25 April Thursday

ഇരുട്ടില്‍ തപ്പുന്ന തമിഴ്‌നാട് സര്‍ക്കാര്‍

വി ബി ഗണേശന്‍Updated: Thursday Dec 21, 2017

എഐഎഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജെ ജയലളിതയുടെ ദുരൂഹമരണം സംഭവിച്ച് ഒരുവര്‍ഷം പിന്നിട്ടു. 75 ദിവസത്തെ അവരുടെ ആശുപത്രിവാസവും അതില്‍ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയും സംബന്ധിച്ച് ജുഡീഷ്യല്‍ കമീഷന്‍ അന്വേഷിക്കുകയാണ്. എന്നാല്‍, അവരുടെ വിയോഗം എഐഎഡിഎംകെയില്‍ സൃഷ്ടിച്ച ശൂന്യതയും പിന്നീട് പാര്‍ടിയിലുണ്ടായ പൊട്ടിത്തെറിയുമെല്ലാം തമിഴ്നാടിന്റെ വികസനപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.

എം ജി ആര്‍ തന്റെ പ്രതാപകാലത്ത് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പറയുമായിരുന്നു 'എനിക്കുശേഷം ശൂന്യത'യായിരിക്കുമെന്ന്. പുരട്ചി തലൈവറിന്റെ പാത അതേപടി പിന്തുടരുകയായിരുന്നു ജയലളിത. തന്റെ കൂടെയുള്ളവരെ നിസ്സാരന്മാരായാണ് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ അവര്‍ തമ്മില്‍ ഇപ്പോള്‍ രാഷ്ട്രീയനേട്ടത്തിനുവേണ്ടി തമ്മില്‍ത്തല്ലുകയാണ്.

എഐഎഡിഎംകെയിലെ ശൂന്യത മുതലെടുക്കാന്‍ തമിഴ്നാട്ടിലെ മറ്റു രാഷ്ട്രീയകക്ഷികളെല്ലാം ശ്രമിക്കുന്നുണ്ട്. ദീര്‍ഘകാലമായി തമിഴ്നാട്ടില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയാണെങ്കില്‍ ഈ അവസരം പരമാവധി മുതലെടുക്കാനാണ് നോക്കുന്നത്. കേന്ദ്രഭരണത്തിന്റെ അധികാരം ഉപയോഗിച്ച് എഐഎഡിഎംകെയിലെ ഗ്രൂപ്പുകളെ ഒപ്പംനിര്‍ത്തുകയും അതോടൊപ്പം വളരെ പരസ്യമായിത്തന്നെ വര്‍ഗീയത ആളിക്കത്തിക്കുകയുമാണ് ചെയ്യുന്നത്. ജാതിസംഘടനകളെ കൂട്ടുപിടിക്കുകമാത്രമല്ല, ഇപ്പോഴുള്ള ശൂന്യത ഉപയോഗപ്പെടുത്തി ഇതിനെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്നു.

ദ്രാവിഡ പാര്‍ടികളായ ഡിഎംകെയും എഐഎഡിഎംകെയും എക്കാലവും ഏത് ലക്ഷ്യത്തിനും നയത്തിനും വേണ്ടിയാണോ നിലകൊണ്ടത് അതെല്ലാം അവസരവാദത്തിന്റെ പേരില്‍ പിന്നീട് ബലികൊടുക്കുകയാണ് ചെയ്തത്. എം കരുണാനിധിയുടെ മോശം ആരോഗ്യാവസ്ഥയും 2ജി അഴിമതിയും ഡിഎംകെയെ തളര്‍ത്തി. എഐഎഡിഎംകെയാണെങ്കില്‍ ബിജെപിയുടെ അനുഗ്രഹവും പിന്തുണയും നേടിയെടുക്കാന്‍ ഗ്രൂപ്പുതിരിഞ്ഞ് മത്സരിക്കുകയാണ്.

ജയലളിതയുടെ കാലത്ത് സ്വീകരിച്ച പല നിലപാടിലും വെള്ളം ചേര്‍ക്കുന്ന സമീപനമാണ് പിന്നീട് മുഖ്യമന്ത്രിക്കസേരയില്‍ എത്തിയ ഒ പന്നീര്‍ശെല്‍വവും എടപ്പാടി പളനിസ്വാമിയും ചെയ്തത്. ജിഎസ്ടി, യുഡിഎഐ, നീറ്റ്, തൊഴിലുറപ്പുപദ്ധതി ഉള്‍പ്പെടെയുള്ളവയ്ക്ക് ഫണ്ട് അനുവദിക്കുന്നതിലെ വിവേചനം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ നിലപാടാണ് മരണംവരെ ജയലളിത സ്വീകരിച്ചത്. എന്നാല്‍, പിന്മുറക്കാര്‍ ബിജെപിയുടെ സമ്മര്‍ദത്തിന് അടിപ്പെട്ട് സംസ്ഥാന താല്‍പ്പര്യം ബലികഴിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയുന്നതരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ജോലിക്കായുള്ള മത്സരപരീക്ഷയുടെ നിയമാവലിയില്‍ മാറ്റംവരുത്തി. തപാല്‍വകുപ്പിലും റെയില്‍വേയിലുമെല്ലാം ഇത് നേരത്തെയുണ്ടെങ്കിലും ആ നുഴഞ്ഞുകയറ്റം സംസ്ഥാന സര്‍ക്കാര്‍ തസ്തികകളിലേക്കുകൂടി ഇപ്പോള്‍ വ്യാപിപ്പിച്ചു.

