മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി അദ്ദേഹത്തിന്റെ പതിവുള്ള സ്വകാര്യ വിദേശ ധ്യാന സഞ്ചാരഭ്രമണപഥത്തിലാണ്. അദ്ദേഹത്തിന്റെ അജ്ഞാതസങ്കേതങ്ങളിലേക്കുള്ള യാത്ര എപ്പോഴും മാധ്യമവാർത്തയാണ്. ഇപ്രാവശ്യവും മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ ഇത് പ്രസിദ്ധീകരിച്ചു. വാർത്തകൾ മാത്രമേ വരാറുള്ളൂ. നിരീക്ഷണങ്ങളോ വിശകലനങ്ങളോ മുഖപ്രസംഗങ്ങളോ ഉണ്ടാകാറില്ല. അതിനുകാരണം ഒരു വ്യക്തിയുടെ ഭരണഘടനാപ്രകാരമുള്ള (ആർട്ടിക്കിൾ 21) സ്വകാര്യതയ്ക്കുള്ള അവകാശമാണ്. രാഹുൽ പൊടുന്നനെ അപ്രത്യക്ഷമാകുന്നതല്ലാതെ അതിന്റെ ഉദ്ദേശ്യമോ സന്ദർശിക്കുന്ന സ്ഥലമോ ഒന്നും കോൺഗ്രസ് ഔദ്യോഗികമായി വെളിപ്പെടുത്താറില്ല. ഇതിനുമുമ്പ് ഒക്ടോബറിൽ മഹാരാഷ്ട്ര –- ഹരിയാന തെരഞ്ഞെടുപ്പിനുമുമ്പും അദ്ദേഹം ഇങ്ങനെ ഒരു തിരോധാനം നടത്തിയിരുന്നു. ഈ യാത്രയുടെ എല്ലാം ഉദ്ദേശ്യം ധ്യാനം ആണത്രേ. 2014 മുതൽ അദ്ദേഹം 16 പ്രാവശ്യം വിദേശസഞ്ചാരം നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇതിന്റെ വിശദാംശങ്ങൾ –- ധ്യാനം എന്നല്ലാതെ ഒന്നും ആർക്കും അറിയില്ല. 2015 ൽ 57 ദിവസമാണ് ഇങ്ങനെ അദ്ദേഹം അപ്രത്യക്ഷനായി വിദേശത്ത് കഴിഞ്ഞത്.
രാഹുലിന്റെ ഇപ്രാവശ്യത്തെ തിരോധാനം കോൺഗ്രസ് രാജ്യവ്യാപകമായി മോഡിയുടെ സാമ്പത്തികനയങ്ങൾക്കെതിരെ പ്രക്ഷോഭം നടത്താൻ ഇരിക്കവേയായിരുന്നു. ആ പ്രക്ഷോഭത്തെക്കുറിച്ച് പിന്നീട് ആരും ഒന്നും കേട്ടില്ല എന്നത് വസ്തുതയാണ്. രാഹുലിന്റെ വിദേശസന്ദർശനത്തെക്കുറിച്ച് ഇപ്രാവശ്യം ആദ്യമായി ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. പക്ഷേ, അതിൽ യാതൊരു വിശദാംശങ്ങളും ഉണ്ടായിരുന്നില്ല. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞത് ഇത്രയും മാത്രം. ‘‘ രാഹുൽഗാന്ധി സമയാസമയങ്ങളിൽ വിദേശസഞ്ചാരം നടത്തിയിട്ടുണ്ട്. ധ്യാനത്തിനായി.ഇപ്പോൾ അദ്ദേഹം അതുപോലുള്ള ഒരു യാത്രയിലാണ് ’’ കോൺഗ്രസ് വൃത്തങ്ങളുടെ വെളിപ്പെടുത്തൽ പ്രകാരം ഇന്തോനേഷ്യയാണ് സഞ്ചാരലക്ഷ്യം. പക്ഷേ, ആരും അത് സ്ഥിരീകരിച്ചിട്ടില്ല.
