04 August Tuesday
ബാങ്ക‌് ദേശസാൽക്കരണത്തിന്റെ സുവർണ ജൂബിലി

നേരവകാശികൾ ഉണരണം

സി ജെ നന്ദകുമാർUpdated: Friday Jul 19, 2019

ജൂലൈ 19 ബാങ്ക് ദേശസാൽക്കരണത്തിന്റെ 50 –ാം  വാർഷികദിനമാണ്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ, പക്ഷേ, നിലനിൽപ്പുമായി ബന്ധപ്പെട്ട വലിയ വെല്ലുവിളികളാണ് ഈ ബാങ്കുകൾ നേരിടുന്നത്. ജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് 70,000  കോടി രൂപയാണ് പുതിയ ബജറ്റിൽ പൊതുമേഖലാ ബാങ്കുകൾക്ക് മൂലധനമായി നീക്കിവച്ചിട്ടുള്ളത്.  പൊതുസമൂഹത്തിനു മുമ്പിൽ സർക്കാർ നൽകുന്ന ഓക്സിജൻ ശ്വസിച്ചാണ് പൊതുമേഖലാ ബാങ്കുകൾ ജീവൻ നിലനിർത്തുന്നതെന്ന തെറ്റായ സന്ദേശമാണ് നൽകപ്പെടുന്നത്. പോയ അഞ്ചു വർഷംകൊണ്ട് ബാങ്കുകളിലെ കിട്ടാക്കടം 6,19,244 കോടി രൂപയാണ് എഴുതിത്തള്ളിയിട്ടുള്ളതെന്ന് പാർലമെന്റ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഇത് ബാങ്കുകളുടെ ലാഭക്ഷമതയെ മാത്രമല്ല, വായ്പ നൽകുന്നതിനുള്ള ശേഷിയെക്കൂടി പ്രതികൂലമായി ബാധിക്കുന്നു. ഇൻഫ്രാസ്ട്രെക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് എന്ന ഭീമൻ സ്വകാര്യ ധനസ്ഥാപനത്തിന്റെ പ്രതിസന്ധി മറ്റ് ബാങ്കിതര ധനസ്ഥാപനങ്ങളെക്കൂടി ബാധിച്ചിരിക്കുകയാണ്. പൊതുമേഖലാ ബാങ്കുകൾ ഉടൻ നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾക്ക് വൻവായ്പകൾ നൽകിയാൽ മാത്രമേ പ്രതിസന്ധി താൽക്കാലികമായി ഒഴിവാക്കാൻ കഴിയൂ. സർക്കാർ പൊതുമേഖലാ ബാങ്കുകൾക്ക് പ്രഖ്യാപിച്ചിട്ടുള്ള മൂലധന സഹായം ഈ ലക്ഷ്യംകൂടി നിറവേറ്റുന്നതിനാണ്. യഥാർഥത്തിൽ ബാങ്കിങ് വ്യവസായത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ജനസംഘം ദേശസാൽക്കരണത്തെ എതിർത്തുതോൽപ്പിക്കാൻ  ശ്രമിച്ചു
1969 ജൂലൈ 19ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി 14 സ്വകാര്യ ബാങ്ക് ദേശസാൽക്കരിക്കുന്നതിന് രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളുണ്ടായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനകത്ത് രൂപപ്പെട്ട അധികാരത്തർക്കത്തിനിടയിൽ യുവത്വത്തിന്റെയും പുരോഗമനപക്ഷത്തിന്റെയും നേതാവായി ഉയർന്നുവന്ന ഇന്ദിര ഗാന്ധി ബാങ്ക് ദേശസാൽക്കരണം, പ്രിവിപേഴ്സ് നിർത്തലാക്കൽ എന്നീ നടപടികളിലൂടെ തന്റെ അധികാരം ഉറപ്പിക്കുകയായിരുന്നു. പുരോഗമനപരമായ ഈ നടപടികളെ പാർലമെന്റിനകത്തും പുറത്തും ഇന്ത്യൻ ഇടതുപക്ഷവും തൊഴിലാളികളും പിന്തുണച്ചപ്പോൾ ഇന്നത്തെ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ പൂർവരൂപമായ ജനസംഘം അന്ന് ദേശസാൽക്കരണത്തെ പാർലമെന്റിനകത്തും സുപ്രീംകോടതിയിലും എതിർത്തുതോൽപ്പിക്കാൻ  ശ്രമിച്ചുവെന്നതും  ഓർക്കുന്നത് സന്ദർഭോചിതമായിരിക്കും. സ്വകാര്യമേഖലയിലെ നിരവധി ധനസ്ഥാപനങ്ങൾ പൊളിഞ്ഞ് ജനസമ്പാദ്യം കൊള്ളയടിച്ചതിനെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങളും തൊഴിലാളികൾ  ദേശസാൽക്കരണത്തിനുവേണ്ടി ഉയർത്തിയ മുറവിളിയും സാമൂഹ്യ കാരണങ്ങളിൽ പ്രധാനമായിരുന്നു. അതിലുപരി ശൈശവദശയിലായിരുന്ന ഇന്ത്യൻ കുത്തക മുതലാളിത്തത്തിന് കൗമാരക്കുതിപ്പിലേക്കുള്ള വിഭവസമാഹരണത്തിന് സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ ബാങ്കുകൾ ആ കാലഘട്ടത്തിന്റെ ഒരു ആവശ്യമായിരുന്നു.  ബാങ്ക് ദേശസാൽക്കരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലപ്പോഴും ഈ വർഗതാൽപ്പര്യത്തിന്റെ പ്രശ്നം ഗൗരവമായി പരിഗണിക്കപ്പെടാറില്ല എന്നത് പോരായ്മയായി നിലനിൽക്കുന്നു. ബാങ്ക് ദേശസാൽക്കരണത്തിന്റെ പിതൃത്വവും ഒസ്യത്തും അവകാശപ്പെടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബാങ്ക് ദേശസാൽക്കരണത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കാൻ എന്തുകൊണ്ട് മുൻകൈയെടുക്കുന്നില്ലെന്ന ചോദ്യം ഈ പശ്ചാത്തലത്തിൽ പ്രസക്തമാകുകയാണ്. ഇടതുപക്ഷവും തൊഴിലാളി സംഘടനകളും മാത്രമാണ് വർധിത പ്രാധാന്യത്തോടെ ബാങ്ക് ദേശസാൽക്കരണ സുവർണ ജൂബിലി കൊണ്ടാടുന്നത് എന്നതും ശ്രദ്ധേയമാണ്.

