17 October Thursday

തെരഞ്ഞെടുപ്പു പരാജയം: എഴുപത്തേഴ് എന്ന അനുഭവം

അശോകൻ ചരുവിൽUpdated: Wednesday Jun 19, 2019


ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കേരളത്തിലുണ്ടായ തോൽവിയിൽ യുവാക്കൾ പ്രത്യേകിച്ചും സാംസ്‌കാരികരംഗത്ത് പ്രവർത്തിക്കുന്നവർ വലിയ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അവരുടെ ആശങ്ക സ്വാഭാവികമാണ്. രാജ്യത്തെമ്പാടും മതേതരത്വത്തിനും  സർഗാത്മകതയ‌്ക്കും നേരെ കടന്നാക്രമണങ്ങളുണ്ടായപ്പോഴെല്ലാം എഴുത്തുകാർക്കും കലാകാരന്മാർക്കും പ്രതീക്ഷ നൽകിയത് കേരളവും ഇവിടത്തെ ഇടതുപക്ഷവുമാണ്. ഇന്ന് രാജ്യം കൂടുതൽ അരക്ഷിതാവസ്ഥയിൽ ചെന്നുപെട്ടിരിക്കെ ആ ഒരു തുരുത്തും നഷ്ടമാവുന്നുവോ എന്ന ചിന്ത ആരെയാണ് അസ്വസ്ഥരാക്കാതിരിക്കുക? പക്ഷേ ജനാധിപത്യവ്യവസ്ഥ നിലനിൽക്കുന്ന കാലംവരെ തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകുന്ന ജയപരാജയങ്ങൾ ഒരു കക്ഷിയെ സംബന്ധിച്ചും ആത്യന്തികമല്ല. കേരളത്തിൽ നാളിതുവരെ നടന്ന ജനവിധികളുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ ഈ തെരഞ്ഞെടുപ്പു പരാജയം അത്രയൊന്നും ആശങ്കാജനകമല്ല എന്നു കാണാം. സംഘപരിവാർ ഭരണത്തെക്കുറിച്ചുള്ള ഭീതിയുടെയും എതിരായ തീവ്രരോഷത്തിന്റെയും വിധിയെഴുത്താണ് ഇത്. പ്രതിപക്ഷനേതൃത്വം കോൺഗ്രസിനാണെന്ന ധാരണയിൽ ജനങ്ങൾ മറ്റെല്ലാം മറന്ന് അവർക്ക് വോട്ടുചെയ്തു. എന്നാൽ, കേന്ദ്രഭരണത്തിൽനിന്ന് നരേന്ദ്ര മോഡി പോകണം എന്നാഗ്രഹിക്കുന്ന അതേ തീവ്രവികാരത്തോടെതന്നെ കേരളത്തിലെ പിണറായി സർക്കാർ തുടരണം എന്നും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. രണ്ട‌് ആഗ്രഹവും തമ്മിൽ ബന്ധപ്പെട്ടതാണ്. ഒരു നാണയത്തിന്റെ രണ്ടു വശമാണത്.

ഈ സന്ദർഭത്തിൽ 1977ൽ നടന്ന പൊതുതെരഞ്ഞെടുപ്പും കേരളത്തിൽ ഉണ്ടായ വിധിയെഴുത്തും ഈ ലേഖകന്റെ ഓർമയിലേക്കു കടന്നുവരുന്നു. ഏതാണ്ടൊരു "പാമ്പും കോണിയും' കളിപോലെ വിജയവും പരാജയവും മാറിമാറി ഇടതുപക്ഷത്തെ 'അനുഗ്രഹി'ക്കാറുണ്ടെങ്കിലും ഏറ്റവും ദയനീയമായ തോൽവിയാണ് എഴുപത്തേഴിലുണ്ടായത്. പാർലമെന്റിലേക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല അന്ന്. പലനിലയ‌്ക്കും ചരിത്രപ്രാധ‌ാ‌ന്യമുള്ളതായിരുന്നു ആ തെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ അടിയന്തരാവസ്ഥാ ഭരണത്തിനുശേഷമുണ്ടായത് എന്നതായിരിക്കും ഏറ്റവും പ്രധാനം. ജനാധിപത്യവും പൗരാവകാശവും മാധ്യമ സ്വാതന്ത്ര്യവും ഇത്രമേൽ ചർച്ചചെയ്യപ്പെട്ട ഒരു ഘട്ടം അതിനുമുമ്പോ പിന്നീടോ ഉണ്ടായിട്ടില്ല.

