25 March Monday

പി കൃഷ്ണപിള്ള സഖാക്കളുടെ സഖാവ്

* കോടിയേരി ബാലകൃഷ്ണന്‍Updated: Saturday Aug 19, 2017

സഖാവ് എന്ന പദത്തിന്റെ പര്യായപദമായി കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ മനസ്സില്‍ ജീവിക്കുന്ന പേരാണ് പി കൃഷ്ണപിള്ള. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് 69 വര്‍ഷമായി. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് കൃഷ്ണപിള്ള രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തേക്ക് എത്തിയത്. ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്ക് അറുതിവരുത്തി ചൂഷണരഹിതമായ പുതിയൊരു സാമൂഹ്യവ്യവസ്ഥയാണ് അദ്ദേഹം സ്വപ്നംകണ്ടത്. അതിനായി തന്റെ ജീവിതം അദ്ദേഹം സമര്‍പ്പിച്ചു. സ. പി കൃഷ്ണപിള്ളയെ കാണാന്‍ അവസരം ലഭിക്കാത്തവരാണ് ഇന്നത്തെ കേരളീയരില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍, ആദരവോടെയും വിപ്ളവാവേശത്തോടെയും  മലയാളികള്‍, വിശേഷിച്ചും പുരോഗമനവാദികള്‍ സദാ ഓര്‍ക്കുന്ന പേരാണ് സഖാവ് പി കൃഷ്ണപിള്ളയെന്നത്. 1906ല്‍ വൈക്കത്തെ ഒരു ദരിദ്രകുടുംബത്തിലാണ് ജനനം. ദാരിദ്യ്രം കാരണം പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടാനേ കഴിഞ്ഞുള്ളൂ. 16-ാം വയസ്സില്‍ ആലപ്പുഴയില്‍ കയര്‍ തൊഴിലാളിയായി. പിന്നീട് പലയിടങ്ങളിലും ജോലികള്‍ ചെയ്തു. 1927ല്‍ ബനാറസിലെത്തി. അവിടെ രണ്ടുവര്‍ഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. പിന്നീട് തൃപ്പൂണിത്തുറയില്‍ ഹിന്ദി പ്രചാരകനായി ജോലിയില്‍ പ്രവേശിച്ചു. സ്വാതന്ത്യ്രസമര പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഹിന്ദി പ്രചാരകനായത്. പിന്നീട് ഹിന്ദിപ്രചാരണം വിട്ട് പൂര്‍ണസമയ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മുഴുകി. കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് എന്നിങ്ങനെ രണ്ടു പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തെ നയിക്കുന്ന വ്യക്തിത്വമായി മാറി. 1948ല്‍ അദ്ദേഹത്തിന്റെ 42-ാമത്തെ വയസ്സില്‍ ആലപ്പുഴയിലെ മുഹമ്മയില്‍ ഒളിവുജീവിതത്തിനിടെ സര്‍പ്പദംശനമേറ്റായിരുന്നു അന്ത്യം. നാലു പതിറ്റാണ്ടു മാത്രം ജീവിച്ച അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും ഇന്ത്യയിലെ വിപ്ളവപ്രസ്ഥാനത്തിന് ഊര്‍ജസ്രോതസ്സാണ്. 

