23 March Saturday

ദളിത് പൂജാരിയുടെ നിയമനവും സവര്‍ണ മുറവിളിയും

കെ എന്‍ ഗണേശ്Updated: Thursday Oct 19, 2017

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിയമിച്ച പൂജാരികളുടെ ലിസ്റ്റില്‍ ദളിതനും ഉള്‍പ്പെട്ടുവെന്നത് വിവാദമായി. സെക്യുലര്‍ ജനാധിപത്യവാദികള്‍ ദളിതന്റെ നിയമനത്തെ സ്വാഗതം ചെയ്യുമ്പോള്‍ യോഗക്ഷേമസഭപോലെയുള്ള സവര്‍ണസംഘടനകളും ഹിന്ദുത്വവാദികളും പൊതുവെ എതിര്‍ക്കുകയാണ്. മറ്റൊരു രീതിയിലുള്ള എതിര്‍പ്പും വളരുന്നുണ്ട്. ദളിതനെ പൂജാരിയാക്കിയത് പുരോഗമനമായി കണക്കാക്കേണ്ടതില്ലെന്നും ബ്രാഹ്മണ്യനിര്‍മിതമായ ക്ഷേത്രസംസ്കാരത്തിനോട് ഇടതുപക്ഷത്തിന്റെ മൃദുസമീപനമാണ് ഇത് കാണിക്കുന്നതെന്നും വാദിക്കുന്നവരുണ്ട്. 

ക്ഷേത്രങ്ങളിലെ അര്‍ച്ചകരാണ് പൂജാരിമാര്‍. അതായത് ഓരോ ക്ഷേത്രത്തിലും നിശ്ചയിച്ചിട്ടുള്ള ആരാധനാക്രമമനുസരിച്ച്  പൂജകളും വഴിപാടുകളും നിവേദ്യങ്ങളും മറ്റു ചടങ്ങുകളും കൃത്യമായി നിര്‍വഹിക്കേണ്ടവരാണിവര്‍. മുമ്പ് നമ്പിയെന്നും ശാന്തിയെന്നും വിളിച്ചിരുന്ന ഇവര്‍ പൊതുവില്‍ ബ്രാഹ്മണരാണ്. ക്ഷേത്രങ്ങളിലെ പൂജാവിധികള്‍ ബ്രാഹ്മണര്‍ക്ക് വിധിച്ചിട്ടുള്ള ഗൃഹ്യശ്രൌത കര്‍മങ്ങളുടെ ഭാഗമല്ലാത്തതുകൊണ്ട് വൈദിക ബ്രാഹ്മണരും ആഢ്യബ്രാഹ്മണരും സാധാരണരീതിയില്‍ ക്ഷേത്രങ്ങളിലെ പൂജാരികളാകാറില്ല. 'സാങ്കേതികര്‍' എന്ന് വിളിക്കാറുള്ള ബ്രാഹ്മണര്‍ക്കിടയില്‍ പൊതുവെ അധഃസ്ഥിതരായി കരുതപ്പെടാറുള്ള ബ്രാഹ്മണകുടുംബങ്ങളാണ് പൂജാരികളാകാറുള്ളത്. പില്‍ക്കാലത്ത് ഇല്ലത്തെ ദാരിദ്യ്രംകൊണ്ട് ശാന്തിപ്പണി ചെയ്യേണ്ടിവന്നവരുണ്ട്. സ്വന്തം ഇല്ലത്തെ ദാരിദ്യ്രം കാരണം ശാന്തിപ്പണിക്ക് പോകേണ്ടിവന്ന അനുഭവം വി ടി ഭട്ടതിരിപ്പാട് ഓര്‍മിക്കുന്നുണ്ട്. പൂജാരിമാരാകാന്‍ നമ്പൂതിരിമാരെ കിട്ടാനില്ലാതിരുന്നതുകൊണ്ട് എമ്പ്രാന്തിരിമാര്‍ എന്ന തുളുവ-കന്നഡിഗ ബ്രാഹ്മണരെക്കൊണ്ടാണ് ശാന്തിപ്പണി ചെയ്യിച്ചിരുന്നത്. വിഷ്ണു ക്ഷേത്രങ്ങളിലെ തന്ത്രിമാരും പൂജാരിമാരും പോറ്റിമാരായിരുന്നു. ശിവക്ഷേത്രങ്ങളില്‍ ശിവദ്വിജന്മാര്‍ എന്നു പറയുന്ന വിഭാഗവും ഉണ്ടായിരുന്നു.
അബ്രാഹ്മണ പൂജാരിമാരെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. മലബാറിലെ കാവുകളില്‍, പ്രത്യേകിച്ച് ഭഗവതിക്കാവുകളില്‍, പ്ടാരന്മാര്‍ എന്ന വിഭാഗമാണ് ഇപ്പോഴും ഈ കര്‍മം നിറവേറ്റുന്നത്. ഭടാരന്മാര്‍ എന്ന കര്‍ണാടക ജൈനക്ഷേത്രങ്ങളിലെ പൂജാരിമാരുടെ വകഭേദമാകാം ഇവര്‍. അധഃസ്ഥിതരുടെ കാവുകളില്‍ പൂജാരിമാര്‍ പലപ്പോഴും വേലന്മാരാണ്. പല സമുദായങ്ങള്‍ക്കും അതത് സമുദായങ്ങളുടെതന്നെ പൂജാരികളുണ്ട്. ദേവാലയങ്ങളും ആരാധനാരൂപങ്ങളും നിലനില്‍ക്കുന്ന എല്ലായിടത്തും അത്തരം ആരാധനാരൂപങ്ങളുടെ കാര്‍മികത്വം വഹിക്കുന്നവരുണ്ട്. ദേവാലയങ്ങളുടെ ഭേദങ്ങളനുസരിച്ച് അവരുടെ പ്രവര്‍ത്തനങ്ങളിലും വ്യത്യാസം വരും. ജാതിബദ്ധമായ സമൂഹത്തില്‍ പൂജാരികളുടെ ജാതിയിലും വ്യത്യാസം വരിക സ്വാഭാവികമാണ്.

