19 January Sunday

പടങ്ങൾ കാട്ടി പാഷാണം വർക്കിമാർ

ഗൗതമൻUpdated: Monday Oct 21, 2019

എട്ടുകാലി മമ്മൂഞ്ഞ്‌, ചാരിത്ര്യപ്രസംഗം നടത്തുന്ന വാസവദത്ത, പാഷാണം വർക്കി തുടങ്ങിയവരൊക്കെ ചരിത്രത്തിന്റെ ഏടുകളിൽ എത്ര ഗാഢനിദ്രയിലാണെങ്കിലും തെരഞ്ഞെടുപ്പുകാലമായാൽ കണ്ണുതിരുമ്മി എഴുന്നേറ്റുവരും. ഇത്തവണ പാഷാണം വർക്കിക്കാണ്‌ ഡിമാൻഡ്‌ കൂടുതൽ. ഏഴുരാത്രികൾ എന്ന പഴയ നാടകത്തിലെ കഥാപാത്രമാണ്‌ പാഷാണം വർക്കി. ഭിക്ഷയെടുക്കലാണ്‌ അദ്ദേഹത്തിന്റെ പരിപാടി. തന്റെ ബിസിനസിന്റെ വിജയത്തിന്‌ അദ്ദേഹം പുറത്തെടുക്കുന്ന ഒരു വിദ്യയുണ്ട്‌. ഫോട്ടോ ഫ്രെയിമിന്റെ ഒരു വശത്ത്‌ ഗുരുവായൂരപ്പനെയും മറുവശത്ത്‌ അന്തോണീസ്‌ പുണ്യാളന്റെയും പടം ഫിറ്റുചെയ്യുന്നു. ഹിന്ദുവിന്റെ വീട്ടിൽ ഗുരുവായൂരപ്പന്റെ പടം കാണിച്ച്‌ ഭിക്ഷയെടുക്കുന്ന വർക്കി ക്രിസ്‌ത്യാനിയുടെ വീട്ടിലെത്തുമ്പോൾ അന്തോണീസ്‌ പുണ്യാളന്റെ പടം കാണിക്കും.

വിശ്വാസവുമായി ബന്ധപ്പെട്ടതാകയാൽ പാഷാണം വർക്കിയെ ആർക്കും വിട്ടുകൊടുക്കില്ലെന്നാണ്‌ യുഡിഎഫിന്റെയും  ബിജെപിയുടെയും നിലപാട്‌. ശബരിമലയുടെ കാര്യത്തിൽ എന്തും ചെയ്യുമെന്നു പറഞ്ഞ ചെന്നിത്തലജി അതാ ഒരു ദിവസം വിശുദ്ധ മറിയം ത്രേസ്യക്കുവേണ്ടി അരയും തലയും മുറുക്കി രംഗത്തുവരുന്നു. ക്രിസ്‌ത്യാനികളുടെ വോട്ടു കിട്ടാൻ അദ്ദേഹം ഏറ്റവും വലിയ ക്രിസ്‌തുഭക്തനാകും. മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്ന ചടങ്ങിലേക്ക്‌ കേരളം പ്രതിനിധികളെ അയക്കാത്തതിൽ ക്രിസ്‌തീയ വിശ്വാസികൾ കടുത്ത വേദനയിലാണെന്നാണ്‌ അദ്ദേഹം തട്ടിവിട്ടത്‌. ക്രിസ്‌ത്യാനികൾ ഇങ്ങനെയൊരു വേദനയറിഞ്ഞില്ലെങ്കിലും വേദനയറിയുന്ന ഒരു നേതാവുള്ളത്‌ മലയാളികളുടെ പുണ്യം. 

