21 October Monday

എണ്ണരാഷ്‌ട്രീയം തിളയ്‌ക്കുമ്പോൾ

ജോർജ്‌ ജോസഫ്‌Updated: Friday Sep 20, 2019


യമനിലെ ഹൂതി വിമതർ ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയിൽ നടത്തിയ ഡ്രോൺ ആക്രമണം ആഗോള സാമ്പത്തികരംഗത്തെ ശക്തമായി ഉലച്ചിരിക്കുകയാണ്. ക്രൂഡോയിൽ വില കുതിച്ചുയർന്നുവെന്നതാണ് ഇതിന്റെ പൊടുന്നനെയുള്ള ആഘാതം. എന്നാൽ, പശ്ചിമേഷ്യയെ വീണ്ടും കലാപഭൂമിയാക്കി,  കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള അമേരിക്കയുടെ രാഷ്ട്രീയം പരിശോധിക്കപ്പെടാതെ പോകരുത്. അമേരിക്കയുടെ ഏറ്റവും വലിയ ബിസിനസ് മേഖലകളിൽ ഒന്നാണ് എണ്ണ. എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ അധികവും ഏഷ്യ–--ആഫ്രിക്ക മേഖലകളിലാണെങ്കിലും ഈ വിപണിയുടെ നിയന്ത്രണം എന്നും അമേരിക്കയ്‌ക്ക് തന്നെയാണ്. ഇതിനായി നിരന്തരം പല രീതികളിൽ രാഷ്ട്രീയമായോ സായുധമായോ  ഉള്ള ഇടപെടലുകൾ അമേരിക്ക നടത്തിവരുന്നു. ഡ്രോൺ ആക്രമണത്തിനുശേഷം ലോക വിപണിയിൽ എണ്ണയുടെ വിതരണം കുറഞ്ഞപ്പോൾ അമേരിക്ക നടത്തിയ പ്രസ്‌താവന പ്രത്യേകം  ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ ക്രൂഡോയിൽ ആഗോളവിപണിയിൽ എത്തിക്കുമെന്നാണ് അമേരിക്ക പറഞ്ഞത്. ലോകത്ത് ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യം അമേരിക്കയാണ്. സ്വന്തം ഉൽപ്പാദനത്തിനൊപ്പം മറ്റു രാജ്യങ്ങളിൽനിന്ന് കുറഞ്ഞവിലയ്‌ക്ക് ശേഖരിച്ചിരിക്കുന്നതുമാണ്‌ അത്. വില ഉയർന്നപ്പോൾ തങ്ങൾ വിൽപ്പനയ്‌ക്ക് ഒരുക്കമാണെന്നാണ് യുഎസ്‌ പറയുന്നത്.

ഇത്തരത്തിൽ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇടയ്‌ക്കിടെ ആഗോള എണ്ണവിപണിയുടെ സ്ഥിരത തകർക്കുകയെന്നത് അമേരിക്കയുടെ വ്യാപാര തന്ത്രങ്ങളിൽ ഒന്നാണ്. തങ്ങൾ ഉദ്ദേശിക്കുന്ന വിലയ്‌ക്ക്,  ആസൂത്രണംചെയ്‌ത അളവിലുള്ള ക്രൂഡോയിൽ വിൽപ്പന നടത്തിക്കഴിയുമ്പോൾ അവർ പിൻവാങ്ങുകയായി. പിന്നീട് കുറച്ചുകാലം എണ്ണ മാർക്കറ്റ് ‘കരടി’കളുടെ പിടിയിൽ അമരുന്നു.  വിപണിയിൽ വില കുറയുമ്പോൾ അവർ വൻതോതിൽ ശേഖരിക്കുന്നു. പിന്നീട് വില ഉയരുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചെടുക്കും. ഇതിനായി പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തെ എക്കാലവും അവർ നിയന്ത്രണവിധേയമാക്കി നിർത്തുന്നു. അറബ് രാജ്യങ്ങൾ തമ്മിലുള്ള കുടിപ്പകയെ ഇതിനായി ഫലപ്രദമായി ചൂഷണംചെയ്യുന്നു.

ബ്രിട്ടനുമായി ചേർന്ന് ഹോർമുസ് കടലിടുക്കിൽ സംഘർഷം സൃഷ്ടിച്ച് എണ്ണനീക്കം തടസ്സപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ ഈയിടെ ലോകം കണ്ടതാണ്. ഈ രീതിയിൽ എന്നും പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തെയും എണ്ണവിപണിയെയും അമേരിക്ക ചൊൽപ്പടിക്ക് നിർത്തുന്നു

