17 February Sunday

തോൽവിയിലും തലയുയർത്തി...

സച്ചിൻ രാജ് പി വിUpdated: Sunday May 20, 2018

ലെനിന്റെ ‘ഭരണകൂടവും വിപ്ലവവും’ എന്ന ലേഖനം ബൂർഷ്വാ ജനാധിപത്യത്തെ കിറുകൃത്യമായി തുറന്നു കാട്ടുന്നുണ്ട്.

“മുതലാളിത്ത സമൂഹത്തിലെ ജനാധിപത്യം ന്യൂനപക്ഷം വരുന്ന സമ്പന്നർക്കു വേണ്ടി വെട്ടിച്ചുരുക്കപ്പെട്ടതും വളച്ചൊടിക്കപ്പെട്ടതും വ്യാജവുമാണ്.”

മേൽനിർവചനത്തിന്റെ സാധുത ഏതാനും നാളുകളായി നാം നേരിട്ടു കണ്ടു ബോധ്യപ്പെട്ടുവരുന്നതാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി കർണാടക നിയമസഭാ തിരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട നാടകങ്ങളും നമുക്ക്‌ മുന്നിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു.

പണാധിപത്യത്തിന്റെയും റിസോർട്ട് രാഷ്ട്രീയത്തിന്റെയും നാണംകെട്ട ഒരേട് നമുക്ക് മുന്നിൽ അരങ്ങേറി മാറിക്കഴിഞ്ഞു. തലയൊന്നിന് കോടികൾ വില പറഞ്ഞിട്ടും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ദക്ഷിണേന്ത്യൻ സ്വപ്നങ്ങളിൽ മോഹഭംഗം സംഭവിച്ച സംഘപരിവാര ഭക്തരെക്കുറിച്ചോ, റിസോർട്ട് രാഷ്ട്രീയത്തിന്റെ ബലത്തിൽ മറുകണ്ടം ചാടാൻ അവസരം ലഭിക്കാതിരുന്നവരിൽ ‘ഹാ, ബലേഭേഷ്, ജനാധിപത്യത്തിന്റെ കാവൽമാലാഖമാരെ’ എന്നമട്ടിൽ അഭിമാനപുളകിതരായിരിക്കുന്ന കോൺഗ്രസ്സ് അണികളെക്കുറിച്ചോ അല്ല പറഞ്ഞുവന്നത്.  മറിച്ച് പണം നിയന്ത്രിക്കുന്ന ഒരു ജനാധിപത്യപ്രക്രിയ തെളിഞ്ഞ വെള്ളം കണക്ക് കണ്മുന്നിൽ വ്യക്തമാവുമ്പോൾ, അതിനിടയിൽ പരാജയത്തിലും തലയുർത്തി നിൽക്കുന്ന ഒരു മനുഷ്യനെയും അയാൾ പ്രതിനിധീകരിക്കുന്ന വർഗ്ഗരാഷ്ട്രീയത്തെയും കാണാതെ, ഫാസിസഭീതിയിൽ വിലപിക്കുകയും സ്വയം പലായനം ചെയ്യുകയും ചെയ്യുന്ന കൂട്ടരോടാണ്. മംഗളൂരു നോർത്തിൽ നിന്നും സിപിഐ എം സ്ഥാനാർഥിയായ മുനീർ കാട്ടിപ്പള്ളിയുടെ  വാക്കുകൾ കടമെടുത്താൽ “ഞങ്ങൾ ഒരു ഹ്രസ്വദൂര ഓട്ട മത്സരത്തിൽ പങ്കെടുക്കുകയല്ല, ഒരു മാരത്തോൺ ഓടിക്കൊണ്ടിരിക്കുയാണ്.” സാമൂഹ്യമാറ്റത്തിന്റെ ആ മാരത്തോൺ ഓട്ടത്തിൽ ജി വി ശ്രീരാമറെഡ്ഢിയെന്ന കമ്യൂണിസ്റ്റുകാരൻ നയിച്ചുകൊണ്ടിരിക്കുന്ന പോരാട്ടം ആവേശം കൊള്ളിക്കുന്നതാണ്.

സിപിഐ എമ്മിന്റെ കർണാടക സംസ്ഥാന സെക്രട്ടറിയാണ് ജി വി ശ്രീരാമറെഡ്ഢി. 2018 നിയമസഭാ തിരഞ്ഞെടുപ്പിൽ പാർടിയുടെ ബാഗേപ്പള്ളി മണ്ഡലം സ്ഥാനാർഥിയായിരുന്നു അദ്ദേഹം.