പൗലോസ‌് മാഷും തെരഞ്ഞെടുപ്പും
തീരെ ചെറിയ കുട്ടിയായിരുന്ന കാലത്തുതന്നെ തെരഞ്ഞെടുപ്പുകാലത്ത് നാട്ടിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ സ്വയമറിയാതെ ഞാൻ പങ്കാളിയായിരുന്നു. അച്ഛന്റെയും അമ്മയുടെയും തോളത്തിരുന്ന് പല തെരഞ്ഞെടുപ്പ് റാലികളിലും പങ്കെടുത്തിട്ടുണ്ട്. 1965ലെ അസംബ്ലി തെരഞ്ഞെടുപ്പ് എനിക്ക് കുറച്ചൊക്കെ ഓർമയുണ്ട്. അന്ന് എന്റെ അച്ഛൻ സിപിഐ എം പിന്തുണച്ച  ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയുടെ ചീഫ് ഏജന്റും തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. എന്നാൽ, ഒരു തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ഞാൻ സ്വയം തീരുമാനിച്ച് പങ്കെടുക്കുന്നത് 1977ലാണ്. അന്ന് ഞാൻ നാട്ടിക എസ്എൻ കോളേജിലെ പ്രിഡിഗ്രി വിദ്യാർഥിയാണ്. ക്ലാസുകൾ ഉപേക്ഷിച്ച് ഞാനും സുഹൃത്തുക്കളും ഇലക‌്ഷൻ പ്രചാരണത്തിൽ സജീവമായി. അടിയന്തരാവസ്ഥയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സഖാവ് സി ഒ പൗലോസ് മാഷെ ഞങ്ങൾ അദ്ദേഹത്തിന്റെ ഷെൽട്ടറിൽ പോയി കാണുക പതിവായിരുന്നു. ആ പരിചയംവച്ച് അദ്ദേഹം ഞങ്ങളെ ഇലക‌്ഷൻ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി. പൗലോസ് മാഷുടെ ചെറിയൊരു സ്റ്റഡിക്ലാസിനുശേഷം ഞങ്ങൾ രംഗത്തിറങ്ങി. നാട്ടിക കടപ്പുറത്തെയും കാനോലിക്കനാലിന്റെ തീരങ്ങളിലെയും പാവപ്പെട്ട തൊഴിലാളികളുടെ വീടുകളായിരുന്നു ലക്ഷ്യം. പിന്നെ കോർണർ യോഗങ്ങളും. പിന്നീട് സ്റ്റഡിലീവിനായി കോളേജ് അടച്ചപ്പോൾ എന്റെ നിയോജക മണ്ഡലമായ മുകുന്ദപുരത്തെ ഇരിഞ്ഞാലക്കുടയിലേക്ക് കർമരംഗം മാറ്റി. വലിയ ആവേശത്തോടെയായിരുന്നു പ്രവർത്തനങ്ങൾ.

 

  ഞങ്ങളുടെ കൗമാരത്തെയാകെ അസ്വതന്ത്രമാക്കിയ അടിയന്തരാവസ്ഥാ ഭീകര ഭരണത്തോടും അതിനു നേതൃത്വം നൽകിയ ശ്രീമതി ഗാന്ധിയോടും കടുത്ത രോഷമാണുണ്ടായിരുന്നത‌് . രാജ്യത്തെ കൂട്ടിലടച്ച ആ പതിനെട്ടു മാസത്തിനിടയ‌്ക്കാണ് എന്റെ രാഷ്ട്രീയബോധം രൂപപ്പെട്ടതെന്നു പറയാം. പത്രങ്ങൾക്ക് സെൻസർഷിപ്പുണ്ടായിരുന്നെങ്കിലും വിദ്യാർഥി സംഘടനാ പ്രവർത്തനത്തിൽ ഉണ്ടായിരുന്നതുകൊണ്ട് രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് കുറെയൊക്കെ അറിവുണ്ടായിരുന്നു. അന്നത്തെ ഭീകരതയുടെ അന്തരീക്ഷത്തിൽ ഇ എം എസ് തൃപ്രയാറിൽ വന്നതും അവിടത്തെ ഓലമേഞ്ഞ ഒരു സിനിമാ കൊട്ടകയിലെ വൻപൊതുയോഗത്തിൽ പ്രസംഗിച്ചതും ഞാൻ നേരത്തെ എഴുതിയിട്ടുണ്ട്. പൊതുയോഗത്തിന് മൈക്ക് അനുവദിച്ചിരുന്നില്ല. സുഖമില്ലാത്തതുകൊണ്ട് കഴുത്തിൽ ഒരു കോളർ അണിഞ്ഞാണ് അദ്ദേഹം അന്നു വന്നത്. ആയിരങ്ങളുടെ നിശ്ശബ്ദതയാണ് അന്ന് ഇ എം എസിന്റെ ശബ്ദത്തെ വളരെ പിറകിലെ വരിയിൽ നിന്നിരുന്ന എന്റെ ചെവിയിൽ എത്തിച്ചത്. അദ്ദേഹം പറഞ്ഞു: "മൈക്ക് അനുവദിച്ചില്ലെങ്കിൽ ആവുംവിധം ശബ്ദം ഉയർത്തി ഞാൻ പറയും. യോഗം നടത്താൻ അനുവാദമില്ലെങ്കിൽ നാട്ടിൽ മുഴുവൻ നടന്നുചെന്ന് ഓരോ മനുഷ്യന്റെയും ചെവിയിൽ പറയും. ചങ്കിൽ ശ്വാസമുള്ള കാലംവരെ പറയുകതന്നെ ചെയ്യും.'