തൊണ്ണൂറുകളിൽ ഇതിനായി ഇറാഖിനെ ആയിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. ലോകത്തെ ആറു തവണ തകർക്കാൻശേഷിയുള്ള മാരക രാസായുധങ്ങൾ സദ്ദാം ഹുസൈൻ സൂക്ഷിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹത്തെയും ആ രാജ്യത്തെയും തകർത്തത്. ഇറാഖിന് തങ്ങളുടെ എണ്ണ വിൽക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച് ഖുർദ് അധീന പ്രദേശങ്ങളിൽനിന്ന് അമേരിക്ക എണ്ണ കടത്തിക്കൊണ്ടുപോയി. ഇറാഖ്‌ അവസാനിച്ചപ്പോൾ അടുത്തത് ഇറാനായി. ഇപ്പോൾ പറയുന്നത് ഇറാൻ വലിയ ആണവായുധ ശക്തിയാണെന്നും ലോകത്തെ നശിപ്പിക്കുമെന്നുമാണ്. അവർക്കും എണ്ണ വിൽപ്പനയ്‌ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നു. ബ്രിട്ടനുമായി ചേർന്ന് ഹോർമുസ് കടലിടുക്കിൽ സംഘർഷം സൃഷ്ടിച്ച് എണ്ണനീക്കം തടസ്സപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ ഈയിടെ ലോകം കണ്ടതാണ്. ഈ രീതിയിൽ എന്നും പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തെയും എണ്ണവിപണിയെയും അമേരിക്ക ചൊൽപ്പടിക്ക് നിർത്തുന്നു. ഹൂതി ഡ്രോൺ ആക്രമണവും വളരെ ആഴത്തിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഹൂതികൾ എന്നും സൗദിയുടെ ശത്രുക്കളാണ്. ഇതിനുമുമ്പ്‌ പലതവണ അവർ സൗദിക്കുനേരെ മിസൈൽ -ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. മക്കയ്‌ക്ക്‌നേരെ പത്തിലേറെ തവണ മിസൈലുകൾ തൊടുത്തിട്ടുണ്ട്. അപ്പോഴെല്ലാം യുഎസ് സേന പ്രത്യാക്രമണങ്ങളിലൂടെ അവയെല്ലാം നിർവീര്യമാക്കിയിരുന്നു. എന്നാൽ, ഡ്രോൺ ആക്രമണം അരാംകോയുടെ ഉൽപ്പാദനശേഷിയുടെ പകുതിയോളം തകർത്തപ്പോൾ അമേരിക്കൻ സൈന്യത്തിന് ഒന്നുംചെയ്യാൻ കഴിഞ്ഞില്ലത്രേ. അതുകൊണ്ട് ഡ്രോൺ ആക്രമണവും പശ്ചിമേഷ്യയിലെ പുതിയ യുദ്ധസമാന സാഹചര്യവും കേവലം ലളിതയുക്തികൾകൊണ്ട് വിലയിരുത്തുന്നതിൽ അർഥമില്ല. ഇതിനു പിന്നിലെ അമേരിക്കയുടെ  എണ്ണ രാഷ്‌ട്രീയവും പണക്കൊഴുപ്പും തന്നെയാണ് പരിഗണിക്കപ്പെടേണ്ട  പ്രധാന വിഷയങ്ങൾ.

ഇന്ത്യയിൽ  സാമ്പത്തിക പ്രതിസന്ധി  രൂക്ഷമാകും
ഹൂതികളുടെ ഡ്രോൺ ആക്രമണം നടന്നത് സൗദിയിലെ അരാംകോ കമ്പനിയിലാണ്. പക്ഷേ, അതുകൊണ്ട് രൂക്ഷമായ പ്രതിസന്ധിയുണ്ടാകുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ചൈന, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ എണ്ണ ഇറക്കുമതിക്കായി പ്രധാനമായും ആശ്രയിക്കുന്ന ഒരു  രാജ്യമാണ് സൗദി അറേബ്യ. കഴിഞ്ഞദിവസം ഉണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ആഗോള എണ്ണ വിപണിയിലെ വിതരണം 5–-6 ശതമാനം കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് ബ്രെന്റ് ക്രൂഡിന്റെ വില തിങ്കളാഴ്‌ച മാത്രം  ഒറ്റയടിക്ക് ബാരലിന് 19.5 ശതമാനം ഉയർന്നു. 1991ലെ ഗൾഫ് യുദ്ധത്തിനുശേഷം  ഒറ്റദിവസംകൊണ്ട് വില ഇത്രയധികം  ഉയരുന്നത് ഇതാദ്യമായാണ്. സൗദിയുടെ എണ്ണപ്പാടങ്ങളിൽ തുടർന്നും ആക്രമണം നടത്തുമെന്ന് യമനിലെ ഹൂതി വിമതർ വീണ്ടും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതുകൊണ്ട് ആഗോളവിപണിയിൽ വില ബാരലിന്  80 ഡോളറിലേക്ക് കുതിച്ചാലും അത്ഭുതപ്പെടാനില്ല.

