13 August Thursday

കൊറോണയും കൃഷിയും

പി കൃഷ്‌ണപ്രസാദ്‌Updated: Tuesday May 19, 2020

കൊറോണ വൈറസിലൂടെ നാം പഠിക്കുന്ന രാഷ്ട്രീയപാഠമാണ് മുതലാളിത്ത സാമൂഹ്യവ്യവസ്ഥ നേരിടുന്ന പ്രതിസന്ധിക്ക് ആധാരമായ സ്വകാര്യലാഭവും സാമൂഹ്യക്ഷേമവും തമ്മിലുള്ള വൈരുധ്യം. ലോക മുതലാളിത്ത രാജ്യങ്ങളുടെ തലവനായ അമേരിക്കയ്‌ക്ക്‌ കോവിഡ്‌ പ്രതിരോധത്തിൽ കാലിടറി. ചൈനയും ക്യൂബയും ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും ഇന്ത്യയിൽ കേരള സംസ്ഥാന സർക്കാരും ജനങ്ങൾക്ക്‌ സംരക്ഷണം നൽകുന്നതിൽ വിജയിക്കുന്നു. ലോക്ക്ഡൗൺ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷയെന്ന ലക്ഷ്യം മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ കൃഷി കർമപദ്ധതി പ്രഖ്യാപിച്ചുവല്ലോ. തദ്ദേശസ്ഥാപനങ്ങളുടെ വാർഷികപദ്ധതിയിൽ ഭക്ഷ്യ സ്വയംപര്യാപ്തതയ്‌ക്കുള്ള പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന നിർദേശമാണ് കേരള സർക്കാർ നൽകിയിരിക്കുന്നത്.

കാർഷികോൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ച്‌ കർഷകർക്ക് ആദായകരവും ആകർഷകവുമായ വരുമാനമുണ്ടാക്കാൻ ഉതകുന്ന പദ്ധതി വിജയിപ്പിക്കാൻ കർഷകപ്രസ്ഥാനം വിപുലമായി തയ്യാറെടുക്കുകയാണ്. കൃഷിയിൽനിന്ന്‌ കൃഷിക്കാരും കർഷകത്തൊഴിലാളികളും അകലുന്നത്‌ വസ്‌തുതയാണ്. കർഷകർക്ക് ശാസ്‌ത്ര സാങ്കേതികവിദ്യയുടെയും ഗവേഷണപഠനങ്ങളുടെയും പിന്തുണ ലഭിക്കുന്നില്ല. കൃഷിയിൽ മതിയായ നിക്ഷേപം ഉണ്ടാകുന്നില്ല. കാരണം, ഉൽപ്പന്നത്തിന്‌ ന്യായവിലയില്ല. വിപണി കണ്ടെത്തി  വിൽക്കാൻ കഴിയുമെന്നുറപ്പില്ല. കർഷകത്തൊഴിലാളികൾക്ക് കൃഷിയിൽ സ്ഥിരം തൊഴിലും ന്യായമായ വേതനവും ലഭിക്കുന്നില്ല. കൃഷിയിൽനിന്നുള്ള വരുമാനത്തിൽനിന്ന്‌ അന്തസ്സോടെ ജീവിക്കാനുള്ള വരുമാനം ഒരു കർഷക– കർഷകത്തൊഴിലാളി കുടുംബത്തിന്‌ ലഭ്യമല്ല. എന്താണ് പരിഹാരം?


