01 April Wednesday

സാക്ഷരകേരളവും നവകേരളവും

ഡോ. പി എസ്‌ ശ്രീകലUpdated: Thursday Feb 20, 2020


ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. സാക്ഷരകേരളം എന്ന് പല സന്ദർഭത്തിലും മലയാളികൾ പ്രയോഗിക്കാറുണ്ട്. അഭിമാനിക്കാനും വിമർശിക്കാനും ആക്ഷേപിക്കാനും സാക്ഷരമെന്ന വിശേഷണം കേരളത്തിന്റെ സൂചകമായി മാറുന്നുണ്ട്. 1990ൽ  ഇ കെ നായനാർ സർക്കാർ നടപ്പാക്കിയ സാക്ഷരതാ യജ്ഞത്തിന്റെ ജനകീയതയും അതിലൂടെ കൈവരിച്ച സമ്പൂർണ സാക്ഷരതയെന്ന നേട്ടവുമാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. അനുകൂലമായും പ്രതികൂലമായും സാക്ഷരകേരളം എന്ന് പ്രയോഗിക്കുന്നതിനു പിന്നിൽ ഇപ്പറഞ്ഞ ജനകീയതയും നേട്ടവും ഉണ്ടെന്നതാണ് യാഥാർഥ്യം.

അതേസമയം, സാക്ഷരത, സമ്പൂർണ സാക്ഷരത എന്നിവയെ  സംബന്ധിച്ച  ധാരണ പിശക് സമൂഹത്തിൽ വ്യാപകമാണ്. അക്ഷരങ്ങളും അക്കങ്ങളും തിരിച്ചറിയാനും വായിക്കാനും എഴുതാനും പ്രയോഗിക്കാനുമുള്ള ശേഷിയാണ് സാക്ഷരതയെന്ന ധാരണയാണ്  പൊതുവിലുള്ളത്. കേരളത്തിലെ മുഴുവൻ ജനങ്ങളും ഈ ശേഷി ആർജിച്ചുകഴിഞ്ഞു എന്ന ധാരണയാണ് സമ്പൂർണ സാക്ഷരതയെ സംബന്ധിച്ച് നിലനിൽക്കുന്നത്. ഈ രണ്ടു ധാരണയും അബദ്ധമാണ്. സാക്ഷരത എന്നാൽ മേൽപ്പറഞ്ഞ ശേഷി മാത്രമല്ല, തീർച്ചയായും അതാണ് സാക്ഷരതകൊണ്ട് ഒന്നാമതായി ഉദ്ദേശിക്കുന്നത്. ഈ ശേഷി ആർജിച്ചവരെ സാക്ഷരർ എന്ന് അംഗീകരിക്കുകയും ചെയ്യുന്നു.  എന്നാൽ, ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന് അനിവാര്യമായ അവബോധം ആർജിക്കുക എന്നതാണ് സാക്ഷരതയുടെ ആത്യന്തികമായ ലക്ഷ്യം. അതിലൂടെ വ്യക്തി സാമൂഹ്യബോധത്തിലേക്ക് ഉയരുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഈ സാമൂഹ്യബോധം ഭരണഘടനാ മൂല്യങ്ങളുടെ സ്വാംശീകരണം തന്നെയാണ്. അതൊരു സാമൂഹ്യസാക്ഷരതയാണ്. അതായത്, ജനാധിപത്യം, സമത്വം, സാഹോദര്യം, മതനിരപേക്ഷത, സാമൂഹ്യനീതി തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊണ്ടു ജീവിക്കുമ്പോഴാണ് സാക്ഷരത അർഥവത്താകുന്നത്. അതായത്, കേവല സാക്ഷരതയും സാമൂഹ്യ സാക്ഷരതയും ഒത്തുചേരുമ്പോഴാണ് സാക്ഷരസമൂഹം രൂപപ്പെടുന്നത്. 