ഇത് ഇന്ത്യയെ എങ്ങനെയൊക്ക ബാധിക്കുമെന്നതാണ് പ്രധാന പ്രശ്നം. സ്വാഭാവികമായും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉയർത്തേണ്ടിവരുമെന്ന കാര്യം  ഉറപ്പാണ്. ലിറ്ററിന് ആറു രൂപവരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. സൗദി അറേബ്യ ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങളിൽനിന്നാണ് ഇന്ത്യ മൊത്തം ക്രൂഡോയിൽ ഇറക്കുമതിയുടെ 85 ശതമാനവും നിർവഹിക്കുന്നത്. അതുകൊണ്ട് സൗദി ഉൽപ്പാദനം കുറയ്‌ക്കുന്നത്‌ ആഗോള മാർക്കറ്റിൽ വില ഉയർത്തുന്നതിനൊപ്പം ഇന്ത്യയിലേക്കുള്ള വിതരണത്തെയും  പ്രതികൂലമായി ബാധിക്കും. ഉൽപ്പാദനം എന്നുമുതൽ പൂർവ സ്ഥിതിയിലാകുമെന്നതിന് ഒരു ഉറപ്പും അരാംകോ കമ്പനി നൽകുന്നില്ല. ഇതാണ് ഇന്ത്യ നേരിടുന്ന ഒരു പ്രധാന പ്രതിസന്ധി.

ലോകത്തെ ശക്തമായ ജനാധിപത്യ രാജ്യം എന്ന് മേനി നടിക്കുന്ന ഇന്ത്യ അമേരിക്കയ്‌ക്കു മുന്നിൽ കീഴടങ്ങി,  ഇറാനിൽനിന്ന് താരതമ്യേന കുറഞ്ഞ വിലയ്‌ക്കു കിട്ടുന്ന ക്രൂഡോയിൽ വാങ്ങാതെ കൂടിയ വിലയ്‌ക്ക്‌ ഒപെക് രാജ്യങ്ങളിൽനിന്നും അമേരിക്കയിൽനിന്നും വാങ്ങുകയാണ്‌

വാസ്‌തവത്തിൽ അമേരിക്കയുടെ തീട്ടൂരങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്നതാണ് ഇന്ത്യക്ക് സൗദി അറേബ്യയെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നതിന്റെ കാരണം. കഴിഞ്ഞ നവംബർമുതൽ ഇറാനിൽനിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എണ്ണ വാങ്ങുന്നത് അമേരിക്ക കർശനമായി വിലക്കി. ഇതോടെ ഇന്ത്യ, ഇറാനിൽനിന്നുള്ള വാങ്ങൽ പടിപടിയായി കുറച്ചു. പകരം അമേരിക്കയിൽനിന്നും ഒപെക് രാജ്യങ്ങളിൽനിന്നും കൂടുതൽ വാങ്ങാൻ തുടങ്ങി. നടപ്പുസാമ്പത്തിക വർഷത്തിൽ ആഗസ്‌ത്‌ വരെ ഇന്ത്യയുടെ അമേരിക്കയിൽനിന്നുള്ള എണ്ണ  ഇറക്കുമതി 213 ശതമാനം  ഉയർന്നുവന്ന വസ്‌തുത ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. അമേരിക്കയുടെ എണ്ണ വിൽക്കുന്നതിനുള്ള തന്ത്രങ്ങൾക്ക് ഇന്ത്യ പരോക്ഷമായി സഹായം നൽകുന്നുവെന്ന് ചുരുക്കം. ലോകത്തെ ശക്തമായ ജനാധിപത്യ രാജ്യം എന്ന് മേനി നടിക്കുന്ന ഇന്ത്യ അമേരിക്കയ്‌ക്കു മുന്നിൽ കീഴടങ്ങി,  ഇറാനിൽനിന്ന് താരതമ്യേന കുറഞ്ഞ വിലയ്‌ക്കു കിട്ടുന്ന ക്രൂഡോയിൽ വാങ്ങാതെ കൂടിയ വിലയ്‌ക്ക്‌ ഒപെക് രാജ്യങ്ങളിൽനിന്നും അമേരിക്കയിൽനിന്നും വാങ്ങുകയാണ്‌.

ഇന്ത്യ ഇപ്പോൾ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതിൽക്കലാണ്. ഇതിനിടയിൽ ആഗോള വിപണിയിൽ ക്രൂഡോയിലിന്റെ വില കുറഞ്ഞു നിന്നിരുന്നതാണ് ഇന്ത്യൻ സമ്പദ്ഘടനയ്‌ക്ക്   ആശ്വാസം നൽകിയിരുന്ന ഒരു ഘടകം. എന്നാൽ,  മാറിയ സാഹചര്യത്തിൽ  എണ്ണവില ഉയരുന്നത് ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. കാരണം ഇറക്കുമതിച്ചെലവ് കുത്തനെ ഉയരും. ഒപ്പം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വീണ്ടും കൂടുന്നത് ജനങ്ങളുടെ  ജീവിതം കൂടുതൽ ദുഷ്‌കരമാക്കും.


പ്രധാന വാർത്തകൾ
 Top