പാർടി വൃത്തങ്ങളിൽ ജിവിഎസ് എന്നറിയപ്പെടുന്ന ജി വി ശ്രീരാമറെഡ്ഢി, ജനസേവനത്തിനായി നീക്കിവച്ച 4 പതിറ്റാണ്ടിലേറെ നീളുന്ന പൊതുജീവിതത്തിന് ഉടമയാണ്. 1952 ൽ ചിക്കബല്ലാപുര ജില്ലയിലെ ചിന്താമണി താലൂക്കിൽ ജനിച്ച ജിവിഎസ്, ബാംഗ്ലൂരിൽ നിയമവിദ്യാർത്ഥിയായിരിക്കെയാണ് വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു പ്രവേശിക്കുന്നത്. അവിഭക്ത കോലാറിൽ സഖാവ് എ കെ ഗോപാലൻ തുടങ്ങിവച്ച 1973 ലെ ഭൂസമരത്തിൽ, ജ്യേഷ്ഠനും പ്രമുഖ കർഷകനേതാവുമായിരുന്ന സ: അശ്വന്തനാരായണ റെഡ്ഢിയുടെ നേതൃത്വത്തിന് കീഴിൽ വിദ്യാർത്ഥിനേതാവെന്ന നിലയിൽ ജിവിഎസ്  പ്രധാനപങ്ക് വഹിക്കുകയും സമരത്തെത്തുടർന്ന് ജയിലിലടക്കപ്പെടുകയും ചെയ്തു. സമരം വിജയിക്കുകയും തുടർന്ന് കർഷർക്ക് ഭൂമി വിതരണം ചെയ്യപ്പെടുകയുമുണ്ടായി.

പിന്നീട് യുവജനങ്ങൾക്കിടയിൽ പ്രവർത്തിച്ച ജിവിഎസ്, രാജ്യത്ത് പുരോഗമന യുവജന പ്രസ്ഥാനം സ്ഥാപിക്കുന്നതിനായുള്ള 'പരിപാടി'ക്ക് രൂപം നൽകിയ സബ്കമ്മിറ്റിയുടെ ഭാഗമാവുകയും തുടർന്ന് മറ്റു സഖാക്കളുമായി ചേർന്ന് ഡിവൈഎഫ്‌ഐയുടെ സ്ഥാപനത്തിന് നേതൃത്വം നൽകുകയും ചെയ്തു. സമൂഹത്തിൽ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന വിഭാഗമായ കർഷകത്തൊഴിലാളികൾക്കിടയിലും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. ഓൾ ഇന്ത്യ അഗ്രിക്കൾച്ചറൽ വർക്കേഴ്സ് യൂണിയന്റെ കർണാടക സംസ്ഥാന ഘടകം രൂപികരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

ബാഗേപ്പള്ളിയിൽ ജിവിഎസിന്‌ ഇത് ആദ്യ അങ്കമായിരുന്നില്ല. 1985 ൽ പാർടി അദ്ദേഹത്തെ ബാഗേപ്പള്ളിയിൽ അന്നത്തെ സിപിഐ എം എം.എൽ.എ ആയിരുന്ന അപ്പസ്വാമി റെഡ്ഢിക്ക് പിൻഗാമിയായി നിയോഗിക്കുകയുണ്ടായി. അതിനുശേഷം അവിടത്തെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിലിടപെട്ടു പ്രവർത്തിക്കുകയും അവിഭക്ത കോലാറിൽ പാർടിയെ നയിക്കുകയും ചെയ്തു. കോലാർ വിഭജിച്ചതിനു ശേഷം പുതുതായി രൂപീകരിക്കപ്പെട്ട ചിക്കബല്ലാപ്പൂർ ജില്ലയിലെ പാർടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും, 2012 ൽ  സംസ്ഥാന സെക്രട്ടറിയായും 20  ആം പാർടി കോൺഗ്രസ്സിൽ കേന്ദ്രകമ്മിറ്റി അംഗമായും  തിരഞ്ഞെടുക്കപ്പെടുന്നത് വരെയുള്ള കാലഘട്ടം പാർടിയെ ജില്ലയിൽ നയിക്കുകയും ചെയ്തു.

