24 April Wednesday

കര്‍ക്കടകമാസത്തിലെ രാമായണം വായന

ഡോ. എന്‍ വി പി ഉണിത്തിരിUpdated: Thursday Jul 20, 2017

ഇന്ത്യയുടെ രണ്ട് ഇതിഹാസകാവ്യങ്ങളിലൊന്നാണ് ആദ്യകാവ്യമെന്ന് നാം വിശേഷിപ്പിക്കുന്ന രാമായണം. ബഹുജനങ്ങളുടെ ഇടയില്‍ ഏറെക്കാലമായി പ്രചരിച്ചുപോന്ന കഥകളും ഉപകഥകളുമാണ് അതിന്റെ മുഖ്യശരീരം. ലവകുശന്മാര്‍ അയോധ്യയിലെ തെരുവീഥികളിലൂടെ നടന്നും രാജസദസ്സിലും പാടിയ രാമായണം ഏവരുടെയും ഹൃദയമലിയിച്ചെന്ന കഥയില്‍നിന്നുതന്നെ അതിന്റെ നാടോടിപ്പാരമ്പര്യം വ്യക്തമാണല്ലോ. ഇന്ന് നമ്മുടെ മുമ്പിലുള്ള ആ കൃതിയില്‍ പലപ്പോഴായി പല കൂട്ടിച്ചേര്‍ക്കലുകളുമുണ്ടായിട്ടുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാല്‍ അവയുടെ മൂലരൂപങ്ങള്‍ കുറെയൊക്കെ മനസ്സിലാക്കാന്‍ കഴിയും. 

ബുദ്ധമതത്തിന്റെ ആരംഭത്തിനുംമുമ്പാണ്- അതായത് ക്രിസ്തുവിനുമുമ്പ് 600-700 വര്‍ഷങ്ങള്‍ക്കിടയില്‍- വാല്മീകിരാമായണത്തിന്റെ ആദിമരൂപം ഉണ്ടായതെന്നു കരുതാന്‍ ആഭ്യന്തരമായ തെളിവുകളുണ്ട്. രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ ആണ് രാമായണം ഏതാണ്ടിന്നത്തെ രൂപത്തിലേക്ക് വന്നത്. ഏതായാലും കാളിദാസനുമുമ്പ് (നാലാം നൂറ്റാണ്ട്) രാമായണം അന്തിമരൂപം പ്രാപിച്ചെന്നുറപ്പിക്കാം.

ആദ്യാവസ്ഥയിലെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന രാമായണത്തില്‍ പ്രതിഫലിച്ചുകാണുന്ന ജനസമൂഹത്തിന്റെ സ്ഥിതി ഇന്നത്തെ നിലയില്‍നിന്ന് നോക്കുമ്പോള്‍ രസകരമാണ്. യാഗമാണ് ആര്യന്മാരുടെ ആരാധനയുടെ ഏറ്റവും സവിശേഷ രൂപം. സ്ത്രീകളും വേദം പഠിച്ചിരുന്നു. വൈദികകര്‍മങ്ങള്‍ നടത്തുന്നതില്‍നിന്ന് അവര്‍ വിലക്കപ്പെട്ടിരുന്നില്ല. കൌസല്യ യാഗാശ്വത്തെ കൊല്ലുന്നതായി രാമായണത്തില്‍ വിവരിക്കുന്നു. വിഗ്രഹാരാധന നിലവില്‍ വന്നിരുന്നില്ല. ബ്രാഹ്മണരും ക്ഷത്രിയരും മൃഗമാംസം ഭക്ഷിച്ചിരുന്നു. സീതയും രാമനും ലക്ഷ്മണനും ഇറച്ചി തിന്നുന്നതില്‍ താല്‍പ്പര്യം കാട്ടിയിരുന്നതായി അവരുടെ വനവാസത്തെക്കുറിച്ചുള്ള വര്‍ണനഭാഗങ്ങള്‍ തെളിവുതരും. വര്‍ണഭേദം വ്യവസ്ഥിതമായിരുന്നെങ്കിലും തൊഴില്‍വിഭജനത്തില്‍ ബ്രാഹ്മണ- ക്ഷത്രിയന്മാര്‍ തമ്മിലുള്ള അന്തരം വ്യക്തമായിരുന്നില്ല. ഇരുകൂട്ടരും ധനുര്‍വിദ്യയില്‍ മത്സരിച്ചിരുന്നു. ബുദ്ധമതത്തിന്റെ വളര്‍ച്ചയാണ് ആര്യന്മാരുടെ ജീവിതത്തിന് കുറെക്കൂടി യാന്ത്രികമായ അച്ചടക്കവും ചിട്ടയും വരുത്തിയത്. വര്‍ണാശ്രമധര്‍മങ്ങളുടെ ദൃഢവ്യവസ്ഥ, മാംസാഹാരവര്‍ജനം മുതലായവ അതിന്റെ ഫലങ്ങളായിരിക്കണം.