സ്വാഭാവികമായും ബിജെപി രാഹുലിന്റെ വിദേശ ധ്യാനയാത്രയ്ക്കെതിരെ വിമർശനവുമായി രംഗത്തുവന്നു. ബിജെപിയുടെ അഭിപ്രായത്തിൽ ഇന്ത്യയാണ് ധ്യാനങ്ങളുടെ സിരാകേന്ദ്രം. പിന്നെ എന്തിനാണ് രാഹുൽ അജ്ഞാത വിദേശ കേന്ദ്രങ്ങൾ ഇതിനായി തെരഞ്ഞെടുക്കുന്നത് ? ബിജെപി രാഹുലിന്റെ ഇതുപോലുള്ള വിദേശസഞ്ചാരങ്ങളുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് സംശയവും പ്രകടിപ്പിച്ചു. ഈ ചെലവിൽ വിമാനക്കൂലിയും പഞ്ചനക്ഷത്ര ചെലവുകളും ഉൾപ്പെടും എന്നാണ് ബിജെപിയുടെ അനുമാനം. ബിജെപിയുടെ പരാതിപ്രകാരം അദ്ദേഹത്തിന്റെ യാത്രകളുടെ വിശദവിവരങ്ങൾ ആർക്കും അറിയില്ല. ലോക്സഭാ സെക്രട്ടറിയറ്റിന് രാഹുലിന്റെ ഇതുപോലുള്ള യാത്രകളെക്കുറിച്ച് യാതൊരു വിവരവുമില്ല.
രാഹുലിന്റെ വിപാസന ധ്യാനം
രാഹുലിന്റെ വിദേശധ്യാനയാത്രകളുടെ ലക്ഷ്യം വിപാസന എന്ന ധ്യാനമാണത്രെ. പുരാതന ഇന്ത്യൻ മഹർഷിമാർ നടത്തിയിരുന്ന ഒരു ധ്യാനതന്ത്രമാണ് വിപാസന. ഇത് 2500 വർഷങ്ങൾക്ക് മുൻപ് ശ്രീബുദ്ധൻ വീണ്ടും കണ്ടുപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കഥ. ഇതിന്റെ ആസ്ഥാനകേന്ദ്രം മ്യാൻമറാണ്. വിപാസന അഥവാ പാസിയാന ഉൾക്കാഴ്ചയുടെ ധ്യാനമാണ്. ഇത് കാര്യങ്ങളെ വ്യക്തമായി കാണുന്നതിന് സഹായിക്കുമത്രേ.
രാഹുലിന്റെ യാത്രയെക്കുറിച്ചുള്ള കോൺഗ്രസിന്റെ അപൂർണമായ വിശദീകരണങ്ങൾ വ്യക്തമാണ്. കാരണം കോൺഗ്രസ് മുൻ അധ്യക്ഷന്റെ ഇതുപോലുള്ള യാത്രകളെക്കുറിച്ച് കോൺഗ്രസുകാർക്ക് എന്നല്ല ആർക്കും ഒന്നും അറിയില്ല. ഇനി ബിജെപിയുടെ ആരോപണങ്ങൾ, രാഷ്ട്രീയമായി അത് ശരിയാണ്. ബിജെപിയുടെ ആരോപണങ്ങളെത്തുടർന്ന് രാഹുലിനെ സംരക്ഷിക്കുന്ന പ്രത്യേക സുരക്ഷാസേനയുടെ നിയമങ്ങൾ മാറ്റുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ്സിങ് മുന്നറിയിപ്പ് നൽകുകയുണ്ടായി. ഇപ്പോഴത്തെ നിയമപ്രകാരം സ്പെഷ്യൽ സേനാംഗങ്ങൾ സംരക്ഷിക്കപ്പെടുന്നവരുടെ കൂടെ വിദേശത്തും പോകുകയെന്നത് നിയമമാണ്. എന്നാൽ, രാഹുലിന്റെ കാര്യത്തിൽ വിദേശത്തുള്ള ആദ്യ താവളത്തുവച്ചുതന്നെ അദ്ദേഹം സുരക്ഷാസേനയെ തിരിച്ചയക്കും. ഈ നടപടിക്രമം മാറ്റാനാണ് കേന്ദ്ര ഗവൺമെന്റ് ആദ്യം തീരുമാനിച്ചത്.
