17 September Tuesday

നടി മാത്രമല്ലവൾ ; വിജയശിൽപ്പിയും - അഡ്വ. 
സി എസ്‌ സുജാത എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

 

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സ്വാഗതം ചെയ്യുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളെ സംബന്ധിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിക്കുന്നത്. ഹൈക്കോടതി ജഡ്ജ്  ആയിരുന്ന ആൾ ചെയർമാനും സീനിയർ ഐഎഎസ് ഓഫീസറായിരുന്ന വനിതയും പ്രശസ്തയായ നടിയും ഉൾപ്പെടുന്ന പൂർണമായും വനിതകൾ മാത്രമുള്ള കമ്മിറ്റിയെയാണ് നിയമിച്ചത്. റിപ്പോർട്ടിന്റെ തുടക്കത്തിൽത്തന്നെ ഇത്തരത്തിൽ ഒരു കമ്മിറ്റിയെ നിയമിച്ച സർക്കാർ നടപടിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് സിനിമാ മേഖലയിലെതന്നെ കുറച്ച്‌ സ്ത്രീകൾ 2017ൽ വിമെ ൻ ഇൻ സിനിമ കലക്റ്റീവ് (ഡബ്ല്യുസിസി) എന്ന സംഘടനയ്ക്ക് രൂപംകൊടുത്തു. ആ സംഘടനയുടെ നേതൃത്വത്തിലാണ്, സിനിമാ മേഖലയിൽ നിലനിൽക്കുന്ന തെറ്റായതും സ്ത്രീവിരുദ്ധവുമായ പ്രവണതകളെക്കുറിച്ച് പഠിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം മുഖ്യമന്ത്രി പിണറായി വിജയന്‌ സമർപ്പിച്ചത്. സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള പിണറായി സർക്കാർ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് അവർക്ക് ഉറപ്പു നൽകുകയുണ്ടായി. അതിനെത്തുടർന്നാണ് ഇങ്ങനെയൊരു കമ്മിറ്റിയെ നിയോഗിക്കാനുള്ള ചരിത്രപരമായ തീരുമാനത്തിലേക്ക് എത്തുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങൾ പല ഘട്ടത്തിൽ ഉയർന്നുവന്നെങ്കിലും ഗൗരവത്തോടെ ഈ വിഷയങ്ങളെ കാണാൻ തയ്യാറായ എൽഡിഎഫ്‌ സർക്കാർ അഭിനന്ദനം അർഹിക്കുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി നടത്തിയ വിശദമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിലാണ് സിനിമാമേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന 17 പ്രശ്നം റിപ്പോർട്ടിലൂടെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരുപാട് സ്ത്രീകൾ അഭിനയത്തിനു പുറമേ സാങ്കേതികരംഗങ്ങളിലും പ്രവർത്തിക്കുന്ന മേഖലയാണിത് . തൊഴിലിടങ്ങളിൽ സുരക്ഷിതമായി സ്ത്രീകൾക്ക് ജോലി ചെയ്യാൻ അവസരം ഒരുക്കണമെന്ന നിയമമുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ, പല തൊഴിൽമേഖലയിലും വലിയ തോതിൽ വനിതകൾ ചൂഷണം അനുഭവിക്കുന്നു. പുരുഷാധിപത്യസമൂഹം സ്ത്രീയെ അടിച്ചമർത്താൻ ശ്രമിക്കുന്നു.

സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഞെട്ടലുളവാക്കുന്നതാണ്. സാംസ്കാരിക കേരളമെന്ന്‌ അഭിമാനത്തോടെ പറയുന്ന ജനതയാണ് നമ്മൾ. ലോക സിനിമയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയ മലയാള സിനിമാലോകത്തെ സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ സ്ത്രീ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ഭൂഷണമല്ല. ഭരണഘടനാപരമായി അവർക്ക് ലഭിക്കേണ്ട വേതനം, തൊഴിലിടങ്ങളിലെ  അനുകൂല സാഹചര്യം, പ്രാഥമിക ആവശ്യം നിർവഹിക്കാനുള്ള സൗകര്യം, ഭക്ഷണം, വിശ്രമം, മെച്ചപ്പെട്ട യാത്രാസൗകര്യം തുടങ്ങിയ അവകാശങ്ങളെല്ലാം ഒരുക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വം സിനിമാ നിർമാതാക്കൾക്ക് ഉണ്ട്. ഇവിടെ മൊഴി കൊടുത്തവർ ഇത്തരം കാര്യങ്ങളിൽ എല്ലാം കടുത്ത വിവേചനമാണ് സ്ത്രീകൾ നേരിടുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.