സാധാരണ ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത കൊണ്ടുതന്നെ അദ്ദേഹം 1994 , 2000 വർഷങ്ങളിൽ ബാഗേപ്പള്ളിയിൽ നിന്നും കർണ്ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. നിയമസഭാംഗം എന്ന നിലയിൽ ആദ്യം ജെ എച്ച് പട്ടേലിന്റെ നേതൃത്വത്തിലുള്ള  ജനതപാർടി ഭരണകാലഘട്ടത്തിലും പിന്നീട് ധരംസിംഗ് മന്ത്രിസഭയുടെ കാലഘട്ടത്തിലും അദ്ഭുതകരമായ പ്രകടനമാണ് കാഴ്ചവച്ചത്. കർഷകരുടെയും തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും പ്രശ്നങ്ങളുയർത്തി സഭയിൽ പോരാടിയത് കൂടാതെ, സംസ്ഥാനത്തെ സംബന്ധിക്കുന്ന സുപ്രധാനമായ ഒരുപാടു വിഷയങ്ങളും അദ്ദേഹം സഭയിൽ കൊണ്ടുവരികയുണ്ടായി.

1997 ൽ ഗ്രാനൈറ്റ് ലോബിയുടെ കൊള്ള സഭയിൽ ഉയർത്തിയതു വഴി ഖജനാവിന് ഉണ്ടാകുമായിരുന്ന 360 കോടിയുടെ നഷ്ടമാണ് അദ്ദേഹം തടഞ്ഞത്. ബാംഗ്ലൂരിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന കുപ്രസിദ്ധമായ നൈസ് റോഡ് നിർമ്മാണത്തിന്റെ മറവിൽ നടത്തിയ ക്രമവിരുദ്ധമായ സ്ഥലമേറ്റെടുപ്പ് സഭയിൽ കൊണ്ടുവന്നതും അദ്ദേഹമാണ്. മൈനിങ് മാഫിയ സംസ്ഥാനത്തു നടത്തിവന്നതും, ബിജെപി ഭരണത്തിൽ അതിന്റെ പാരമ്യത്തിലെത്തിയതുമായ ഇരുമ്പുഖനി കൊള്ള സഭയിൽ ഉയർത്തിയത് അദ്ദേഹമാണ്. തലസ്ഥാന നഗരിയിലെ പൊതുഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയം അദ്ദേഹം സഭയിൽ ഉയർത്തുകയുണ്ടായി. തുടർന്ന് നിയമിക്കപ്പെട്ട ശ്രീ എ ടി രാമസ്വാമി ചെയർമാൻ ആയ സംയുക്ത നിയമസഭാ സമിതിയിലെ അംഗമെന്ന നിലക്ക് 140000  കോടി വിലമതിക്കുന്ന 34000 ഏക്കറോളം ഭൂമി വെളിച്ചത്തുകൊണ്ടു വരുന്നതിൽ ജിവിഎസ് പ്രധാനപങ്ക് വഹിച്ചു.

നീണ്ടകാലമായി വരൾച്ച പ്രശ്നം നേരിടുന്ന സംസ്ഥാനത്തെ ഒൻപതു ജില്ലകളിൽ ഒന്നാണ് ചിക്കബല്ലാപ്പൂർ. ഭൂഗർഭജലം ഇവിടെ ആയിരം അടിയിലും താഴെ ശോഷിച്ചിരിക്കുന്ന അവസ്ഥയാണ്. പ്രദേശം മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നത് മുന്നിൽക്കണ്ട് ജിവിഎസ് മുൻകൈ എടുത്ത് ഒരു സുസ്ഥിര ജലസേചന പദ്ധതിക്കായി പ്രക്ഷോഭമാരംഭിച്ചു. പ്രക്ഷോഭത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും നാനാവിധത്തിലുള്ള ആൾക്കാരെയും സംഘടിപ്പിച്ച് 2003 ൽ ബാംഗ്ലൂർ വിധാൻസൗധയിലേക്ക് വമ്പിച്ച റാലി സംഘടിപ്പിക്കുകയുമുണ്ടായി.

2012ൽ ഉഡുപ്പി കൊക്കെ സുബ്രഹ്മണ്യക്ഷേത്രത്തിൽ നിലനിന്നിരുന്ന ‘മടേസ്നാന’, ‘പന്തിഭേദ’ തുടങ്ങിയ ദുരാചാരങ്ങൾക്കെതിരെ ദളിത് പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും തുടർസമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഹൈക്കോടതി ഇടപെടുന്ന സാഹചര്യമുണ്ടായി. 2015ൽ ഹസൻ ജില്ലയിലെ സിഗരണഹള്ളിയിൽ ദളിതരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനുള്ള അവകാശത്തിനായും ദളിതർക്കെതിരായി അതിക്രമങ്ങളിൽ പ്രതിഷേധിച്ചും നടത്തിയ ക്ഷേത്രപ്രവേശന സമരത്തിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും തുടർന്ന് വിഷയം ദേശീയശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

