23 January Thursday

ബിഹാർ കേരളത്തിൽനിന്ന‌് പഠിക്കണം

എം വി പ്രദീപ‌്Updated: Wednesday Jun 19, 2019


തിരുവനന്തപുരം 
മസ‌്തിഷ‌്കവീക്കം ബാധിച്ച കുട്ടികളെ മരണത്തിന‌് വിട്ടുകൊടുത്ത‌് ബിഹാർ സർക്കാർ ഒളിച്ചുകളിക്കുമ്പോൾ ആരോഗ്യമേഖലയിൽ  കേരളത്തിന്റെ കരുതൽ വീണ്ടും  സജീവ ചർച്ചയാകുന്നു. 2014 മുതൽ വർഷങ്ങളുടെ ഇടവേളകളിൽ  മസ‌്തിഷ‌്കവീക്കം ( Acute Encephalitis Syndrome) പിടിപെട്ട‌്  കുട്ടികൾ കൂട്ടത്തോടെ പിടഞ്ഞുമരിക്കുന്ന ദുരന്തം ബിഹാറിൽ  ആവർത്തിക്കുന്നു. രോഗകാരണം കണ്ടെത്താൻപോലും അവിടത്തെ ആരോഗ്യവകുപ്പിനോ സർക്കാർ സംവിധാനങ്ങൾക്കോ കഴിഞ്ഞിട്ടില്ല. ഈ ഘട്ടത്തിൽ നിപാ വൈറസ‌് ആക്രമണത്തിൽനിന്ന‌് കേരള ജനതയെ രക്ഷിക്കാൻ  ഇവിടെ സംസ്ഥാന സർക്കാർ  രാപ്പകലില്ലാതെ നടത്തിയ ഇടപെടലുകളും അതിജീവനവും കേരള മോഡൽ ആരോഗ്യജാഗ്രതയും രാജ്യമാകെ മാതൃകയാക്കണം.

നിപാ എന്ന മഹാമാരി 2018 ൽ കേരളത്തെ ആക്രമിച്ചപ്പോൾ ആദ്യംതന്നെ രോഗകാരണമായ വൈറസിനെ തിരിച്ചറിയാനും രോഗ ഉറവിടം കണ്ടെത്താനും കേരളത്തിന‌് സാധിച്ചു. രോഗപ്രദേശങ്ങളിൽനിന്ന‌് ജനങ്ങൾ പലായനം തുടങ്ങുംമുമ്പ‌ുതന്നെ രോഗത്തെ നിയന്ത്രിക്കാനും ചെറുക്കാനും കഴിഞ്ഞു. നിപാ വൈറസിനെ പ്രതിരോധിക്കുന്ന മരുന്ന‌് ഓസ‌്ട്രേലിയയിൽനിന്ന‌് അതിവേഗമെത്തിച്ചു. സംസ്ഥാന സർക്കാരും ആരോഗ്യമന്ത്രി  കെ കെ ശൈലജയും കോഴിക്കോട‌് കേന്ദ്രീകരിച്ച‌് സർവ സന്നാഹങ്ങളുമായി നിലകൊണ്ടു. വീണ്ടും രോഗം മറ്റെവിടെയെങ്കിലും ഉണ്ടായാൽ നേരിടാനുള്ള മുൻകരുതലും ജാഗ്രതയും ഉണ്ടായി. ഒരു വർഷത്തെ ഇടവേളയ‌്ക്ക‌ുശേഷം വീണ്ടും നിപാ വൈറസ‌് ബാധ കണ്ടെത്തിയപ്പോൾ ആശങ്കപ്പെടാനില്ലാത്ത സാഹചര്യം സംസ്ഥാനത്ത‌് സൃഷ്ടിച്ചു. ജനങ്ങൾ സർക്കാരിൽ പ്രതീക്ഷയർപ്പിച്ചു. ഒരാളെപ്പോലും മരണത്തിന‌് വിട്ടുകൊടുത്തില്ല. നിപായെയും ഭയപ്പെടാത്ത നാടായി കേരളം മാറിയെന്നു കണ്ടതോടെ അതിന്റെ നേട്ടം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന്റെ നേട്ടമായി പുകഴ‌്ത്തി.