 

കോന്നിയിൽ  ബിജെപി  സ്ഥാനാർഥിയുടെ അനുയായികൾ സോഷ്യൽ മീഡിയവഴി വോട്ടുപിടിക്കുന്നത്‌ സാക്ഷാൽ കാതോലിക്കാബാവയുടെ ചിത്രംവച്ചാണ്‌. ഇരുമുടിക്കെട്ട്‌ വലിച്ചെറിയുന്നവനാണ് ഈ സ്ഥാനാർഥിയെന്നു പറഞ്ഞ്‌ ചില വീഡിയോ പ്രചരിക്കുന്നുണ്ട്‌. അത്‌ ശരിയാണെങ്കിൽക്കൂടി  വിശ്വാസത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തിനുവേണ്ടിയാണ്‌ അത്‌ ചെയ്‌തതെന്നേ ഗൗതമൻ കരുതൂ. പണ്ട്‌ പോപ്പിന്റെ ചിത്രംവച്ച്‌ മൂവാറ്റുപുഴയിൽ വോട്ടുപിടിച്ച്‌ സ്ഥാനാർഥിയുടെ ഒരു ചങ്ങാതി പുലിവാൽ പിടിച്ചതാണ്‌. അത്തരം ദുരന്തങ്ങളൊന്നും കോന്നിയിലെ സ്ഥാനാർഥിയെ ഏശാതിരിക്കട്ടെ. എന്തായാലും അഭീഷ്ടകാര്യസാധ്യത്തിന്‌ ഏതു മതക്കാർക്കും  അഭയപ്പെടാവുന്ന മനുഷ്യനാണ്‌ ഈ സ്ഥാനാർഥിയെന്ന്‌ ഫാൻസുകാർ പറയുന്നതിൽ തെറ്റുകാണാൻ കഴിയില്ല. 

ഇതിനിടയിൽ മധ്യകേരളത്തിലെ ഒരു കോൺഗ്രസ്‌ സ്ഥാനാർഥിയുടെ സങ്കടംകൂടി സന്ദർഭവശാൽ പങ്കുവയ്‌ക്കട്ടെ. സ്ഥാനാർഥി  ലത്തീൻ കത്തോലിക്കനാണെന്ന്‌ പേരു കേട്ടാൽ അറിയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ  പ്രശ്‌നം. ഒടുവിൽ വോട്ട്‌ അഭർഥിച്ചുള്ള നോട്ടീസിൽ  ‘സൺ ഓഫ്‌’ എന്നെഴുതി  പിതാവിന്റെ പേര്‌ ചേർത്ത്‌ ജനാധിപത്യ കേരളം നേരിട്ട ആ  മഹാപ്രതിസന്ധി മറികടന്നു. കാരണവന്മാർ പിള്ളേർക്ക്‌ പേരിടുന്നത്‌ വെറും വിനോദമായി കാണുന്നത്‌ നിർത്തണം. അവർക്ക്‌ തെരഞ്ഞെടുപ്പിൽ നിൽക്കാനുള്ളതാണ്‌.

‘ചരിത്രനിർമാണം’ ആധുനികഘട്ടത്തിലേക്ക്‌
ചരിത്രം കണ്ടെത്തലും മനസ്സിലാക്കലുമല്ല, തിരുത്തിയെഴുതലാണ്‌ അടിയന്തര കടമയെന്നാണ്‌ സംഘബന്ധുക്കളുടെ ചരിത്രകാരനായ അമിത്‌ഷാ ജി പറയുന്നത്‌. പുഷ്‌പകവിമാനം, പ്ലാസ്റ്റിക്‌ സർജറി, ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കൾ തുടങ്ങി അനേകം നൂറ്റാണ്ടുകൾക്കുമുമ്പുള്ള കണ്ടുപിടിത്തങ്ങളെപ്പറ്റി അമിത്‌ഷാ ജിയുടെ ജൂനിയേഴ്‌സായ ചരിത്രകാരന്മാർ പലതും പുറത്തുവിട്ടിട്ടുണ്ട്‌. ഈ ചരിത്രങ്ങൾ പലതും ശാസ്‌ത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണെന്ന കാര്യംകൂടി ശ്രദ്ധിക്കണം.