കോടികളെറിഞ്ഞു 'ജനാധിപത്യം നിശ്ചയിക്കുന്ന' ബൂർഷ്വാ പാർടികളോടും, അവയ്ക്ക് സാമ്പത്തിക സ്രോതസ്സ് ഒരുക്കുന്ന മൈനിങ് ലോബികളോടും  പൊരുതാൻ ഇറങ്ങുമ്പോൾ ജിവിഎസിനു കൈമുതലായുണ്ടായത് ഈ പ്രക്ഷോഭസമരങ്ങളുടെ അനുഭവസമ്പത്തും അതുവഴി സംഘടിപ്പിക്കപ്പെട്ട ബാഗ്ഗേപ്പള്ളിയിലെ തൊഴിലാളി‐കർഷക ബഹുജനങ്ങളുടെ പിന്തുണയുമാണ്.

കർണാടക ആന്ധ്രപ്രദേശ് അതിർത്തിയിലുള്ള പിന്നോക്കപ്രദേശമായ ബാഗേപ്പള്ളിയിൽ ഇക്കുറി 15 സ്ഥാനാർഥികളാണ്‌ മത്സരിച്ചത്. ഹിന്ദു ദിനപത്രത്തിലെ ഒരു റിപ്പോർട്ടിനെ ആശ്രയിച്ചു പറഞ്ഞാൽ ഒരു ഹോട്ടൽ മുതലാളി, ഒരു ബാറുടമ, ഒരു സിനിമ നിർമ്മാതാവ്, കുപ്രസിദ്ധമായ ബെല്ലാരി മൈനിങ് ലോബി ബന്ധമുള്ള ഒരു നടൻ, ഒരു കമ്മ്യൂണിസ്റ്റ് എന്നിത്യാദി ആളുകളാണ് തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നത്. ശരാശരി 135 കോടി ആസ്തിയുള്ള മൂന്ന് സ്ഥാനാർഥികളിൽ നിന്നുള്ള വെല്ലുവിളി നേരിട്ടു കൊണ്ട് മത്സരിച്ച ജിവിഎസ് 51697 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തായപ്പോൾ 157 കോടിയുടെ ആസ്തിയുള്ള കോണ്ഗ്രസ് സ്ഥാനാർഥിയായ എസ് എൻ സുബ്ബറെഡ്ഢി വിജയിക്കുകയുണ്ടായി.

ഇതര സ്ഥാനാർത്ഥിയുടെ ആസ്തിയോ ചരിത്രമോ അല്ല ബാഗേപ്പള്ളിയിലെ ജിവിഎസ് ന്റെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്നുവരെ ഒരു എം എൽ എയെ പോലും തുടർച്ചായി രണ്ടു തവണ വിജയിപ്പിച്ചിട്ടില്ലാത്ത ചരിത്രമുള്ള മണ്ഡലമാണ് ബാഗേപ്പള്ളി. സ്വന്തം ജില്ലയിൽനിന്ന് പോലുമല്ലാത്ത സമ്പന്നരെ തിരഞ്ഞെടുപ്പ് ഗോദയിൽ വിജയിപ്പിച്ച് അവരുടെ രാഷ്ടീയപ്രവേശത്തിന് ഒപ്പം നിന്ന ചരിത്രമുള്ള മണ്ഡലം.  അവിടെയാണ് എസ് എൻ സുബ്ബറെഡ്ഢി തുടർച്ചയായി രണ്ടാം തവണ ജയിച്ചുകയറുന്നത്. പക്ഷെ കഴിഞ്ഞ അങ്കത്തിൽ കോണ്ഗ്രസ് ടിക്കറ്റിൽ നിന്നായിരുന്നില്ല, മറിച്ച് സ്വതന്ത്രനായിട്ടായിരുന്നെന്നു മാത്രം.

