22 April Monday

ഇസ്രയേല്‍ സന്ദര്‍ശനം:ഈ പോക്ക് ശരിയിലേക്കല്ല

സുകുമാര്‍ മുരളീധരന്‍Updated: Wednesday Jul 19, 2017


പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനുശേഷം പുറത്തിറക്കിയ സംയുക്തപ്രസ്താവനയുടെ ആദ്യ ഖണ്ഡികയില്‍തന്നെ ഒരു പ്രഖ്യാപനം മുഴങ്ങുന്നുണ്ട്. 'ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സൌഹൃദം അരക്കിട്ടുറപ്പിക്കുകയും ഉഭയകക്ഷിബന്ധം തന്ത്രപരപങ്കാളിത്തത്തിലേക്ക് ഉയരുകയും ചെയ്യുന്നു' എന്ന്.

ഇരുരാജ്യങ്ങളും നേരത്തെ നല്‍കിയ പ്രസ്താവന പരസ്പരവിരുദ്ധമായിരുന്നു എന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്റെ പ്രസ്താവനയുടെ കരടില്‍ 'ബന്ധത്തിന്റെ പുതിയ തല'ങ്ങളെപ്പറ്റിപറയുന്നുണ്ടെങ്കിലും ഇന്ത്യന്‍ പ്രസ്താവനയില്‍ ചേര്‍ത്തപോലെ 'തന്ത്രപരപങ്കാളിത്ത'ത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. ഇക്കാര്യം പിന്നീട് നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞതാണ്. ആ ദിവസം അവര്‍ വെളിപ്പെടുത്തിയ വാര്‍ത്തകള്‍പ്രകാരം 'തന്ത്രപര പങ്കാളിത്തം' ഉള്‍പ്പെട്ടത് ഇന്ത്യയുടെ പ്രേരണയാലാണ്.

നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാനുള്ള ആകാംക്ഷ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടെന്നാണ് മോഡിയുടെ സന്ദര്‍ശനത്തിനുമുമ്പുള്ള മാധ്യമവിവരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പൂര്‍ണ നയതന്ത്രബന്ധങ്ങളും സൈനിക ഹാര്‍ഡ്വെയറുകളിലും സാങ്കേതികവിദ്യയിലുമുള്ള പങ്കാളിത്തവും സ്ഥാപിച്ചിട്ട് കാല്‍നൂറ്റാണ്ടായി. പലസ്തീനിലെ ഇസ്രയേല്‍ കൈയേറ്റത്തിലും ദൈനംദിനം നടക്കുന്ന അക്രമങ്ങളിലും ഇന്ത്യയുടെ താല്‍പ്പര്യമില്ലായ്മ വളരുമ്പോള്‍, അവിടെ ഒരു രാഷ്ട്രീയചായ്വിന്റെ പ്രശ്നമുയരുന്നുണ്ട്.

വളരുന്ന സൈനിക സഹകരണത്തിന്റെ ഭൌതിക അസ്തിവാരം ശക്തമാകുന്ന വേഗത്തിന് അനുരൂപമാംവിധം രാഷ്ട്രീയ ആഭിമുഖ്യം രൂപപ്പെടാത്തതില്‍ ഇസ്രയേലിന് പരാതികളുണ്ടായിരുന്നു.സൈനിക സാമഗ്രികളിലും സാങ്കേതികവിദ്യയിലുമുള്ള ബന്ധം ഭാവിയില്‍ ഗാഢമാകാന്‍ പോകുകയാണ്. 'ഉഭയകക്ഷിബന്ധ'ത്തില്‍നിന്ന് തന്ത്രപരപങ്കാളിത്തത്തിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനം അതിന്റെ ആദ്യനിക്ഷേപമാണ്.