കേരളത്തില്‍ പ്രാദേശിക അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് രാഷ്ട്രീയ മുന്നേറ്റം സംഘടിപ്പിച്ച അസാധാരണ സംഘാടകനും വിപ്ളവകാരിയുമായിരുന്നു കൃഷ്ണപിള്ള. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരായി ഊര്‍ജസ്വലരായ കേഡര്‍മാരെ കണ്ടെത്തുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിലും അദ്ദേഹം അസാമാന്യശ്രദ്ധ നല്‍കിയിരുന്നു. 1932 ജനുവരിയില്‍ കോഴിക്കോട് സബ് ജയിലില്‍ വച്ചാണ് ഇ എം എസും കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. അന്ന് ഒരു ഇടതുപക്ഷ ദേശീയവാദിയായിരുന്ന ഇ എം എസിനെ കമ്യൂണിസ്റ്റായി രൂപപ്പെടുത്തുന്നതില്‍ സഖാവുമായുള്ള ബന്ധം വഴിത്തിരിവായെന്ന് ഇ എം എസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സഖാവ് നായനാര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയില്‍ തന്നെ ചേര്‍ത്തത് സഖാവ് കൃഷ്ണപിള്ളയായിരുന്നുവെന്ന് പറയാറുണ്ടായിരുന്നു. അന്ന് കല്യാശ്ശേരി അടക്കമുള്ള മലബാറിലെ പ്രദേശങ്ങളില്‍ സഖാവിന്റെ നിരന്തര സാന്നിധ്യമുണ്ടായിരുന്നു. പ്രത്യയശാസ്ത്ര നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം അനുയോജ്യമായ പ്രായോഗിക സമീപനം രൂപപ്പെടുത്തിയിരുന്നു. കൊളോണിയല്‍ ഭരണാധികാരത്തിനെതിരെ പടപൊരുതുന്നതിനൊപ്പം തന്നെ ഭൂപ്രഭുത്വത്തിനെതിരെ കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനും പാര്‍ടിയെ സജ്ജമാക്കുന്നതിനും അക്കാലത്ത് അദ്ദേഹം നേതൃത്വം നല്‍കി. പരിതാപകരമായ ജീവിത സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന തൊഴിലാളി, കര്‍ഷകാദി ബഹുജനങ്ങളെ കൂലിക്കും ഭൂമിക്കുമായുള്ള സമരത്തില്‍ അണിനിരത്തിയതിനൊപ്പം ദേശീയ സ്വാതന്ത്യ്രത്തിന്റെ വിശാല സമരമുഖത്തും അദ്ദേഹം അവരെ അണിനിരത്തി. സാമ്പത്തിക മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടുള്ള സമരത്തെ രാഷ്ട്രീയ മുദ്രാവാക്യമായി ബന്ധിപ്പിക്കുന്നതിന് അതുവഴി കഴിഞ്ഞു. അതിനൊപ്പം തന്നെ സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നതിലേക്ക് പാര്‍ടിയെ നയിച്ചു.

ഉത്തരവാദ ഭരണത്തിനുവേണ്ടി 1930കളുടെ അവസാനകാലത്ത് ആലപ്പുഴയിലെ തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് സമരത്തെ തകര്‍ക്കാന്‍ സര്‍ സി പി പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചിരുന്നു. ആലപ്പുഴയിലാകെ ഭീകരാവസ്ഥ സൃഷ്ടിച്ചു. അന്ന് ഒരു നാരങ്ങാക്കച്ചവടക്കാരന്റെ വേഷത്തിലെത്തിയാണ് സഖാവ് പണിമുടക്കിന് നേതൃത്വം നല്‍കിയത്. എതിരാളികളുടെ ആക്രമണങ്ങളെ സ്ഥൈര്യത്തോടെ നേരിടുന്നതില്‍ കൃഷ്ണപിള്ളയുടെ തന്മയത്വം ആകര്‍ഷണീയമായിരുന്നു. 1946ല്‍ മലബാറില്‍ നടന്ന തെരഞ്ഞെടുപ്പുകാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പൊതുയോഗം കലക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തെ എതിരിട്ടത് അതിനൊരുദാഹരണമാണ്. അവിടെ എതിരാളികളുടെ കല്ലേറു കാരണം ഒരു പൊതുയോഗം അലങ്കോലമായി. മറ്റൊരു ദിവസം സഖാവ് ഇടപെട്ട് വീണ്ടും പൊതുയോഗം സംഘടിപ്പിച്ചപ്പോഴും കോണ്‍ഗ്രസുകര്‍ വേദിയിലേക്ക് കല്ലെറിഞ്ഞു. എന്നാല്‍, ആ കല്ല് ഉയര്‍ത്തിക്കാട്ടി  അതേ പൊതുയോഗത്തില്‍ അദ്ദേഹം ഉയര്‍ന്ന തുകയ്ക്ക് ലേലം ചെയ്തു. ആ തുക കമ്യൂണിസ്റ്റ് പാര്‍ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലുള്‍പ്പെടുത്തി. അതിലൂടെ സംഘാടകരായ സഖാക്കളുടെ മനോവീര്യം ശക്തിപ്പെടുത്തി പ്രവര്‍ത്തനത്തെ അദ്ദേഹം ഊര്‍ജസ്വലമാക്കി. സാമൂഹ്യപരിഷ്കരണ സമരങ്ങളിലെ ചരിത്രസംഭവമായ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പി കൃഷ്ണപിള്ളയുടെ പങ്ക് വളരെ വലുതായിരുന്നു. 1931ല്‍ നടന്ന ആ സമരത്തില്‍ അന്ന് അമ്പലമണി അടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഭീകരമര്‍ദനം ഏറ്റുവാങ്ങേണ്ടിവന്നു. ജാതിമേധാവിത്വത്തിന്റെ മുഖത്തേറ്റ അടിയായിരുന്നു സത്യഗ്രഹസമരം. എ കെ ജിയായിരുന്നു വളന്റിയര്‍ ക്യാപ്റ്റന്‍. വഴിനടക്കാനും പൊതുയിടങ്ങളില്‍ പ്രവേശിക്കാനും സ്വാതന്ത്യ്രം നിഷേധിക്കപ്പെട്ട പിന്നോക്ക-ദളിത് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയും ബഹുജന സംഘടനകളും നടത്തിയ സമരങ്ങളിലെല്ലാം കൃഷ്ണപിള്ളയുടെ സാന്നിധ്യമുണ്ടായിരുന്നു. ക്ഷേത്രങ്ങളിലും അവിടേക്കുള്ള വഴികളിലും അധഃകൃതര്‍ക്ക് അയിത്തമായിരുന്ന കാലത്ത് ജാതിമേലാളന്മാരുടെ കുറുവടിപ്പടയോട് ഏറ്റുമുട്ടിയാണ് അക്കാലത്തെ പാര്‍ടി പ്രവര്‍ത്തനം മുന്നോട്ടുപോയത്.