രസകരമാണ് രണ്ടു തിരഞ്ഞെടുപ്പിലെയും മണ്ഡലത്തിലെ വോട്ടുനിലകൾ. 2013 തിരഞ്ഞെടുപ്പിൽ 66227 വോട്ടു നേടി സ്വതന്ത്രനായി സുബ്ബറെഡ്ഢി ജയിക്കുമ്പോൾ ജിവിഎസ് നെ പരാജയപ്പെടുത്താൻ ജെഡിഎസ് (16779 വോട്ട്), കോണ്ഗ്രസ്സ് (15491 വോട്ട്), ബിജെപി (1184 വോട്ട്) തുടങ്ങിയ ബൂർഷ്വാപാർടികളെല്ലാം ചേർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വോട്ട് മറിച്ചു നൽകി. എന്നിട്ടും അദ്ദേഹം 35472 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തുകയുണ്ടായി. ഇത്തവണയാകട്ടെ മാന്ത്രിക സംഖ്യ കാണാതെ ത്രിശങ്കുവിൽ കഷ്ടപ്പെട്ട ബിജെപി, വാശിയുടെയും അഭിമാനത്തിന്റെയും തിരഞ്ഞെടുപ്പായിരുന്നിട്ടു കൂടി കൊണ്ഗ്രസ്സുമായി ചേർന്ന് ഒരു കമ്യൂണിസ്റ്റിനെ വിജയിപ്പിക്കാതിരിക്കാനുള്ള ജാഗ്രത കാണിച്ചു.

വോട്ടൊന്നിന് 10000 രൂപ കണക്കിന് തിരഞ്ഞെടുപ്പിന് തൊട്ട് തലേന്നാൾ പണമൊഴുക്കിയ മണ്ഡലത്തിൽ ഇരുപാർടികളും ഒരുമിച്ചു ശ്രമിച്ചിട്ടും, മൈനിങ് ലോബിയുടെ ശക്തമായ സ്വാധീനമുണ്ടായിരുന്നിട്ടും, 16000ല്പരം വോട്ടിന്റെ വർധനയാണ് ജി വി ശ്രീരാമറെഡ്ഢിക്ക് ലഭിച്ചത്.

അഭിവാദ്യങ്ങൾ ആ 51697 പേർക്കാണ്. സകല വാഗ്ദാനങ്ങളെയും വെല്ലുവിളികളെയും ഭീഷണികളെയും  അതിജീവിച്ച് വർഗരാഷ്ട്രീയത്തോടൊപ്പം ചേർന്നുനിന്ന ബാഗേപ്പള്ളിയിലെ പ്രബുദ്ധരായ ജനതയ്ക്ക്. കാരണം അവരോർമപ്പെടുത്തുകയാണ്. മാരത്തോൺ ഓട്ടം അവസാനിച്ചിട്ടില്ല. പാർലമെന്റും പാർലമെന്റേതരവുമായ സമരപോരാട്ടങ്ങൾ കൂടുതൽ ആവേശത്തോടെ തുടരേണ്ടതുണ്ട്.

“തിരഞ്ഞെടുപ്പു പ്രചാരണവും തിരഞ്ഞെടുപ്പ് തന്നെയും നടത്തപ്പെടുന്ന യഥാർത്ഥ സാഹചര്യങ്ങൾ കൊണ്ട് സ്വതന്ത്രമായി ഒരു പുതിയ വ്യവസ്‌ഥയെ സ്ഥാപിക്കുന്നതിനുള്ള ശേഷി ഇല്ലാതായിത്തീരുന്ന പക്ഷം, ‘ജനപ്രാതിനിധ്യ സഭ’ എന്നത് ഒരു വാക്കിൽ കവിഞ്ഞ് മറ്റൊന്നുമല്ലാതായിത്തീരുകയും, ഈ സഭ ജനങ്ങളുടെ യഥാർഥ താൽപ്പര്യത്തെ പ്രതിനിധാനം ചെയ്യാത്തതായിത്തീരുകയും ചെയ്യും. അപ്പോൾ മൗലികമായ വിഷയം ജന പ്രാതിനിധ്യസഭ വിളിച്ചുചേർക്കുക എന്നതിൽ നിന്നും, അത് വിളിച്ചു ചേർക്കപ്പെടുന്ന രീതി എന്ന ചോദ്യത്തിലേക്ക് മാറുകയാണ്. നിർണായകമായ സംഗതികളുടെ പടിക്കലാണ് നാമുള്ളത്. തൊഴിലാളിവർഗം സാമാന്യമായ ജനാധിപത്യ മുദ്രാവാക്യങ്ങളിൽ മാത്രം വിശ്വാസമർപ്പിച്ചു നിൽക്കരുത്, തനതായ തൊഴിലാളിവർഗ – ജനാധിപത്യ മുദ്രാവാക്യങ്ങൾ പൂർണ അർത്ഥത്തിൽ അതിനെതിരായി ഉയർത്തേണ്ടതുണ്ട്.”
(The democratic tasks of the revolutionary proletariat, V. I Lenin)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top