 

ലൈംഗിക ചൂഷണമടക്കം നേരിടേണ്ടിവരുന്നു എന്നതും കമ്മിറ്റി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കുടുംബാംഗങ്ങളോടൊപ്പം സിനിമസെറ്റിൽ പോകേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് റിപ്പോർട്ടിലുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്കു നേരെയുള്ള വിവേചനം വളരെ കടുത്തതാണെന്നും പ്രതികരിച്ചാൽ സിനിമയിൽനിന്ന്‌ ഒഴിവാക്കുന്ന പ്രവണത ശക്തമാകുന്നെന്നും പരാതികൾ ഉയരുന്നുണ്ട്. സിനിമാ മേഖലയെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പുകളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിച്ചതിന്റെ പേരിൽ അതിൽ അംഗങ്ങളായുള്ളവരുടെ അവസരങ്ങൾ നിഷേധിക്കപ്പെടുന്നത് നമ്മൾ കണ്ടതാണ്. അനീതി ചോദ്യം ചെയ്താൽ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും പലതരം ഭീഷണികളിലൂടെ നിശ്ശബ്ദരാക്കുകയും ചെയ്യുന്നു. ഇവർക്ക് നിരുപാധികം പിന്തുണ നൽകേണ്ടത് പൊതുസമൂഹം എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വമാണ്.

ജസ്റ്റിസ് ഹേമയും വിവരാവകാശ കമീഷൻ അംഗവും ഈ റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവരാൻ ഇത്രയും വൈകിയത്. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽ ഹേമ കമ്മിറ്റി നിർദേശിക്കുന്ന ട്രൈബ്യൂണൽ അടക്കമുള്ള നിർദേശങ്ങൾ സർക്കാർ ഗൗരവത്തോടെ കാണേണ്ടതായിട്ടുണ്ട്.

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങൾക്കെതിരായുള്ള പോഷ് ആക്ട് നിലവിൽ വന്ന ശേഷം എല്ലാ തൊഴിലിടങ്ങളിലും ഇന്റേണൽ കംപ്ലെയിന്റ്‌സ്‌ കമ്മിറ്റി (ഐസിസി ) വേണമെന്നുള്ള നിർദേശം സിനിമാമേഖലയിൽ പൂർണമായും നടപ്പാക്കിയിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫലപ്രദമായി ഐസിസി പ്രവർത്തിക്കുന്നെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സമൂഹത്തെ മാറ്റിമറിക്കുന്നതിൽ നാടകങ്ങൾക്കും സിനിമയ്ക്കും വലിയ പങ്കുണ്ടെന്ന് നമുക്കറിയാം. കുറഞ്ഞ ചെലവിൽ മികച്ച സിനിമകൾ നിർമിക്കുന്ന ധാരാളം ചെറുപ്പക്കാർ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. സ്ത്രീ–-പുരുഷ സമത്വ ആശയം മുന്നോട്ടുവയ്ക്കുന്ന ഒട്ടേറെ സിനിമകൾ സമീപകാലത്ത് ഉണ്ടായി. സിനിമാമേഖല ആകെ കുഴപ്പംപിടിച്ചതാണെന്ന നിഗമനത്തിൽ എത്താൻ നമുക്ക് സാധിക്കില്ല. സമഭാവനയോടെ സഹപ്രവർത്തകരെ കാണുകയും തുല്യതയ്ക്ക് വേണ്ടി നിലപാടെടുക്കുകയും ചെയ്യുന്ന ധാരാളം പുരുഷന്മാർ ഈ രംഗത്തുണ്ട്. അനഭിലഷണീയ പ്രവണതകൾ തുടച്ചുനീക്കേണ്ടതുണ്ട്. ലഹരി ഉപയോഗത്തിന്റെ അതിപ്രസരവും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സ്ത്രീകൾ രാജ്യത്തിന്റെ പുരോഗതിക്ക് ഓരോ മേഖലയിലും നൽകുന്ന മഹത്തായ സംഭാവനകളെ ആദരവോടെ കാണാൻ നമുക്ക് സാധിക്കണം. ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും സ്ത്രീകളെ മുന്നോട്ടു നയിക്കുന്നതിലും സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിലും മുൻകൈയെടുത്തിട്ടുണ്ട്. വനിതാ സിനിമാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സാംസ്കാരിക വകുപ്പ് കേരള ചലച്ചിത്ര വികസന കോർപറേഷൻ മുഖേന സാമ്പത്തിക സഹായം നൽകിവരുന്നുണ്ട്. സിനിമയെയും സിനിമാ താരങ്ങളെയും ആരാധനയോടെ കാണുന്ന സമൂഹം ആ രംഗത്തെ സംബന്ധിച്ച് ഉയർന്ന തിരുത്തപ്പെടേണ്ട പ്രവണതകളെക്കുറിച്ചും ചർച്ച ചെയ്യേണ്ടതുണ്ട്.

ഈ റിപ്പോർട്ടിൽ ഉചിതമായ നടപടി കൈക്കൊള്ളും എന്നാണ് സർക്കാർ പറഞ്ഞിട്ടുള്ളത്. ഇതിന്റെ തുടർനടപടി എന്നോണം ഒക്ടോബറിൽത്തന്നെ സിനിമ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ നടപടി തീർത്തും സ്വാഗതാർഹമാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ സിനിമാ മേഖല ശുദ്ധീകരിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവച്ചിരിക്കുന്ന കാര്യങ്ങളെ ഗൗരവത്തോടെ കാണാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സുരക്ഷിതമായി സ്ത്രീകൾക്ക് സിനിമയിൽ പ്രവർത്തിക്കാനുള്ള അവസരം സൃഷ്ടിക്കാനും സർക്കാർ മുൻകൈയെടുക്കുമെന്ന് പ്രത്യാശിക്കുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടങ്ങൾക്കൊപ്പം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നും നിലനിൽക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top