അന്നത്തെ കുറുവടിപ്പട അതിന്റെ ഇന്നത്തെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തി രാഷ്ട്രീയാധികരം കരസ്ഥമാക്കിയിരിക്കുന്ന വര്‍ത്തമാനത്തിലാണ് നാം ജീവിക്കുന്നത്. പുനരുത്ഥാനത്തിന്റെ വക്താക്കളായ അവര്‍ സാമ്രാജ്യത്വ രാഷ്ട്രീയനയത്തിന്റെ നടത്തിപ്പുകാര്‍ കൂടിയാണ്. നവഉദാരവല്‍ക്കരണത്തിനും വര്‍ഗീയ ഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തില്‍  ഇന്നലെകളിലെ അനുഭവപരിചയം ഇന്നത്തെ പോരാട്ടത്തിന് കൂടുതല്‍ വെളിച്ചം നല്‍കും. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് രാജ്യത്തിന്റെ സ്വാശ്രയത്വം സാമ്രാജ്യത്വശക്തികള്‍ക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യ-ഇസ്രയേല്‍-അമേരിക്ക അച്ചുതണ്ട് രൂപപ്പെടുത്തി ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ഇന്ത്യയെ ഉപയോഗപ്പെടുത്താമെന്നാണ് അമേരിക്ക കണക്കുകൂട്ടുന്നത്. അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളായി ഇന്നലെകളില്‍ ഉണ്ടായിരുന്ന രാജ്യങ്ങളുടെയൊക്കെ ഇന്നത്തെ അനുഭവത്തില്‍നിന്ന് പാഠംപഠിക്കാന്‍ ഇന്ത്യ തയ്യാറാകുന്നില്ല. ആഭ്യന്തരനയവും സാമ്രാജ്യത്വ അജന്‍ഡയുടെ ഭാഗമായാണ് ഇന്ത്യയില്‍ നടപ്പാക്കുന്നത്. സൈനിക മേഖലയില്‍ ഉള്‍പ്പെടെ വിദേശമൂലധനത്തിന് കടന്നുവരാനുള്ള അവസരമൊരുക്കിയിരിക്കുന്നു. പൊതുമേഖലയെ പൂര്‍ണമായും കൈയൊഴിയുക എന്നതാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ് ഇന്ന്. റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിലവിലുള്ള പല ഉപഭോക്തൃസേവനങ്ങളും സ്വകാര്യമേഖലയ്ക്ക് കൈമാറി കഴിഞ്ഞു. ഇതേ നയത്തിന്റെ ഫലമാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജില്‍ കണ്ടത്. ആശുപത്രിയിലേക്ക് ആവശ്യമായ ഓക്സിജന്‍ സിലിന്‍ഡറിന് പണം നല്‍കാതിരിക്കുകയായിരുന്നു. അതിന്റെ ഫലമായാണ് 75 കുട്ടികള്‍ അവിടെ പിടഞ്ഞുമരിച്ചത്.