നിരന്തരം തേഞ്ഞുതീരുന്ന ലോകക്രമത്തില്‍ അമിതമായി ഉപയോഗിച്ച ഒരു പ്രയോഗമാണ് 'തന്ത്രപരപങ്കാളിത്തം' എന്നത്. അന്തസ്സത്തയുടെ അഭാവം മൂടിവയ്ക്കാനും ധാരണ എന്ന വാക്കിന് പകരംവയ്ക്കാനുമായി ഔദ്യോഗിക പ്രസ്താവനകളില്‍ സുരക്ഷാവിശകലന വിദഗ്ധര്‍ ആ വാക്ക് നിരന്തരം വിന്യസിക്കുന്നു. തന്ത്രപരപങ്കാളിത്തം എന്ന വാക്കിന്റെ ആശയം ഓരോ വിഷയത്തിലും ഭിന്നമായിരിക്കെ ദേശീയ അതിര്‍ത്തികള്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളില്ലാത്ത വിശാലമായ രാഷ്ട്രീയാന്തരീക്ഷം രൂപപ്പെടുത്താനുള്ള പൊതുവായുള്ള ഇച്ഛയെയാണ് ഈ പ്രയോഗം പൊതുവില്‍ പ്രതിനിധാനംചെയ്യുന്നത്.

സംയുക്തപ്രസ്താവന പുറത്തുവിടുമ്പോള്‍ മോഡി നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അത്തരമൊരു താല്‍പ്പര്യമാണ് സൂചിപ്പിക്കുന്നത്. "ഇന്ത്യയും ഇസ്രയേലും സങ്കീര്‍ണമായ ഭൂമിശാസ്ത്ര മേഖലകളിലാണ്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും നേരിടുന്ന ഭീഷണികളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാം.''- മോഡി പറഞ്ഞു. "തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും സൈബര്‍ ഇടങ്ങളിലടക്കം വളരുന്ന തീവ്രവാദവും ഭീകരവാദവും നേരിടുന്നതില്‍ സഹകരിക്കാനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിന് ധാരണയായി''- ഇസ്രയേല്‍ പ്രധാനമന്ത്രിയും പറഞ്ഞു.

മോഡിയുടെ പൊതുപരിപാടികളില്‍നിന്ന് പലസ്തീന്‍ നേതൃത്വത്തെയും പൌരസമൂഹത്തെയും മാറ്റിനിര്‍ത്തുക എന്നതാണ് പുതിയ തന്ത്രപരപങ്കാളിത്തത്തിന്റെ ആദ്യ സാക്ഷാല്‍ക്കാരം. 22 ഖണ്ഡികയുള്ള സംയുക്തപ്രസ്താവനയില്‍ 20-ാംഖണ്ഡികയിലാണ് പലസ്തീനെക്കുറിച്ച് ഒറ്റവരി പ്രസ്താവനയുള്ളത്.

ഇത് ക്രൂരയാഥാര്‍ഥ്യങ്ങളില്‍നിന്ന് സൌകര്യപൂര്‍വം ഒഴിഞ്ഞുമാറലാണ്. പൌരസമൂഹത്തിലെ വിവിധ ഗ്രൂപ്പുകള്‍ മാന്യമായ ഒരു സമാധാന ഉടമ്പടിക്കായി പ്രചാരണം നടത്തുമ്പോള്‍ പലസ്തീന്‍കാര്‍ക്ക് ഇസ്രയേലിന് വാഗ്ദാനംചെയ്യാന്‍ കഴിയുന്നത് ക്രൂരതയുടെ വിവിധ തലങ്ങളിലുള്ള വര്‍ണവിവേചനമല്ലാതെ മറ്റൊന്നുമല്ല. പലസ്തീന്റെ ആവശ്യങ്ങളോടുള്ള ഇന്ത്യയുടെ അന്തിമമായ നിഷേധം വരുന്നത് ഘട്ടംഘട്ടമായ പ്രക്രിയയിലൂടെയാണ്.

