23 September Wednesday

കോൺഗ്രസിന്റെ ആത്മഹത്യാ പ്രവണത

പി വി തോമസ്‌Updated: Tuesday Jul 21, 2020


രാജസ്ഥാനും മധ്യപ്രദേശും ഒറ്റപ്പെട്ട സംഭവങ്ങളല്ല. അവ കോൺഗ്രസിന് ദേശീയതലത്തിൽ സംഭവിക്കുന്ന അപചയങ്ങളുടെ ഉദാഹരണങ്ങളാണ്. കോൺഗ്രസ് ഇന്ന് മരണേച്ഛയിലാണ്. ഇതിന് ഇംഗ്ലീഷിൽ ഡെത്ത് വിഷ് എന്നാണ് പറയുക. ആത്മഹത്യാ പ്രവണത എന്നും ഇതിനെ വിശേഷിപ്പിക്കാം. ഒരുപക്ഷേ, രാഷ്ട്രീയമായ വിഷാദരോഗത്തിന്റെ ഫലമായുള്ള ഭ്രാന്തമായ ഒരു ഉന്മാദാവസ്ഥയുടെ ഫലം ആയിരിക്കാമിത്. 2014–-2019കളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ വൻ പരാജയങ്ങൾ കേന്ദ്ര നേതൃത്വത്തെ പൂർണമായ രാഷ്ട്രീയ വിഭ്രാന്തിയിൽ ആക്കിയിട്ടുണ്ടാകാം. എന്നിട്ടും പാഠങ്ങൾ പഠിക്കാതെ ഹൈക്കമാൻഡ്‌ എന്ന അദൃശ്യ സങ്കൽപ്പവസ്തു സ്വയം നശീകരണത്തിന്റെ പാതയിൽ സഞ്ചരിക്കുകയാകാം. വ്യക്തമായ യാതൊരു രാഷ്ട്രീയഭാവിയും മുന്നിൽ കാണാത്ത യുവതലമുറ കുടുംബഭരണ സ്വേച്ഛാധിപത്യത്തിൽ  ശ്വാസം മുട്ടിപ്രതികരിക്കുന്നതാകാം.


 

പാർടി കുടുംബസ്വത്ത്‌
എന്താണ് രാജസ്ഥാനിൽ സംഭവിച്ചത്? എന്താണ് മധ്യപ്രദേശിൽ സംഭവിച്ചത്? അതുപോലെ ക‍ർണാടകം പോലുള്ള മറ്റ്‌ സംസ്ഥാനങ്ങളിലും. ഇനിയും ഒരുപക്ഷേ ഛത്തീസ്ഗഢിലും സംഭവിച്ചേക്കാം. പഞ്ചാബിൽ ഇത് ആവർത്തിക്കപ്പെട്ടേക്കുകയില്ല. കാരണം, അവിടെ ഹൈക്കമാൻഡിനും അതീതനായ ഒരു പ്രാദേശിക നേതാവ് മുഖ്യമന്ത്രി ആയിട്ടുണ്ട്. ക്യാപ്റ്റൻ അമരീന്ദ‍ർ സിങ്. കോൺഗ്രസിന്റെ ദേശീയതലത്തിലുള്ള നേതൃശൂന്യതയാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ഇതെല്ലാം സംഭവിക്കാനുള്ള കാരണം. സോണിയ ഗാന്ധിയിൽനിന്ന് രാഹുൽ ഗാന്ധിയിലേക്കും രാഹുൽ ഗാന്ധിയിൽനിന്ന് ഇപ്പോൾ സോണിയ ഗാന്ധിയിലേക്കും നേതൃത്വം ഒതുങ്ങിയിരിക്കുന്നു. കൂടിവന്നാൽ പ്രിയങ്ക ഗന്ധിയും. സോണിയയും രാഹുലും കോൺഗ്രസിനെ കുടുംബസ്വത്തുപോലെയാണ് അടക്കിവാഴുന്നത്. ദേശീയ പ്രാദേശിക തലത്തിലുള്ള എത്ര നേതാക്കന്മാർക്ക് ഇവർ പ്രാപ്യരാണ്. ആയിരുന്നെങ്കിൽ ഹിമന്ത ബിശ്വാശർമയും (അസം) വിജയ് ബഹുഗുണയും (ഉത്തരാഖണ്ഡ്) റീത്താ ബഹുഗുണ ജോഷിയും (ഉത്തർപ്രദേശ്) ജഗ്‌മോഹൻ റെഡ്ഡിയും (ആന്ധ്രാപ്രദേശ്) ജ്യോതിരാദിത്യ സിന്ധ്യയും (മധ്യപ്രദേശ്) പാർടി വിട്ടുപോകുകയില്ല. ഹിമന്ത ബിശ്വാശർമയും തരുൺ ഗൊഗോയിയും തമ്മിലുള്ള തർക്കങ്ങൾ സംസാരിക്കാൻ ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ എത്തിയപ്പോൾ രാഹുൽ സംസാരത്തിൽ ശ്രദ്ധിക്കുന്നതിലേറെ വളർത്തുനായയുമായി കളിക്കുന്നതിലായിരുന്നു താൽപ്പര്യം എന്ന്‌ പാർടി വിട്ടതിനുശേഷം ശർമ പറയുകയുണ്ടായി. ശർമയെ മുൻതലമുറക്കാരനായ ഗൊഗോയിക്കുവേണ്ടി സോണിയ ബലികഴിക്കുകയായിരുന്നു. കോൺഗ്രസ്‌ വിട്ട അദ്ദേഹം ബിജെപിയിൽ ചേരുകയും ബിജെപിയെ അസമിൽ അധികാരത്തിൽ കൊണ്ടുവരുന്നതിന്‌ ചുക്കാൻ പിടിക്കുകയും ചെയ്‌തു. ബിജെപി വടക്കുകിഴക്കൻ മേഖലയിൽ ശക്തമായതിനു പിന്നിലും ഈ മുൻ കോൺഗ്രസ്‌ നേതാവാണ്‌. സോണിയക്കും രാഹുലിനും സോണിയയുടെ ഉപദേഷ്‌ടാവായ അഹമ്മദ്‌ പട്ടേലിനും അതിൽ ഒരു കുണ്‌ഠിതവും ഇല്ല. കാരണം, കുടുംബത്തിന്റെ ഈഗോ വാഴണം.

