25 May Saturday

മറയിടുന്നത് രഹസ്യ അജന്‍ഡകള്‍ക്ക്

ബദ്രി റെയ്നUpdated: Friday Jul 21, 2017

രാംനാഥ് കോവിന്ദ് ബഹുമാന്യ വ്യക്തിത്വമാണെന്നും സംസ്ഥാനത്തെ ഗവര്‍ണര്‍ എന്ന നിലയില്‍ തനിക്ക് അദ്ദേഹത്തെ വ്യക്തമായി അറിയാമെന്നുമായിരുന്നു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ പ്രതികരണം. അതെന്തായാലും കോവിന്ദിന്റെ വ്യക്തിത്വത്തിന്റെ മഹിമകൊണ്ടല്ല രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ എന്‍ഡിഎ തീരുമാനിച്ചതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയപ്പോള്‍ത്തന്നെ വ്യക്തമായിരുന്നു. ബഹുമാന്യനായ വ്യക്തി എന്നതിനേക്കാളും അമിത് ഷായുടെ കണ്ണിലുടക്കിയിട്ടുണ്ടാവുക മറ്റ് രണ്ട് പ്രത്യേകതകളാകും. അദ്ദേഹത്തിന്റെ ദരിദ്രമായ മുന്‍കാലവും അതിലുപരി കോവിന്ദ് ഒരു ദളിതനാണ് എന്നതിനുമായിരിക്കും അമിത് ഷാ കൂടതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടാവുക. ആര്‍എസ്എസ് താല്‍പ്പര്യത്തിന് അനുകൂലമായി ഇന്ത്യയിലെ ഹിന്ദുമതവിശ്വാസികളുടെ സാമൂഹ്യ ധ്രുവീകരണം നടത്തുകയാണ് അമിത് ഷായുടെ താല്‍പ്പര്യം. ഏതാനും ആഴ്ചമുമ്പാണ് ഗാന്ധിജിയെ 'ചതുര്‍ ബനിയ' എന്ന് അമിത് ഷാ വിശേഷിപ്പിച്ചത് എന്നത് ഈ അവസരത്തില്‍ ശ്രദ്ധേയമായ കാര്യമാണ്.

രാജ്യത്തെ ഒരു വിഭാഗവും ഏകജാതീയമായ ജനക്കൂട്ടമല്ലെന്ന് നമ്മുടെ മികച്ച സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ പലവുരു ഓര്‍മിപ്പിച്ചിട്ടുള്ളതാണ്. ഹിന്ദുവോ മുസ്ളിമോ ക്രിസ്ത്യനോ ജൈനമതക്കാരനോ സിഖ്മതവിശ്വാസിയോ പാര്‍സിയോ ആരായാലും ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ തത്വാധിഷ്ഠിത വിഷയങ്ങളില്‍ എപ്പോഴും വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. ഇന്ത്യയിലെ ദളിതുകളും ഇതിനു പുറത്തല്ല. കോവിന്ദിന്റെ സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നയുടന്‍ പല ദളിത് ആക്ടിവിസ്റ്റുകളും സൂചിപ്പിച്ച ഒരു കാര്യമുണ്ട്. തത്വാധിഷ്ഠിതമായ ചര്‍ച്ചകളിലോ ബുദ്ധിജീവി ഗ്രൂപ്പുകള്‍ക്കിടയിലോ കോവിന്ദിനെ കണ്ടിരുന്നില്ല. അംബേദ്കറുടെ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കാനോ ദളിത്മുഖമാകാനോ സാധിച്ച ആളായിരുന്നില്ല കോവിന്ദ്. ആര്‍എസ്എസ് പശ്ചാത്തലത്തില്‍നിന്നു വരുന്ന കോവിന്ദ് ദളിതുകളുടെ ചരിത്രപരമായ വിഷയങ്ങളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദളിത് പ്രശ്നങ്ങളിലും സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ മനോഭാവത്തില്‍നിന്ന് മുക്തനാകാനുള്ള സാധ്യത വളരെ കുറവാണ്. 

മാന്യനായ വ്യക്തിത്വമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ഗുജറാത്തിലെ ഉനയിലും ഉത്തര്‍പ്രദേശിലെ ഷഹാരന്‍പുരിലുമെല്ലാം ദളിത് വിഭാഗക്കാര്‍ക്കെതിരായി നടന്ന അതിക്രമങ്ങള്‍ക്കെതിരായി കോവിന്ദിന്റെ ശബ്ദം എവിടെയും കേട്ടിരുന്നില്ല. ദളിത്വിഷയങ്ങള്‍ ഏറ്റെടുക്കുന്ന പ്രതിപുരുഷന്‍ എന്ന നിലയില്‍ കോവിന്ദിനെ രാഷ്ട്രപതിസ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ദളിത്മുഖം ഉപയോഗിക്കുന്നത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്കിടയിലും അഭിപ്രായരൂപീകരണ സമൂഹത്തിനിടയിലും ഒരു മഞ്ഞുരുക്കലിനുവേണ്ടിയാണെന്ന് നിസ്സംശയം പറയാനാകും.

