25 April Thursday

പുനരുദ്ധാരണ പാതയിൽ കെഎസ്ആർടിസി

സി കെ ഹ രി കൃ ഷ് ണൻUpdated: Tuesday Feb 20, 2018


ഏതൊരു സ്ഥാപനവും നിലനിൽക്കണമെങ്കിൽ വർധിച്ചുവരുന്ന ചെലവിന് ആനുപാതികമായി വരുമാനം വർധിപ്പിക്കുന്നതിനുള്ള ദീർഘവീക്ഷണത്തോടെയുള്ള നടപടിയുണ്ടാകണം. 2011‐12നുശേഷം കെഎസ്ആർടിസിയുടെ കാര്യത്തിൽ നേരെതിരിച്ചാണ് സംഭവിച്ചത്. ഷെഡ്യൂൾ ഓപ്പറേഷൻ താറുമാറാക്കുകയും എണ്ണം വെട്ടിച്ചുരുക്കുകയും ചെയ്തതോടെ യാത്രക്കാരുടെ എണ്ണം 32 ലക്ഷത്തിൽനിന്ന് 27 ലക്ഷമായി കുറഞ്ഞു. വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. ഡീസൽ വിലവർധനയുടെ മറവിൽ മൂന്നുപ്രാവശ്യം യാത്രാനിരക്ക് വർധിപ്പിച്ചെങ്കിലും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവുമൂലം അത് പ്രതിഫലിക്കാതെ പോയി. ഇന്ധനവിലയിൽ അൽപ്പം കുറവുണ്ടായപ്പോഴാകട്ടെ പ്ലസ്ടുവരെയുള്ള എല്ലാ വിദ്യാർഥികൾക്കും സൗജന്യം പ്രഖ്യാപിച്ചു. യുഡിഎഫ് ഭരണത്തിൽ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലേതുപോലെ കെഎസ്ആർടിസിയുടെയും മാനേജ്മെന്റ് സംവിധാനം ദുർബലമാക്കിയതോടെ പതനം വേഗത്തിലായി. ഓരോ മാസവും വരവുചെലവ് അന്തരം വർധിക്കാൻ തുടങ്ങി. വർക്ഷോപ്പുകളുടെ നവീകരണമുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് അനുവദിച്ച മൂലധനനിക്ഷേപംപോലും വകമാറ്റി ചെലവഴിക്കുംവിധം സാമ്പത്തിക അച്ചടക്കം നഷ്ടപ്പെട്ടു. ഓരോ മാസവും കൂടിവന്ന നഷ്ടം അണാപൈസ സർക്കാർസഹായമില്ലാതെ ഡിപ്പോകൾ പണയപ്പെടുത്തി കൂടിയ പലിശയ്ക്ക് കടമെടുത്ത് നികത്താൻ തുടങ്ങിയതോടെ സ്വാഭാവികപ്രതിസന്ധിയിലേക്ക് കെഎസ്ആർടിസി വീണു. 2011ൽ യുഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ വിവിധ ധനസ്ഥാപനങ്ങളിൽനിന്ന് എടുത്ത വായ്പ 850 കോടിരൂപയായിരുന്നത് അഞ്ചുവർഷംകൊണ്ട് 2660 കോടി രൂപയായി. എസ്ക്രോ സംവിധാനംവഴി ഡിപ്പോകൾ പണയപ്പെടുത്തിയാണ് ഈ കടമത്രയും വാങ്ങിക്കൂട്ടിയത്. ഇപ്പോഴത് 3261.45 കോടിയായി.

ഇതിനുപുറമെ സർക്കാർവായ്പ 1876.58 കോടി രൂപയുമുണ്ട്. 5000 കോടി രൂപ കടബാധ്യതയുള്ള സ്ഥാപനമായി കെഎസ്ആർടിസി മാറി. കടം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. പെൻഷൻ കുടിശ്ശിക‐ 224 കോടി, പിഎഫ് വകമാറ്റിയത്‐ 150 കോടി, എൻഡിആർ‐ 13 കോടി, എണ്ണക്കമ്പനികൾക്ക്‐ 128 കോടി, സ്പെയർ പാർട്സ് വാങ്ങിയ ഇനത്തിൽ നൽകാനുള്ളത്‐ 25 കോടി ഉൾപ്പെടെ 600 കോടി രൂപയോളം ബാധ്യതയും കടത്തിന്റെ ഗണത്തിൽ വരുന്നതാണ്. ദിവസവരുമാനത്തിന്റെ പകുതിയും കടം തിരിച്ചടവിന് വേണം. കഴിഞ്ഞ ഒന്നരവർഷംകൊണ്ട് ദിവസവരുമാനം ആറേകാൽ കോടി രൂപയിലേക്ക് ഉയർന്നെങ്കിലും അതിൽ മൂന്നുകോടി രൂപയും കടം തിരിച്ചടവാണ്. ഓരോ ദിവസവും ഡീസൽവിലയിൽ വർധനയുണ്ടായതോടെ, ബാക്കി മൂന്നേകാൽ കോടി രൂപ പൂർണമായും ഈ ഇനത്തിൽ മാറ്റിവയ്ക്കേണ്ടിവരുന്നു. ശമ്പളം, പെൻഷൻ, മറ്റ് ദൈനംദിനാവശ്യങ്ങൾ തുടങ്ങി എല്ലാറ്റിനും തുക വേറെ കണ്ടെത്തേണ്ടിവരുന്നു.

ഇവിടെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കൈയുംകെട്ടി നോക്കിയിരിക്കുകയായിരുന്നില്ല. കെഎസ്ആർടിസി ജീവനക്കാരന്റെ സ്വാഭാവികമരണത്തെപ്പോലും പ്രതിസന്ധിയുമായി ബന്ധപ്പെടുത്തി ആഘോഷമാക്കിമാറ്റാൻ പണിപ്പെട്ടവരും തന്റെ അച്ഛൻ ആത്മഹത്യചെയ്തത് പെൻഷൻ ലഭിക്കാത്തതുമൂലമല്ലെന്ന് മക്കൾ ആവർത്തിച്ച് പറഞ്ഞിട്ടും അതൊന്നും മുഖവിലയ്ക്കെടുക്കാതെ  സർക്കാരിനെ പ്രതിക്കൂട്ടിൽ കയറ്റി മാധ്യമവിചാരണയ്ക്ക് നേതൃത്വം നൽകുന്നവരും ബോധപൂർവം മറച്ചുവയ്ക്കുന്ന ചില കണക്കുകളുണ്ട്. ഈ സർക്കാർ കെഎസ്ആർടിസിക്ക് നൽകിയ സാമ്പത്തികസഹായമാണ് അതിൽ ഒന്നാമത്തേത്. ഗുരുതരമായ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികസഹായമാണ് 20 മാസത്തിനിടയിൽ എൽഡിഎഫ് സർക്കാർ ലഭ്യമാക്കിയത്. മുൻ യുഡിഎഫ് സർക്കാർ ആദ്യത്തെ രണ്ടുവർഷം കെഎസ്ആർടിസിക്ക് അനുവദിച്ചത് 474.07 കോടി രൂപയും അഞ്ചുവർഷം ആകെ അനുവദിച്ചത് 1543.85 കോടി രൂപയുമാണ്. എന്നാൽ, എൽഡിഎഫ് സർക്കാർ 20 മാസങ്ങൾക്കിടയിൽ 1150.29 കോടി രൂപ അനുവദിച്ചു. ഇതിനുപുറമെയാണ് അടുത്ത 1000 കോടി രൂപയുടെ ധനസഹായം ബജറ്റിൽ പ്രഖ്യാപിച്ചത്.

ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ കൈവിട്ടുവെന്നതാണ് രണ്ടാമത്തെ ആക്ഷേപം. ഇത് വസ്തുതാപരമല്ല. 2017 സെപ്തംബർ 22, 23, 24 തീയതികളിൽ തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 41‐ാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത്് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ടി എം തോമസ് ഐസക്കും നവംബർമുതൽ ട്രാൻസ്പോർട്ടിലെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ജീവനക്കാരുടെ ശമ്പളം വിതരണംചെയ്തത് ഓരോ മാസവും ആവശ്യമായ തുക സർക്കാർ സഹായിച്ചതിനാലാണ്. ഈ മൂന്നുമാസങ്ങളിലും സർക്കാർസഹായത്തോടെ ഓരോ ഗഡു പെൻഷനും വിതരണംചെയ്തു. എന്നാൽ, മുമ്പ് രണ്ടുമാസങ്ങളിൽ 10,000 രൂപവീതമാണ് പെൻഷൻ നൽകിയത്. അതിൽ അധികരിക്കുന്ന തുകയും ഫെബ്രുവരി ഉൾപ്പെടെ മൂന്നുമാസത്തെ പൂർണപെൻഷനും ചേർത്ത് 224 കോടിരൂപ പെൻഷൻ കുടിശ്ശികയുണ്ട്. സഹകരണവകുപ്പിന്റെ സഹായത്തോടെ പെൻഷൻകുടിശ്ശിക പൂർണമായി കൊടുത്തുതീർക്കുന്നതിനും തുടർന്ന് കൃത്യമായി വിതരണംചെയ്യുന്നതിനുമുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.

