18 August Sunday

ഇരട്ടത്താപ്പുമായി അമിത് ഷായും രാഹുലും

കോടിയേരി ബാലകൃഷ്ണൻUpdated: Friday Apr 19, 2019


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിലാണ് കേരളം. ഇതിനിടെ ബിജെപി അധ്യക്ഷൻ അമിത് ഷായും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇവിടെ നടത്തിയ പ്രസംഗങ്ങളിൽ പ്രകടമായത് അവരുടെ നിലപാടുകളിലെ ഇരട്ടത്താപ്പാണ്. കമ്യൂണിസ്റ്റുകാരെ മിത്രങ്ങളായി കാണുന്നതാണെന്നും ആർഎസ്എസിനെയും ബിജെപിയെയും പോലെ ഭരണഘടനാ സംവിധാനങ്ങളെ തകർക്കുന്നവരല്ല ഇടതുപക്ഷമെന്നും രാഹുൽ പറഞ്ഞു. ഇത് കേവലം അലങ്കാരപ്രയോഗമല്ല. വസ‌്തുത അംഗീകരിക്കലാണ്. എന്നാൽ, ഇക്കാര്യം തുറന്നുസമ്മതിക്കുന്ന രാഹുൽ എന്തിന്, മത്സരരംഗത്ത് ബിജെപിക്ക് മുഖ്യപങ്കാളിത്തമില്ലാത്തതും ഇടതുപക്ഷത്തിന് മുഖ്യപങ്കുള്ളതുമായ കേരളത്തെ തന്റെ സ്ഥാനാർഥിത്വത്തിലൂടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പ്രധാനവേദിയാക്കി? ഇതിലൂടെ തന്റെ പ്രഖ്യാപിത ബിജെപി വിരോധത്തിന്റെ വിശ്വാസ്യത പ്രായോഗികതലത്തിൽ ചോദ്യംചെയ്യപ്പെടുകയാണ്. വാക്കൊന്നും പ്രവൃത്തി മറ്റൊന്നും. ഇത‌് ഇരട്ടത്താപ്പാണ്.

ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷതയും ബഹുസ്വരതയുമുള്ള ഇന്ത്യക്കുവേണ്ടത‌് മോഡി ഭരണം ഇല്ലാതാക്കുകയാണ്; പകരം മതനിരപേക്ഷജനപക്ഷ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ കൊണ്ടുവരികയുംവേണം. ബിജെപിയെ താഴെയിറക്കാൻ എല്ലാ ബിജെപി ഇതര മതനിരപേക്ഷ ജനാധിപത്യ കക്ഷികളെയും ഓരോ സംസ്ഥാനത്തും യോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള രാഷ്ട്രീയകാഴ്ചപ്പാടാണ് രാഹുൽ സ്വീകരിക്കേണ്ടിയിരുന്നത്. കോൺഗ്രസും ബിജെപിയും  മുഖ്യശക്തികളായി ഏറ്റുമുട്ടുന്നത് ദേശീയമായി ആറ് സംസ്ഥാനങ്ങളിൽ മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളോ ഇടതുപക്ഷമോ ആണ് പ്രധാന രാഷ്ട്രീയകക്ഷികൾ. ഇത് മനസ്സിലാക്കി തെരഞ്ഞെടുപ്പ് നയം സ്വീകരിക്കുന്നതിനും അതിനായി അതത് സംസ്ഥാനങ്ങളിലെ  പാർടി ഘടകങ്ങളെ പ്രാപ്തമാക്കുന്നതിലും രാഹുൽ പരാജയപ്പെട്ടു. ഡൽഹി, യുപി, പശ്ചിമബംഗാൾ, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെല്ലാം ബിജെപി വിരുദ്ധ വിശാല രാഷ്ട്രീയവേദിക്ക് കോൺഗ്രസ് തുരങ്കംവച്ചു.

ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കി ഭരണഘടനയെ സംരക്ഷിക്കാൻ വിശാല പ്രതിപക്ഷ ഐക്യമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രഖ്യാപനം എന്തുകൊണ്ട് വെള്ളത്തിൽ വരച്ച വരയായി. എന്നിട്ടാണ് ബിജെപി –-ആർഎസ്എസ് ശക്തികളെ സ്വന്തം ജീവൻ നൽകിയും നേരിടുന്ന കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫിനെ ദുർബലമാക്കാൻ കേരളത്തെ തന്റെ തെരഞ്ഞെടുപ്പ്‌ വേദിയാക്കി രാഹുൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ഇരട്ടത്താപ്പിന് വയനാട്ടിലെ പ്രബുദ്ധ ജനത മറുപടി നൽകും.

കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഭരണങ്ങളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകൾ ഈ നാടിന്റെ സാമൂഹ്യ മുന്നേറ്റത്തിന് പ്രധാന ഘടകമായി. രാഹുലിന് മതിപ്പുണ്ടായ കേരളം പിറന്നുവീണത് ഒരുദിവസംകൊണ്ട് പൊടുന്നനെയല്ല. നവോത്ഥാന പ്രസ്ഥാനവും തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനവും കമ്യൂണിസ്റ്റ് നേതൃ ഭരണങ്ങളും ഇതിനായി ചെയ‌്ത ത്യാഗപൂർണവും ഭാവനാപൂർണവുമായ സംഭാവനകൾ ചെറുതല്ല

ലോകത്തിന് മാതൃകയാണ് കേരളമെന്നും വിശാലഹൃദയരാണ് കേരളീയരെന്നുമുള്ള പ്രശംസ രാഹുൽ തന്റെ പ്രസംഗങ്ങളിൽ ചൊരിഞ്ഞിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യാസവും സാക്ഷരതയും ലോകത്തിനുമുന്നിൽ നട്ടെല്ലോടെ നിൽക്കാനുള്ള ആത്മവിശ്വാസവും കേരളത്തെ വേറിട്ടുനിർത്തുന്നതായും സഹിഷ‌്ണുതയോടെയും സമാധാനത്തോടെയും സ്‌നേഹത്തോടെയും ജീവിക്കുന്ന സമൂഹത്തിന് കേരളം മികച്ച ഉദാഹരണമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇങ്ങനെയെല്ലാം പറയാൻ രാഹുലിന് അവസരമുണ്ടായത് ഇ എം എസ് മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷഭരണം കാരണമാണ്. കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഭരണങ്ങളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകൾ ഈ നാടിന്റെ സാമൂഹ്യ മുന്നേറ്റത്തിന് പ്രധാന ഘടകമായി. രാഹുലിന് മതിപ്പുണ്ടായ കേരളം പിറന്നുവീണത് ഒരുദിവസംകൊണ്ട് പൊടുന്നനെയല്ല. നവോത്ഥാന പ്രസ്ഥാനവും തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനവും കമ്യൂണിസ്റ്റ് നേതൃ ഭരണങ്ങളും ഇതിനായി ചെയ‌്ത ത്യാഗപൂർണവും ഭാവനാപൂർണവുമായ സംഭാവനകൾ ചെറുതല്ല.

ഇപ്രകാരമെല്ലാം യശസ്സാർന്ന  കേരളത്തെ ഇല്ലായ‌്മ ചെയ‌്ത‌് വർഗീയകലാപങ്ങളും അനീതികളും നടമാടുന്ന ഇന്ത്യയിലെ മറ്റ് ചില സംസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റുക എന്നതാണ് ഹിന്ദുത്വശക്തികളും കോർപറേറ്റുകളും ലക്ഷ്യമിടുന്നത്. അവരുടെ സ്വപ്‌നപദ്ധതി നടപ്പാക്കണമെങ്കിൽ ആദ്യംവേണ്ടത് ഇവിടത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുർബലമാക്കുകയെന്നതാണ്. അതിനുള്ള അജൻഡയാണ് ആർഎസ്എസ് –-ബിജെപി ശക്തികളും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണവും ചെയ‌്തുവരുന്നത‌്. ഇത്തരം പ്രവർത്തനങ്ങളിൽ കേരളത്തിലെ കോൺഗ്രസുകാരും അവർ നയിക്കുന്ന യുഡിഎഫും സംഘപരിവാറിന് കൂട്ടാണ്. ഈ കൂട്ടുകെട്ടിന്റെ പരസ്യ വിളംബരമായി അഞ്ച് ലോക്‌സഭാമണ്ഡലത്തിലെങ്കിലും കോലീബി സഖ്യം ഇന്നുണ്ട്. ഇതിനെ ചോദ്യംചെയ്യാത്ത രാഹുലിന്റെ കേരളപ്രശംസ കേരളീയരെ കബളിപ്പിക്കുന്നതാണ്.

മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ വോട്ടുപിടിക്കുന്നവർ
ഭരണഘടനയും ഭരണഘടനാ സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്നതിന് മോഡിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തെപ്പോലും മാറ്റിയിരിക്കുന്നു. ഇവരുടെ പ്രസംഗങ്ങൾ ഇത് വിളിച്ചറിയിക്കുന്നു. മതം, ജാതി, സമുദായം, ദൈവം എന്നിവയുടെ പേരിൽ വോട്ട് പിടിക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പ്രസ‌്താവിച്ചിട്ടുണ്ട‌്. ഡോ. ബി ആർ അംബേദ്കറുടെയും ഡോ. എസ് രാധാകൃഷ്ണന്റെയും വാക്കുകളും 1962 മുതലുള്ള സുപ്രീംകോടതി വിധികളും ഉൾച്ചേർത്തുകൊണ്ട് 2017ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി ചരിത്രപരമാണ്. എന്നാൽ, ഇതിനെയെല്ലാം കാറ്റിൽപ്പറത്തി  മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ വോട്ടുപിടിക്കുകയാണ് മോഡിയും അമിത് ഷായും അഡ്വ. പി എസ് ശ്രീധരൻപിള്ളയുമെല്ലാം. അതിനുവേണ്ടി ന്യൂനപക്ഷ വിരുദ്ധത പ്രചാരണത്തിന്റെ കൊടിയടയാളമായി സ്വീകരിച്ചിരിക്കുന്നു. മുസ്ലിം, ക്രിസ്ത്യൻ മുക്ത ഇന്ത്യ എന്നതായിരിക്കുന്നു ഇവരുടെ മുദ്രാവാക്യം. ഇതിനുവേണ്ടി ഇന്ത്യൻ സൈന്യത്തെ മോഡിസേനയെന്ന് വിളിച്ച് വർഗീയവൽക്കരിക്കാൻ നോക്കുന്നു. ഇന്ത്യൻസേന നടത്തിയ ബാലാകോട്ട് ഓപ്പറേഷനെ സങ്കൂചിത രാഷ്ട്രീയത്തിനുവേണ്ടിമാത്രമല്ല മതവിദ്വേഷം വളർത്താനും ഉപയോഗിക്കുന്നു. ഭീകരൻമാരുടെ മതം മുസ്ലിമോ ക്രിസ്ത്യനോ ഹിന്ദുവോ അല്ല ഭീകരതയാണ്. ഇതെല്ലാം വിസ്മരിച്ചുകൊണ്ടുള്ള പ്രചാരണത്തിലാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ.

ശബരിമലയും അയ്യപ്പനും വോട്ട് വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശത്തെ കാറ്റിൽപ്പറത്തുന്നതിൽ മോഡിയും അമിത് ഷായും പരസ്പര മത്സരത്തിലാണ്. ശബരിമല വിഷയത്തിൽ സംവാദം നടത്താൻ സിപിഐ എമ്മിനും എൽഡിഎഫിനും ഒരു മടിയുമില്ല. ഇത് എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ഒന്നല്ല. പ്രായഭേദമെന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ലോക്‌സഭാ വോട്ടെടുപ്പിലൂടെ തീർപ്പാക്കാവുന്ന ഒന്നല്ല. അഞ്ചാണ്ടിലെ മോഡി ഭരണം ജനരോഷത്തെ അഭിമുഖീകരിക്കുകയാണ്. ഇതിനെ മറികടക്കാനാണ് വടക്കേയിന്ത്യയിൽ രാമക്ഷേത്രത്തിന്റെയും കേരളത്തിൽ ശബരിമലയുടെയും പേരിൽ വിശ്വാസികളെ കബളിപ്പിച്ച് വോട്ട് തട്ടാൻ ബിജെപി ശ്രമിക്കുന്നത്.