ആന്ധ്രപ്രദേശിൽ വൈ എസ്‌ രാജശേഖര റെഡ്ഡി മുഖ്യമന്ത്രി ആയിരിക്കെ, അപകടത്തിൽ  മരിച്ചതിനുപിന്നാലെ മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ അവകാശവാദവുമായി എത്തിയ അദ്ദേഹത്തിന്റെ വിധവയ്‌ക്കും മകൻ ജഗൻ മോഹൻ റെഡ്ഡിക്കും സോണിയ ഗാന്ധിയെ കാണാൻ മൂന്നുദിവസം കാത്തിരിക്കേണ്ടി വന്നു. അവസാനം ജഗനെ മുഖ്യമന്ത്രി ആക്കിയില്ല. ജഗൻ സ്വയം പാർടി രൂപീകരിച്ച്‌ മുഖ്യമന്ത്രിയായി. കോൺഗ്രസ്‌ ഇന്ന്‌ ആന്ധ്രപ്രദേശിൽ ഒന്നും അല്ല. പക്ഷേ, ഹൈക്കമാൻഡിന്‌ ഒരു കുലുക്കവും ഇല്ല. ഇനി മധ്യപ്രദേശും സിന്ധ്യയും ജോതിരാദിത്യ സിന്ധ്യ എന്ന ഗ്വാളിയോർ രാജകുടുംബാംഗം കോൺഗ്രസിന്റെ വാഗ്‌ദാനമായിരുന്നു. തുടർച്ചയായി സംസ്ഥാനം ഭരിച്ച ശിവ്‌രാജ്‌ സിങ് ചൗഹാനെ തോൽപ്പിച്ചാണ്‌ കോൺഗ്രസ്‌ അധികാരം പിടിച്ചെടുത്തത്‌.  ഇതിൽ സിന്ധ്യക്കും നല്ലൊരു പങ്കുണ്ടായിരുന്നു.


 