ഓരോ മാസവും പെൻഷനും ശമ്പളത്തിനും ആവശ്യമായ തുക സർക്കാർ സഹായിച്ചതുകൊണ്ടുമാത്രം തീരുന്നതല്ല കെഎസ്ആർടിസിയുടെ പ്രശ്നം. ഇവിടെയാണ് സമ്പൂർണമായ പുനരുദ്ധാരണത്തിനുവേണ്ടി സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള നിർദേശങ്ങൾ പ്രസക്തമാകുന്നത്. അത് എത്രയുംവേഗം ഫലപ്രാപ്തിയിൽ എത്തിക്കുന്നതിനുള്ള കൂട്ടായ ശ്രമമാണ് ഉണ്ടാകേണ്ടത്. ഇപ്പോൾ കോർപറേഷന്റെ വരവുചെലവുകൾ തമ്മിലുള്ള അന്തരം ഒരുമാസം 170 കോടി രൂപയാണ്. ഇതിൽ 90 കോടി രൂപ എടുത്ത കടത്തിന്റെ തിരിച്ചടവും 60 കോടി പെൻഷനുമാണ്. ഈ രണ്ട് ചെലവുമാത്രം ചേർത്താൽ 150 കോടി രൂപവരും. അതുകൊണ്ടുതന്നെ, ഈ പ്രശ്നം മുന്നിൽ കണ്ടുള്ള സമഗ്രമായ സാമ്പത്തികപുനഃസംഘടനയ്ക്കാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിലുള്ള കടം ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പലിശ കുറഞ്ഞ ദീർഘകാലവായ്പയാക്കുകവഴി ഒരുമാസത്തെ കടം തിരിച്ചടവിനത്തിൽ 60 കോടി രൂപയുടെ ചെലവ് കുറയ്ക്കാൻ കഴിയും.

1984 ഏപ്രിൽമുതലാണ് കെഎസ്ആർടിസിയിലും സർക്കാർ ജീവനക്കാർക്ക് തുല്യമായതരത്തിൽ പെൻഷൻ അനുവദിച്ചത്. രാജ്യത്ത് മറ്റൊരു ആർടിസിയിലും ഇതുപോലെ പെൻഷൻ നൽകിവരുന്നില്ല. പെൻഷൻ അനുവദിച്ചപ്പോൾ അത് കൊടുക്കുന്നതിന് ഒരു സഞ്ചിതനിധി രൂപീകരിക്കുകയുണ്ടായില്ല. അതിനാൽ കെഎസ്ആർടിസിയുടെ റവന്യൂവരുമാനത്തിൽനിന്ന് ഈ തുക കണ്ടെത്തേണ്ടിവന്നു. അതിന് കഴിയാതെവന്നപ്പോൾ വിവിധ ധനസ്ഥാപനങ്ങളിൽനിന്ന് കടം വാങ്ങാൻ തുടങ്ങി.
അവിടെനിന്നും കടം ലഭ്യമാകാതെ വന്നതോടെ 2013 നവംബർമുതൽ പെൻഷൻ മുടങ്ങി. പെൻഷൻ പ്രഖ്യാപിച്ചപ്പോൾ ഇല്ലാതെപോയ ദീർഘവീക്ഷണവും ജാഗ്രതക്കുറവുമാണ് കെഎസ്ആർടിസിയെ ഇന്നത്തെ നിലയിൽ എത്തിച്ചതിനുള്ള കാരണങ്ങളിലൊന്ന്. നാളിതുവരെ പെൻഷൻ നൽകുന്നതിനുവേണ്ടിമാത്രം കോർപറേഷൻ 5672.64 കോടി രൂപ ചെലവഴിച്ചു. ഇതാകട്ടെ കെഎസ്ആർടിസി വിവിധ ധനസ്ഥാപനങ്ങളിൽനിന്ന് എടുത്ത കടത്തേക്കാൾ വലിയ തുകയാണെന്നു കാണാം. ന്യായങ്ങൾ നിരത്തിയതുകൊണ്ടുമാത്രം തീരാവുന്ന പ്രശ്നമല്ലിത്; ശാശ്വതമായ പരിഹാരമാണ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പെൻഷന്റെ കാര്യത്തിൽ ഉണ്ടാകേണ്ടത്.