 

ഭക്ഷ്യവിളകൾക്ക്‌ പ്രാധാന്യം
കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഓരോ ഉൽപ്പന്നവും അളവിൽ എത്ര കുറവോ കൂടുതലോ ആണെങ്കിലും അതിന്‌ വിപണി ഉറപ്പുവരുത്തണം. ഉൽപ്പാദന ചെലവിനേക്കാൾ ചുരുങ്ങിയത് 50 ശതമാനം അധികം അടിസ്ഥാനവില മുൻകൂട്ടി പ്രഖ്യാപിച്ച് ആ വില കർഷകന് ലഭിക്കുമെന്ന് ഉറപ്പുവരുത്തുക. കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇൻഷുറൻസ്–- നഷ്ടപരിഹാര പരിരക്ഷ നൽകുക. കൃഷിവൈവിധ്യവൽക്കരണം, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, മൂല്യവർധന എന്നിവയിലൂടെ അധിക വരുമാനം ഉറപ്പുവരുത്തുക.

വൻകിട കാർഷികവ്യവസായങ്ങൾക്കായി ലോകവിപണിയിലും ഇന്ത്യൻ വിപണിയിലും വിറ്റഴിക്കാനുള്ള അസംസ്കൃത ചരക്കുകൾ ഉൽപ്പാദിപ്പിക്കുന്നതാണ് കേരളത്തിന്റെ നിലവിലുള്ള കാർഷികവ്യവസ്ഥ. അതിനുപകരം നാം ഉൽപ്പാദിപ്പിക്കുന്ന വിളകൾ ഇവിടെത്തന്നെ സംസ്കരിച്ച്‌ മൂല്യവർധനയിലൂടെ  ഉൽപ്പന്നമാക്കി കർഷകർക്ക് ആദായകരമായ വരുമാനം ഉറപ്പുവരുത്താൻ കൃഷി കർമപദ്ധതിയെ ദീർഘവീക്ഷണത്തോടെ ഉപയോഗപ്പെടുത്താൻ കർഷകപ്രസ്ഥാനത്തിന് സാധിക്കണം. മേഖലയിൽ ധനിക കർഷകവർഗങ്ങൾക്കും മുതലാളിത്ത കർഷകർക്കുമുള്ള മേധാവിത്തംമൂലമാണ് ഭക്ഷ്യവിള കൃഷി പിറകോട്ട്‌ പോയതും  82 ശതമാനവും നാണ്യവിളകൾ മേൽക്കൈ നേടുന്ന സ്ഥിതി സംജാതമായതും. എന്നാൽ, ലോക മുതലാളിത്തപ്രതിസന്ധിമൂലം കാർഷികമേഖല കടുത്ത പ്രതിസന്ധിയിലാണ്.  ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി നാണ്യവിളകൾക്കുള്ള ആധിപത്യം ഇല്ലാതാക്കി ഭക്ഷ്യവിളകൾക്ക്‌ പ്രാധാന്യം നൽകണം. സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ  ആഭ്യന്തരവിപണി ഉപയോഗിക്കാനും സാധിക്കണം.


 

ഓൺലൈൻ  വ്യാപാരത്തിലേക്ക്‌
ഓൺലൈൻ സോഫ്റ്റ്‌വെയർ മൊബൈൽ ആപ് സംവിധാനത്തിൽ ഫാർമേഴ്‌സ്‌ ട്രേഡ് മാർക്കറ്റ്‌ എഫ്ടിഎം വഴി എല്ലാ ഉപഭോക്തൃ ഉൽപ്പന്നങ്ങളും  മാംസം, മത്സ്യം, പാൽ, മുട്ട, പച്ചക്കറി, പഴവർഗങ്ങൾ, അരി ഉൾപ്പെടെയുള്ള ധാന്യങ്ങളും പലവ്യഞ്ജനങ്ങളും നിത്യോപയോഗ സാധനങ്ങളും മൊബൈൽ ആപ് വഴി ഓർഡർ നൽകാനും ഹോം ഡെലിവറി ചെയ്യാനും സംവിധാനമുണ്ടാക്കാം. വിപണി അടക്കിവാഴുന്ന ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ കോർപറേറ്റ് ഓൺലൈൻ വ്യാപാര കമ്പനികൾക്ക് ബദലായി സഹകരണമേഖലയിലെ ഓൺലൈൻ വ്യാപാരത്തിന് ഘട്ടം ഘട്ടമായി സംസ്ഥാനത്താകെ സംവിധാനം ഒരുക്കാവുന്നതാണ്. ഘട്ടം ഘട്ടമായി മൊബൈൽ ആപ്പിലൂടെ എല്ലാ ഉൽപ്പന്നങ്ങളും സംഭരിക്കുകയും വിറ്റഴിക്കുകയും ചെയ്യാം. ഇടത്തട്ടുകാരെ പരമാവധി ഒഴിവാക്കി സംഭരണ സംസ്കരണ വിപണനച്ചെലവ്‌ കിഴിച്ചുള്ള മിച്ചം കർഷകർക്ക് അധിക വിലയും കർഷകത്തൊഴിലാളികൾക്ക് അധിക വേതനവും ആയി നൽകാം. ഈ പങ്കുവയ്‌പ്‌ പ്രക്രിയ ബ്ലോക്ചെയിൻ സോഫ്റ്റ്‌‌വെയർ പിന്തുണയോടെ സുതാര്യമായി നിർവഹിക്കാവുന്നതാണ്.