ഇസ്രയേലും പലസ്തീനും തമ്മിലുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ഗൌരവമുള്ളതാണെന്ന് വിലയിരുത്തിയ 2013-14ലെ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വാര്‍ഷികറിപ്പോര്‍ട്ട,് ഇത് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് പറഞ്ഞിരുന്നു. പ്രതിരോധമന്ത്രാലയത്തിന്റെ 2015-16ലെ വാര്‍ഷികറിപ്പോര്‍ട്ടിലും ഈ ആശയം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഭാവിയിലെ പലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനം കിഴക്കന്‍ ജറുസലേം ആകണമെന്ന ഭാഗം വിട്ടുകളയുന്നു. തൊട്ടടുത്ത വര്‍ഷത്തിലാകട്ടെ പലസ്തീനിലെ സമാധാനം എന്ന പരാമര്‍ശങ്ങളാകെത്തന്നെ ഒഴിവാക്കി. 

ഇസ്രയേലിന്റെ സൈനിക ഹാര്‍ഡ്വെയറിനോടുള്ള ഇന്ത്യയുടെ വര്‍ധിച്ച ആസക്തിയും പലസ്തീന്‍വിഷയത്തെ ഒഴിവാക്കാനുള്ള കാപട്യവും ആഭ്യന്തരസുരക്ഷ എന്ന രാഷ്ട്രീയ മനോവിഭ്രാന്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. "ശത്രുക്കളായ മുസ്ളിം അയല്‍രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടതും ഇസ്ളാമിക തീവ്രവാദം പടരുന്നതും  രാജ്യത്തിനകത്തുള്ള മുസ്ളിങ്ങളുടെ ഭീഷണി നേരിടുന്നതുമായ ഇസ്രയേലിന്റേതിനുസമാനമായ ദുരവസ്ഥയാണ് ഇന്ത്യയിലും എന്ന നിലയിലാണ് പൊതുസംവാദങ്ങളില്‍ ഇന്ത്യയുടെ ചിത്രം. ഇന്ത്യ ഇസ്രയേലില്‍നിന്ന് ആയുധങ്ങള്‍മാത്രമല്ല, ഒരു രാഷ്ട്രീയചിന്തകൂടിയാണ് ഇറക്കുമതി ചെയ്യുന്നത്.''

തന്ത്രപരമായ പങ്കാളിത്തം എന്നതിന് ഇന്ത്യയിലെ പ്രതിഷേധങ്ങള്‍ നേരിടുന്നതിനായി ഇസ്രയേലി സൈനികതന്ത്രങ്ങള്‍ സ്വീകരിക്കുന്നു എന്നുകൂടി അര്‍ഥമുണ്ടോ? 2000ലെ കേമ്പ് ഡേവിഡ് ഉടമ്പടിയില്‍ പലസ്തീന് തികച്ചും ഹീനവും അപമാനകരവുമായ വാഗ്ദാനം മുന്നോട്ടുവച്ചുകൊണ്ട് സമാധാനപ്രക്രിയക്ക് തുരങ്കംവച്ചതുതൊട്ട് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങളുടെ വിവരപ്പട്ടികയെ പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ട ആവശ്യമില്ല. കൈയേറ്റത്തിന് ഇരയാക്കിയ ജനങ്ങള്‍ക്കുമേല്‍ അഴിച്ചുവിടുന്ന ക്രൂരത കൂടാതെ അയല്‍രാജ്യങ്ങളില്‍ സൈനികഭീകരതയുടെ പ്രചാരണംകൂടിയാണ് ഇസ്രയേല്‍ അടിച്ചേല്‍പ്പിക്കുന്നത്.

വിവിധ അറബ്രാജ്യങ്ങളും ഇറാനും നടത്തുന്ന ഗൂഢമായ ഇടപെടലുകള്‍ വ്യാപകമായ സംശയമുണര്‍ത്തുന്നു. അവര്‍ ഇനിയും രേഖപ്പെടുത്തേണ്ടതുണ്ട്. 2005ല്‍ ലെബനണിലെ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ വിവേചനരഹിതമായ ബോംബാക്രമണവും വൈറ്റ് ഫോസ്ഫറസ്പോലുള്ള നിരോധിത ആയുധപ്രയോഗവും ക്വനായിലെ യുഎന്‍ അഭയകേന്ദ്രത്തിലെ അഭയാര്‍ഥികളെ ആസൂത്രിതമായി വധിച്ചതുമെല്ലാം സംബന്ധിച്ച് ഇനി അവ്യക്തതയുടെ കാര്യമില്ല.