പൊതുമേഖലാ ബാങ്കുകൾക്ക് മരണ വാറന്റ്
ബാങ്കിങ് ഇന്ന് സാധാരണ ജനങ്ങൾക്ക് ഒഴിവാക്കാനാകാത്ത സേവനരംഗമാണ്. പൊതുമേഖലാ ബാങ്കുകളാണ് സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ബാങ്കിങ് സേവനം എത്തിച്ചത്. പുതിയ പരിഷ്കാരങ്ങളുടെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും സർവോപരി വരേണ്യവർഗ പക്ഷപാതിത്വത്തിന്റെയും പേരിൽ ബാങ്കിങ് സേവനം ഇന്ന് സാധാരണക്കാർക്ക് ചെലവ് കൂടിയ ഉൽപ്പന്നമായി മാറിയിരിക്കുന്നു. ഇപ്പോൾ പതിനെട്ടണ്ണമുള്ള പൊതുമേഖലാ ബാങ്ക് എട്ടായി കുറയ്ക്കുമെന്നാണ് പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് കേവലം നരേന്ദ്ര മോഡി സർക്കാരിന്റെ മാത്രം പ്രഖ്യാപനമല്ല.  ഒന്നാം നരസിംഹം കമ്മിറ്റി നൽകിയ ശുപാർശകളിലുള്ളതാണ്. ആ ശുപാർശകളാകട്ടെ ഇന്ത്യൻ ബാങ്കുകളിൽ വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങളെ സംബന്ധിച്ച ലോക ബാങ്ക് റിപ്പോർട്ടിന്റെ പകർത്തെഴുത്തായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ സർക്കാർ ഓഹരി 51  ശതമാനത്തിൽ താഴെയാക്കണമെന്നും ബജറ്റ് നിർദേശിക്കുന്നു.  ബജറ്റ് നിർദേശങ്ങളെല്ലാം ബാങ്കിങ് മേഖലയുടെ പ്രതിസന്ധി പരിഹരിക്കാനാണത്രെ. എന്നാൽ,  ബാങ്ക് ലയനങ്ങളോ, പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണമോ ബാങ്കിങ് മേഖലയുടെ പ്രശ്നങ്ങൾക്ക് ഒറ്റമൂലിയല്ലെന്ന് ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും റിസർവ്  ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണറുമായിരുന്ന ഡോ. രഘുറാംരാജൻ തന്നെ ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സാധാരണക്കാർക്ക് ബാങ്കിങ് സേവനം ലഭ്യമാക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപിക്കുന്നത്. ബാങ്ക് ലയനങ്ങൾ വൻതോതിൽ ശാഖകൾ അടച്ചുപൂട്ടലിൽ കലാശിക്കുമെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ഈ ഇടത്തിലേക്ക് വൻ ഫീസ് വാങ്ങി സേവനം നൽകുന്ന സ്വകാര്യ ഫിൻടെക് കമ്പനികൾ, സ്മാൾ ഫിനാൻസ് ബാങ്കുകൾ, പേ മെന്റ് ബാങ്കുകൾ എന്നിവയെ ആനയിക്കാനാണ് സർക്കാർ നീങ്ങുന്നത്. ചുരുക്കത്തിൽ പൊതുമേഖലാ ബാങ്കുകൾക്ക് മരണ വാറന്റ് പുറപ്പെടുവിച്ചുകഴിഞ്ഞു. പൊതുമേഖല ജനിക്കുന്നതു തന്നെ മരിക്കാനാണെന്ന സിദ്ധാന്തം പേറുന്നവർ കേന്ദ്രം ഭരിക്കുമ്പോൾ പൊതുമേഖലാ ബാങ്കിങ്ങിന്റെയും ജനകീയ ബാങ്കിങ്ങിന്റെയും സംരക്ഷണത്തിനായി നേരവകാശികളായ തൊഴിലാളി വർഗവും ഗുണഭോക്താക്കളായ കൃഷിക്കാരും ഗ്രാമീണ ജനവിഭാഗങ്ങളും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സംവരണതത്വത്തിന്റെ ആനുകൂല്യം ലഭിക്കുന്ന ജനവിഭാഗങ്ങളും ഒരു മുന്നണിയായി മുന്നോട്ടുവരേണ്ടതുണ്ട്.  ബാങ്ക് ദേശസാൽക്കരണത്തിന്റെ സുവർണ ജൂബിലി ദിനത്തിൽ ഇതുതന്നെയാകട്ടെ നമ്മുടെ പ്രതിജ്ഞ.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top