23 January Wednesday

അമര്‍നാഥ് ആക്രമണം ബഹുസ്വരതയ്ക്കെതിരെ

സാജന്‍ എവുജിന്‍Updated: Thursday Jul 20, 2017

അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെ ഇതിനുമുമ്പ് ആക്രമണമുണ്ടായത് 15 വര്‍ഷംമുമ്പാണ്. അക്കാലത്തും രാജ്യത്ത് എന്‍ഡിഎ സര്‍ക്കാരായിരുന്നു. ഇപ്പോള്‍ കേന്ദ്രത്തിലും ജമ്മു കശ്മീരിലും ബിജെപി അധികാരം കൈയാളുമ്പോള്‍ അമര്‍നാഥ് തീര്‍ഥാടനത്തിനിടെ വീണ്ടും ചോരപ്പുഴ ഒഴുകിയിരിക്കുന്നു. ജമ്മു കശ്മീര്‍ സംസ്കാരത്തിന്റെ ഭാഗമാണ് അമര്‍നാഥ് തീര്‍ഥാടനം. സംസ്ഥാനത്ത് പൊതുവെ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ അമര്‍നാഥ് യാത്രയെ ബാധിക്കാറില്ല. എന്നാല്‍, നരേന്ദ്ര മോഡി സര്‍ക്കാര്‍ മൂന്നുവര്‍ഷം പിന്നിട്ടിരിക്കെ  സ്ഥിതിഗതി അങ്ങേയറ്റം വഷളായിരിക്കുന്നു. ജമ്മു കശ്മീരിലെ രാഷ്ട്രീയസാഹചര്യവും സുരക്ഷയും ഓരോ ദിവസം കഴിയുന്തോറും മോശമായി വരുന്നു. പരസ്പരവൈരികളായിരുന്ന പിഡിപിയും ബിജെപിയും തമ്മില്‍ അധികാരംമാത്രം ലക്ഷ്യമിട്ട് രൂപീകരിച്ച സര്‍ക്കാര്‍ രാജ്യത്തിനുതന്നെ ബാധ്യതയായി മാറിയിരിക്കുന്നു. വൈരുധ്യങ്ങള്‍മാത്രം പേറുന്ന ഈ രണ്ടു കക്ഷിയും തമ്മില്‍ കലഹിക്കുമ്പോഴും അധികാരക്കസേരകള്‍ വിടാന്‍ തയ്യാറല്ല. 

ഇന്ത്യയുടെ രാഷ്ട്രശരീരത്തിലെ ഉണങ്ങാത്ത മുറിവാണ് കശ്മീര്‍പ്രശ്നം. ഇതുവരെ കേന്ദ്രം ഭരിച്ച സര്‍ക്കാരുകളെല്ലാം ഇക്കാര്യം അംഗീകരിക്കുകയും പ്രശ്നപരിഹാരത്തിനായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ജവാഹര്‍ലാല്‍ നെഹ്റുവും ഷേഖ് അബ്ദുള്ളയും തമ്മില്‍ ഒപ്പിട്ട ഉടമ്പടി, താഷ്കന്റ് കരാര്‍, ഷിംല കരാര്‍, ഇന്ദിരാഗാന്ധിയും ഷേഖ് അബ്ദുള്ളയും തമ്മില്‍ ഒപ്പിട്ട കരാര്‍, ആഗ്ര ഉച്ചകോടി, ലാഹോര്‍ പ്രഖ്യാപനം എന്നിവയെല്ലാം പ്രശ്നപരിഹാരത്തിനുള്ള നീക്കങ്ങളായിരുന്നു. ഇതൊന്നും പൂര്‍ണവിജയം കണ്ടില്ലെങ്കിലും അനുരഞ്ജനത്തിനുള്ള പാത മുന്നിലുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനെങ്കിലും ഉപകരിച്ചു. മുറിവ് ഉണങ്ങിയില്ലെങ്കിലും കൂടുതല്‍ വഷളാകുന്നത് പലപ്പോഴും ഒഴിവായി. ചര്‍ച്ചകള്‍ നടക്കുമെന്ന ധാരണ നിലനിന്നു. രാഷ്ട്രീയപ്രക്രിയയാണ് വേണ്ടതെന്ന ആശയം പൊതുവെ കേന്ദ്ര സര്‍ക്കാരുകളും അംഗീകരിച്ചു.