കർഷകത്തൊഴിലാളികളെ പ്രാദേശികാടിസ്ഥാനത്തിൽ പട്ടികയിൽ ചേർത്ത് അവർക്ക് വീട്ടിൽനിന്ന്‌ വന്ന്‌ തൊഴിൽചെയ്ത്‌ മടങ്ങാവുന്ന ദൂരത്തിൽ സ്ഥിരംതൊഴിലും മിനിമം കൂലിയും പെൻഷൻ ഉൾപ്പെടെയുള്ള അവകാശങ്ങളും ഉറപ്പുവരുത്താനാകും.തരിശുഭൂമി കൃഷി ചെയ്യാൻ ക്ലസ്റ്റർ അടിസ്ഥാനത്തിൽ കർഷകത്തൊഴിലാളി സംഘങ്ങൾ രൂപീകരിച്ച്‌ അവർക്ക്‌ പ്രവർത്തന മൂലധനം, കാർഷിക ഉപകരണങ്ങൾ, പരിശീലനം, മൂല്യവർധന സംസ്കരണം, വിപണി പിന്തുണ, മിച്ചം പങ്കുവയ്‌ക്കൽ എന്നിവ ഉറപ്പുവരുത്താം. സംസ്ഥാനത്തെ ക്ഷീരസഹകരണ സംഘങ്ങളെ കാർഷിക കേന്ദ്രങ്ങളാക്കി മാറ്റുക എന്ന നയം പ്രായോഗികമായി ഏറെ പ്രയോജനം നൽകും. 

ബ്രഹ്മഗിരി മാതൃക
സഹകരണമേഖലയിൽ ബ്രഹ്മഗിരി എന്ന കർഷക ബ്രാൻഡ്‌ ഇതിനകം ശ്രദ്ധേയമായി. അതിനെ കേരളത്തിലും ഇന്ത്യയിലാകെയും വിദേശത്തും ഒരു ബ്രാൻഡായി വികസിപ്പിച്ചാൽ സഹകരണ കൃഷിയുടെ മേൽക്കൈ സ്ഥാപിക്കാനും കൃഷിയിലെ കോർപറേറ്റ് മേധാവിത്വത്തെ ഒരു പരിധിവരെ ചെറുക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഒരു കേരള സർക്കാർ സംരംഭം എന്ന നിലയിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെയും സഹകരണമേഖലയുടെയും ധനപിന്തുണ ലഭ്യമാക്കാനും ബ്രഹ്മഗിരിക്ക് സാധിക്കുന്നതാണ്. വിള അടിസ്ഥാനത്തിൽ കർഷക ഫെഡറേഷനുകൾ രൂപീകരിക്കുക എന്നത് മേൽപദ്ധതികൾ പ്രാവർത്തികമാക്കുന്നതിൽ നിർണായകമാണ്. വൻകിട കാർഷിക വ്യവസായ കമ്പനികളുടെയും അവയുടെ ഇടത്തട്ടുകാരുടെയും ചൂഷണം ഒഴിവാക്കാൻ വിള അടിസ്ഥാനത്തിൽ കർഷക ഫെഡറേഷനുകളെ പ്രോത്സാഹിപ്പിക്കുകയും അവയുടെ നേതൃത്വത്തിൽ ആധുനിക കാർഷിക സംസ്കരണ വ്യവസായങ്ങൾ നേരിട്ട് സ്ഥാപിക്കുകയോ സംസ്കരണ സംരംഭങ്ങളുമായി സഹകരിക്കുകയോ ചെയ്യാവുന്നതാണ്. ആധുനിക സഹകരണ കൃഷിയിൽ കർഷകരെ അണിനിരത്തുകയാണ് കേരളത്തിൽ ഇന്ന് കർഷകപ്രസ്ഥാനം എറ്റെടുക്കേണ്ട പ്രധാന ഉത്തരവാദിത്തം.


