26 January Sunday

തകർച്ചയുടെ 100 ദിനങ്ങൾ

പ്രകാശ്‌ കാരാട്ട്‌Updated: Thursday Sep 19, 2019


രണ്ടാം മോഡി സർക്കാരിന് നൂറുദിവസം തികയുമ്പോൾ ഒരു കാര്യം വളരെ വ്യക്തമായിരിക്കുന്നു. അതെന്തെന്നാൽ, തൊഴിലാളികളുടെയും കർഷകരുടെയും നാട്ടുമ്പുറങ്ങളിലെ ദരിദ്രരുടെയും താണ വരുമാനക്കാരുടെയും ചെലവിൽ, വൻകിട ബിസിനസ്സുകാരുടെയും വിദേശ ഫിനാൻസ് മൂലധനത്തിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സർക്കാരാണ് ഇത് എന്നുതന്നെ.

ഗുരുതരമായ സാമ്പത്തികമാന്ദ്യത്തെ മറികടക്കുന്നതിന് സർക്കാർ കണ്ടെത്തുന്ന മാർഗംതന്നെ, അതിന്റെ വർഗപരമായ പക്ഷപാതിത്വം വെളിപ്പെടുത്തുന്നുണ്ട്. സമ്പദ് വ്യവസ്ഥയുടെ സമസ്‌ത മേഖലയിലുമുള്ള തൊഴിൽ നഷ്ടത്തിന്റെ വാർത്തകളാണ്  നിത്യേന വരുന്നത്‌. ഓട്ടോമൊബൈൽ വ്യവസായം, നിർമാണം, റിയൽ എസ്‌റ്റേറ്റ്, റോഡ് ഗതാഗതം, ഐടി മേഖല എന്നിങ്ങനെ എല്ലാ തുറകളിലും സ്ഥിതിയിതാണ്.

നിലവിലുള്ള ക്രമാതീതമായ തൊഴിലില്ലായ്‌മയുടെ പശ്ചാത്തലത്തിൽ വേണം ഈ തൊഴിൽനഷ്ടത്തെ നോക്കിക്കാണാൻ. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി(സിഎംഐഇ)യുടെ ഏറ്റവും അവസാനത്തെ  വിവരങ്ങളനുസരിച്ച് പ്രതിമാസ തൊഴിലില്ലായ്‌മനിരക്ക് ആഗസ്‌തിൽ 8.37 ശതമാനമായി ഉയർന്നു.

വർധിച്ചുവരുന്ന തൊഴിലില്ലായ്‌മ
സാമ്പത്തികപ്രതിസന്ധിയുടെ ഗുരുതരസ്വഭാവം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ചോദനത്തകർച്ചയിൽനിന്നാണ് അത് രൂപംകൊണ്ടത്. സമ്പദ്‌വ്യവസ്ഥയുടെ സകല മേഖലയിലും ഡിമാന്റ് കുറഞ്ഞുവരികയാണ്. വർധിച്ചുവരുന്ന തൊഴിലില്ലായ്‌മയും   യഥാർഥ വേതനവർധനയിലെ ഇടിവും  കർഷകരുടെ താഴ്‌ന്ന വരുമാനവും കാരണം ജനങ്ങളുടെ വാങ്ങൽ കഴിവ് ചുരുങ്ങുന്നു. പ്രധാന തൊഴിൽദാതാക്കളായ ഇടത്തരം, ചെറു, മൈക്രോ സംരംഭങ്ങളെ നോട്ട് റദ്ദാക്കലും ജിഎസ്ടി അടിച്ചേൽപ്പിക്കലും  സാരമായി പിറകോട്ടടിപ്പിച്ചിരിക്കുന്നു.