മഹത്തും സ്മരണീയവുമായ ഒരു സവിശേഷസംഭവത്തെ  തന്റെ കൃതിയിലൂടെ അനശ്വരമാക്കുകയായിരിക്കാം വാല്മീകി. ആര്യന്മാര്‍ ഇന്ത്യയിലേക്കുവന്ന് ഗംഗാതടത്തിലെ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളില്‍ സ്ഥിരവാസമുറപ്പിച്ചു. അയോധ്യ കേന്ദ്രമാക്കി വര്‍ഷങ്ങളോളം സുസ്ഥിരമായ രാജഭരണം നടത്തി. തെക്കന്‍ ഭാഗങ്ങളിലേക്കുകൂടി തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കണം. യമുനയുടെ തീരപ്രദേശങ്ങള്‍തൊട്ട് തെക്ക് സിലോണ്‍വരെയുള്ള ഭാഗങ്ങളില്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമായും കൂട്ടായും രാക്ഷസന്മാരും വാനരന്മാരും മറ്റും സ്വന്തം പ്രദേശങ്ങള്‍ അടക്കിവാഴുകയാണ്. നരഭോജികളായ ആദിവാസികളാണ് ശക്തന്മാരും കറുത്തവരും അതിനാല്‍ ഏറെക്കുറെ വിരൂപന്മാരുമായ രാക്ഷസന്മാര്‍. കല്ലും വടിയുംമാത്രം ആയുധങ്ങളായുപയോഗിക്കുന്ന, പലപ്പോഴും രാക്ഷസന്മാരുടെ ആക്രമണങ്ങള്‍ക്ക് വിധേയാരാകേണ്ടിവരുന്ന, മറ്റൊരുതരം ആദിവാസികളാണ് വാനരന്മാര്‍. ഇന്ദ്രനായിരുന്നു ആര്യന്മാരുടെ നേതാവ്. പുതിയ പുതിയ ബന്ധങ്ങളും രാജ്യങ്ങളും വെട്ടിപ്പിടിക്കുന്നതിന് അവര്‍ക്ക് നേതൃത്വം കൊടുത്തത് വജ്രധരനായ ഇന്ദ്രനാണ്. ഇതിഹാസകാലമായപ്പോഴക്കും ആ സ്ഥാനം വിഷ്ണു ഏറ്റെടുത്തു. പുരാണകാലത്ത് അത് ദൃഢമായി. അയോധ്യകേന്ദ്രമാക്കി ഭരണം നടത്തിയ ആര്യന്മാര്‍ക്ക് പുതിയ തെക്കന്‍മേഖലകള്‍ കൈയടക്കുന്നതില്‍ രാമനാണ് നേതൃത്വം കൊടുത്തത്. അമ്പും വില്ലും എന്ന നവീനായുധങ്ങളുപയോഗിക്കാനറിയാവുന്ന ആര്യന്മാരുടെ നേതാവാണ് അദ്ദേഹം. യാഗവിരോധികളും നരഭോജികളുമായ രാക്ഷസന്മാര്‍ക്ക്, തങ്ങളുടെ സ്വന്തം നാടിനെ കീഴടക്കാന്‍ വരുന്നവരെന്ന കാരണംകൊണ്ടുതന്നെ, ആര്യന്മാര്‍ ശത്രുക്കളാണ്. ഋഷികളെയും മറ്റും, അതിനാല്‍, അവര്‍ ഉപദ്രവിക്കും. രാമന് അവരെ എതിര്‍ക്കുന്നതിന് അങ്ങനെയൊരു കാരണവും കിട്ടി. അതേയവസരം, പേര്‍ഷ്യയിലും അഫ്ഗാനിസ്ഥാനിലും മറ്റും കുടിയിരുന്ന, തങ്ങളുടെ പൂര്‍വികന്മാരായ ആര്യന്മാരോട് ഇന്ത്യയില്‍ കുടിപാര്‍ത്ത ആര്യന്മാര്‍ക്ക് അത്ര രസമാണെന്നു പറഞ്ഞുകൂടാ. എങ്കിലും അവര്‍ തമ്മില്‍ അപൂര്‍വമായി വിവാഹബന്ധം ഉണ്ടായെന്നു വരാം. ദശരഥന്റെ കൈകേയീവിവാഹം അത്തരത്തിലൊന്നാണ്.