എൽഡിഎഫ് സർക്കാരും എൽഡിഎഫും വിശ്വാസികൾക്കൊപ്പമാണ്. എൽഡിഎഫിനൊപ്പം അണിനിരന്നവരിൽ ഭൂരിഭാഗവും വിശ്വാസികളാണ്. അവരുടെയടക്കം പിന്തുണകൊണ്ടാണ് എല്ലാക്കാലത്തും എൽഡിഎഫ് അധികാരത്തിൽ വരുന്നത്. അതുകൊണ്ടുകൂടിയാണ് ശബരിമലയുടെ പേരിൽ സംസ്ഥാനത്ത് വർഗീയകലാപം ഉണ്ടാക്കാൻ സംഘപരിവാർ കച്ചമുറുക്കിയത്

എൽഡിഎഫ് സർക്കാരും എൽഡിഎഫും വിശ്വാസികൾക്കൊപ്പമാണ്. എൽഡിഎഫിനൊപ്പം അണിനിരന്നവരിൽ ഭൂരിഭാഗവും വിശ്വാസികളാണ്. അവരുടെയടക്കം പിന്തുണകൊണ്ടാണ് എല്ലാക്കാലത്തും എൽഡിഎഫ് അധികാരത്തിൽ വരുന്നത്. അതുകൊണ്ടുകൂടിയാണ് ശബരിമലയുടെ പേരിൽ സംസ്ഥാനത്ത് വർഗീയകലാപം ഉണ്ടാക്കാൻ സംഘപരിവാർ കച്ചമുറുക്കിയത്. സങ്കുചിതമായ രാഷ്ട്രീയ ചിന്തയാൽ അതിന് അരുനിന്നു ഇവിടത്തെ കോൺഗ്രസും യുഡിഎഫും. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 737 കോടിരൂപ എൽഡിഎഫ് ഗവൺമെന്റ് നൽകി. ഇതിലൂടെ ശബരിമലയുടെ സംരക്ഷണത്തിനും വികസനത്തിനുമാണ് സർക്കാരിന് താൽപ്പര്യമെന്ന് ഏത് നിഷ്‌പക്ഷമതിക്കും ബോധ്യമാകും. കാണിക്ക ബഹിഷ്‌കരിച്ച് ശബരിമലയെ തകർക്കുക എന്ന സമരരീതി സംഘപരിവാറും കൂട്ടരും സ്വീകരിച്ചതിന്റെ ഫലമായി നടവരവിൽ 98 കോടി രൂപ കുറഞ്ഞു. അതിനെ മറികടക്കാൻ ഉടനെ 100 കോടിരൂപ സർക്കാർ നൽകി. അങ്ങനെ ക്ഷേത്ര പ്രവർത്തനത്തിന് തടസ്സമുണ്ടാക്കാൻ സംഘപരിവാർ അക്രമികൾ നീചമായി നീങ്ങിയപ്പോൾ അതിനെ മറികടന്ന് ക്ഷേത്രത്തെ സംരക്ഷിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ‌്തത‌്. ഇങ്ങനെയുള്ള ഭരണം എങ്ങനെയാണ് വിശ്വാസികൾക്കും വിശ്വാസത്തിനും എതിരാകുക. ശബരിമലയുടെ പേരിൽ പിണറായി വിജയൻ സർക്കാരിനെതിരായ ദുഷിച്ച പ്രചാരണങ്ങൾ കേരളത്തിൽ വിലപ്പോകില്ലെന്ന് അമിത് ഷാ മനസ്സിലാക്കണം.

അസത്യ പ്രചാരണം
ശബരിമല കാര്യത്തിൽ അസത്യപ്രചാരണം നടത്തുന്നതിൽ അമിത് ഷായെ പ്രധാനമന്ത്രി കടത്തിവെട്ടി. അയ്യപ്പന്റെ പേരുപറഞ്ഞാൽ കേരളത്തിൽ അറസ്റ്റ് എന്ന് ഒരു പ്രധാനമന്ത്രിക്ക് എങ്ങനെ പറയാനാകുന്നു. ഇത്തരം ഒരു അറസ്‌റ്റെങ്കിലും ഉണ്ടായി എന്ന് ചൂണ്ടിക്കാണിക്കാൻ മോഡിയെ ഞങ്ങൾ വെല്ലുവിളിക്കുന്നു. ക്രമസമാധാനം കാക്കാൻ നിലകൊണ്ട പൊലീസുകാരെയും അയ്യപ്പദർശനത്തിനെത്തിയ ഭക്തരെയും ആക്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ‌്തിട്ടുണ്ട‌്. നിയമവാഴ്ച തകർക്കാൻ  നോക്കിയാൽ അറസ്റ്റ് ഉണ്ടാകും. അഴിഞ്ഞാടുകയും വർഗീയകലാപമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാറുകാരെ രക്ഷിക്കാൻ ബിജെപി ഭരിക്കുന്ന ഗുജറാത്തും യുപിയുമല്ലിത്, എൽഡിഎഫ് ഭരണമുള്ള കേരളമാണിത്.

എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ സംഘപരിവാർ നടത്തിയ എല്ലാ സമരങ്ങളും ചീട്ടുകൊട്ടാരംപോലെ പൊളിഞ്ഞു. ശബരിമലയുടെ മറവിൽ വർഗീയചേരിതിരിവുണ്ടാക്കി നാട്ടിൽ അശാന്തിപരത്താൻ നോക്കി. ഇതിന് കോൺഗ്രസും യുഡിഎഫും സംഘപരിവാറും പിന്തുണച്ചു. പ്രശ്‌നപരിഹാരത്തിന് സർക്കാർ സർവകക്ഷിയോഗം വിളിച്ചപ്പോൾ ഹിന്ദുത്വ അജൻഡയിൽ പി എസ് ശ്രീധരൻപിള്ളയെ കടത്തിവെട്ടുന്ന നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ചു.

അതുകണ്ടപ്പോൾ നിങ്ങൾ രണ്ടും ഒരേ തോണിയിലാണല്ലോ സഞ്ചരിക്കുന്നതെന്ന് യോഗത്തിൽ ഞാൻ  ചൂണ്ടിക്കാട്ടിയിരുന്നു. സെപ്തംബർ 28ലെ ഭരണഘടനാബെഞ്ചിന്റെ വിധി നടപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്നാണ് മോഡി സർക്കാർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നിട്ടാണ് അമിത് ഷാ ഇപ്പോൾ ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാർ തെറ്റ് ചെയ‌്തുവെന്ന‌് പ്രസംഗിക്കുന്നത്. കോടതിവിധിയെ മറയാക്കി എൽഡിഎഫ് സർക്കാർ വിരുദ്ധ സമരകേന്ദ്രമാക്കി, ഭക്തിസാന്ദ്രമായ ശബരിമല സന്നിധാനത്തെ മാറ്റിയത് ചരിത്രത്തിലെ വലിയ പാതകമാണ്. പതിനെട്ടാംപടിയിൽ കയറി പുറംതിരിഞ്ഞുനിന്ന് സമരാഹ്വാനം മുഴക്കിയത് എന്ത് ആചാരമാണ്  ? പൊലീസിന്റെ മുന്നിൽ ഇരുമുടിക്കെട്ട് നിലത്തിട്ട് അത് ചവിട്ടിയരച്ചത് എന്ത് ഭക്തിയാണ്. ഇതെല്ലാം ഏതെങ്കിലും വിശ്വാസി ചെയ്യുന്ന കാര്യമാണോ. ഇതെല്ലാമാണ് മോഡി ഭക്തരായ ആർഎസ്എസ്–-ബിജെപി നേതാക്കൾ ചെയ‌്തത‌്. ആചാരം സംരക്ഷിക്കലും വിശ്വാസം രക്ഷിക്കലുമല്ല, ശബരിമലയുടെ പേരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് തട്ടിയെടുക്കാനാണ് ബിജെപി ശ്രമം. ഈ മുതലെടുപ്പ് രാഷ്ട്രീയം തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ട്.

ശബരിമല പ്രശ്‌നം സുപ്രീംകോടതിയിൽ ഉന്നയിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. 12 വർഷം ഈകേസ് നടന്നപ്പോൾ എന്തേ ബിജെപിയും ആർഎസ്എസും കുംഭകർണ സേവ നടത്തി

ശബരിമല പ്രശ്‌നം സുപ്രീംകോടതിയിൽ ഉന്നയിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. 12 വർഷം ഈകേസ് നടന്നപ്പോൾ എന്തേ ബിജെപിയും ആർഎസ്എസും കുംഭകർണ സേവ നടത്തി. ഭരണഘടനാബെഞ്ചിന്റെ വിധിയുമായി ബന്ധപ്പെട്ട വ്യത്യസ‌്ത ഹർജികളിൽ സുപ്രീംകോടതി വാദം കേട്ടുകഴിഞ്ഞു. ഇനി എങ്ങനെ ഇടപെടാൻ കഴിയും. അതിനാൽ ബിജെപിയുടെ വാക്ക് വോട്ടർമാരെ വഞ്ചിക്കലാണ്. നിയമനിർമാണത്തിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ സെപ്തംബർ 28ലെ വിധി വന്നശേഷം സമയമുണ്ടായിരുന്നല്ലോ. മൗലികാവകാശവുമായി ബന്ധപ്പെട്ട ഭരണഘടനാബെഞ്ചിന്റെ വിധി ആയതുകൊണ്ട് ഓർഡിനൻസ് ഇറക്കുക അസാധ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള വെളിപ്പെടുത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റിന് ബോധ്യമില്ലാത്ത കാര്യം നടപ്പാക്കുമെന്ന മോഡിയുടെയും അമിത് ഷായുടെയും വാഗ്ദാനം ജനങ്ങളെ വഞ്ചിക്കലാണ്.