ഓട്ടോമൊബൈൽ വ്യവസായത്തിലും മറ്റു മേഖലകളിലുമുള്ള തൊഴിൽനഷ്ടത്തിന്റെ കാര്യം മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയിൽ ഉപഭോഗത്തിനുള്ള ഡിമാന്റ് കുറയ്‌ക്കാനാണ് തൊഴിൽനഷ്ടം ഇടവരുത്തുക. പക്ഷേ,  വേണ്ടത്ര ഊന്നൽ നൽകാത്ത കാര്യം ഗ്രാമീണ മേഖലയിലെ ചോദനത്തകർച്ചയുടേതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്‌കറ്റ്‌ നിർമാണക്കമ്പനിയായ പാർലെ പറയുന്നത്, അഞ്ച്‌ രൂപയ്‌ക്ക്‌ വിൽക്കുന്ന ബിസ്‌കറ്റിന്റെ വിൽപ്പനപോലും പിറകോട്ടടിച്ചിരിക്കുന്നു എന്നാണ്. ഗ്രാമീണ മേഖലയിൽ ഉപഭോക്തൃസാധനങ്ങളുടെ ചില്ലറവ്യാപാരവും ഗണ്യമായി ഇടിയുന്നതായാണ് റിപ്പോർട്ട്. ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള കച്ചവടക്കാർ പരാതിപ്പെടുന്നത് പരിപ്പിന്റെ വിൽപ്പനയിലുള്ള ഇടിവിനെക്കുറിച്ചാണ്.

 

അതുകൊണ്ട് അടിയന്തരമായി വേണ്ടത് പൊതുനിക്ഷേപവും പൊതു ചെലവിടലും വർധിപ്പിക്കാനുള്ള നടപടികളാണ്. അതുവഴി ജനങ്ങളുടെ കൈയിൽ കാശെത്തും. അത് സാധാരണ ഉപഭോഗസാധനങ്ങളുടെ ചോദനം വർധിക്കാൻ ഇടവരുത്തുകയും ചെയ്യും. പശ്ചാത്തലമേഖലയിലെ സർക്കാർ ചെലവിടൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പോലുള്ള പദ്ധതികൾക്കായി സർക്കാർ ചെലവ് ചെയ്‌താൽ, അത് ഗ്രാമീണദരിദ്രർക്ക് കാശെത്തിക്കും; അവർക്കതുകൊണ്ട് അത്യാവശ്യസാധനങ്ങൾ വാങ്ങാനുമാകും. പക്ഷേ, മോഡി സർക്കാർ ഇതൊന്നും ചെയ്യുന്നില്ല. പകരം, സ്വകാര്യനിക്ഷേപത്തെ പ്രചോദിപ്പിക്കാനും വിദേശ മൂലധനത്തെ ആകർഷിക്കാനുമായുള്ള നടപടികൾക്കുള്ള ഫണ്ടുകൾ പ്രഖ്യാപിക്കുകയാണ്.

ഇതുവരെ പ്രഖ്യാപിച്ച നടപടികളാകട്ടെ, പോർട്ട് ഫോളിയോ നിക്ഷേപങ്ങൾക്കുള്ള സൗജന്യങ്ങളാണ്. അവയുടെ ലാഭത്തിന്മേൽ നേരത്തെ ഉണ്ടായിരുന്ന സർചാർജ് പിൻവലിച്ചു. ചില്ലറവ്യാപാര മേഖലയിൽ ഒറ്റ ബ്രാൻഡിലുള്ള വിദേശ പ്രത്യക്ഷനിക്ഷേപത്തിന്റെ വ്യവസ്ഥകൾ ലഘൂകരിച്ചിരിക്കുന്നു; കൽക്കരി ഖനനത്തിലും മറ്റുമുള്ള വിദേശ പ്രത്യക്ഷനിക്ഷേപം 100 ശതമാനമാക്കിയിരിക്കുന്നു. ഇതോടൊപ്പം, 20,000 കോടിയുടെ ഫണ്ടാണ് റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾക്ക് അനുവദിച്ചിരിക്കുന്നത്. 70,000 കോടി ബാങ്കുകൾ വഴിയുള്ള വായ്‌പയും 50,000 കോടി കയറ്റുമതി പ്രോത്സാഹനപദ്ധതിയും പ്രഖ്യാപിച്ചിരിക്കുന്നു. ഇതൊക്കെ ചില കമ്പനികൾക്ക് കരകയറാനും  വിദേശ ധനസ്ഥാപനങ്ങൾക്ക് ലാഭം വാരാനും സഹായകമായേക്കും. പക്ഷേ, അതൊന്നുംതന്നെ സമ്പദ്‌വ്യവസ്ഥയുടെ മുഖ്യ പ്രശ്നമായ ചോദനത്തിന്റെ കാര്യത്തിൽ ഒരു പ്രതിവിധിയുമാകില്ല.