ക്ഷേത്രങ്ങളും കാവുകളും തമ്മിലുള്ള ഈ ഭിന്നത പലപ്പോഴും അധികം ശ്രദ്ധിക്കപ്പെടാറില്ല. ക്ഷേത്രങ്ങള്‍ക്കുമാത്രമാണ് ഭൂമിയുണ്ടാവുക. ദേവസ്വങ്ങള്‍ എന്ന് പൊതുവെ വിളിച്ചിരുന്നത് ക്ഷേത്ര ഉടമസ്ഥതയിലുള്ള ഭൂമിയെയും മറ്റ് സ്വത്തുരൂപങ്ങളെയുമാണ്. കാവുകളും തറകളും കോട്ടങ്ങളുമെല്ലാം പൊതു ആരാധനാകേന്ദ്രങ്ങള്‍മാത്രമാണ്. 19-ാംനൂറ്റാണ്ടിന്റെ ആദ്യം തിരുവിതാംകൂറില്‍ ജോണ്‍ മണ്‍റോ ഏറ്റെടുത്തത് ദേവസ്വംഭൂമികളെയാണ്. ഭൂഉടമകളായിരുന്ന ക്ഷേത്രങ്ങളെല്ലാം അധഃസ്ഥിതര്‍ക്ക് പ്രവേശനാധികാരമില്ലാതിരുന്ന സവര്‍ണക്ഷേത്രങ്ങളായിരുന്നു. 19-ാംനൂറ്റാണ്ടിന്റെ അന്ത്യത്തിലെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനം ഈ ക്ഷേത്രസങ്കല്‍പ്പത്തെ അട്ടിമറിച്ചു. നാരായണഗുരുവിന്റെ ക്ഷേത്രങ്ങള്‍ ഏതുതരത്തിലുള്ള ദൈവത്തെയും ആര്‍ക്കും ആരാധിക്കാനുള്ള അവകാശമുണ്ടെന്ന പ്രഖ്യാപനമായിരുന്നു. നാരായണഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ബ്രാഹ്മണരായിരുന്നതുമില്ല.