ചെലവുചുരുക്കുക എന്നതുപോലെതന്നെ പ്രധാനമാണ് വരുമാനം വർധിപ്പിക്കലും. ഓപ്പറേറ്റുചെയ്യുന്ന ഷെഡ്യൂളുകളുടെ എണ്ണം 4400ൽനിന്ന് ഒന്നരവർഷംകൊണ്ട് 5200 ആയി ഉയർത്താൻ കഴിഞ്ഞത് ശുഭസൂചകമാണ്. അതിന്റെ ഫലമായി നാലുലക്ഷം പ്രതിദിനയാത്രക്കാരെ പൊതുമേഖലാ ട്രാൻസ്പോർട്ടിലേക്ക് മടക്കിക്കൊണ്ടുവരാനായി എന്നത് ഈ സർക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. പ്രതിദിനവരുമാനത്തിൽ ഒരുകോടി രൂപയുടെ വർധനയുണ്ടായി. എന്നാൽ, ഈ നേട്ടം ഡീസൽ വിലവർധനയിലൂടെ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ചേർന്ന് കവർന്നെടുത്തു. മോട്ടോർവ്യവസായം ഇന്ന് നേരിടുന്ന പുതിയ വെല്ലുവിളിയാണിത്. അതിനെക്കൂടി അതിജീവിക്കാൻ കഴിയുംവിധം ഇന്ധനക്ഷമതയിലുൾപ്പെടെ മാറ്റമുണ്ടാകണം. കിഫ്ബിയിൽനിന്ന് ഇതിനകം അനുവദിച്ച പണം ഉപയോഗപ്പെടുത്തി 1000 ബസ് ഉടൻ നിരത്തിലിറക്കണം. ചർച്ചയല്ല ഇനി വേണ്ടത്; റിസൽറ്റാണ്. 2018‐ 19 വർഷം 2000 ബസുകൂടി ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ബസ് യൂട്ടിലൈസേഷന്റെ കാര്യത്തിലുൾപ്പെടെ പ്രൊഫ. സുശീൽഖന്ന കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, വിഭവം സമ്പൂർണമായി സമാഹരിക്കാനും ശരിയാംവണ്ണം വിനിയോഗിക്കാനും കഴിയണം.

പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ എൽഡിഎഫ് സർക്കാർ നിയോഗിച്ച പ്രൊഫ. സുശീൽഖന്ന കമ്മിറ്റിയുടെ നിർദേശങ്ങളെ സംശയദൃഷ്ടിയോടെ നോക്കിക്കാണുകയോ പുകമറ സൃഷ്ടിച്ച് പാടെ എതിർക്കുകയോ അല്ല വേണ്ടത്. അവയോരോന്നും ചർച്ചചെയ്ത് നടപ്പാക്കാനുള്ള ആർജവമാണ് കെഎസ്ആർടിസിയിലെ തൊഴിലാളിസംഘടനകൾ കാണിക്കേണ്ടത്. ഒരുകാര്യം സത്യമാണ്. പ്രൊഫ. സുശീൽഖന്ന കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരുന്നതിനുമുമ്പുതന്നെ കെഎസ്ആർടിസി മാനേജ്മെന്റ് അടിച്ചേൽപ്പിച്ച അപരിഷ്കൃതനടപടികൾ പുനഃപരിശോധിക്കുകതന്നെ വേണം. അത് തൊഴിലാളികളെയാകെ പുനരുദ്ധാരണ നടപടികളിൽനിന്ന് അകറ്റാൻമാത്രമേ ഉപകരിച്ചിട്ടുള്ളൂ.

പ്രതിസന്ധിയിൽ കിടന്ന് നട്ടംതിരിയുന്ന കെഎസ്ആർടിസിയെ രക്ഷപ്പെടുത്തുന്നതിനുള്ള പുനരുദ്ധാരണത്തിന്റെ പാതയാണ് എൽഡിഎഫ് സർക്കാർ തെളിച്ചിരിക്കുന്നത്. ഈ പാതയിലൂടെ കെഎസ്ആർടിസി ഓടുന്നതിനുള്ള ഡബിൾ ബെല്ലിനാണ് കേരളമിന്ന് കാതോർക്കുന്നത്. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പുനരുദ്ധാരണനടപടികളെ പിന്തുണയ്ക്കാനും ഏറ്റെടുക്കാനും ട്രാൻസ്പോർട്ട് തൊഴിലാളികളും ബഹുജനങ്ങളും കൈകോർക്കുന്ന ക്യാമ്പയിനാണ് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഈമാസം 15 മുതൽ 20 വരെ  തീയതികളിൽ നേതൃത്വം നൽകുന്നത്

(കെഎസ്ആർടി എംപ്ലോയീസ് അസോ.‐ സിഐടിയു ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

പ്രധാന വാർത്തകൾ
 Top