വിവിധ കാലങ്ങളില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ കശ്മീര്‍വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് മോഡിസര്‍ക്കാര്‍ എടുക്കുന്നത്. ജമ്മു കശ്മീരില്‍ അധികാരപങ്കാളിത്തംകൂടി ലഭിച്ചതോടെ ബിജെപി,  സംസ്ഥാനത്തെ സംഘര്‍ഷം ലഘൂകരിക്കാന്‍ ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തീരെ തയ്യാറല്ല. തീവ്രവാദസംഘടനകളാകട്ടെ, ജനങ്ങളെ കൂടെകൂട്ടാന്‍ വീണുകിട്ടിയ സന്ദര്‍ഭമായി ഇതിനെ കാണുകയും ചെയ്യുന്നു. സര്‍ക്കാരും ജനങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന അകല്‍ച്ച തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും ആഹ്ളാദകരമാണ്. സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം വര്‍ധിച്ചുവരികയാണ്. 2016ല്‍ സുരക്ഷാസേനാംഗങ്ങളായ 30 പേരാണ് കൊല്ലപ്പെട്ടതെങ്കില്‍ ഇക്കൊല്ലം ജൂണ്‍ 30 വരെ 40 ഭടന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നാട്ടുകാരായ അഞ്ചുപേരാണ് കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടത്. ഇക്കൊല്ലം ആദ്യത്തെ ആറുമാസം 28 പേരുടെ ജീവന്‍ പൊലിഞ്ഞു. തീവ്രവാദികളുടെ എണ്ണം ഇത് യഥാക്രമം 77, 92 വീതമാണ്. സുരക്ഷാസേനയുടെ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ചശക്തി നഷ്ടമായവരുടെ എണ്ണം ചെറുതല്ല.

നേരത്തെ, സുരക്ഷാസേനയ്ക്കെതിരെ കല്ലെറിയാന്‍ യുവാക്കളാണ് തെരുവിലിറങ്ങിയിരുന്നത്. ഇപ്പോള്‍ പെണ്‍കുട്ടികള്‍പോലും സേനാംഗങ്ങളെ കല്ലെറിയുന്നു. രക്ഷിതാക്കള്‍ക്ക് കുട്ടികളെ ഇതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. തങ്ങളുടെ ഭാവിക്കുവേണ്ടിയാണ് പൊരുതുന്നതെന്ന് വിശ്വസിക്കുന്ന കുട്ടികളോട് ഇതില്‍നിന്ന് പിന്മാറണമെന്ന് എങ്ങനെ ആവശ്യപ്പെടാന്‍ കഴിയുമെന്ന് രക്ഷിതാക്കള്‍ ചോദിക്കുന്നു. സര്‍ക്കാരുകളുടെ വീഴ്ചകളും രാഷ്ട്രീയ കുത്തിത്തിരിപ്പുകളും കശ്മീര്‍ജനതയില്‍, അവിശ്വാസത്തെ അതിന്റെ പാരമ്യതയില്‍ എത്തിച്ചിരിക്കുന്നു.