അതേസമയം, ഒരു സമൂഹത്തിലെ 90 ശതമാനംപേർ സാക്ഷരതയുടെ പ്രാഥമികമായ ശേഷി ആർജിച്ചുകഴിഞ്ഞാൽ ആ സമൂഹത്തെ സാങ്കേതികമായി സമ്പൂർണ സാക്ഷരത നേടിയ സമൂഹമായി കണക്കാക്കാം. യുണെസ്കോയുടെ മാനദണ്ഡമാണിത്. ഈ മാനദണ്ഡം അനുസരിച്ചാണ് 1991 ഏപ്രിൽ 18ന് കേരളത്തിന് സമ്പൂർണ സാക്ഷരതാ സംസ്ഥാനം എന്ന അംഗീകാരം ലഭിച്ചത്. സാക്ഷരതയുടെ കേവലവും പ്രാഥമികവുമായ ഉദ്ദേശ്യം കേരളത്തിലെ തൊണ്ണൂറു ശതമാനം ജനങ്ങൾ നേടിക്കഴിഞ്ഞു. അതിനർഥം, സാക്ഷരതയുടെ വിശാലമായ ലക്ഷ്യം പൂർണമായെന്നല്ല. എല്ലാവരും പ്രാഥമികമായ ലക്ഷ്യം നേടിയെന്നും അല്ല. സാക്ഷരതയുടെ കേവലവും പ്രാഥമികവുമായ ലക്ഷ്യത്തിലേക്കും സാക്ഷരതയുടെ  വിശാലമായ ലക്ഷ്യത്തിലേക്കും മുഴുവൻ ജനങ്ങളെയും എത്തിക്കുമ്പോഴാണ് കേരളം അക്ഷരാർഥത്തിൽ സാക്ഷരമാകുന്നത്. അതുവരെ നമ്മൾ സാങ്കേതികമായി മാത്രമാണ് സാക്ഷരർ. ഈ തിരിച്ചറിവാണ് നവകേരളത്തിന്റെ  സവിശേഷത.
സാക്ഷരതയുടെ  വിശാലമായ അർഥമുൾക്കൊള്ളണം

എല്ലാ കേരളീയർക്കും ഗുണമേന്മയുള്ളതും മെച്ചപ്പെട്ടതുമായ ആരോഗ്യ, വിദ്യാഭ്യാസ, പാർപ്പിട സൗകര്യങ്ങളും പരിസ്ഥിതി സൗഹൃദത്തോടെയുള്ള ജീവിതവും യാഥാർഥ്യമാക്കുകയാണ് നവകേരളം എന്ന ആശയത്തിന്റെ ഉള്ളടക്കം. കേരള സർക്കാർ ആവിഷ്കരിച്ച നാല് മിഷനുകൾ ഈ ആശയത്തെ പ്രശംസനീയമായ വിധത്തിൽ  പ്രയോഗവൽക്കരിച്ചുകൊണ്ടിരിക്കുന്നു. സാക്ഷരതയുടെ മേൽപ്പറഞ്ഞ വിശാലമായ അർഥമുൾക്കൊള്ളുന്ന സമൂഹമായി കേരളം രൂപപ്പെട്ടാൽ മാത്രമേ നവകേരളത്തിലെ നേട്ടങ്ങൾ സുസ്ഥിരമാകുകയുള്ളൂ. ഉദാഹരണത്തിന്, പൗരാവകാശത്തിന്റെയും ജനാധിപത്യപരമായ കടമയുടെയും ഭാഗമാണ് മേൽപ്പറഞ്ഞ ആരോഗ്യ, വിദ്യാഭ്യാസ, പാർപ്പിട പരിസ്ഥിതി സൗഹൃദ സംവിധാനങ്ങൾ. അവ അനുഭവിക്കാൻ കഴിയേണ്ടത്  പൗരരുടെ അവകാശവും അതിനുള്ള സാഹചര്യം രൂപപ്പെടുത്തേണ്ടത് സർക്കാരിന്റെ ജനാധിപത്യ കടമയുമാണത്. ഈ ബോധമാണ് കേരള സർക്കാരിനെ നയിക്കുന്നത്. അവകാശത്തെയും കടമയെയും സംബന്ധിക്കുന്ന ബോധമാകട്ടെ, ഭരണഘടനാമൂല്യങ്ങളിൽ അധിഷ്ഠിതമാണ്.  ഈ മൂല്യബോധം സമൂഹത്തിൽ രൂപപ്പെട്ടില്ലായെങ്കിൽ ആരോഗ്യമെന്ന അവകാശത്തെക്കുറിച്ച് സാധാരണ ജനങ്ങൾ അജ്ഞരായി തുടരും. ഗുണമേന്മയുള്ള വിദ്യാഭ്യാസം അന്യമാകും. പാർപ്പിടസൗകര്യങ്ങൾ കവർന്നെടുക്കപ്പെടും.

പരിസ്ഥിതി ചൂഷണം വർധിക്കും.  
ഇന്ത്യൻ ഭരണഘടന വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിക്കുന്നു. കേരള സർക്കാർ  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കുട്ടികൾക്കെന്നപോലെ, മുതിർന്നവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുകയാണ്. ഔപചാരിക അനൗപചാരിക വിദ്യാഭ്യാസം പരസ്പര പൂരകമാണെന്ന ശാസ്ത്രീയ കാഴ്ചപ്പാടാണ് അതിലുള്ളത്. കുട്ടികൾക്ക് സ്കൂളുകളിൽ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് അവസരമുണ്ടാകുമ്പോൾ, പല കാരണത്താൽ ഔപചാരിക വിദ്യാഭ്യാസം തുടങ്ങാനോ തുടരാനോ കഴിയാതെ പോയ രക്ഷിതാക്കൾ/മുതിർന്നവർക്ക് അനൗപചാരികമായി വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നു.