1920കള്‍മുതലാണ് പുതിയൊരു പ്രവണത വളര്‍ന്നുവരുന്നത്. സവര്‍ണഹിന്ദുക്കള്‍ സനാതനികള്‍ എന്ന പേരില്‍ ക്ഷേത്രങ്ങളുടെമേല്‍ അധികാരം സ്ഥാപിച്ചു. സാമൂതിരിയെപ്പോലുള്ള മുന്‍ നാടുവാഴികള്‍ അതിന് ഒത്താശയും ചെയ്തു. ഇതിനെതുടര്‍ന്ന് ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിലേക്ക് നയിച്ചത്. പി കൃഷ്ണപിള്ള അമ്പലത്തില്‍ കയറി മണി അടിച്ചതും അതിനോടുള്ള സനാതനികളുടെ എതിര്‍പ്പ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതും പ്രസിദ്ധമാണ്. 1936ല്‍ തിരുവിതാംകൂറിലും പിന്നീട് മറ്റു ഭാഗങ്ങളിലും ക്ഷേത്രങ്ങള്‍ എല്ലാവര്‍ക്കും തുറന്നുകൊടുത്തതോടെ സനാതനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് പൂജകള്‍പോലുള്ള കര്‍മങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ആധുനിക വിദ്യാഭ്യാസത്തിലേക്കും തൊഴിലുകളിലേക്കും പ്രവേശിക്കാന്‍ അപ്പോഴും മടികാണിച്ച ബ്രാഹ്മണര്‍ക്കും അമ്പലവാസിവിഭാഗങ്ങള്‍ക്കും ക്ഷേത്രങ്ങളില്‍നിന്ന് കിട്ടുന്ന പണം പ്രധാനവുമായിരുന്നു. ശബരിമലപോലെ ബ്രാഹ്മണ്യം അവകാശപ്പെടാന്‍ സാധിക്കാത്ത ക്ഷേത്രങ്ങളിലും ഈ പ്രവണത പടര്‍ന്നുപിടിക്കുന്നുണ്ട്.

ഇതിനെതുടര്‍ന്ന് സനാതനഹിന്ദുക്കളും പിന്നീട് ആര്‍എസ്എസുകാരും രൂപീകരിച്ച ക്ഷേത്രസംരക്ഷണസമിതികളിലൂടെ രണ്ടുതരത്തിലുള്ള പ്രവണത വളര്‍ന്നുവന്നു. ഒന്ന്, ഭാഗവതസപ്താഹങ്ങള്‍, ഗീതായജ്ഞങ്ങള്‍ തുടങ്ങിയവ നടത്തിയും വ്യത്യസ്ത 'പ്രശ്ന'ങ്ങളിലൂടെ ദേവസാന്നിധ്യം 'തെളിയിച്ചും' നാട്ടിലുള്ള ദേവാലയങ്ങളെയെല്ലാം ക്ഷേത്രങ്ങളാക്കുന്ന പ്രക്രിയ നടക്കുന്നു. ഇത്തരം ദേവാലയങ്ങള്‍, ശുദ്ധികലശം ചെയ്തും പുനഃപ്രതിഷ്ഠകള്‍ നടത്തിയും ബ്രാഹ്മണ- സംസ്കൃത പാരമ്പര്യത്തിന് അനുസൃതമാക്കിയ ക്ഷേത്രങ്ങളായിമാറി. രണ്ടാമത്, ഇത്തരത്തിലുള്ള ക്ഷേത്രങ്ങളില്‍മാത്രമല്ല, ശുദ്ധികലശവും പുനഃപ്രതിഷ്ഠയും നടത്താത്ത സാധാരണ കാവുകളില്‍പ്പോലും ബ്രാഹ്മണ പൂജാരികളെ നിയമിച്ചു. സംസ്കൃതവല്‍ക്കരണത്തിന്റെ ശക്തമായ രൂപമായി ഏതാണ്ടെല്ലാ സമുദായങ്ങളും ഈ ബ്രാഹ്മണവല്‍ക്കരണത്തെ കണ്ടു. ഉത്തമം, മധ്യമം, അധമം എന്നിങ്ങനെ തന്ത്രവിധിപ്രകാരമുള്ള പൂജകള്‍ക്ക് നേതൃത്വം നല്‍കിയാണ് ഇത് നടപ്പാക്കപ്പെട്ടത്. ഇത്തരം പൂജകളെല്ലാം വൈദികതലത്തിനു പുറത്ത് ആഗമവിധിപ്രകാരമുള്ളതായിരുന്നു. മധ്യകാലത്ത് വളര്‍ന്നുവന്ന ക്ഷേത്രകേന്ദ്രീകൃത മതരൂപങ്ങളാണ് ഈ വിധികള്‍ നടപ്പാക്കിയത്. ഇവയെല്ലാം അനുഷ്ഠാനാത്മകമായി പഠിക്കുന്നത് ബ്രാഹ്മണരാണെന്ന പേരിലാണ് പൂജാരികളുടെ സ്ഥാനങ്ങളെല്ലാം ബ്രാഹ്മണര്‍ കൈയടക്കിയത്.