എൽഡിഎഫ് ഭരണത്തിൽ 525 ആൾക്കൂട്ടക്കൊലപാതകം ഉണ്ടായി എന്ന ആക്ഷേപം അമിത് ഷാ ഉന്നയിച്ചിട്ടുണ്ട്. ഇത്ര നിരുത്തരവാദപരമായി ഒരു പാർടിയുടെ ദേശീയനേതാവിന് സംസാരിക്കാൻ കഴിയുമോ. ഭരണകൂടത്തിന്റെ സഹായത്തോടെ ആൾക്കൂട്ടക്കൊലപാതകങ്ങൾ അരങ്ങുതകർക്കുന്നത് ബിജെപി ഭരണത്തിലാണ്. കേരളത്തിന് കേന്ദ്രഭരണം സഹായം നൽകുന്നതിനെപ്പറ്റിയുമുള്ള അമിത് ഷായുടെ വാക്കുകളും വഞ്ചനാപരമാണ്. ഓഖിയും മഹാപ്രളയവും വന്നപ്പോൾ കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ കേരളത്തിനുണ്ടായത് തിക്താനുഭവമാണ്. 7340 കോടിരൂപ ഓഖി ദുരന്തത്തിന് പ്രത്യേക സഹായം കേരളം ആവശ്യപ്പെട്ടു. അനുവദിച്ചത് 133 കോടി രൂപമാത്രം. അതിൽ 21.3 കോടിരൂപ ഹെലികോപ്റ്റർ വാടക, സൈന്യം, നാവികസേന എന്നിവയുടെ ചെലവ് പറഞ്ഞ് വെട്ടിക്കുറച്ചു.

പ്രളയകാലത്ത് കേരളത്തിനു നൽകിയ അരിക്കുപോലും വിലവാങ്ങി. പ്രളയദുരിതം അകറ്റാനുള്ള വിദേശസഹായംപോലും നിഷേധിച്ചു കേന്ദ്രസർക്കാർ. ഇതെല്ലാം വിസ്മരിച്ചാണ് മോഡി വീണ്ടും അധികാരത്തിൽവന്നാൽ കേരളത്തിന് കേന്ദ്രസർക്കാർ സഹായം നൽകുമെന്ന വാഗ്ദാനം. ഇത്തവണ കേരളത്തിൽ അഞ്ചിടത്ത് താമര വിരിയുമെന്ന അമിത് ഷായുടെ വമ്പുപറച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ പാഴായ സ്വപ്‌നത്തിന്റെ ആവർത്തനമാകും. 70 അധികം ഒന്ന് (സെവന്റി പ്ലസ് വൺ) എന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അത് പാളി. അതിന്റെ ആവർത്തനമാകും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. അഞ്ച്‌ സീറ്റെന്ന്‌ വീമ്പിളക്കുന്ന അമിത്‌ ഷാ, കഴിഞ്ഞ തവണ സംസ്ഥാനത്ത്‌ നേടിയ വോട്ടിങ്‌ ശതമാനമെങ്കിലും സ്വന്തം പാർടിക്ക‌് എല്ലാ നിയോജകമണ്ഡലങ്ങളിലും കിട്ടുമെന്നത്‌ ഉറപ്പാണെന്ന്‌ പ്രഖ്യാപിക്കാൻ തയ്യാറുണ്ടോ? സംസ്ഥാനത്ത്‌ ഒരു സീറ്റിൽപോലും ബിജെപിക്ക്‌ രണ്ടാംസ്ഥാനംപോലും ഇക്കുറി കിട്ടാൻ പോകുന്നില്ല. ദേശീയമായി നേരിടുന്ന തിരിച്ചടിയുടെ ആഘാതം ഇവിടെയും ബിജെപി അഭിമുഖീകരിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top