ആജീവനാന്ത വിദ്യാഭ്യാസമാണ് അനൗപചാരിക വിദ്യാഭ്യാസത്തിന്റെ സവിശേഷത. പഠനത്തിന് പ്രായം തടസ്സമാകുന്നില്ല. 105 വയസ്സുകാരിയായ ഭാഗീരഥിയമ്മയും 98 വയസ്സുള്ള കാർത്യായനിയമ്മയും ഉൾപ്പെടെ വിദ്യാർഥികളായി  മാറുന്നത് കൗതുകം മാത്രമായാണ് പൊതുസമൂഹം കാണുന്നത്. എന്നാലത് കേവലം കൗതുകമല്ല, മറിച്ച് ഭരണഘടനാപരമായ അവരുടെ അവകാശം അനുഭവിക്കലാണ്. സാക്ഷരതാ തുടർവിദ്യാഭ്യാസത്തെ ജനകീയമാക്കിക്കൊണ്ടാണ് ഈ അവകാശങ്ങളിലേക്ക് സമൂഹത്തെ സർക്കാർ എത്തിക്കുന്നത്. ഇതിന്റെ ഫലമായി 2016ൽ 1012 മാത്രമായിരുന്ന സാക്ഷരതാ പഠിതാക്കളുടെ എണ്ണം 2019ൽ 64,024 ആയി ഉയർന്നു! നവസാക്ഷരർക്ക് 12–-ാം ക്ലാസ് വരെ തുടർപഠനം നടത്താനുള്ള അവസരം കേരളത്തിലുണ്ട്. ഇ  കെ നായനാർ മുഖ്യമന്ത്രിയായിരുന്ന 1998ലാണ് തുടർവിദ്യാഭ്യാസ സംവിധാനം നിലവിൽ വന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഈ സംവിധാനം നിലവിലില്ല. ഈ സർക്കാർ സാക്ഷരതയെന്നപോലെ തുടർവിദ്യാഭ്യാസവും പൗരാവകാശമായി കാണുന്നു. 2016ൽ അമ്പതിനായിരത്തിൽ താഴെയായിരുന്ന തുടർവിദ്യാഭ്യാസം നേടാനെത്തിയവരുടെ എണ്ണം, 2019ൽ ഒരു ലക്ഷത്തിലധികമായി ഉയർന്നു. ഇരട്ടിയിലധികം പേരിലേക്ക് അവസരം എത്തിച്ചേരുകയാണ്. ഇവരാരും പുതുതായി ജനിച്ചവരല്ലല്ലോ. അവർ നമ്മുടെ സമൂഹത്തിലെ  അദൃശ്യരോ പാർശ്വവൽക്കൃതരോ ആയിരുന്നു.  അവരിൽ ഭൂരിഭാഗവും ആദിവാസികളും മത്സ്യത്തൊഴിലാളികളും പട്ടികജാതി കോളനികളിൽ ജീവിക്കുന്നവരും ട്രാൻസ്ജെൻഡേഴ്സും ഇതരസംസ്ഥാന തൊഴിലാളികളുമാണ്. അതിൽത്തന്നെ ഭൂരിഭാഗവും സ്ത്രീകളാണ്. അവരെ പരിഗണിക്കാൻ ഈ സർക്കാർ തയ്യാറായി. അവരിലേക്ക് സർക്കാർ സംവിധാനം എത്തിച്ചേരുകയാണുണ്ടായത്. ജനാധിപത്യത്തിന്റെ മൗലികമായ അനുഭവമാണത്.

വിവിധ വകുപ്പുകളുടെ സഹകരണമാണ് ഈ അനുഭവത്തിന്റെ അടിത്തറ. വിശേഷിച്ച്, പ്രാദേശിക ഭരണസംവിധാനങ്ങൾ. തദ്ദേശസ്ഥാപനങ്ങൾ ജനകീയാസൂത്രണത്തിലൂടെ ശാക്തീകരിക്കപ്പെട്ടപ്പോൾ പ്രാദേശിക വികസനംതന്നെ പുനർനിർവചിക്കപ്പെട്ടുവല്ലോ. ഇത് ഒരു പ്രദേശത്തിന്റെ വികസനത്തിൽ ആ പ്രദേശത്തെ ജനങ്ങളുടെ സാക്ഷരതയും വിദ്യാഭ്യാസവും നിർണായകമാണ് എന്ന ബോധംകൂടി  രൂപപ്പെടുത്തി. 

