28 January Tuesday

മാനവചാന്ദ്രയാത്രയുടെ നാൾവഴി

വി പി ബാലഗംഗാധരൻUpdated: Saturday Jul 20, 2019

നീൽ ആംസ്‌ട്രോങ്‌, മൈക്കിൾ കൊളിൻസ്‌, ബസ് ആൽഡ്രിൻ


മനുഷ്യൻ ആദ്യം ചന്ദ്രനിൽ ഇറങ്ങിയിട്ട് അമ്പതുവർഷമായി. നീൽ ആംസ്‌ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ നടക്കുന്നത് ടെലിവിഷനിലൂടെ കണ്ടവരിൽ  പലരും ഇന്നും ജീവിച്ചിരിപ്പുണ്ട്.  ആദ്യം ഇറങ്ങിയത് ആംസ്ട്രോങ്ങാണ്. അവിടെ നടക്കുന്നത് ഭൂമിയിൽ ഉള്ളവർക്ക് കാണാനാണ് അവർ അവിടെ ആ വീഡിയോ ക്യാമറ ഉറപ്പിച്ചത്. ടെലിവിഷൻ  ഇല്ലാത്ത നാടുകളിൽ  റേഡിയോയിലൂടെ ആംസ്‌ട്രോങ്ങിന്റെ ശബ്‌ദം കേട്ടു. ആംസ്ട്രോങ് അവിടെനിന്ന‌് പറഞ്ഞതുപോലെ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയത്  ‘മാനവരാശിയുടെ വമ്പൻ കുതിപ്പ്’ തന്നെയായിരുന്നു.  സാങ്കേതികവിദ്യകൾ ഇത്രയൊന്നും വികസിച്ചിട്ടില്ലാത്ത  അറുപതുകളിൽ  നടത്തിയ ചാന്ദ്രയാത്രകൾ മനുഷ്യന്റെ സാങ്കേതിക സാഹസത്തിന്റെ ഒരതിശയകഥയാണ്.  ആദ്യ യാത്രയ‌്ക്കുശേഷം വീണ്ടും  അപ്പോളോ പേടകങ്ങൾ ചന്ദ്രനിലിറങ്ങി. ഈ രണ്ടുപേരായി 12 മനുഷ്യർ അവിടെ ഇറങ്ങുകയും നടക്കുകയും പരീക്ഷണങ്ങൾ നടത്തുകയും മണ്ണ് കോരുകയും വണ്ടിയോടിക്കുകയും തിരിച്ചുകയറുകയും ഭൂമിയിൽ എത്തുകയും അതുകഴിഞ്ഞ് ഇവിടെ ജീവിക്കുകയും ചെയ‌്തപ്പോൾ മനുഷ്യന്റെ ചാന്ദ്രയാത്രകൾ ഒരു സാധാരണ സംഭവമായി. 

1969 ജൂലൈ പതിനാറിന‌് രാവിലെ  ആംസ്ട്രോങ്ങിനെയും ആൽഡ്രിനെയും കൊളിൻസിനെയും വഹിച്ചുകൊണ്ടുള്ള അപ്പോളോ -11 ഫ്ലോറിഡയിലെ കെന്നഡി സ‌്പേസ‌് സെന്ററിൽനിന്ന‌് പറന്നുയർന്നു. നിരവധി ആളുകൾ വിക്ഷേപണം  നേരിൽ കാണാൻ  അവിടെ തടിച്ചുകൂടിയിരുന്നു. തത്സമയം ടെലിവിഷനിൽ കാണിച്ച വിക്ഷേപണം രണ്ടരക്കോടി ജനങ്ങൾ കണ്ടിരിക്കും എന്നാണ് കണക്ക്. ജൂലൈ 20ന‌് അപ്പോളോ-11 പേടകം ചന്ദ്രന്റെ മറുഭാഗത്തുള്ളപ്പോഴാണ് ആംസ്‌ട്രോങ്ങും ആൽഡ്രിനും അവരുടെ ലൂണാർ മൊഡ്യൂളിലേക്ക്  കയറിയത്.  നിരവധി ‘അഭ്യാസങ്ങൾ’ക്കുശേഷം 1969 ജൂലൈ 20ന‌് രാത്രി 8.17ന‌് (ഇന്ത്യയിൽ  ജൂലൈ 21 രാവിലെ 1.47) അവർ ചന്ദ്രനിൽ ഇറങ്ങി.

ആദ്യം ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങി. പിന്നീട് അവിടെ നടന്നു. 20 മിനിറ്റ് കഴിഞ്ഞപ്പോൾ ആൽഡ്രിനും ഇറങ്ങി. അര മണിക്കൂറിനുശേഷം അവർ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ‌് നിക‌്സനോട‌് ടെലിഫോണിൽ സംസാരിച്ചു.