അദ്ദേഹത്തിന്‌ സ്വാധീനമുള്ള മേഖലകളിൽ നല്ല വിജയം ഉണ്ടായി. കോൺഗ്രസ്‌ അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി സിന്ധ്യയെയാണ്‌ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ചൂണ്ടിക്കാട്ടിയത്‌. പക്ഷേ, മുഖ്യമന്ത്രി ആയത്‌ കമൽനാഥും. സിന്ധ്യ ഒന്നും ആയില്ല. രാജ്യസഭാ തെരഞ്ഞെടുപ്പിൽപ്പോലും നാമനിർദേശം കിട്ടിയില്ല. അത്‌ കിട്ടിയത്‌ ദിഗ്‌വിജയ്‌ സിങ്ങിനാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിന്ധ്യ തോൽക്കുകയും ചെയ്‌തു. തോൽപ്പിച്ചതാണെന്ന്‌ കോൺഗ്രസ്‌ രാഷ്‌ട്രീയം അറിയാവുന്നവർ പറയുന്നു.  രാജസ്ഥാനിൽ സച്ചിൻപൈലറ്റും വ്യത്യസ്‌ത വഴിയിലല്ല. കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരുന്നതിൽ പ്രദേശ്‌ കോൺഗ്രസ്‌ അധ്യക്ഷനായ പൈലറ്റിന്‌ നല്ല പങ്കുണ്ടായിരുന്നു. പക്ഷേ, മുഖ്യമന്ത്രിസ്ഥാനം മുൻതലമുറയിലെ അശോക്‌ ഗെഹ്‌ലോട്ടിന്‌ കിട്ടി. പൈലറ്റിന്‌ ഭരണഘടനയിൽ ഇല്ലാത്ത ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ചു. പക്ഷേ, ചോദ്യം ഇതല്ല, മധ്യപ്രദേശിലും രാജസ്ഥാനിലും അഗ്നിപർവതം പുകഞ്ഞപ്പോൾ എവിടെ ആയിരുന്നു കോൺഗ്രസ്‌‌ ഹൈക്കമാൻഡ്‌ . സോണിയ അന്ധമായി പിൻതലമുറയ്‌ക്കുവേണ്ടി നിൽക്കുമ്പോൾ രാഹുൽ ഏതു തലമുറയ്‌ക്കുവേണ്ടി നിൽക്കുന്നു. ഇതെല്ലാം നോക്കിനിൽക്കാനാണോ വയനാട്‌ ലോക്‌സഭാ പ്രതിനിധിക്ക്‌ വിധിച്ചിട്ടുള്ളത്‌.

ക്ഷീണിച്ച ദേശീയ പാർടി
കോൺഗ്രസ്‌ ഇന്ന്‌ ഐക്യമുള്ള ആദർശദൃഢതയുള്ള ഒരു ദേശീയപാർടി അല്ല. ഒന്നോ രണ്ടോ സംസ്ഥാനമോ അത്രയുംതന്നെ കേന്ദ്രഭരണ പ്രദേശമോ ഭരിക്കുന്ന അതിന്‌ ഒരു പ്രാദേശിക പാർടിയുടെ കാഴ്‌ചപ്പാടുപോലും ഇല്ല. കോൺഗ്രസ്‌ വിവിധ സംസ്ഥാനങ്ങളിൽ അധികാരമോഹികളായിട്ടുള്ള ഒരു കൂട്ടം വ്യക്‌തികളുടെ സംഘം ആയിരിക്കുന്നു. അതിലെ ഉൾപാർടി ജനാധിപത്യം  നശിച്ചു. ഒന്നാം നമ്പർ അധികാര കുടുംബവും മുൻനിരനേതാക്കൻമാരും ആയുള്ള സമ്പർക്കംപോലും ഇല്ല. കുടുംബത്തിന്റെ ഏകാധിപത്യത്തിലായിരിക്കുന്നു പാർടി. ജീർണിച്ചവശയായ കുടുംബാധിപത്യവും അതിന്റെ സ്‌തുതിപാഠകരുമാണ്‌ മരണാസന്നമായ ഈ പാർടിയിൽ അവശേഷിച്ചിരിക്കുന്നത്‌. അതിന്റെ ഓരോ നീക്കവും ആത്മഹത്യാപരമാണ്‌. ദേശീയ വിഷയങ്ങളിൽ ഉചിതമായ പ്രതികരണം നൽകാൻപോലും പാർടിക്കും നേതാക്കൾക്കും കഴിയുന്നില്ല. അതിന്റെ നിലനിൽപ്പും വീക്ഷണവും പ്രാദേശികം ആയിരിക്കുന്നു.

ഒരു ദേശീയ പാർടിയുടെ ജനാധിപത്യപരമായ സമീപനമല്ല അതിന്റേത്‌. എന്തുകൊണ്ടാണ്‌ ഒരു കുടുംബത്തിനപ്പുറം അതിന്‌ അധ്യക്ഷനെ കണ്ടെത്താൻ  ഇതുവരെ സാധിക്കാത്തത്‌. കുടുംബത്തിനപ്പുറമുള്ള ഒരു ദേശീയ നേതൃത്വത്തിന്റെ അഭാവമാണ്‌ രാജസ്ഥാനിലും മധ്യപ്രദേശിലും ഉണ്ടായതുപോലുള്ള സംഭവവികാസങ്ങൾ സൃഷ്‌ടിക്കുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top