നവഉദാരവല്‍ക്കരണനയം അടിച്ചേല്‍പ്പിക്കുന്നതിനൊപ്പം തന്നെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയ അജന്‍ഡയും ആര്‍എസ്എസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ ഇവിടങ്ങളിലെല്ലാം ആര്‍എസ്എസ് പക്ഷപാതികളെ കുത്തിനിറയ്ക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യുന്ന ആളുകളെയെല്ലാം നിശ്ശബ്ദരാക്കുന്നതിനായി ഭരണകൂട സംവിധാനങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നു. അസഹിഷ്ണുതയുടെ രൂപങ്ങള്‍ വ്യത്യസ്ത നിലയില്‍ കടന്നുവരുന്നു. ആര്‍എസ്എസിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചാല്‍ ഇന്ത്യയില്‍ ജീവിക്കാനാകില്ലെന്ന സ്ഥിതി രൂപപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിനെ എതിര്‍ക്കാനെന്ന പേരില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ മതാടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ആര്‍എസ്എസിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് അവരും നടത്തുന്നത്. അടിസ്ഥാനപരമായി അവര്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. എല്ലാത്തരം വര്‍ഗീയതയ്ക്കുമെതിരായി പോരാടുകയും മതനിരപേക്ഷതയ്ക്കായി ജനങ്ങളെ സംഘടിപ്പിക്കുകയുമാണ് ഇടതുപക്ഷം ചെയ്യുന്നത്.

കേരളത്തില്‍ അസമാധാനം വിതച്ച് രാജ്യവ്യാപകമായി കമ്യൂണിസ്റ്റ് പാര്‍ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് ആര്‍എസ്എസ് പദ്ധതിയിട്ടിരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണ് അവര്‍ ശ്രമിക്കുന്നത്. ജനാധിപത്യമര്യാദകളുടെ ലംഘനമാണ് കേന്ദ്രമന്ത്രിമാരില്‍ നിന്നുള്‍പ്പെടെ ഉണ്ടാകുന്നത്. രാജ്യത്തിന് മാതൃകയായ പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി കേരള സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ അതിനെ ഇകഴ്ത്തി കാണിക്കാന്‍ 'ദേശീയ' മാധ്യമങ്ങളെ ഉപയോഗിച്ചുള്ള വ്യാപക ശ്രമവും നടക്കുന്നുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തെ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യം മാത്രംവച്ച് നോക്കിക്കാണുകയാണ് കേരളത്തിലെ മുഖ്യപ്രതിപക്ഷ പാര്‍ടി. അവരില്‍ ഒരുകൂട്ടര്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് നേതൃത്വം കൂട്ടത്തോടെ ബിജെപിയില്‍ അണിനിരക്കുന്നതാണ് കാണാന്‍ കഴിയുന്നത്. കേരളത്തിലും ഇവര്‍ തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ചില സംശയങ്ങള്‍ക്ക് വകനല്‍കുന്നുണ്ട്. നവഉദാരവല്‍ക്കണ സാമ്പത്തിക നയത്തോട് ബിജെപിക്കും കോണ്‍ഗ്രസിനും വിയോജിപ്പുകളില്ല. അവരിരുവരും ഒരേ സാമ്പത്തിക നയത്തിന്റെ വക്താക്കളാണ്. കമ്യൂണിസ്റ്റ് പാര്‍ടിയും ഇടതുപക്ഷവും ബദല്‍ രാഷ്ട്രീയ സമീപനവുമായി മുന്നോട്ട് വരുന്നു. സഖാവ് കൃഷ്ണപിള്ളയുടെ ജീവിതം സാമ്രാജ്യത്വ രാഷ്ട്രീയത്തിനും വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ക്കുമെതിരായ പോരാട്ടത്തില്‍ നമുക്കാകെ പ്രചോദനമാകും

പ്രധാന വാർത്തകൾ
 Top