ബിഹാറിൽ ഇതാദ്യമല്ല
ബിഹാറിൽ  ഇപ്പോൾ മസ‌്തിഷ‌്കവീക്കം പിടിപെട്ട‌് മരിച്ച കുട്ടികളുടെ എണ്ണം 100 കവിഞ്ഞു. ആദ്യമായല്ല ബിഹാർ ഈ രോഗത്തിന്റെ പിടിയിലമരുന്നത‌്. 2014ലാണ് കുട്ടികളുടെ മരണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത‌്. 355 മരണം അന്ന് ഉണ്ടായി. കുറ്റം ലിച്ചിപ്പഴത്തിൽ ചാർത്തിയാണ് സർക്കാർ അന്ന‌് രക്ഷപ്പെട്ടത്.  എന്നാൽ, 2016 ൽ 4 പേരും 2017ലും 2018ലും 11 പേർ വീതവും ഇതേ അസുഖം ബാധിച്ച് മരിച്ചു. മരണത്തിന‌് കാരണമാകുന്ന പോഷകാഹാരക്കുറവ്, മാതാപിതാക്കളുടെ അവബോധരാഹിത്യം എന്നിവ മറച്ചുപിടിക്കാനാണ് ബിഹാർ  സർക്കാർ ശ്രമിക്കുന്നത്.  അടിയന്തരമായ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ എല്ലാവർഷവും ഈ മരണങ്ങൾ നടക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ബിഹാറിലെ ആരോഗ്യപദ്ധതികൾ കാര്യക്ഷമമല്ല. കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള പദ്ധതികൾ സംസ്ഥാന സർക്കാരിന് ഇനിയും കാര്യക്ഷമമായി നടപ്പാക്കാനായിട്ടില്ല. അങ്കണവാടികളിൽ കുട്ടികൾക്ക് പോഷകാഹാരം എത്തിക്കാനുള്ള ശ്രമങ്ങൾ  കാര്യക്ഷമമല്ല. മസ്തിഷ്കവീക്ക ബാധിത പ്രദേശങ്ങൾക്ക് പ്രത്യേകമായ ശ്രദ്ധ  ഇതുവരെ കൊടുത്തിട്ടില്ലെന്ന് അവിടത്തെ ആരോഗ്യമന്ത്രി പറയുന്നു.  ബോധവൽക്കരണ പരിപാടികൾ നടത്തിയെന്നുമാത്രമാണ‌് ആരോഗ്യമന്ത്രി മംഗൽ പാണ്ഡെ പറയുന്നത്. എന്നാൽ, തങ്ങളെ ആരോഗ്യപ്രവർത്തകർ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് അസുഖബാധിതരായ കുട്ടികളു‍ടെ രക്ഷിതാക്കൾ പറയുന്നു. കൂട്ടമരണങ്ങൾക്ക‌് മുന്നിൽ വിറങ്ങലിച്ച ബിഹാർ ജനത മുഖ്യമന്ത്രിയെ ആശുപത്രിപരിസരത്ത‌് തടയുന്നിടംവരെയെത്തി കാര്യങ്ങൾ.

കേരളം തിളങ്ങുന്നത‌് ഇവിടെ
കുട്ടികളുടെ സംരക്ഷണത്തിൽ കേരളം എവിടെ നിൽക്കുന്നുവെന്നുകൂടി മനസ്സിലാക്കുമ്പോഴാണ‌് രാജ്യത്ത‌് കേരളമോഡലിന‌്  തിളക്കം വർധിക്കുന്നത‌്.
2018 ലെ ദേശീയകുടുംബാരോഗ്യ സർവേ പ്രകാരം കേരളത്തിലെ ശിശുമരണ നിരക്ക് ആയിരത്തിൽ ആറ് മാത്രമാണ്. അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളുടെ ശിശുമരണ നിരക്കിന‌് തുല്യമാണിത‌്. റഷ്യ (8), ചൈന (9) തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യത്തിൽ കേരളത്തേക്കാൾ പിന്നിലാണ്. ശിശുമരണനിരക്കിൽ ദേശീയ ശരാശരി 42 ആയിരിക്കുമ്പോഴാണ് കേരളത്തിലെ നിരക്ക് ഒറ്റ അക്കത്തിലേക്ക് താഴ‌്ന്നത‌്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിൽ ശിശുമരണം ആയിരത്തിൽ 21 ആണ്.


പ്രധാന വാർത്തകൾ
 Top