എന്നാല്‍, ഇതാണ് പൂര്‍ണചിത്രമെന്നു പറയാനാകില്ല. സംഘപരിവാറിന്റെ നയതന്ത്രജ്ഞരെയും നയങ്ങളെയും നഗ്നനേത്രങ്ങള്‍കൊണ്ട് കാണുന്നതിലുമധികം സൂക്ഷ്മമായിവേണം നിരീക്ഷിക്കാന്‍. കോവിന്ദിനെ രാഷ്ട്രപതിയായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ സംഘപരിവാറിനു മുന്നിലുള്ളത് മൂന്ന് ലക്ഷ്യങ്ങളാണ്. ഒന്ന്, ഉത്തരേന്ത്യയിലെ ദളിതുകളെ ജാദവ്/ ചമാര്‍ എന്നും ജാദവേതരെന്നും രണ്ടായി വിഭജിച്ച് നിര്‍ത്തുക എന്നതാണത്. ഉത്തരേന്ത്യന്‍ ദളിതുകള്‍ക്കിടയില്‍ കാര്യമായ സ്വാധീനമുള്ള ജാദവര്‍ അംബേദ്കറുടെ ആശയങ്ങളെ പിന്തുടരുകയും മനുവാദത്തിനെതിരെയും ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്ക് എതിരെയും നിലപാടെടുക്കുകയും ചെയ്യുന്നവരാണ്. ജാതിപിരമിഡിന്റെ ഏറ്റവും അടിത്തട്ടിലുള്ള ശൂദ്രര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. വിഷ്ണു, ബ്രഹ്മ, മഹേശ്വര ദൈവങ്ങളെയൊന്നും ആരാധിക്കാന്‍ തയ്യാറാകാത്ത ജാദവര്‍ സവര്‍ണ ദൈവസങ്കല്‍പ്പങ്ങളോട് അകലം പാലിക്കുന്നവരാണ്.

ജാദവേതര ദളിത് വിഭാഗത്തില്‍നിന്നുള്ള കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ആ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാനാകുമോ എന്നാണ് സംഘപരിവാര്‍ നോട്ടമിടുന്നത്. രാഷ്ട്രീയമായും തത്വാധിഷ്ഠിതമായും അംബേദ്കര്‍ ആശയങ്ങളോട് അടുപ്പംപുലര്‍ത്തുന്ന ജാദവേതരെ ആകര്‍ഷിക്കുക എന്നതാണ് കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വംവഴി ആര്‍എസ്എസ് ലക്ഷ്യം. ജാദവവിഭാഗത്തേക്കാള്‍ എളുപ്പത്തില്‍ മറ്റുള്ളവരെ വിലപേശി വശത്താക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. രാംമനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്‍പറ്റുന്ന ഗംഗാതടത്തിലെ യാദവേതരെയും മറ്റ് പിന്നോക്കവിഭാഗങ്ങളെയും അടര്‍ത്തിയെടുത്ത് കൂടെ നിര്‍ത്തുക എന്നതും ആര്‍എസ്എസിന്റെ ലക്ഷ്യമാണ്.

ഈ തന്ത്രങ്ങള്‍ നടപ്പാക്കാന്‍ കോവിന്ദിന് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നതാണ് സ്ഥാനാര്‍ഥിത്വത്തിനു പിന്നിലെ രണ്ടാമത്തെ ലക്ഷ്യം. കോവിന്ദ് ഉള്‍പ്പെടുന്ന (കോലി) സമുദായത്തിന് (ഉത്തര്‍പ്രദേശില്‍ എസ്സി-എസ്ടി വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും) ഗുജറാത്തില്‍ ഒബിസി പദവിയാണുള്ളത്. ഈ വിഭാഗം ഉള്‍പ്പെടുന്ന മറ്റു പിന്നോക്കവിഭാഗക്കാരെ കോര്‍ത്തിണക്കിയാണ് ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേല്‍ സവര്‍ണര്‍ക്ക് ഏറെ പ്രാതിനിധ്യമുള്ള സംഘപരിവാറിനെതിരെ പ്രക്ഷോഭം നടത്തുന്നത്. ഇതിന് തടയിടാനും കോവിന്ദിനെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ സാധിക്കുമെന്ന് ആര്‍എസ്എസ് കണക്കുകൂട്ടുന്നു.