എന്തായാലും ചരിത്രരചന നൂറ്റാണ്ടുകൾക്കുമുമ്പുള്ള കാലം കഴിഞ്ഞ്‌ ആധുനികഘട്ടത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. ബിർളാ ഹൗസിൽ എത്തി ഗോഡ്‌സെയുടെ  കൈയിലെ തോക്കിനു മുന്നിലേക്ക്‌ ചാടിവീണ്‌ കാഞ്ചിവലിച്ച്‌ ഗാന്ധിജി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന കാര്യം മോഡിജി അധികാരത്തിൽ വന്നില്ലെങ്കിൽ നാം അറിയുമായിരുന്നോ? 1857ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്‌ ആ പേര് കിട്ടിയത്‌  26 വർഷങ്ങൾക്കുശേഷം സവർക്കർജി അവതാരമെടുത്തതുകൊണ്ടാണെന്ന വിവരം ഇപ്പോഴല്ലേ ഇന്ത്യ അറിഞ്ഞത്‌. ‘നിങ്ങളുടെ ഏറ്റവും അനുസരണയുള്ള വേലക്കാരൻ’ എന്നെഴുതി ബ്രിട്ടീഷുകാർക്ക്‌ സമർപ്പിച്ച മാപ്പപേക്ഷ സവർക്കർജിയുടെ ഒരു യുദ്ധതന്ത്രമായിരുന്നു എന്ന കാര്യം ഇനി ആർക്കും മറച്ചുപിടിക്കാനാകില്ലെന്നാണ്‌ അമിത്‌ഷാ ജിയും മറ്റും പറയുന്നത്‌. അന്ന്‌ കമ്പനി ഭൂതക്കണ്ണാടിവച്ച്‌ നോക്കിയിട്ടും കാണാതിരുന്ന സവർക്കർജിയുടെ  ‘യുദ്ധം’ ഇന്ത്യ കാണാനിരിക്കുന്നതേയുള്ളൂ. പുതിയ ചരിത്രരചനയിങ്ങു വരട്ടെ.

ചേർത്തല പുണ്ണാക്കുന്ന ചരിത്രകാരൻ
പറയുമ്പോൾ എല്ലാം പറയണം. കേരളത്തിലുമുണ്ട്‌ ഇതുപോലെ ചരിത്രം ‘നിർമിക്കുന്ന’ ഒരാൾ. കോൺഗ്രസിന്റെ ആസ്ഥാന ചരിത്രകാരൻ എന്നാണ്‌  അദ്ദേഹം സ്വയം വിളിക്കുന്നത്‌. പുന്നപ്ര‐ വയലാർ വാർഷികം അടുത്തുവരുമ്പോൾ അദ്ദേഹത്തിന്‌ ചരിത്രരചനയുടെ അസുഖം കലശലാകുമെന്നാണ്‌ പരിസരവാസികൾ പറയുന്നത്‌. പുന്നപ്ര‐ വയലാർ സ്വാതന്ത്ര്യസമരമല്ല, സേനാനികൾക്ക്‌ പെൻഷൻ കൊടുക്കുന്നത്‌ നിർത്തണം തുടങ്ങി കുശുമ്പും കുന്നായ്‌മയുമൊക്കെയായി അദ്ദേഹം കളത്തിലിറങ്ങും. ഇത്തവണ ചരിത്രാതിസാരം പതിവിലും നേരത്തെ തുടങ്ങി. അരൂരിലെ ഉപതരഞ്ഞെടുപ്പാണ്‌ കാരണം. ഇതൊക്കെയാണെങ്കിലും അദ്ദേഹം പുന്നപ്ര‐ വയലാറിനെക്കുറിച്ച്‌ പുസ്‌തകം രചിച്ചിട്ട്‌ വർഷമേറെയായിട്ടും അത്‌ ആരും മൈൻഡ്‌ ചെയ്യുന്നില്ലെന്നും എം ജി എസ്‌ നാരായണനെപ്പോലെയുള്ളവരൊന്നും പരിഗണിച്ചിട്ടില്ലെന്നുമുള്ള ദുഃഖം എല്ലാ വർഷവും അദ്ദേഹം പങ്കുവയ്‌ക്കാനുണ്ട്‌. 