അടിയന്തരാവസ്ഥാ ഭരണത്തെ അനുകൂലിച്ച‌് കേരളം
പാർലമെന്റിലേക്കും അസംബ്ലിയിലേക്കും ഒരേ സമയത്താണ് അന്ന് തെരഞ്ഞെടുപ്പുണ്ടായത്. കെ പി അരവിന്ദാക്ഷനായിരുന്നു തൃശൂർ പാർലമെന്റ് സീറ്റിലെ ഇടുതുപക്ഷ സ്ഥാനാർഥി. നാട്ടിക അസംബ്ലിയിലേക്ക് ജനതാപാർടിയിലെ വി കെ ഗോപിനാഥനും. തൊട്ടപ്പുറത്തെ മുകുന്ദപുരത്ത് എസ്‌ സി എസ് മേനോനും ഇരിഞ്ഞാലക്കുടയിൽ ജോൺ മാഞ്ഞൂരാനും. അന്നത്തെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത ജനപങ്കാളിത്തമാണുണ്ടായിരുന്നത് എന്ന് ഞാൻ ഓർക്കുന്നു. ഒന്നര വർഷക്കാലത്തെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കു കടന്നതിന്റെ ആവേശം എല്ലായിടത്തും അലയടിച്ചിരുന്നു. പ്രകടനങ്ങളും പൊതുയോഗങ്ങളും ജനസമുദ്രമായി മാറി. കമ്യൂണിസ്റ്റ് വിരോധം കൈമുതലായി കരുതിയിരുന്ന പൗരമുഖ്യർ പലരും ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു വേദികളെ അലങ്കരിക്കാൻ സ്വമേധയാ മുന്നോട്ടുവന്നു. ഇ കെ നായനാർ പങ്കെടുത്ത് തൃപ്രയാറിൽ നടന്ന പൊതുയോഗത്തോടനുബന്ധിച്ചു നടത്തിയ തെരഞ്ഞെടുപ്പു റാലി നാഷണൽ ഹൈവേ പതിനേഴിൽ ഒരു ചുവപ്പുകടൽ സൃഷ്ടിച്ചു. റാലിക്കു മുന്നിലെ അനൗൺസ്‌മെന്റ് വാഹനത്തിലായിരുന്നു ഞങ്ങൾ. മാർഗദർശിയായി ഉണ്ടായിരുന്ന അന്നത്തെ യുവനേതാവ് കെ വി പീതാംബരൻ ജാഥ കണ്ട് പറഞ്ഞു: ‘നമ്മൾ ജയിച്ചു കഴിഞ്ഞു.'

തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ കണ്ട വൻ ജനപങ്കാളിത്തം വിജയത്തെ ഉറപ്പാക്കിയിരിക്കുന്നതായി ഞാനും കരുതി. അമിതാധികാര വാഴ്ചയോടും മർദക ഭരണകൂടത്തോടും എനിക്കുള്ളതുപോലെ എതിർപ്പ് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഉണ്ടെന്നാണ് ഞാൻ കരുതിയത്. എന്നാൽ, തെരഞ്ഞെടുപ്പുഫലം നേരെ മറിച്ചായിരുന്നു. കേരളത്തിലെ ജനങ്ങൾ അടിയന്തരാവസ്ഥാ ഭരണത്തെ അനുകൂലിച്ചു. ലോക‌്സഭയിലേക്ക് ഒരു സീറ്റുപോലും ഇടതുപക്ഷത്തിന് ലഭിച്ചില്ല. നൂറ്റിപ്പതിനൊന്നു സീറ്റിന്റെ ബലത്തിലാണ് അന്നത്തെ യുഡിഎഫ് സംസ്ഥാനത്ത് അധികാരത്തിൽ വന്നത്. ‘ഇടതുകോട്ടകൾ തകർന്നു'  എന്ന പത്രങ്ങളുടെ വെണ്ടയ‌്ക്കാ ആവേശം കണ്ട‌് മനസ്സു തകർന്നുപോയി എന്നു പറയാം. കാസർക്കോട് രാമണ്ണറെ തോറ്റു. പാലക്കാട് ടിശിവദാസമേനോൻ സുന്നാസാഹിബ്ബിനോട് പരാജയപ്പെട്ടു. തൊഴിലാളിവർഗ പോരാട്ടങ്ങളുടെ ചരിത്രമുള്ള ആലപ്പുഴയുടെ മണ്ണിൽ സഖാവ് ഇ ബാലാനന്ദൻ പരാജയപ്പെട്ടു. പിന്നീട് ആറ്റിങ്ങലായ ചിറയിൻകീഴിൽ കെ അനിരുദ്ധൻ വയലാർ രവിയോട് പരാജയപ്പെട്ടു. അസംബ്ലി മണ്ഡലങ്ങളിൽ വി എസും ഗൗരിയമ്മയും വർക്കല രാധാകൃഷ്ണനും പി കെ ചന്ദ്രാനന്ദനും പരാജയത്തിന്റെ രുചിയറിഞ്ഞു. സുബ്രഹ്മണ്യ ഷേണായിയേയും പിണറായി വിജയനേയും പാട്യം ഗോപാലനേയും ചടയൻ ഗോവിന്ദനേയും എം വി രാഘവനേയും എം വി രാജഗോപാലൻ മാഷെയും നിയമസഭയിലേക്ക് വിജയിപ്പിച്ചുകൊണ്ട് കണ്ണൂർ അതിന്റെ രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ചുവെങ്കിലും പാർലമെന്റിലേക്ക് തൽക്കാലം അടിയന്തരാവസ്ഥയെ അനുകൂലിച്ച ഒരാൾ പോയാൽ മതി എന്നാണ് അവിടത്തെ ജനങ്ങൾ തീരുമാനിച്ചത്.

കേരളം ജൈത്രയാത്ര തുടരും
ദയനീയമായ ആ പരാജയം കൗമാരം വിടാത്ത ഞങ്ങളെ കടുത്ത നിരാശയിലാഴ്ത്തി എന്നു പറയാതിരിക്കാനാകില്ല. കേരളത്തിൽ ഇനിയൊരു തിരിച്ചുവരവിന് സാധ്യതയുണ്ടോ എന്നുപോലും ശങ്കിച്ചു. പക്ഷേ, ഞങ്ങളുടെ നിരാശയെ പിൻതള്ളി കേരളം അതിന്റെ ജൈത്രയാത്ര തുടരുകയാണുണ്ടായത്. പരാജയത്തിന്റെ കാരണങ്ങൾ തേടിയുള്ള ഉള്ളുചുട്ട പരിശോധനകളും വിശകലനങ്ങളും തെറ്റു കണ്ടെത്തിയുള്ള തിരുത്തലും അന്നും സജീവമായി നടന്നു. പക്ഷേ ‘അടിയന്തരാവസ്ഥ അറബിക്കടലിൽ' എന്ന മുദ്രാവാക്യമുയർത്തി പൗരാവകാശങ്ങൾക്കുവേണ്ടി സമരം ചെയ്തത് തെറ്റായി എന്നോ അതു തിരുത്തണമെന്നോ മറ്റോ ആരെങ്കിലും ഉപദേശവുമായി വന്നത് ഓർക്കുന്നില്ല. സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ തെറ്റുപറ്റിയിട്ടുണ്ടാകാം. പുതിയ വഴികൾ തേടേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് അന്നുണ്ടായതെന്ന് ഞാൻ ഓർക്കുന്നു. അന്ന‌് തുറന്നുകിട്ടിയ അനുകൂലമായ ദേശീയ രാഷ്ട്രീയ സാഹചര്യം ഉപയോഗിച്ച് ജനാധിപത്യവിരുദ്ധ ശക്തികളെ തുറന്നുകാട്ടാനുള്ള പ്രവർത്തനങ്ങളാണ് പിന്നീടുണ്ടായത്. പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള മുന്നേറ്റം എന്നു പറയാം. അന്നത്തെ ആ ഉണർവിനിടയിലാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും (കെഎസ്‌വൈഎഫ്) സാംസ്‌കാരിക ശാസ്ത്ര പ്രസ്ഥാനങ്ങളുമെല്ലാം ഇന്നു കാണുന്നവിധം മുഖ്യധാരയിൽ എത്തിയത്.  നൂറ്റിപ്പതിനൊന്നിന്റെ സുരക്ഷിതത്വത്തിൽ അധികാരത്തിൽ കയറിയിരിപ്പായ കെ കരുണാകരന് മാസങ്ങൾക്കിടയ‌്ക്ക് രാജിവയ‌്ക്കേണ്ടി വന്നു. അവരുടെ പാർടിയും മുന്നണിയും തകർന്നു. 1980ൽ വലിയ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ മുന്നണി അധികാരത്തിൽ വന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top