ദളിതന്‍ പൂജാരിയാകുന്നതോടെ ക്ഷേത്രവിധികളുടെയും കര്‍മങ്ങളുടെയും മേലുള്ള ബ്രാഹ്മണരുടെ നീരാളിപ്പിടിത്തമാണ് പൊട്ടിച്ചെറിയപ്പെടുന്നത്. സംസ്കൃതം ഒരു സാധാരണ മനുഷ്യഭാഷയാണെന്നും ക്ഷേത്രവിധികള്‍ ആര്‍ക്കും സ്വായത്തമാക്കാവുന്ന ഒരു കര്‍മപദ്ധതിമാത്രമാണെന്നും ഇതോടെ തെളിയിക്കപ്പെടുന്നു. വൈദികമോ ആഗമികമോ അറിവിന്റെമേല്‍ ആര്‍ക്കും കുത്തകയില്ലെന്നും ബോധ്യപ്പെടുത്തുന്നു. ഇവകൂടാതെ ശ്രീകോവിലിലടക്കം ദേവാലയത്തില്‍ എവിടെയും ആര്‍ക്കും പ്രവേശിക്കാമെന്നും ആവശ്യമായ കര്‍മങ്ങള്‍ നടത്താമെന്നും തെളിയിക്കപ്പെടുന്നു. ഇതിനെ എതിര്‍ക്കുന്ന സവര്‍ണസംഘടനകള്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്. വ്യത്യസ്തമായ നിലയില്‍ ആരാധനകള്‍ നടത്തിപ്പോന്ന നിരവധി കാവുകളെയും തറകളെയും ക്ഷേത്രങ്ങളാക്കി മാറ്റിയാണ് ഇവര്‍ പൂജാരിസ്ഥാനങ്ങള്‍ കൈവശപ്പെടുത്തിയത്. മറ്റുള്ളവര്‍ അതേ വിഷയങ്ങള്‍ പഠിച്ച് പൂജാരികളായി മാറുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കേണ്ടത് സാമാന്യജനാധിപത്യമര്യാദയാണ്. അതുകൂടി സാധിക്കുന്നില്ലെങ്കില്‍ ജനാധിപത്യസമൂഹം അത്തരം നിലപാടുകളെ അംഗീകരിക്കില്ല.

