03 February Friday

പെൻഷൻ ആനുകൂല്യങ്ങൾക്കായി സമരപാതയിൽ

വി എ മോഹനൻUpdated: Friday Oct 21, 2022

ഇന്ത്യയിലെ ഒന്നേകാൽ ലക്ഷത്തിലധികം വരുന്ന പോസ്റ്റൽ–-ആർഎംഎസ്‌ പെൻഷൻകാർ അതിജീവനത്തിനായി സമരത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്. 60 വയസ്സുവരെ  തപാൽ–- ആർഎംഎസ് ഓഫീസുകളിൽ രാവും പകലും ഭേദമില്ലാതെ ജോലി ചെയ്തതിന്റെ തുടർച്ചയായി പലരും അസുഖബാധിതരായാണ് സർവീസ് വിടുന്നത്. കേന്ദ്ര പെൻഷൻകാർക്കുള്ള സെൻട്രൽ ഗവ. ഹെൽത്ത്‌ സ്കീമാകട്ടെ (സിജിഎച്ച്എസ്‌) നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾപോലും പിൻവലിക്കുകയാണ്. സിജിഎച്ച്എസ്‌ സ്കീമിൽ ഉൾപ്പെട്ട ആശുപത്രികൾക്ക് നൽകേണ്ട കോടിക്കണക്കിനു രൂപ കേന്ദ്ര സർക്കാർ നൽകുന്നില്ല.   നിരക്കുകൾ കാലാനുസൃതമായി പരിഷ്കരിക്കാത്തതും ആശുപത്രികളുടെ നിസ്സഹകരണത്തിനു കാരണമാണ്. ഫലമോ ജീവിതത്തിന്റെ അന്ത്യനാളുകളിൽപ്പോലും ചികിത്സ കിട്ടാതെ പെൻഷൻകാരും കുടുംബ പെൻഷൻകാരും കഷ്ടപ്പെടുകയാണ്. കേരള സർക്കാർ  നടപ്പാക്കിയ മെഡിസെപ്  മാതൃകയിൽ കേന്ദ്ര പെൻഷൻകാർക്കും ചികിത്സയ്ക്ക് സൗകര്യമൊരുക്കണം.

വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര പെൻഷൻകാർ പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ 110–-ാമത് നിർദേശം സ്വാഗതം ചെയ്തത്. കേന്ദ്ര പെൻഷൻകാർക്ക് 65ഉം 70ഉം 75ഉം വയസ്സുകളിൽ യഥാക്രമം അഞ്ചു ശതമാനം, 10 ശതമാനം, 15 ശതമാനംവീതം അധിക പെൻഷൻ നൽകണമെന്നാണ് കമ്മിറ്റിയുടെ ശുപാർശ. എല്ലാ റവന്യു ജില്ലകളിലും പെൻഷൻകാർക്ക് പ്രത്യേക ചികിത്സാ സൗകര്യം നൽകണമെന്നും നിലവിലുള്ള ഫിക്സഡ് മെഡിക്കൽ അലവൻസ് പ്രതിമാസം 3000 രൂപയാക്കി വർധിപ്പിക്കണമെന്നും കമ്മിറ്റി ശുപാർശയിൽ പറയുന്നു.

സ്വാഭാവികമായും മാധ്യമങ്ങൾ നിർദേശങ്ങൾക്ക് വലിയ പ്രചാരം നൽകി. മാസങ്ങൾ പിന്നിട്ടതല്ലാതെ പെൻഷൻകാരന്‌ ആനുകൂല്യമൊന്നുംതന്നെ കിട്ടിയില്ല.  കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ പെൻഷൻ സംഘടനകളുടെ അഖിലേന്ത്യ കോ–-ഓർഡിനേഷൻ (എൻസിസിപിഎ) തീരുമാനിച്ചിട്ടുണ്ട്‌. കോവിഡിന്റെ മറവിൽ കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകരുടെയും മൂന്നു ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവും മരവിപ്പിച്ച നടപടി പെൻഷൻകാർക്ക് ഇരുട്ടടിയായി. കോർപറേറ്റുകൾക്കും കുത്തകകൾക്കും സൗജന്യങ്ങൾ വാരിക്കോരി നൽകിയ കേന്ദ്ര സർക്കാർ  പെൻഷൻകാരന്റെ കോടികളാണ്‌ കവർന്നത്‌. 

പെൻഷൻ സ്വകാര്യവൽക്കരണം
2004 മുതൽ കേന്ദ്ര സർവീസിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിർത്തലാക്കി പങ്കാളിത്ത പെൻഷൻ നടപ്പാക്കി. ന്യൂ പെൻഷൻ സ്കീമെന്ന് ഓമനപ്പേരിട്ട് കോൺഗ്രസ്‌, ബിജെപി സർക്കാരുകൾ കൊണ്ടുവന്നതാണ്‌ ഇത്‌. ഇത് ഫലത്തിൽ നോ പെൻഷൻ സിസ്റ്റമാണ്. പെൻഷൻകാരുടെ പണം റെഗുലേറ്ററി അതോറിറ്റിവഴി ഓഹരിക്കമ്പോളത്തിൽ ചൂതാട്ടത്തിന്‌ എറിഞ്ഞുകൊടുക്കുന്ന എൻപിഎസ്‌ പെൻഷൻ സ്വകാര്യവൽക്കരണമല്ലാതെ മറ്റൊന്നുമല്ല.
അഖിലേന്ത്യ പോസ്റ്റൽ–-ആർഎംഎസ്‌ പെൻഷനേഴ്സ് അസോസിയേഷന്റെ (എഐപിആർപിഎ) മൂന്നാമത് ദ്വൈവാർഷിക സമ്മേളനം വെള്ളിയാഴ്‌ച എറണാകുളം വൈഎംസിഎ ഹാളിൽ (സ. എം കൃഷ്ണൻ നഗർ) ചേരുകയാണ്. അറുനൂറിൽപ്പരം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം പെൻഷൻകാരുടെ പ്രശ്നങ്ങൾ മുൻനിർത്തി സമരപരിപാടികൾക്ക് രൂപംനൽകും.

(എഐപിആർപിഎ സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top