2016 ഡിസംബറില്‍ വാര്‍ദ ചുഴലിക്കാറ്റ് നാശംവിതച്ചപ്പോള്‍ ഉടന്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടത്താന്‍ പന്നീര്‍ശെല്‍വം സര്‍ക്കാര്‍ തയ്യാറായെങ്കില്‍, ഈയിടെ തെക്കന്‍ ജില്ലകളായ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ വളരെ മന്ദഗതിയിലായിരുന്നു സര്‍ക്കാര്‍ ഇടപെടല്‍. വെള്ളവും വൈദ്യുതിയും ഭക്ഷണവുമില്ലാതെ ലക്ഷക്കണക്കിനുപേരാണ് ദിവസങ്ങളോളം ദുരിതമനുഭവിച്ചത്. മാത്രമല്ല, കടലില്‍ പോയ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വിവരം ലഭ്യമാക്കാനാകാതെ ഈ പ്രദേശത്തെ ആശങ്കയിലാഴ്ത്തുകയും ചെയ്തു. കന്യാകുമാരിയെയാണ് ചുഴലിക്കാറ്റ് ഏറ്റവും രൂക്ഷമായി ബാധിച്ചത്്. ഇവിടത്തെ പ്രധാന കാര്‍ഷികവിളകളായ വാഴ, തെങ്ങ്, റബര്‍ എന്നിവ വ്യാപകമായി നശിച്ചു. ജില്ലയിലെമ്പാടും ജനജീവിതം പാടെ സ്തംഭിക്കുന്ന സാഹചര്യമായിരുന്നു. ഏതാനും ചില മന്ത്രിമാര്‍ ദുരന്തബാധിത ജില്ലകള്‍ സന്ദര്‍ശിച്ചതല്ലാതെ ഫലപ്രദ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. നഷ്ടം വിലയിരുത്തി ആവശ്യമായ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ചോദിച്ചുവാങ്ങുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് യഥാസമയം കേന്ദ്രത്തെ ഇടപെടീക്കാനും തമിഴ്നാട് സര്‍ക്കാരിന് കഴിഞ്ഞില്ല. എന്നാല്‍, കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിവേഗം നാവികസേനയെ എത്തിക്കുകയും കേരളത്തിലെയും തമിഴ്നാട്ടിലെയും മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയും മനുഷ്യത്വപരമായി അവര്‍ക്കെല്ലാം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കുകയും സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ സംവിധാനം ഒരുക്കുകയും ചെയ്തു. കണ്ടെടുത്ത, തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം സര്‍ക്കാര്‍ച്ചെലവില്‍ അവരവരുടെ വീട്ടില്‍ എത്തിക്കുകയും ചെയ്തു.

തമിഴ്നാട്ടിലാണെങ്കില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നും കണ്ടെടുത്ത മൃതദേഹങ്ങള്‍ എത്രയുംവേഗം വീടുകളില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തിയ മത്സ്യത്തൊഴിലാളിസമൂഹത്തെ അവഹേളിക്കുകയും അവര്‍ക്കെതിരെ കേസെടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്്. ചുഴലിക്കാറ്റില്‍ നശിച്ച കാര്‍ഷികവിളകള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഈയിടെമാത്രമാണ് പ്രഖ്യാപിച്ചത്. ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി അതിന് നീക്കിവച്ച ഫണ്ട് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഈ നിഷ്ക്രിയത്വം താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതാണ്. സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി മല്ലടിക്കുന്ന എഐഎഡിഎംകെ നേതൃത്വത്തിന് സര്‍ക്കാരിന്റെ അവകാശങ്ങള്‍ പണയപ്പെടുത്തുന്നതില്‍ ഒരു മനസ്താപവുമില്ല. എല്ലാ തുറയിലുള്ള ജനവും സര്‍ക്കാരിന്റെ ഈ നിലപാടില്‍ രോഷാകുലരാണ്. ഡിസംബര്‍ 21ന് നടക്കാനിരിക്കുന്ന ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാവുകതന്നെ ചെയ്യും

പ്രധാന വാർത്തകൾ
 Top