രാമന്റെ ദക്ഷിണദിഗ്വിജയവും രാവണന്റെ നേതൃത്വത്തിലുള്ള ആദിവാസികളായ രാക്ഷസന്മാരുടെ വധവും അതുപോലെതന്നെ. ആദിവാസികളുടെ ഇടയിലുള്ള ഭിന്നിപ്പില്‍നിന്ന് മുതലെടുത്തുകൊണ്ടാണ് ഇത് രാമന്‍ സാധിച്ചത്. ബാലിയെ കൊന്ന് സുഗ്രീവന്റെയും ഹനുമാന്റെയും നേതൃത്വത്തിലുള്ള വാനരന്മാരുടെ സംഘത്തെ മുഴുവനായും രാക്ഷസന്മാരുടെ കൂട്ടത്തില്‍നിന്ന് വിഭീഷണന്റെ നേതൃത്വത്തില്‍ അംഗുലീപരിമിതമെങ്കിലും ശത്രുരഹസ്യങ്ങള്‍ ചോര്‍ത്തിത്തരാന്‍ കഴിവുള്ള ഒരു ചെറിയ ഗ്രൂപ്പിനെയും വശത്താക്കിക്കൊണ്ടാണ് കുശാഗ്രബുദ്ധിയും നവീനായുധപ്രയോഗനിപുണനുമായ ആര്യരാമന്‍ ലക്ഷ്മണനോടുകൂടി രാവണന്റെ നേതൃത്വത്തിലുള്ള രാക്ഷസസംഘത്തെ നേരിട്ടത്. അതിന് സീതാപഹരണം ഒരു കാരണമായെന്നുമാത്രം. സുന്ദരികളായ പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോവുക നരഭോജികളുടെ സ്വഭാവമാണ്. അവരുടെ പാതിവ്രത്യം ഭഞ്ജിക്കുകയൊന്നുമല്ല ലക്ഷ്യം. ഒരു കൊല്ലംവരെ, ആ പെണ്ണുങ്ങളുടെ വേണ്ടപ്പെട്ടവര്‍ വന്ന് കൊണ്ടുപോയില്ലെങ്കില്‍ നരഭോജികളായ രാക്ഷസര്‍ അവരെ കൊന്നുതിന്നും. ഇത്തരത്തില്‍പെട്ട ആയിരക്കണക്കിനു സുന്ദരികള്‍ രാവണന്റെ അന്തഃപുരത്തില്‍ ഉണ്ടായിരുന്നെന്ന് ഹനുമാന്‍ പറയുന്നുണ്ട്. അങ്ങനെ സംഭവിച്ച സീതാപഹരണം കാരണമാക്കിയാണ് രാമന്‍ തന്റെ ലങ്കാക്രമണവും രാവണാദി രാക്ഷസവംശനാശവും സാധിച്ചത്. ഇതും ഇന്ത്യയിലെ ആര്യന്മാരെ സംബന്ധിച്ചിടത്തോളം അനശ്വരമായി രേഖപ്പെടുത്തിവയ്ക്കേണ്ട ഒരു സംഭവമത്രേ. അയോധ്യാരാജധാനിയില്‍ അസുരാപരാഭിധാനരായ പൂര്‍വികാര്യന്മാരുടെ നാഗരികകൂടബുദ്ധിയില്‍ പിറന്ന് പ്രവൃത്ത്യന്മുഖമായി വന്ന ഗൂഢതന്ത്രങ്ങളുടെ പരാജയവും, യമുനയ്ക്ക് തെക്ക് ഇങ്ങേയറ്റം സിലോണ്‍വരെ വ്യാപിച്ചുകിടന്ന ഫലഭൂയിഷ്ഠവും കാടുനിറഞ്ഞതുമായ ഭൂവിഭാഗങ്ങളെ ശക്തരെങ്കിലും പ്രായേണ അപരിഷ്കൃതരും രാഷ്ട്രതന്ത്രാനഭിജ്ഞരുമായ ആദിവാസികളെ സ്വാധീനിച്ചും നശിപ്പിച്ചും കീഴടക്കിയ വീരസാഹസികചരിത്രവും- ഇവ രണ്ടും വാല്മീകി തന്റെ ഇതിഹാസകാവ്യത്തിലൂടെ അനശ്വരമാക്കി. അങ്ങനെ ഇന്ന് നമ്മുടെ മുമ്പിലുള്ള രാമായണം വാല്മീകിയുടെ മാത്രമല്ല; പലരുടെയും സംഭാവനകളുടെ സങ്കലിതസൃഷ്ടിയാണ്.