പക്ഷേ, ആ ചരിത്രരചയിതാവിനോട്‌ കാര്യങ്ങൾ ഒന്നു പറഞ്ഞുകൊടുക്കാൻ ചേർത്തലക്കാരായ എ കെ ആന്റണിയും വയലാർ രവിയും പോയിട്ട്‌ ഒരു യൂത്ത്‌ കോൺഗ്രസുകാരൻപോലുമില്ലാത്തതാണ്‌ സങ്കടം. കേട്ടുകേൾവി വച്ചും കൈയിൽനിന്ന്‌ ഇട്ടും എന്തെങ്കിലും എഴുതിവച്ചാൽ ചരിത്രമാകാൻ ഇത്തിരി പ്രയാസമാണ്‌.  ‘കവിതയിൽ പറഞ്ഞ വീട്‌  അതായിരുന്നു എന്ന്‌ കവി എന്നോടു പറഞ്ഞു’,  വയലാറിൽ മരിച്ചവർ ഭൂരിപക്ഷം ഈഴവരായിരുന്നു എന്നൊക്കെയുള്ള വാചകമടികൾ ചരിത്രമെന്ന പേരിൽ തട്ടിയാൽ അതിന്റെ സ്ഥാനം ചവറ്റുകൊട്ടയിൽ ആയിരിക്കും. അത്‌ റീസൈക്കിൾ ചെയ്‌ത്‌ ഉപയോഗിക്കാൻ മുല്ലപ്പള്ളിമാത്രം വന്നേക്കും.

‘പ്രതി’പക്ഷം ചേരുന്ന നേതാവ്‌
മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നതനുസരിച്ചാണെങ്കിൽ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചുകഴിഞ്ഞാൽ നമ്മുടെ പൊലീസ്‌ ഉദ്യോഗസ്ഥരെയെല്ലാം എവിടെയെങ്കിലും ഉല്ലാസയാത്രയ്‌ക്ക്‌ അയക്കാം. ഒരു കേസിലും അന്വേഷണം നടത്തുകയോ പ്രതികളെ പിടികൂടുകയോ ചെയ്യാൻ പാടില്ല എന്ന ലൈനാണ്‌ അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്‌. കൂടത്തായി കേസിൽ പ്രതികളെ ഇപ്പോൾ അറസ്റ്റ്‌ ചെയ്‌തത്‌ തെരഞ്ഞെടുപ്പ്‌ ലക്ഷ്യംവച്ചാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഉൾപ്പെട്ട ടൈറ്റാനിയം കേസ്‌ സിബിഐക്ക്‌ വിട്ടത്‌ പാലാ തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞത്‌ വിസ്‌മരിക്കരുത്‌. ഇതൊക്കെ ഉന്നയിക്കുന്ന ആൾ ചെറിയ ആൾ അല്ല എന്നുകൂടി ഓർക്കണം. മുൻ ആഭ്യന്തര സഹമന്ത്രിയാണ്‌ എന്ന പരിഗണനവേണം. പറ്റുമെങ്കിൽ കോടതികൾക്കുകൂടി അവധി കൊടുക്കണം. കുറഞ്ഞത്‌ ആറുമാസത്തെ ഇടവേളയിൽ ഉപതെരഞ്ഞെടുപ്പ്‌ വന്നാൽ കുറ്റവാളികൾക്കും ഉഷാർ.

വെടിക്കുഴൽ
മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി അദാലത്തിൽ പങ്കെടുത്തത്‌ സർവകലാശാല ക്ഷണിച്ചതുകൊണ്ട്‌: ചെന്നിത്തല
ഭേഷ്‌. ക്ഷണക്കത്തിന്റേതാണ്‌ പ്രശ്‌നം.


പ്രധാന വാർത്തകൾ
 Top