18 June Tuesday

പകരം ചോദിക്കാനുറച്ച്‌ കർഷകർ; രണ്ടാം ലോങ്ങ് മാർച്ചിന് തുടക്കം: കെ പി നഹാബ് എഴുതുന്നു

കെ പി നഹാബ്Updated: Wednesday Feb 20, 2019

ഐതിഹാസികമായ നാസിക് കിസാന്‍ മാര്‍ച്ചിന്‍റെ ചുവടുപിടിച്ച്‌ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ബുധനാഴ്‌ച വീണ്ടും വീണ്ടും ലോങ് മാര്‍ച്ച്‌ ആരംഭിച്ചിരിക്കുകയാണ്‌. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ ഇതേ പാതയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില , കാര്‍ഷീക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടത്തുന്ന മാർച്ചിനെക്കുറിച്ച്‌ കെഎസ്കെടിയു മങ്കട ഏരിയ കമ്മിറ്റി അംഗം കെ പി നഹാബ് എഴുതുന്നു. 

നാല്പതിനായിരം ആളുകൾ 200 കിലോമീറ്ററിലേറെ ദൂരം കാൽനടയായി പിന്നിട്ട ലോങ്ങ് മാർച്ചിന്റെ ആവേശം ഇപ്പോഴും മങ്ങാതെ നിൽക്കുകയാണ്.ഇന്ത്യയിലെ കർഷക സമര ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റമായിരുന്നു കിസാൻ ലോങ്ങ് മാർച്ച്. പ്രക്ഷോഭത്തിന്റെ  ഭാഗമായി കർഷക നേതാക്കളും സർക്കാരും തമ്മിൽ നടന്ന ചർച്ചയിൽ അംഗീകരിച്ച ആവശ്യങ്ങളിൽ ഒന്നുപോലും നിറവേറ്റുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല. നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ വീണ്ടുമൊരു ലോങ്ങ് മാർച് സംഘടിപ്പിക്കുകയാണ്. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന രണ്ടാം ലോങ്ങ് മാർച് , 27 ന് മുംബൈ നഗരത്തിൽ പ്രവേശിച്ചു നിയമസഭാ മന്ദിരമായ വിധാൻ ഭവൻ വളയും. ഫെബ്രുവരി 25 മുതൽ ബജറ്റ് സമ്മേളനം ചേരുകയാണ്. സർക്കാർ നൽകിയ ഉറപ്പുകൾ നേടിയെടുക്കും വരെ സമരം തുടരുമെന്ന് കർഷക നേതാക്കൾ പറഞ്ഞു.

2018 മാർച് 6 ആം തിയ്യതി മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും ആരംഭിച്ച ആദ്യ ലോങ്ങ് മാർച് 12 ആം തിയ്യതി 200 കിലോമീറ്റർ അകലെ തലസ്ഥാനമായ മുംബയിൽ എത്തിച്ചേർന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ(AIKS ) നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ലോങ്ങ് മാർച്ചിൽ നാല്പത്തിനായിരത്തോളം കർഷകരും കർഷക തൊഴിലാളികളും ഉഴുകിയെത്തി. സ്വാമിനാഥൻ റിപ്പോർട് നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പാക്കുക, പാൽഘർ, താനെ ജില്ലകളിലെ ഗോത്ര വിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്ന നദീബന്ധന നിർദ്ദേശം റദ്ദാക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുക, അനുമതി കൂടാതെ കൃഷിഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക, വാർധക്യ കാല പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കുക, പരുത്തികൃഷി വൻനാശം നേരിടുന്ന മേഖലകളിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുക, മുതലായ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഇന്ത്യയുടെ വാണിജ്യ കേന്ദ്രത്തിലേക്ക് കർഷക ജനസാമാന്യം നടന്നു കയറിയത്. കിസാൻ സഭയുടെ നേതൃത്വത്തിൽ നീണ്ട മൂന്ന് വർഷ കാലത്തെ പ്രവർത്തനങ്ങളും താഴെ തലത്തിൽ വിളിച്ചു ചേർത്ത യോഗങ്ങളും പരിപാടികളുമാണ് മഹത്തായ ഈ മാർച്ചിന് അടിത്തറ പാകിയത്.