കോർപറേറ്റുകൾക്കും വിദേശ ഫിനാൻസ് മൂലധനത്തിനും വലിയ സൗജന്യങ്ങൾ വാരിവിതറുന്ന മോഡി സർക്കാർ ജനങ്ങൾക്കുനേരെ തോക്ക് ചൂണ്ടുകയാണ്.
രണ്ട്‌ സംഭവങ്ങൾ നോക്കിയാൽമതി, കാര്യം വ്യക്തമാകാൻ. രാജ്യത്ത് നിലവിലുള്ള വിവിധ തൊഴിൽനിയമങ്ങൾ മാറ്റി  പകരമായി പാർലമെന്റ് അംഗീകരിച്ച വേതനക്കോഡ് പ്രകാരം ഒരു ദേശീയ മിനിമംവേതനം പ്രഖ്യാപിക്കേണ്ടതുണ്ട്. സർക്കാരിനെയാണ് അത് നിശ്ചയിക്കാൻ ചുമതലപ്പെടുത്തിയത്. ദിവസങ്ങൾക്കകം, തൊഴിൽ മന്ത്രാലയം മിനിമം വേതനമായി 178 രൂപ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തേതിലും രണ്ടുരൂപ കൂടുതൽ! നാല്‌ ശതമാനം നാണയപ്പെരുപ്പമുള്ള ഒരു നാട്ടിൽ ഈ മിനിമം കൂലി, യഥാർഥ വേതനത്തിൽ ഇടിവാണ് വരുത്തിത്തീർക്കുക. തൊഴിൽ മന്ത്രാലയത്തിന്റെതന്നെ കീഴിലുള്ള ഒരു സമിതി (സത്പതി കമ്മിറ്റി ) 2018 ലേക്ക് നിർണയിച്ച 375 രൂപയുടെ നേർ പകുതിയാണിത്!
വൻകിട ബിസിനസ്സിനെ ആശ്വസിപ്പിക്കുന്നതിനായി ദേശീയ മിനിമം വേതനത്തെ സർക്കാർ ഇങ്ങനെ താഴ്‌ത്തിക്കെട്ടുന്നത് കൂലി കുറയാനും അതുവഴി വാങ്ങൽക്കഴിവ് കുറയാനും ചോദനം ഇടിയാനും വഴിയൊരുക്കും.

രണ്ടാമത്തെ ഉദാഹരണം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഇതിനായുള്ള ഫണ്ട് മോഡി സർക്കാർ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങളെ കേന്ദ്രം നിർബന്ധിക്കുന്നത് കുറഞ്ഞ ദിവസം മാത്രം തൊഴിൽ കൊടുക്കാനാണ്. 2017-–-18 കാലത്ത് നൽകിയ തൊഴിൽ, ആവശ്യമുണ്ടായിരുന്നതിനേക്കാൾ 32 ശതമാനം കുറവായിരുന്നു. ഈ നില തുടരുകയാണ്. മാത്രവുമല്ല, സർക്കാർ കൂലിക്കുടിശ്ശിക നിഷേധിക്കുകയുമാണ്. തൊഴിലാളികളുടെ എണ്ണം കുറയുന്നതും  അവർക്കുതന്നെ വേണ്ടത്ര തൊഴിൽദിനം കിട്ടാത്തതുമാണ് ഗ്രാമീണ മേഖലയിലെ വേതനസ്‌തംഭനത്തിന്റെ മുഖ്യ കാരണം. ഇത് ചോദനത്തെ ബാധിക്കും. തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് കേന്ദ്ര സർക്കാർ വർധിപ്പിക്കുകയും  സംസ്ഥാന ഗവൺമെന്റുകൾ  പരമാവധി തൊഴിൽദിനങ്ങൾ ഉറപ്പാക്കി വേതനം നൽകുകയും ചെയ്‌താൽ അത് ഗ്രാമീണ മേഖലയിലെ ഡിമാന്റ് വർധനയ്‌ക്ക്‌ ഇടവരുത്തും. പക്ഷേ,  ഇതു ചെയ്യാനല്ല മോഡി സർക്കാരിന്റെ ഉദ്ദേശ്യം. തൊഴിലുറപ്പ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയായ 61,084 കോടി രൂപ 2019–- -20 ബജറ്റിൽ 60,000 കോടിയാക്കി വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