 

വയനാട് കോഫി പദ്ധതിക്കും ബ്രഹ്മഗിരി തുടക്കം കുറിച്ചു. മൂന്നുമുതൽ അഞ്ചുവർഷത്തിനകം കാപ്പി കർഷകർക്ക് ഇരട്ടിവില നൽകാനാകുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഓരോ വിളയും അടിസ്ഥാനമാക്കി കർഷകരുടെയും തൊഴിലാളികളുടെയും കൂട്ടായ ഉടമസ്ഥതയിൽ ആധുനിക കാർഷിക സംസ്കരണ വ്യവസായങ്ങൾ സ്ഥാപിക്കാൻ കേരള സർക്കാർ മുൻഗണന നൽകണം. ദരിദ്ര ചെറുകിട ഇടത്തരം കർഷകരെയും കർഷകത്തൊഴിലാളികളെയും അണിനിരത്തണം. കാർഷികമേഖല സമഗ്രമായി പുനഃസംഘടിപ്പിക്കാൻ നേതൃത്വം നൽകാനും മൂലധനം ലഭ്യമാക്കാനും സഹകരണമേഖലയ്‌ക്ക് ശേഷിയുണ്ട്. നബാർഡിന്റെ മാതൃകയിൽ കേരള ബാങ്കിനുകീഴിൽ കാർഷിക – കാർഷിക വ്യവസായ–ഗ്രാമീണ വികസന ബാങ്ക് സ്ഥാപിച്ച്‌ കാർഷികവ്യവസായങ്ങളുടെ വികസനത്തിന് മൂലധനപിന്തുണ ഉറപ്പുവരുത്തണം.

കാർഷികമേഖലയിൽ ധനിക കർഷകരും കർഷകമുതലാളിത്തവും ഒരുഭാഗത്തും കർഷകത്തൊഴിലാളികൾ, ദരിദ്ര ഇടത്തരം കർഷക വർഗങ്ങൾ മറുഭാഗത്തും അണിനിരക്കുന്ന പോരാട്ടമാണ് നടക്കുന്നത്. ആധുനിക സഹകരണ കൃഷിയിലൂടെ ദരിദ്ര–ഇടത്തരം കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും നേതൃത്വത്തിൽ കാർഷികപരിഷ്‌കരണം മുന്നോട്ട്‌ നയിക്കാനുതകുന്ന ഒരു സമീപനരേഖ അനിവാര്യമാണ്. അതിലൂടെ കോർപറേറ്റ് കൃഷിക്കെതിരെ കോ–-ഓപ്പറേറ്റീവ് കൃഷി എന്ന ബദൽ കാർഷികനയം രാജ്യത്തിന്‌ മാതൃകയാകുന്നവിധം വികസിപ്പിക്കാനാകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top