25 April Thursday

പകർച്ചവ്യാധികളെ നേരിടാം

ഡോ. ബി ഇക്ബാൽUpdated: Monday Aug 20, 2018

 


വെള്ളപ്പൊക്കം  നിയന്ത്രണവിധേയമായാലും  ഗുരുതരങ്ങളായ ഒട്ടനവധി  പ്രശ്നങ്ങളാണ കേരളത്തെ കാത്തിരിക്കുന്നത. ഇവയിൽ പ്രധാനം പകർച്ചവ്യാധികളുടെ വ്യാപനമാണ്. മുൻകൂട്ടിക്കണ്ട് കരുതൽനടപടി സ്വീകരിക്കുകയും രോഗബാധിതരെ പ്രാരംഭഘട്ടത്തിൽ കണ്ടെത്തി ചികിത്സിക്കയും ചെയ്തില്ലെങ്കിൽ  ഇപ്പോഴത്തേതിനെക്കാൾ വലിയ ദുരന്തമാകും ഉണ്ടാവുക.

ലോകാരോഗ്യസംഘടന വെള്ളപ്പൊക്കത്തെ തുടർന്നുണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെയും അവയുടെ നിയന്ത്രണമാർഗങ്ങളെയും സംബന്ധിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള വസ്തുതരേഖ (Flooding and communicable diseases fact sheet)   ആരോഗ്യപ്രവർത്തകരെല്ലാം പഠിച്ചിരിക്കേണ്ടതാണ്. വെള്ളത്തിലൂടെയും പ്രാണികളിലൂടെയും മൃഗങ്ങളിലൂടെയും നിരവധി രോഗങ്ങൾ വ്യാപിക്കാനിടയുണ്ട്. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് ), കോളറ, എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, മലേറിയ, വെസ്റ്റ് നൈൽ പനി എന്നീ രോഗങ്ങളൂടെ വ്യാപനത്തെയാണ് പ്രധാനമായും ഭയപ്പെടേണ്ടത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ ഇത്തരം  രോഗങ്ങളെ ഇല്ലാതാക്കാം.

പരിസരം വൃത്തിയാക്കൽ

ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവരും മറ്റ് വീടുകളിൽ താമസിച്ച് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നവരും ശുചിത്വപരിപാലനത്തിന് അങ്ങേയറ്റം പ്രാധാന്യം നൽകാൻ ശ്രമിക്കണം. വീടിന്റെ ശുചീകരണത്തിലാണ് ആദ്യമായി ശ്രദ്ധിക്കേണ്ടിവരിക. വെള്ളപ്പൊക്കത്തിനുശേഷം ജലം ശുദ്ധീകരിക്കാനും വീടുകൾ അണുവിമുക്തമാക്കാനും ഏറ്റവും നല്ല മാർഗം ക്ലോറിനേഷൻ തന്നെയാണ്. പരിസരം വൃത്തിയാക്കാൻ പലരും ബ്ലീച്ചിങ പൗഡർ വിതറുന്നത് കാണാം. ഇതുകൊണ്ട് പരിസരം അണുവിമുക്തമാക്കാൻ സാധിക്കില്ല. ക്ലോറിൻ  ലായനി തയ്യാറാക്കി ഉപയോഗിക്കയാണ് വേണ്ടത്. ക്ലോറിൻ ലായനി ഒഴിച്ച  ചുരുങ്ങിയത് 2030 മിനിറ്റ് കാത്തിരുന്നാൽമാത്രമേ അണുനശീകരണം കൃത്യമായി നടക്കൂ. അതിനുശേഷം ആവശ്യമെങ്കിൽ മണമുള്ള മറ്റു ലായനികൾ ഉപയോഗിച്ച് തറ വൃത്തിയാക്കാം.

കുടിവെള്ളം

തുറസ്സായ ഇടങ്ങളിൽ ജലസ്രോതസ്സുകൾക്കുസമീപം, പ്രത്യേകിച്ചും കിണറുകളുടെ സമീപം മലമൂത്രവിസർജനം  നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. തെളിഞ്ഞിരിക്കുന്നു എന്നതുകൊണ്ട് മാത്രം  എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികളും   കൊതുകുകൾ, വിരകൾ , അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുടിക്കുവാനുള്ള വെള്ളം തിളപ്പിച്ചശേഷം ചൂടാറ്റി ഉപയോഗിക്കുക. തിളച്ചാൽ മതിയാകും, കൂടുതൽ സമയം തിളപ്പിക്കേണ്ടതില്ലഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത്. കൂടുതൽ സമയം കരുതിയിട്ടുള്ള വെള്ളവും  പൊതുവിതരണം നടത്തുന്ന വെള്ളവും കിണറ്റിലെ വെള്ളവും ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക..

കിണർ ക്ലോറിനേഷൻ

കിണറുകൾ നിർബന്ധമായും ക്ലോറിനേറ്റ് ചെയ്തിരിക്കണം. 9 അടി വ്യാസമുള്ള കിണറിന് ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് / പാമ്പിരി) ഏകദേശം അര ടേബിൾസ്പൂൺ ബ്ലീച്ചിങ പൗഡർ മതിയാകും. വലിപ്പം കൂടിയ കിണറുകൾക്ക്  ഇതനുസരിച്ച് കൂടുതൽ ബ്ലീച്ചിങ പൗഡർ ഉപയോഗിക്കുക. ആദ്യതവണ സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിങ പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക .ആവശ്യത്തിനുള്ള ബ്ലീച്ചിങ പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക . അതിനുശേഷം ഒരഞ്ചു മിനിറ്റ് ഊറാൻ അനുവദിക്കുക. പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക. അര മണിക്കൂറിനുശേഷം ഉപയോഗിക്കാം. കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം അതാണ് ശരിയായ അളവ്. ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപ്പംകൂടി ബ്ലീച്ചിങ പൗഡർ ഒഴിക്കുക. ജലസ്രോതസ്സിൽനിന്ന്ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ  ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം.