എന്നാൽ, ഇപ്പോൾ എടുത്ത തീരുമാനപ്രകാരം സോണിയക്കും രാഹുലിനുമുള്ള പ്രത്യേക സംരക്ഷണസേനയുടെ സുരക്ഷാചുമതല അപ്പാടെ എടുത്തുകളഞ്ഞിരിക്കുകയാണ്. ഇത് പുനഃപരിശോധിക്കണമെന്നാണ് ഇപ്പോൾ കോൺഗ്രസിന്റെ ആവശ്യം. രാഹുൽഗാന്ധിയുടെ വിദേശയാത്രകളുടെ എണ്ണം നിരത്തുമ്പോൾ ബിജെപി മോഡിയുടെ യാത്രകളുടെ കാര്യവും മറക്കരുത്. ഒന്ന് രഹസ്യവും ഒന്ന് പരസ്യവും ആണെന്നുള്ള വ്യത്യാസമേയുള്ളൂ.
രാഹുലിന്റെ സ്വകാര്യത തീർച്ചയായും മാനിക്കപ്പെടേണ്ടതാണ്. അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളും. വിപാസന നല്ലൊരു ധ്യാനപ്രക്രിയയായിരിക്കാം. പക്ഷേ, ഇതിന് ചുറ്റുമുള്ള ഈ ദുരൂഹത എന്തിന്? എന്തിനാണ് സ്ഥലത്തെക്കുറിച്ചുള്ള ഈ നിഗൂഢത? രാഹുലിന്റെ സ്വകാര്യതയ്ക്കുള്ള അവകാശം അംഗീകരിക്കുന്നതോടൊപ്പം എന്താണ് ഒരു പൊതുപ്രവർത്തകന്റെ സ്വകാര്യത? കോൺഗ്രസിന്റെ സമുന്നതനായ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ സ്വകാര്യതയ്ക്ക് പരിധിയുണ്ട്. അത് അംഗീകരിക്കാൻ തയ്യാറല്ലെങ്കിൽ അദ്ദേഹം രാഷ്ട്രീയത്തിൽ നിന്നിട്ട് കാര്യമില്ല.
ഇനിയും ഉൾക്കാഴ്ച നേടാനാകാതെ രാഹുൽ
എന്താണ് രാഹുലിന്റെ ചുമതല ? ആരുടെ മുമ്പാകെയാണ് അദ്ദേഹം കണക്കുകാണിക്കേണ്ടത്? അങ്ങനെ ഒന്ന് ഇല്ലേ? അദ്ദേഹത്തിന് ആരുടെ മുമ്പാകെയും കണക്ക് ബോധ്യപ്പെടുത്തേണ്ടതില്ലേ ? കോൺഗ്രസ് പ്രസിഡന്റിന്റെ അടുത്തുപോലും ? കോൺഗ്രസിൽ എത്രപേർക്ക് രാഹുലിന്റെ ഈ വക യാത്രകളെക്കുറിച്ച് അറിയാം? കോൺഗ്രസ് വക്താവിന്റെ കാര്യം പോകട്ടെ. എന്തിനാണ് ഒരു പ്രധാന രാഷ്ട്രീയ നേതാവ് ഇതുപോലുള്ള ദുരൂഹതയുടെ പുകമറയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്നതും കിംവദന്തികൾ പരത്താൻ പ്രതിയോഗികളെ സഹായിക്കുന്നതും ?