മേഖലയില്‍ ഒരു പുതിയ സംഘടന ഉദയംചെയ്തത് ശാക്തിക ബലാബലത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഇസ്ളാമിക് സ്റ്റേറ്റ് അഥവാ ഐഎസ് എന്ന സംഘടനയുടെ പിറവിക്ക് ഇറാഖിലെ അമേരിക്കന്‍ അധിനിവേശമല്ലാതെ വേറൊരു കാരണവുമില്ല. ഉത്ഭവം സംബന്ധിച്ച അവ്യക്തതകളുണ്ടെങ്കിലും മേഖലയിലും അതിനുപുറത്തുമുള്ള അതിശക്തമായ ശാക്തിക വടംവലിയുടെ ആണിക്കല്ല് ഐഎസാണ്.

അമേരിക്കയിലെയും ഇറാഖിലെയും ആനുപാതികമായ സ്ഥിരതയെ എങ്ങനെ പേടിസ്വപ്നമാക്കി മാറ്റിയെന്ന് വിശദീകരിച്ചുകൊണ്ട് അമേരിക്കന്‍ രാഷ്ട്രമീമാംസകരായ സ്റ്റീഫന്‍ വാള്‍ട്ടും ജോണ്‍ മെയര്‍സ്ഹെയ്മറും തങ്ങള്‍ വിശദമായ പഠനം നടത്തി 2006ല്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഇങ്ങനെ പറയുന്നു: "ഇസ്രയേലി ഗവണ്‍മെന്റും അമേരിക്കയിലെ ഇസ്രയേലി അനുകൂല ഗ്രൂപ്പുകളും കൂട്ടായി പ്രവര്‍ത്തിച്ചാണ് ഇറാഖിനോടും സിറിയയോടും ഇറാനോടുമുള്ള അമേരിക്കയുടെ നയം രൂപീകരിച്ചത്.'' 'ഇസ്രയേലില്‍നിന്നുള്ള സമ്മര്‍ദം' ഏകകാരണമല്ലെങ്കിലും 2003ല്‍ ഇറാഖ് ആക്രമിക്കാനുള്ള അമേരിക്കയുടെ തീരുമാനം രൂപീകരിക്കുന്ന കാര്യത്തില്‍ അമേരിക്കയ്ക്കുള്ളിലെ ഇസ്രയേല്‍ ലോബിയുടെ പ്രവര്‍ത്തനം നിര്‍ണായകമായിരുന്നു.

ആവര്‍ത്തിക്കുന്ന പ്രതിസന്ധിക്കും ഇറാനെ ഒറ്റപ്പെടുത്തുന്നതിനും സിറിയയെ അംഗവിഹീനമാക്കുന്നതിലുമെല്ലാം ഇസ്രയേല്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ബെന്യാമിന്‍ നെതന്യാഹു നടത്തുന്ന പൊതുപ്രസംഗങ്ങളിലും സമീപകാലത്ത് ഇസ്രയേലി നയതന്ത്രവിദഗ്ധര്‍ പുറത്തുവിടുന്ന രേഖകളിലും പ്രസ്താവനകളിലുമെല്ലാം ഇതുസംബന്ധിച്ച് തെളിവുകള്‍ ധാരാളമായുണ്ട്.