അവസരങ്ങൾ നിഷേധിക്കപ്പെടുന്നവരെ കൈപിടിച്ചുയർത്താൻ
സാമൂഹ്യമായ കാരണങ്ങളാൽ അവസരങ്ങൾ നിഷേധിക്കപ്പെട്ട ആദിവാസികളും മത്സ്യത്തൊഴിലാളികളും പട്ടികജാതി കോളനികളിൽ ജീവിക്കുന്നവരും ഇതരസംസ്ഥാന തൊഴിലാളികളും  ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടുന്ന പൗരസമൂഹത്തെയാണ് കേരള സർക്കാർ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്.  ഈ പരിഗണനകൾ പുതിയൊരു സാമൂഹ്യസാക്ഷരതയുടെ കൂടി തുടക്കമാകുകയാണ്. കാലങ്ങളായി അടിമത്തവും വിവേചനവും ആട്ടിപ്പായിക്കലും അനുഭവിച്ചു കഴിഞ്ഞുകൂടിയവരെ, മനുഷ്യാവകാശങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന പ്രക്രിയയാണത്. അവർ അവകാശ ബോധമുള്ളവരാകുകയാണ്. ഈ അവകാശബോധം ഭരണഘടനാമൂല്യങ്ങളുടെ സ്വാംശീകരണംകൂടിയാണ്. നിയമവിദ്യാർഥികൾക്കോ നിയമത്തിൽ താല്പര്യമുള്ളവർക്കോ മാത്രം പ്രാപ്യമായ ഒന്നാണ്  ഭരണഘടനയെന്ന ഉപരിപ്ലവമായ കാഴ്ചപ്പാടാണ് കാലങ്ങളായി നമ്മുടെ സമൂഹത്തിൽ നിലനിന്നത്. അത് തിരുത്തിക്കൊണ്ട്, ഭരണഘടനയെ നേരിട്ട് മനസ്സിലാക്കിക്കൊണ്ടുതന്നെ, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ അനുഭവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ഈ സർക്കാർ ചെയ്തത്. ജനാധിപത്യസമൂഹത്തെ ശക്തിപ്പെടുത്തുന്ന സാക്ഷരതയാണത്.

കേരളത്തെ സംബന്ധിച്ച്, അവകാശ ബോധത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം നവോത്ഥാനത്തിന്റെ സൃഷ്ടിയാണ്. കേരളത്തിലെ ആദ്യത്തെ പണിമുടക്കുസമരം നവോത്ഥാനകാലത്ത് അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്നത് പ്രധാനമായും വിദ്യാഭ്യാസമെന്ന ആവശ്യം മുൻനിർത്തിയായിരുന്നുവല്ലോ. ഈ ചരിത്ര സാഹചര്യത്തിന്റെ തുടർച്ചയിലാണ് നവകേരളം യാഥാർഥ്യമാകുന്നത്.  

ഉയർന്ന വിദ്യാഭ്യാസമോ ഉന്നത ഉദ്യോഗമോ സമൂഹം മാന്യമെന്നു കരുതുന്ന പദവിയോ അംഗീകരിക്കപ്പെടേണ്ടത്, അത് നേടിയവർക്ക് മറ്റുള്ളവരെക്കൂടി പരിഗണിക്കുന്ന ബോധത്തിലേക്ക് എത്താനാകുമ്പോഴാണ്. സ്വന്തം അവകാശത്തോടൊപ്പം മറ്റുള്ളവരുടെ അവകാശങ്ങളെക്കുറിച്ചും ബോധമുണ്ടാകുകയെന്നതാണ് ജനാധിപത്യസമൂഹത്തിൽ പ്രധാനം. കേവലമായ വിദ്യാഭ്യാസത്തിനപ്പുറം അത് ഉയർന്ന സാക്ഷരതാബോധത്തിന്റെ ഉൽപ്പന്നമാണ്. എഴുത്തും വായനയും സ്വായത്തമാക്കുന്നതോടൊപ്പം ഈ കാഴ്ചപ്പാടും വിവേകവും ഉൾച്ചേരുന്ന ജനാധിപത്യ സ്വാതന്ത്ര്യനീതി ബോധങ്ങൾ യാഥാർഥ്യമാകുന്ന സാക്ഷരകേരളമാണ് നവകേരളത്തെ അർഥവത്താക്കുന്നത്.

(കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്‌ടറാണ്‌ ലേഖിക)


പ്രധാന വാർത്തകൾ
 Top