സൂക്ഷിക്കുക എലിപ്പനി

മഴക്കാലത്തും തുടർന്നുമുണ്ടാകുന്ന മാരകമായ പകർച്ചവ്യാധികളിലൊന്നാണ്  ഇംഗ്ലീഷിൽ ലെപ്റ്റോസ്പൈറൊസിസ്, വീൽസ് ഡിസീസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന എലിപ്പനി. ലെപ്ടോസ്പൈറ (Leptospira) ജനുസ്സിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ (Spirocheta)  മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) ‘എലിപ്പനി'. പ്രധാന രോഗവാഹകർ എലി, കന്നുകാലികൾ, നായ , പന്നി, കുറുക്കൻ, ചിലയിനം പക്ഷികൾ എന്നിവയാണ്. എലികളുടെ മൂത്രത്തിലൂടെയാണ് എലിപ്പനി പ്രധാനമായും വ്യാപിക്കുന്നത്.

രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങളിൽ , ലെപ്ടോസ്പൈറ അനേകനാൾ ജീവിച്ചിരിക്കും. നല്ല സൂര്യപ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളിൽ ഇവ സ്വയം നശിക്കും. എലികൾ വരാറുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതൽ ഇല്ലാതെ ഇറങ്ങുകയോ  ജോലി ചെയ്യുകയോ   കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യശരീരത്തിൽ എത്തുന്നു. കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. കണ്ണിലുള്ള പോറലുകളിൽക്കൂടിപ്പോലും മുഖം കഴുകുമ്പോൾ രോഗബാധ ഉണ്ടാകാം. പറമ്പിൽ പണിയെടുക്കുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്.
ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നുകൂടുന്നതുമുതൽ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള സാധാരണ 10 ദിവസമാണ്. ഇത് നാലുമുതൽ 20 ദിവസംവരെ ആകാം.

രോഗാണു
രക്തത്തിൽ വളരെവേഗം പെരുകുന്നു. ചിലർക്ക് രോഗം പിടിപെട്ട ഒരാഴ്ചയ്ക്കുള്ളിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലാകുകയും രക്തസ്രാവത്തിന ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീർണമായാൽ മരണം വരെ സംഭവിക്കാംശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച , ശരീരവേദന, തലവേദന , ഛർദി എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾകൂടി ഉണ്ടാകാറുണ്ട്. കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. തലവേദന, തലയുടെ പിൻഭാഗത്തുനിന്ന തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. ഏത് പനിയും എലിപ്പനി ആകാം. തുടക്കത്തിലേതന്നെ കണ്ടെത്തി ചികിത്സിച്ചാൽ
എലിപ്പനി പൂർണമായും ഭേദമാക്കാനാക്കും.

എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാർഗം. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക. ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഗം ബൂട്സ്, കൈയുറകൾ എന്നിവ ഉപയോഗിക്കുക. രോഗബാധ സംശയിച്ചാൽ ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ ആന്റിബയോട്ടിക കഴിക്കേണ്ടതാണ്.

കൊതുക് നശീകരണം

കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കി, ചിക്കുൻ ഗുനിയ, വെസ്റ്റ് നൈൽ പനി തുടങ്ങിയവ പകർത്തുന്ന ഈഡിസ് കൊതുകുകൾ വളരുന്നത്. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജ് ട്രേ, വീടിനുചുറ്റും വെള്ളം കെട്ടിക്കിടക്കാ! സാധ്യതയുള്ള ടയറുകൾ ഇവിടെനിന്നെല്ലാം വെള്ളം നീക്കംചെയ്യണം

റബർ തോട്ടങ്ങളിലുള്ള ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ചുകളഞ്ഞ് കമഴ്ത്തി വയ്ക്കണം. കെട്ടിക്കിടക്കുന്ന വെള്ളം നീക്കംചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരുദിവസം നിർബന്ധമായും നടത്തിയിരിക്കണംകൊതുകുവല ഉപയോഗിച്ചും  ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകുകടിയിൽനിന്ന രക്ഷ തേടേണ്ടതാണ്.
ആരോഗ്യവിദ്യാഭ്യാസം.

പകർച്ചവ്യാധിവ്യാപനത്തിനുള്ള കാരണങ്ങൾ, വിവിധ പകർച്ചവ്യാധികളുടെ പ്രാരംഭ രോഗലക്ഷണങ്ങൾ, പ്രതിരോധമാർഗങ്ങൾ എന്നിവയെ സംബന്ധിച്ച് വാർഡ് തലത്തിൽ രൂപീകരിച്ചിട്ടുള്ള സാനിറ്റേഷൻ കമ്മിറ്റിയും ആശാ പ്രവർത്തകരുംമറ്റും പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടതാണ്മെഡിക്കൽ, നേഴ്സിംഗ്, ഫാർമസി വിദ്യാർഥികൾ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവർക്കും പൊതുജനാരോഗ്യ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്.

 

പ്രധാന വാർത്തകൾ
 Top