എന്നാൽ ഒന്നാം ലോങ്ങ് മാർച്ചിന്റെ ഭാഗമായി ഫഡ്‌നാവിസ് സർക്കാർ നൽകിയ ഉറപ്പുകളിൽ  യാതൊരു നടപടിയും  സ്വീകരിക്കാതെ കർഷകരെ വഞ്ചിക്കുകയാണ്. സർക്കാർ ഉറപ്പുനൽകിയ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും ആയി കർഷകരും തൊഴിലാളികളും വീണ്ടും തെരുവിലിറങ്ങുകയാണ്.  എന്ത് വിലകൊടുത്തും അവകാശങ്ങൾ നേടിയെടുത്തേ മടങ്ങൂ എന്ന ദൃഢ നിശ്ചയത്തിലാണവർ ഒരിക്കൽ കൂടി ലോങ്ങ് മാർച് ചെയ്യുന്നത്. മഹാരാഷ്ട്ര നിയമസഭയിൽ ഈ സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളനം നടക്കുന്ന വേളയിലാണ് മാർച് മഹാനഗരത്തിൽ എത്തിച്ചേരുക. തങ്ങളുടെ ആവശ്യങ്ങൾ ഭരണ കർത്താക്കളുടെയും ബഹുജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നിൽ അവതരിപ്പിക്കുന്നതിനു ഏറ്റവും നല്ല സമയം ഇതാണെന്ന വിലയിരുത്തലിലാണ് സമരക്കാർ.

കർഷകരുടെ പ്രധാന ആവശ്യങ്ങൾ:

വനാവകാശ നിയമം നടപ്പിലാക്കുക: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയ-നിലപാടുകൾ തിരുത്തണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ആദിവാസി ഗോത്ര വിഭാഗങ്ങൾക്ക് വനഭൂമിക്കു മേലും വനവിഭവങ്ങൾക്കു മേലുമുള്ള പരമ്പരാഗത അവകാശങ്ങൾ ഉറപ്പു വരുത്തണമെന്നതാണ് ഈ ആവശ്യത്തിന്റെ കാതൽ. വനാവകാശ നിയമത്തിലെ 3 (1) a പ്രകാരം ആദിവാസി വിഭാഗങ്ങൾക്ക് വനഭൂമിയിലുള്ള അവകാശം കഴിഞ്ഞ വർഷത്തിൽ പടിപടിയായി വെട്ടിക്കുറച്ചു. നിയമമനുസരിച് ലഭിക്കേണ്ട 10 ഏക്കർ ഭൂമിയിൽ നാലിൽ ഒന്ന് മാത്രമാണ് അനുവദിച്ചത്. തുടർന്ന് വീണ്ടും അളവിൽ കുറവ് വരുത്തി വെറും ഒരു ഏക്കറിലേക്കു ക്ലിപ്തപ്പെടുത്തുകയാണ് ഫഡ്‌നാവിസ് സർക്കാർ ചെയ്തത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നു വന്നിട്ടുള്ളത്.

സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക:

താങ്ങു വില ഉത്പാദന ചിലവിന്റെ 50 % കൂടുതലായി സ്ഥിരപ്പെടുത്തുക എന്ന സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണം എന്നതാണ് മറ്റൊരു ആവശ്യം. ഉത്പാദന ചിലവിന്റെ പകുതിപോലും വിളകൾക്ക് കമ്പോളത്തിൽ ലഭ്യമല്ല. നാഷണൽ ക്രൈം ബ്യുറോയുടെ റിപ്പോർട്ടനുസരിച് 1995 -2015 കാലയളവിൽ ദാരിദ്രവും കടബാധ്യതയും മൂലം അറുപത്തി അയ്യായിരത്തിലധികം കർഷകരാണ് മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത്. 2015 നു ശേഷമുള്ള കണക്കുകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. കേന്ദ്ര സർക്കാർ താങ്ങു വില 150 % ഉയർത്തിയെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു കർഷകനും അതിന്റെ ഗുണം ഇതുവരെ ലഭിച്ചിട്ടില്ല. ഉത്പാദന ചിലവ് കണക്കാക്കാൻ സ്വാമിനാഥൻ കമ്മിറ്റീ നിഷ്കർഷിച്ച 'C2 ' ഫോർമുല കർഷകന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമിയുടെയും ഉപകരണങ്ങളുടെയും വാടക കുടി ചേർത്ത് കൊണ്ടുള്ളതാണ്. പക്ഷെ കേന്ദ്ര സർക്കാർ കർഷകന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമിയുടെയും ഉപകരണങ്ങളുടെയും വാടക ഒഴിവാക്കിയുള്ള A2 +FL ഫോർമുല ആണ് താങ്ങുവില നിശ്ചയിക്കാൻ ഉപയോഗിച്ചത്. ഗോതമ്പിന്റെ ഉത്പാദന ചിലവ് C 2  ഫോർമുല അനുസരിച്ചു ഒരു ക്യിന്റൽന്  1256  രൂപയാണ് എന്നാൽ സർക്കാർ സർക്കാർ ഉപയോഗിക്കുന്ന A 2 +FL ഫോർമുല പ്രകാരം ഉത്പാദന ചിലവ് വെറും 817  രൂപ മാത്രമാണ്. ചുരുക്കി പറഞ്ഞാൽ പുതിയ രീതിയിൽ പല വിളകൾക്കും താങ്ങു വില മുൻപത്തേക്കാൾ കുറഞ്ഞു എന്നതാണ് വസ്തുത. ഇത്തരത്തിൽ അടിസ്ഥാന താങ്ങുവില എന്ന സങ്കൽപ്പം തന്നെ ഇല്ലാതാവുകയാണ് ചെയ്യുന്നത്.