 

തെരുവിലിറങ്ങി പ്രതിഷേധിക്കാനുള്ള സമയം
സ്വകാര്യമേഖലയ്‌ക്ക് വളരാനുള്ള ഒത്താശകൾ ചെയ്‌തു കൊണ്ടിരിക്കെ, സർക്കാർ ചെലവ് വെട്ടിച്ചുരുക്കുന്നതിന് ആജ്ഞാപിക്കുന്ന നിയോലിബറൽനയങ്ങൾ അന്ധമായി നടപ്പാക്കാൻ ബാധ്യസ്ഥനാണ് മോഡി. അതുകൊണ്ടാണ് സമസ്‌ത മേഖലയിലും സർക്കാർ സ്വകാര്യവൽക്കരണം നടപ്പാക്കുന്നത്. ഇത്തരം നയങ്ങൾ തുടരുന്നിടത്തോളം, ഇന്നത്തെ മാന്ദ്യത്തിന്റെയും പ്രതിസന്ധിയുടെയും കാലത്ത് ജനങ്ങൾക്ക് ഒരാശ്വാസവും ലഭിക്കാൻപോകുന്നില്ല. തൊഴിലെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം, തെരുവിലിറങ്ങി പ്രതിഷേധിക്കാനുള്ള സമയമാണിത്. ഇതിനകംതന്നെ ഓർഡിനൻസ് ഫാക്ടറിത്തൊഴിലാളികളുടെ അഞ്ചുദിവസത്തെ പണിമുടക്കം നാം കണ്ടു. സെപ്‌തംബർ 24 ന് കൽക്കരിത്തൊഴിലാളികൾ പണിമുടക്കുകയാണ്. ലയനങ്ങൾക്കെതിരെ ബാങ്ക് ജീവനക്കാർ പണിമുടക്കത്തിന് തയ്യാറെടുക്കുകയാണ്. മേഖലാടിസ്ഥാനത്തിലുള്ള പ്രക്ഷോഭങ്ങൾക്കും പണിമുടക്കങ്ങൾക്കുംപുറമെ, മോഡി സർക്കാരിന്റെ ദ്രോഹകരമായ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും കർഷകരുടെയും തൊഴിലാളികളുടെയും വരുമാനം വർധിപ്പിക്കുന്നതിനും അതുവഴി വാങ്ങൽക്കഴിവും ചോദനവും ഉയർത്തുന്നതിനും പറ്റിയ ബദൽനയങ്ങൾ ആവശ്യപ്പെട്ടുകൊണ്ടും കൂടുതൽ വിപുലമായ അണിചേരൽ ഉണ്ടാകേണ്ടതുണ്ട്.

ആസന്നമായ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പറ്റിയ നയങ്ങളും മുദ്രാവാക്യങ്ങളും രൂപപ്പെടുത്താനായി ഇടതുപക്ഷ കക്ഷികൾ സെപ്‌തംബർ 20ന് ന്യൂഡൽഹിയിൽ ഒരു കൺവൻഷൻ ചേരുന്നുണ്ട്. കൺവൻഷൻ, ആ ഡിമാന്റുകളെ മുൻനിർത്തി ഒരു ജനകീയ മുന്നേറ്റം വളർത്തിയെടുക്കാനുള്ള ആഹ്വാനം മുന്നോട്ടു വയ്‌ക്കും.   തൊഴിലും ഉപജീവനവും സാമൂഹ്യക്ഷേമ നടപടികളും സംരക്ഷിക്കുന്നതിനായുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിന് ഇടതുകക്ഷികളുടെ ആ മാർഗദർശനം പ്രയോജനപ്പെടുത്താനാകണം.


പ്രധാന വാർത്തകൾ
 Top