ദളിതര്‍ക്കെതിരായി മേല്‍ജാതിക്കാര്‍ നടത്തുന്ന അതിക്രമങ്ങളും വംശഹത്യയുമെല്ലാം ആര്‍എസ്എസിനും കേന്ദ്രഭരണത്തിന് നേതൃത്വം നല്‍കുന്ന ബിജെപിക്കും കാര്യമായ പരിക്കുണ്ടാക്കിയിട്ടുണ്ട്. ഈ മുറിവുണക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലാണ് കോവിന്ദിനെ ആഘോഷപൂര്‍വം അവരോധിക്കുന്നതിനു പിന്നിലെ മൂന്നാമത്തെ ലക്ഷ്യം.
 സംഘപരിവാറിന്റെ കുതന്ത്രങ്ങള്‍ നടപ്പാക്കാന്‍ നേതൃത്വം പല കഥകളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, കോവിന്ദിന്റെ സ്ഥാനാര്‍ഥിപ്രഖ്യാപനം നടക്കുന്നതിന് കുറച്ചുകാലംമുമ്പാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു വിഷയം സംസ്ഥാനത്തുണ്ടായത്. മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹിച്ച കുശിനഗരത്തിലെ ദളിതര്‍ക്ക് സോപ്പും ഷാംപുവും വിതരണം ചെയ്യുകയും സന്ദര്‍ശനത്തിന് എത്തുംമുമ്പ് കുളിച്ച് വൃത്തിയായി നില്‍ക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്ത ആര്‍എസ്എസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ദളിതര്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ദളിത്വിഭാഗക്കാരാണ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. യോഗി ആദിത്യനാഥിന്റെ മനോഭാവമാണ് വൃത്തിയാക്കേണ്ടതെന്ന മുദ്രാവാക്യമുയര്‍ത്തിയ അവര്‍ മുഖ്യമന്ത്രിക്ക് 120 കിലോഗ്രാം സോപ്പുമായി യുപിയിലേക്ക് പുറപ്പെട്ടെങ്കിലും ത്സാന്‍സിയില്‍വച്ച് അവരെ പിടികൂടുകയും തിരിച്ചയക്കുകയും ചെയ്തു. പ്രതിഷേധത്തോട് അനുബന്ധിച്ച് ലഖ്നൌ പ്രസ്ക്ളബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചവരെ പ്രസ്ക്ളബ്ബിനകത്തുവച്ചാണ് 144-ാം വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്തത്. ഈ ഘട്ടത്തിലൊന്നും 'ദളിത് മുഖ'മായി സംഘപരിവാര്‍ അവതരിപ്പിക്കുന്ന കോവിന്ദിന്റെ ശബ്ദം ഉയര്‍ന്നുകേട്ടിരുന്നില്ല.

അതിസൂക്ഷ്മബുദ്ധിയോടെ സ്വത്വരാഷ്ട്രീയത്തിന്റെ ശാഖോപശാഖകളെ വീക്ഷിക്കുന്ന നിതീഷ്കുമാര്‍ കോവിന്ദിനെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്നുണ്ടെങ്കില്‍ അത് കേവലമൊരു രാഷ്ട്രീയ നിരീക്ഷകന്‍ എന്നതിലുപരി മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നത് എന്നുവേണം കരുതാന്‍.

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ മീരാകുമാര്‍ വിജയിക്കാന്‍ ഒരു സാധ്യതയുമില്ലെന്നുറപ്പാണ്. എന്നിരിക്കലും കേവലം മത്സരത്തിനുവേണ്ടിയുള്ള മത്സരംമാത്രമല്ല പ്രതിപക്ഷം നടത്തിയത്. മറിച്ച് രാഷ്ട്രത്തിന്റെ സുപ്രധാനമായ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം മത്സരിച്ചത്്. സാമൂഹ്യനീതിയും സമത്വവും കേവലം അടവുരാഷ്ട്രീയത്തിനുള്ള ഭാവപ്രകടനം മാത്രമാണോ? മേല്‍ജാതി മേല്‍ക്കോയ്മ നിശ്ചയിക്കുന്ന

'ദേശീയ ബോധ'മാണോ മതേതരത്വം? ദോഷൈകദൃക്കുകളായവരുടെ വിദ്വേഷരാഷ്ട്രീയമാണോ ഇന്ത്യന്‍ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തെ നയിക്കേണ്ടതെന്നും തങ്ങളുടെ കുത്തക മുതലാളിമാര്‍ക്കുവേണ്ടി സേവനം നടത്തുന്നവരുടെ ഭരണമാണോ തുടരേണ്ടത് തുടങ്ങിയ ചോദ്യങ്ങളാണ് മീരാകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ പ്രതിപക്ഷം ഉയര്‍ത്തിയത്

(ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകനും അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകന്‍. കടപ്പാട്: ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി)

പ്രധാന വാർത്തകൾ
 Top