ഈ നീക്കത്തെ വിമര്‍ശിക്കുന്ന ബുദ്ധിജീവികളോട് ഒരു വാക്ക്. 'അമ്പലങ്ങളെ കത്തിക്കണം' എന്ന വി ടി ഭട്ടതിരിപ്പാടിന്റെ നിലപാടില്‍നിന്നും ക്ഷേത്രസംസ്കാരത്തെ എതിര്‍ക്കുന്ന ഭൌതികവാദ നിലപാടുകളില്‍നിന്നുമുള്ള പിറകോട്ടുപോക്കായി ചിലര്‍ ഇതിനെ ചിത്രീകരിക്കുന്നുണ്ട്. മൃദുഹിന്ദുത്വ സമീപനത്തിന്റെ ദൃഷ്ടാന്തമായും ചിലര്‍ ഇതിനെ കാണുന്നു. സെക്യുലര്‍ ജനാധിപത്യത്തിനനുസരിച്ചുള്ള നിലപാടായി ഇതിനെ വീക്ഷിക്കാം. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഗോപാലികാ അന്തര്‍ജനം എന്ന സ്ത്രീക്ക് അറബി അധ്യാപികയായുള്ള പോസ്റ്റിങ് നിഷേധിച്ചപ്പോള്‍ അതിനെതിരായ പ്രതിഷേധം മതപരമായ എന്തെങ്കിലും സമീപനംകൊണ്ടല്ല. ഒരാള്‍ക്ക് അര്‍ഹതയുള്ള ഒരു തസ്തിക നിഷേധിച്ചതിന്റെ ജനാധിപത്യവിരുദ്ധസ്വഭാവമായിരുന്നു പ്രശ്നം. അതുപോലെ അര്‍ഹതയുണ്ടെങ്കില്‍ ഒരു ദളിതനെ പൂജാരിയായി നിയമിക്കുന്നതില്‍ മറ്റൊരു തടസ്സവും ഉണ്ടാകേണ്ടതില്ല. അത് ഒരു ജനാധിപത്യസമൂഹത്തില്‍ ലഭിക്കേണ്ട പൌരാവകാശമാണ്. ഒരു ജനാധിപത്യസമൂഹത്തില്‍ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം പൂജാരികളെ ആവശ്യമായിവരും. ആ ജോലി ചെയ്യുന്നതിന് അര്‍ഹതയും താല്‍പ്പര്യവുമുള്ള അപേക്ഷകര്‍ക്ക് ജോലി നല്‍കേണ്ടിവരും. അവര്‍ ആരായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ബ്രാഹ്മണരോ ഹിന്ദു സവര്‍ണസംഘടനകളോ അല്ല. അത് സര്‍ക്കാരാണ്; സര്‍ക്കാര്‍ തീരുമാനമെടുക്കാത്ത മേഖലകളില്‍പ്പോലും സെക്യുലര്‍ ജനാധിപത്യ സമീപനമനുസരിച്ചാണ് തീരുമാനമെടുക്കേണ്ടത്. ഇന്ത്യയിലെ, കേരളത്തിലെ ഏത് തൊഴിലും ഭരണഘടനയനുസരിച്ച് ഇന്ത്യയിലെ ഏതു പൌരനും അവകാശപ്പെട്ടതാണ്. അതിനോടൊപ്പം മതസ്വാതന്ത്യ്രവും നിലവിലുണ്ട്. അതുകൊണ്ട് ഒരു ദളിതന് ക്ഷേത്രത്തില്‍പോയി തൊഴാമെങ്കില്‍ അതേ ക്ഷേത്രത്തിലെ പൂജാരിയാവുകയും ചെയ്യാം.

ഈ അടിസ്ഥാന സെക്യുലര്‍ ജനാധിപത്യതത്വത്തിനെതിരായ വാദഗതികളാണ് ഇപ്പോള്‍ ഉയരുന്നത്. ക്ഷേത്രങ്ങളോ അവിടത്തെ  പൂജാവിധികളോ വിശ്വാസികളുടെയോ ബ്രാഹ്മണരുടെയോ കുത്തകയല്ല. പ്രത്യേകിച്ച് ഒരു വിശ്വാസിയല്ലാതിരുന്ന വി ടിയും ശാന്തിപ്പണി ചെയ്തിരുന്നുവെന്ന് ഓര്‍മിക്കുക. അവ പൊതുസ്ഥാപനങ്ങളാണെങ്കില്‍ അവയില്‍ പരികര്‍മികളാകാനുള്ള അവകാശം അതിനെക്കുറിച്ച് പരിജ്ഞാനമുള്ള ആര്‍ക്കുമാകാം. അതിനെതിരെ വാദിക്കുന്നത് മധ്യകാല ജാതിബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള സമൂഹവീക്ഷണത്തിന്റെ പുനഃസ്ഥാപനമാണ്. അതാണ് സവര്‍ണ ഹിന്ദുവാദികള്‍ ആഗ്രഹിക്കുന്നതും. അതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് സെക്യുലര്‍ ജനാധിപത്യസമൂഹത്തിന്റെ ബാധ്യതയുമാണ്

പ്രധാന വാർത്തകൾ
 Top