വിശാലാര്‍ഥത്തില്‍ നിര്‍വചിച്ച തന്ത്രപരമായ അതിര്‍ത്തികളില്‍ ഏത് സാധ്യതകളെ വിന്യസിച്ചാലും ഒരിക്കല്‍ ശിക്ഷിക്കപ്പെടില്ല എന്ന ആഡംബരം ഇസ്രയേലിനെ സംബന്ധിച്ച് ഉണ്ടെന്നത് വ്യക്തം. തികഞ്ഞ പ്രായോഗികതയ്ക്കുവേണ്ടിയുള്ള സമവാക്യത്തില്‍നിന്ന് ധാര്‍മികത സംബന്ധിച്ച് എല്ലാ ചോദ്യങ്ങളും എടുത്തുമാറ്റിയാല്‍പ്പോലും ഇസ്രയേലുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉയര്‍ത്താന്‍ കഴിയാത്ത ഭാരമായി മാറും.

മോഡിയെ ആവേശിക്കുന്ന ഇസ്രയേല്‍ നടപടികള്‍

* പശ്ചിമതീരത്ത് ജൂത ആവാസകേന്ദ്രങ്ങള്‍ നിര്‍മിച്ച് പലസ്തീന്‍കാരെ ബലംപ്രയോഗിച്ച് പുറത്താക്കല്‍. (സെറ്റില്‍മെന്റ് കൊളോണിയലിസം)
* ഇസ്രയേലില്‍നിന്ന് പലസ്തീന്‍കാര്‍ വസിക്കുന്ന ഗാസയെ മതില്‍ കെട്ടി വേര്‍തിരിക്കല്‍. വെള്ളത്തിന് റേഷന്‍. വൈദ്യുതിയില്ല.
* പശ്ചിമതീരത്ത് ബസ് ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളില്‍ പലസ്തീന്‍കാര്‍ക്ക് പ്രവേശനം നിഷേധിക്കുമെന്ന് പ്രഖ്യാപനം.  ഇസ്രയേലികള്‍ക്കൊപ്പം പലസ്തീന്‍കാര്‍ യാത്ര ചെയ്യരുതെന്ന് പ്രതിരോധമന്ത്രി മോഷേ യാലോണ്‍.
* ഇസ്രയേലിനെ ചോദ്യംചെയ്യുന്ന കലാപരിപാടികള്‍ അവതരിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് അംഗീകാരം റദ്ദാക്കല്‍. രണ്ട് അറബ് തിയറ്ററുകള്‍ക്ക് അംഗീകാരം റദ്ദാക്കി.
* നിരാഹാരമിരിക്കുന്ന പലസ്തീന്‍കാരെ നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരുമെന്ന് ആഭ്യന്തരസുരക്ഷാമന്ത്രി ഗിലാഡ് എര്‍ഡാന്‍.
* മാധ്യമങ്ങള്‍, അക്കാദമിക- സാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇടതുപക്ഷക്കാര്‍ക്ക് പ്രവേശനം നിഷേധിക്കാനും നിലവിലുള്ളവരെ പുകച്ച് പുറത്തുചാടിക്കാനും പ്രത്യേക നിരീക്ഷണവും പരിപാടിയും. 
* ഇസ്രയേല്‍ പ്രഥമമായി ജൂതരാഷ്ട്രമാണെന്നും രണ്ടാമതായിമാത്രമേ ജനാധിപത്യരാഷ്ട്രമാകുന്നുള്ളൂവെന്നും ഉദ്ഘോഷിക്കുന്ന നിയമനിര്‍മാണത്തിന് ശുപാള്‍ശ. ജൂതപൌരന്മാര്‍ക്കുമാത്രം ദേശീയാധികാരങ്ങളെന്നും ജൂതരല്ലാത്തവര്‍ക്ക് വ്യക്തിഗത അവകാശങ്ങള്‍മാത്രമേ ഉള്ളൂവെന്നും ഇതേബില്‍ അനുശാസിക്കുന്നു.
* ഇസ്രയേല്‍ ദേശീയതയില്ല; ഇനി ജൂത ദേശീയതമാത്രമെന്ന് ഇസ്രയേല്‍ കോടതി.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഒപി ജിന്‍ഡാല്‍ ഗ്ളോബല്‍ സര്‍വകലാശാല അധ്യാപകനുമാണ് ലേഖകന്‍)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top