമയങ്ങളിലെല്ലാം അദ്ദേഹം ലൈബ്രറിയില്‍ ചെന്നിരിക്കുമായിരുന്നു. വായനയും ചിന്തയുംകൊണ്ട് ആ ജീവിതം വികസിക്കുകയായിരുന്നു. പുസ്തകവായന തന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയത് എങ്ങനെയെന്ന് ഇ എം എസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ലൈബ്രറിയില്‍ എന്നും കയറിച്ചെല്ലുന്ന ഒറ്റ കുട്ടിയേ ഉണ്ടായിരുന്നുള്ളൂ. അത് ഇ എം എസ് ആണെന്ന് പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയിലില്‍ കിടക്കുമ്പോള്‍ പുസ്തകവായന വളരെ ഫലമുണ്ടാക്കിയതായി എ കെ ജിയും എഴുതി.

മലയാളിയുടെ സാമൂഹ്യജീവിതത്തിലും സാംസ്കാരിക ബന്ധത്തിലും നവചൈതന്യം പകര്‍ന്ന് വായന വളരേണ്ട കാലമാണിത്. കാലദേശങ്ങള്‍ മുറിച്ചുകടക്കാന്‍ സമൂഹത്തിന് കരുത്തുപകരുന്ന ചില മൂല്യങ്ങളുണ്ട്. സ്വയം പൂര്‍ണതയിലേക്ക് നയിക്കുന്ന ചിന്താധാരകളുണ്ട്. ഇന്നലെകള്‍ ഉല്‍പ്പാദിപ്പിച്ച വികസിത മനസ്സും വിമോചനദാഹവുമുണ്ട്. ഇവയെല്ലാം വറ്റിപ്പോകാതെ കാക്കാന്‍ വായന പ്രയോജനപ്പെടും. മനുഷ്യന്റെ വികാരവിചാരങ്ങള്‍പോലും തടയിട്ട് ആധുനിക സാങ്കേതിക മാധ്യമങ്ങള്‍ പെരുകിവരുമ്പോഴും വായന കൂടിവരുന്നെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്കൂള്‍ ഗ്രന്ഥശാലകള്‍ സജീവമാക്കേണ്ട കാലമാണിത്. പുതുതലമുറയെ വായനയിലേക്ക് നയിക്കുക, പുസ്തകങ്ങളിലെ ആനന്ദം കണ്ടെത്തുക, അറിവിന്റെ നൂതനമേഖലകള്‍ കണ്ടെത്തുക തുടങ്ങിയ ഗൌരവമായ ലക്ഷ്യങ്ങള്‍ വായനവാരാചരണകാലത്ത് നിര്‍വഹിക്കാന്‍ കഴിയണം. പി എന്‍ പണിക്കര്‍ എന്ന മഹാനായ മനുഷ്യന്റെ ജീവിതംതന്നെ വായനയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ചതാണ്. മനുഷ്യനെ ആന്തരികമായി വികസിപ്പിക്കുന്ന വെള്ളിരേഖകളാണ് അക്ഷരങ്ങളെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. പുസ്തകം അന്നവും അമൃതവുമാണ്. അക്ഷരം പഠിച്ചും അക്കങ്ങള്‍ കൂട്ടിയും വികസിച്ച വിജ്ഞാന ലോകത്തിലൂടെയാണ് മനുഷ്യന്‍ പുരോഗതിയുടെ പടവുകള്‍ താണ്ടിയത്. നന്മയും നീതിബോധവും ഉല്‍പ്പാദിപ്പിച്ച് മനുഷ്യനെ സ്വാതന്ത്യ്രത്തിലേക്ക് നയിക്കുന്നതും പുസ്തകങ്ങളാണ്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top