ഭൂമി ഏറ്റെടുക്കൽ ബില്ല് റദ്ദാക്കുക:

2015 ൽ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ ബില്ല് റദ്ദാക്കണമെന്നതാണ് മറ്റൊരു മുഖ്യ ആവശ്യം. കേന്ദ്ര നിയമമനുസരിച് സ്വകാര്യ, വ്യവസായ സംരംഭങ്ങൾക്ക് കൃഷി ഭൂമി ഏറ്റെടുക്കുമ്പോൾ 80 % ഭൂവുടമകളുടെയും അനുമതി വേണമെന്നതായിരുന്നു ചട്ടം. ഭൂമി വിട്ടു നൽകുന്നവർക്ക് ആവശ്യമായ നഷ്ട പരിഹാരവും നിയമം വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ ഇത് മറികടക്കുന്നതിനായി മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ പുതിയ നിയമം കൊണ്ട് വരികയും കൃഷിഭൂമി വ്യാവസായിക ആവശ്യങ്ങൾക്കായി വൻതോതിൽ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. വളരെ തുച്ഛമായ നഷ്ട പരിഹാരം മാത്രമാണ് ഭൂമി നഷ്ടപ്പെടുന്നവർക്ക് നൽകുന്നത്. ഇതുമൂലം ആയിരക്കണക്കിന് കർഷകരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.

കാർഷിക വായ്‌പകൾ എഴുതി തള്ളുക:

സംസ്ഥാനത്തെ മുഴുവൻ കാർഷിക കടങ്ങളും (34000 കാർഷിക വായ്‌പകൾ) എഴുതി തള്ളണമെന്ന അടിയന്തിര ആവശ്യം കർഷകർക്ക് ആശ്വാസം ലഭിക്കത്തക്ക രീതിയിലല്ല  നടപ്പിലാക്കുന്നത്. എന്ന് മാത്രമല്ല ആകെ വായ്‌പാ തുകയുടെ പകുതിപോലും ഇതുവരെ ഒഴിവാക്കി നൽകിയിട്ടില്ല. കൂടാതെ ബാങ്കുകളിൽ അക്കൗണ്ട് ഇല്ലാത്തതിന്റെ പേരിൽ നിരവധി പേരെയാണ് ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയിൽ നിന്നും വെട്ടിക്കളഞ്ഞത്.

ജനങ്ങളെക്കാൾ പണത്തിനും കോർപറേറ്റ് താല്പര്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു സർക്കാരിനെതിരെ മഹാരാഷ്ട്രയിലെ കർഷകർ നടത്തിയ ഐതിഹാസിക പോരാട്ടത്തെയാണ് ലോങ്ങ് മാർച് അടയാളപ്പെടുത്തുന്നത്.  നൽകിയ ഉറപ്പുകൾ ഒന്നുപോലും പാലിക്കാത്ത മഹാരാഷ്ട്രത്തിലെ ബിജെപി സർക്കാരിന്റെ കൊടും വഞ്ചനക്കു കർഷകരുടെ ഇച്ഛാ ശക്തി പകരം ചോദിക്കുക തന്നെ ചെയ്യും. വിണ്ടു കീറിയ കാൽപാദങ്ങളിലെ ചോരയുണങ്ങും മുൻപ്  വീണ്ടുമവർ കൂട്ടം ചേർന്ന് നടക്കുകയാണ്. ആദ്യത്തേതിലും ആത്മ വിശ്വാസത്തോടെ, അളവറ്റ ആവേശത്തോടെ,. കർഷകരെന്തെന്നു രാജ്യം കാണാനിരിക്കുന്നതേയുള്ളൂ, ഒന്നാം ഘട്ടത്തേക്കാൾ ഇരട്ടിയിലധികം വർധിച്ച പങ്കാളിത്തത്തോടെ നടന്നടുക്കുന്ന തൊഴിലാളികളുടെ ആ ഊർജ്ജപ്രവാഹം കണ്ട് ഭരണ വർഗ മേലാളന്മാർ കിടിലം കൊള്ളട്ടെ.. വിശ്വാസ വഞ്ചനക്കു തൊഴിലാളി വർഗം പകരം ചോദിക്കുക തന്നെ ചെയ്യും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top