എന്താണ് വിപാസന എന്ന ഉൾക്കാഴ്ച ധ്യാനപ്രക്രിയ? ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഈ ഉൾക്കാഴ്ച ലഭിക്കുന്നില്ലെങ്കിൽ മുൻ കോൺഗ്രസ് അധ്യക്ഷന് മറ്റൊരു വിപാസനകൊണ്ട് എന്തു പ്രയോജനം? 2014 ലും 19 ലും ഈ ഉൾക്കാഴ്ച ശരിക്കും രാഹുലിനും കോൺഗ്രസിനും ലഭിച്ചതാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പാർടി അധ്യക്ഷനുമായിരുന്നു. എന്തുകൊണ്ട് അതിൽനിന്ന് ഒരു ഉൾക്കാഴ്ചയും അദ്ദേഹം നേടിയിട്ടില്ല ? മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ (2018 ഡിസംബർ) കോൺഗ്രസ് ജയിച്ചെങ്കിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടിയറവ് പറഞ്ഞു. ഇതും ഉൾക്കാഴ്ചയ്ക്കുള്ള ഒരു ഉപാധിയാണ്. ഒരു രാഷ്ട്രീയക്കാരന് ധ്യാനം രാഷ്ട്രീയ പ്രവർത്തനമാണ്. അതാണ് കർമവും. അത് പാർട്ട്ടൈം ജോലിയല്ല. പാർട്ട്ടൈംകാരെ ജനം ഗൗരവമായി കാണില്ല. രാഹുൽഗാന്ധിയുടെ രാഷ്ട്രീയത്തിന്റെ അപചയം അദ്ദേഹം രാഷ്ട്രീയം ഒരു ഫുൾടൈം കർമപദ്ധതിയായി ആവിഷ്കരിച്ചിട്ടില്ല എന്നുള്ളതാണ്.
രാഹുലിന്റെ ധ്യാനകേന്ദ്രം ജനമധ്യേ ആണ്. വിപാസന എന്ന വിദേശസ്വകാര്യ യാത്രയെയും വിമർശകർ ഒരുതരം രാഷ്ട്രീയ രക്ഷപ്പെടലായി ആരോപിക്കുന്നുണ്ടെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
എന്തായിരുന്നു മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം? രാഹുലിന്റെ അസാന്നിധ്യം കൊണ്ടാണ് ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് നില മെച്ചപ്പെടുത്താനായത് എന്ന് വിമർശകർ പരിഹാസ്യത്തോടെ പറയുന്നുണ്ടെങ്കിലും, അത് രാഹുലിന് ഒട്ടും ആശ്വാസകരമല്ല. രാഹുലിന്റെ ധ്യാനകേന്ദ്രം ജനമധ്യേ ആണ്. വിപാസന എന്ന വിദേശസ്വകാര്യ യാത്രയെയും വിമർശകർ ഒരുതരം രാഷ്ട്രീയ രക്ഷപ്പെടലായി ആരോപിക്കുന്നുണ്ടെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കോൺഗ്രസിന്റെ ഇന്നത്തെ ശിഥിലമായ അവസ്ഥയാണ് രാഹുലിന്റെ സാക്ഷാൽ വിപാസനമൂർത്തി. കോൺഗ്രസ് ഇതുപോലെ തകർന്ന് തരിപ്പണമായിക്കൊണ്ടിരിക്കുന്ന ഒരു കാലമുണ്ടായിട്ടില്ല. കോൺഗ്രസിന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കണമെങ്കിൽ രാഹുലിന് ജനമധ്യത്തിൽ ഇറങ്ങി അവരുടെ പ്രശ്നങ്ങളുമായി ഇടപഴകേണ്ടതായി വരും. അതിന് ഹ്രസ്വകാല പോംവഴികൾ ഒന്നുമില്ല. രാഹുലിന്റെ സ്വകാര്യതയെ മാനിക്കുന്നതോടൊപ്പം അദ്ദേഹം, തന്റെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാനാകണം. ആ ബോധധാരയിൽ മൃദുഹിന്ദുത്വവും ധ്യാനനിരതമായ ദന്തഗോപുരവാസവും ഒട്ടും കാമ്യമല്ല. അദ്ദേഹത്തിന്റെ അടുത്ത ധ്യാനനിലങ്ങൾ ജാർഖണ്ഡും ഡൽഹിയുമാണ്. തോൽവി മുമ്പിൽക്കണ്ട് പടനിലത്തുനിന്ന് പലായനം ചെയ്യുന്നത് ഒരു സംസ്ഥാന നേതാവിന് യോജിച്ചതല്ല.