രാമായണം ഇന്ത്യയിലെങ്ങും നാടോടിയായും വാമൊഴിയായും പ്രചരിച്ചിട്ടുണ്ട്. കേരളത്തില്‍ത്തന്നെ വയനാട്ടിലും ഇടുക്കിയിലും മറ്റും ജനകീയമായി പ്രചലിതമായ രാമായണങ്ങള്‍, നാഗരികരുടെയും ഗ്രാമീണരുടെയും ആദിവാസിഗോത്രജനങ്ങളുടെയും മുസ്ളിങ്ങളുടെയും മറ്റു വിഭാഗങ്ങളുടെയുമിടയില്‍ വ്യാപിച്ചുകിടക്കുന്ന രാമായണങ്ങള്‍, ഇതിവൃത്തത്തിലും കഥാഗതിയിലും വൈവിധ്യവും വൈചിത്യ്രവുമുള്ളവയത്രേ. അസാധാരണമായ ബഹുസ്വരത! പലേടങ്ങളിലും പരമ്പരാഗതമായി പ്രചരിച്ചുപോരുന്നത് രാമായണത്തിലെ ഓരോ സംഭവവും അവിടവിടെ നടന്നതായിട്ടാണ്. ചുരുക്കത്തില്‍, രാമായണം ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ്. രാമനും സഹോദരന്മാരും സീതയും രാവണനും തമ്മിലുള്ള ബന്ധങ്ങളിലും പലപ്പോഴും ഐകരൂപ്യം കാണുകയില്ല. നമ്മുടെ കൊച്ചുകേരളത്തിലുള്ള ഈ രാമായണപ്രതിഭാസം ഇന്ത്യയിലെങ്ങും പലതരത്തില്‍ അനുഭവവേദ്യമാകുന്നു. ഏഷ്യയിലെമ്പാടും ഇതുപോലെ രാമായണങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. ജാവയിലും ഇന്തോനേഷ്യയിലും പ്രചരിക്കുന്ന രാമായണങ്ങള്‍ ഇന്ത്യന്‍പാഠങ്ങളില്‍നിന്ന് ഒട്ടേറെ വ്യത്യസ്തതയുള്ളവയാണ്.

ഇക്കൂട്ടത്തില്‍ ലിഖിതരൂപത്തിലുള്ളവയില്‍ പ്രധാനമാണ് ക്രിസ്തുവിനു മുമ്പും പിമ്പുമായി രൂപംകൊണ്ട വാല്മീകിരാമായണവും മധ്യകാലഭക്തിപ്രസ്ഥാനത്തിന്റെ ഉല്‍പ്പന്നങ്ങളായ ഹിന്ദിയിലെ തുളസീദാസരാമായണവും സംസ്കൃതത്തിലെ അധ്യാത്മരാമായണവും അതിന്റെ സ്വതന്ത്രപരിഭാഷയായ തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടും. പഞ്ഞമാസമെന്നു പറയപ്പെടുന്നതും ശ്രീരാമന്റെ ജന്മമാസമെന്നു കരുതിപ്പോരുന്നതുമായ കര്‍ക്കടകമാസത്തില്‍ നൂറ്റാണ്ടുകളായി കേരളത്തില്‍ വായിക്കപ്പെടുന്നതാണ് അധ്യാത്മരാമായണം കിളിപ്പാട്ട് (കോലത്തുനാടുമുതല്‍ കടത്തനാടുവരെ- കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് വടകരവരെ- ചിങ്ങമാസത്തില്‍ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും വായിക്കുക പതിവാണ്). ഇതെല്ലാം ആര്‍എസ്എസ് ആവിര്‍ഭവിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ കേരളത്തില്‍ നിലനിന്നുപോരുന്ന പതിവുകളാണ്. ഇപ്പോള്‍ വര്‍ധിതവീര്യത്തോടെ രാമായണമാസാചരണം കൊട്ടിഘോഷത്തോടെ പൊടിപൊടിക്കുമ്പോള്‍ കേരളീയ പൊതുസമൂഹത്തിനുമുമ്പില്‍ തങ്ങള്‍ സ്വയം പരിഹാസ്യരാവുകയാണ് ചെയ്യുന്നതെന്ന് അവര്‍ ഓര്‍ക്കാത്തത് കഷ്ടംതന്നെ

(അവലംബം- സി വി വൈദ്യയുടെ ദി റിഡില്‍ ഓഫ് ദി രാമായണ, ഡി ഡി കോസാമ്പിയുടെ ദി കള്‍ച്ചര്‍ ആന്‍ഡ് സിവിലൈസേഷന്‍ ഓഫ് ഏന്‍ഷ്യന്റ് ഇന്ത്യ ഇന്‍ ഹിസ്റ്റോറിക്കല്‍ ഔട്ട്ലൈന്‍, മിത്ത് ആന്‍ഡ് റിയാലിറ്റി, ഡോ. ഹെര്‍മന്‍ ജാക്കോബിയുടെ ദാസ് രാമായണ)

പ്രധാന വാർത്തകൾ
 Top