ആദ്യം ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങി. പിന്നീട് അവിടെ നടന്നു. 20 മിനിറ്റ് കഴിഞ്ഞപ്പോൾ ആൽഡ്രിനും ഇറങ്ങി. അര മണിക്കൂറിനുശേഷം അവർ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ‌് നിക‌്സനോട‌് ടെലിഫോണിൽ സംസാരിച്ചു.  അപ്പോളോ-1 ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെയും മറ്റ‌് രണ്ടു റഷ്യൻ യാത്രികരുടെയും പേരെഴുതിയ മെഡലുകൾ അവിടെ നിക്ഷേപിച്ചു. 73  രാഷ്ട്രങ്ങളിൽനിന്നും അമേരിക്കൻ കോൺഗ്രസിൽനിന്നും നാസയിലെ പ്രമുഖരിൽ നിന്നുമുള്ള  ആശംസകൾ ആലേഖനം ചെയ്‌ത സിലിക്കൺ ചിപ്പും അവിടെ നിക്ഷേപിച്ചു. 

90  മീറ്ററോളം അവർ ചന്ദ്രന്റെ പ്രതലത്തിൽ നടന്നു. അവിടെ സ്ഥാപിക്കാനുള്ള ശാസ്ത്ര ഉപകരണങ്ങൾ ഒരുക്കി. (അന്നു  സ്ഥാപിച്ച ലേസർ ഉപകരണം  ഇന്നും പ്രവർത്തിക്കുന്നുണ്ട്‌). ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ആൽഡ്രിൻ പേടകത്തിൽ തിരികെ കയറി. 40 മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ആംസ്ട്രോങ്ങും പേടകത്തിൽ കയറി. ഇരുപത്തൊന്നര  മണിക്കൂർ ചന്ദ്രന്റെ പ്രതലത്തിൽ കഴിച്ചുകൂട്ടിയ അവർ പേടകത്തിനുപുറത്ത‌് ചെലവഴിച്ചത് രണ്ടരമണിക്കൂർ മാത്രമാണ്. ഭൂമിയിൽനിന്ന‌് പുറപ്പെട്ട് 124 മണിക്കൂർ കഴിഞ്ഞപ്പോൾ ഈഗിൾ എന്ന അവരുടെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പറന്നുപൊങ്ങി. കൊളമ്പിയ എന്ന മാതൃപേടകവുമായി  ബന്ധിച്ചു. ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. 44 മണിക്കൂർ യാത്രയ‌്ക്ക‌ുശേഷം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു. പേടകം ശാന്തസമുദ്രത്തിൽ ഇറങ്ങി. കടലിൽനിന്ന‌്   രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവന്നു. ചന്ദ്രനിൽനിന്ന‌് വല്ല അണുക്കളെയും കൂടെക്കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അവയെ അകറ്റാൻ കുറച്ചുദിവസം ഒറ്റയ‌്ക്ക‌് താമസിപ്പിച്ചു. അതോടെ കെന്നഡിയുടെ സ്വപ‌്നം  സഫലമായി. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി സുരക്ഷിതമായി തിരിച്ചെത്തി.

മാനവ ചാന്ദ്രപരിപാടി വീണ്ടും പുനരാരംഭിക്കാൻ പോകുന്നു. അമേരിക്കയും റഷ്യയും തന്നെയാണ് വരാനിരിക്കുന്ന മാനവ ചാന്ദ്രദൗത്യങ്ങളുടെയും മുന്നിൽ നിൽക്കുന്നത്. എലോൺ മസ‌്കിന്റെ ബഹിരാകാശ കമ്പനിയായ സ‌്പേസ‌് -എക‌്സ‌് ഭൗമാന്തരയാത്രകൾക്ക് തയ്യാറെടുക്കുകയാണ്‌. ശതകോടിപതിയായ ജെഫ് ബെസോസ് അവരുടെ ചാന്ദ്ര പേടകത്തിന്റെ ചിത്രം പുറത്തുവിട്ടുകഴിഞ്ഞു. അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ് ട്രംപ് മാനവ ചാന്ദ്രയാത്രകൾ  ഉടൻ ആരംഭിക്കാൻ വെമ്പുകയാണ്. എന്തായാലും ഒരു കാര്യം തീർച്ചയാണ്.  സമീപഭാവിയിൽ മനുഷ്യൻ വീണ്ടും ചന്ദ്രനിൽ ഇറങ്ങുന്നത് കാത്തിരിക്കുകയാണ് ലോകം.

(വിക്രം സാരാഭായി ബഹിരാകാശകേന്ദ്രത്തിൽ നിന്ന‌് വിരമിച്ച ശാസ്ത്രജ്ഞനാണ് ലേഖകൻ)


പ്രധാന വാർത്തകൾ
 Top