മുമ്പ്, കശ്മീര്‍വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ജമ്മു കശ്മീര്‍ സര്‍ക്കാരും ഒരേഭാഷയിലാണ് സംസാരിച്ചിരുന്നത്; വ്യത്യസ്ത കക്ഷികള്‍ രണ്ടിടത്തും ഭരിച്ചിരുന്ന കാലത്തും. ഇപ്പോള്‍ ഇരുസര്‍ക്കാരുകളും ഇരുധ്രുവങ്ങളിലേക്കാണ് നീങ്ങുന്നത്. ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ പങ്കാളികളായ പിഡിപിയും ബിജെപിയും, സുരക്ഷാസേനയെ വിന്യസിക്കുന്ന കാര്യത്തിലടക്കം തമ്മില്‍ ചേര്‍ച്ചയില്ല. പരസ്പരം അവിശ്വസിക്കുന്ന പിഡിപിക്കും ബിജെപിക്കും സുരക്ഷസംബന്ധമായ നിര്‍ണായക വിഷയങ്ങളില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്താന്‍ കഴിയുന്നില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, സായുധസേനകള്‍ക്കുള്ള പ്രത്യേകാധികാരനിയമം എന്നീ വിഷയങ്ങളില്‍ ബിജെപിക്കും പിഡിപിക്കും വ്യത്യസ്ത നിലപാടുകളാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളയണമെന്ന് ബിജെപി വാദിക്കുമ്പോള്‍, ഇത് നിലനിര്‍ത്തണമെന്നതാണ് പിഡിപിയുടെ നിലപാട്. സൈനികാധികാരനിയമം നിലനിര്‍ത്തണമെന്ന് ബിജെപി ആവശ്യപ്പെടുമ്പോള്‍, ഉടന്‍ പിന്‍വലിക്കണമെന്നതാണ് പിഡിപിയുടെ നയം. 

ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാതെ, സൈനികനടപടി മാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗമെന്ന് ബിജെപി വാദിക്കുന്നു. അധികാരത്തിനുവേണ്ടി നാണംകെട്ട വിധേയത്വം പ്രകടിപ്പിക്കുന്ന പിഡിപിയാകട്ടെ, പരിതാപകരമായ അവസ്ഥയില്‍ എത്തിയിരിക്കുന്നു. തീവ്രവാദികളും അവര്‍ക്ക് സഹായം നല്‍കുന്നവരും ഈ അവസ്ഥ മുതലെടുക്കുമ്പോള്‍ വെടിയൊച്ചകള്‍ നിലയ്ക്കുന്നില്ല. ചൈനയെയും പാകിസ്ഥാനെയും പഴിച്ച് എത്രകാലം മുന്നോട്ടുപോകാന്‍ കഴിയും? കശ്മീര്‍ജനതയുടെ വിശ്വാസം നേടിയെടുക്കുകയും രാഷ്ട്രീയപ്രക്രിയ മുന്നോട്ടുനീക്കുകയും ചെയ്യാതെ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയില്ല. അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെ ഉണ്ടായ ആക്രമണത്തിനുശേഷം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്മീര്‍ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: "അമര്‍നാഥ് തീര്‍ഥാടനം ജമ്മു കശ്മീര്‍ ജനതയുടെ ദീര്‍ഘകാലപാരമ്പര്യത്തിന്റെ ഭാഗമാണ്. തീര്‍ഥാടകരെ ആവേശപൂര്‍വമാണ് ജനങ്ങള്‍ സ്വീകരിക്കുന്നത്. യാത്രികര്‍ ഇതുവരെയും ഒരു രാഷ്ട്രീയ അജന്‍ഡയുടെയും ഭാഗമായിരുന്നില്ല. കശ്മീര്‍ജനതയ്ക്ക് ഇന്ത്യന്‍ ജനതയോട് ശത്രുതയൊന്നുമില്ല. സംസ്ഥാനത്തിന്റെ ബഹുസ്വരത തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ആക്രമണം.'' ഈ സത്യം അംഗീകരിക്കാനുള്ള വിവേകം കേന്ദ്ര ഭരണാധികാരികള്‍ കാട്ടുമോ എന്നതാണ് പ്രധാന ചോദ്യം

പ്രധാന വാർത്തകൾ
 Top