18 February Monday

പോരാട്ടം അനിവാര്യമായ കാലം

ബി വി രാഘവുലുUpdated: Thursday Apr 19, 2018

പാർടി കോൺഗ്രസിന്റെ ഉദ്ഘാടനസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ബി വി രാഘവുലു നടത്തിയ സ്വാഗതപ്രസംഗത്തിൽനിന്ന്‌

ചരിത്രപ്രാധാന്യമുള്ള ഹൈദരാബാദ് നഗരത്തിൽ നടക്കുന്ന 22‐ാം പാർടി കോൺഗ്രസിന്റെ ഉദ്ഘാടനസമ്മേളനത്തിലേക്ക് സ്വാഗതസംഘത്തിനുവേണ്ടി ഏവരെയും സ്വാഗതം ചെയ്യുന്നു. 2002ൽ  17‐ാം പാർടി കോൺഗ്രസാണ് ഇതിനുമുന്നേ ഇവിടെ നടന്നത്. ഇപ്പോൾ, പുതുതായി രൂപീകരിച്ച തെലങ്കാന സംസ്ഥാനത്തിലെ ഈ നഗരത്തിൽ വീണ്ടും പാർടി കോൺഗ്രസ് നടത്താനുള്ള അവസരം കേന്ദ്ര കമ്മിറ്റി ഞങ്ങൾക്ക് നൽകിയിരിക്കുകയാണ്.

സമൂലമായ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും മുന്നേറ്റത്തിലും മുൻകാലത്ത് തെലങ്കാനയിലെ ജനങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനവും വഹിച്ച പങ്ക് ഏവർക്കും അറിയാവുന്നതാണ്. പുതിയ സാഹചര്യത്തിലും സാമൂഹ്യമാറ്റത്തിനുവേണ്ടി നവീനദിശയിലുള്ള പ്രക്ഷോഭങ്ങൾക്ക് തെലങ്കാനയിലെ ജനത മുൻകൈയെടുക്കുന്നുണ്ട്.

നൈസാം‐ഭൂപ്രഭു ഭരണത്തെ തകർത്തെറിയാൻ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ ജനങ്ങൾ നടത്തിയ ധീരമായ തെലങ്കാന സായുധ കർഷകസമരവും അതേത്തുടർന്ന് അനുഭവിക്കേണ്ടി വന്ന ത്യാഗവും സ്മരണീയമാണ്. ഈ മഹത്തായ സമരമാണ് രാജ്യത്തെ കാർഷികപ്രശ്നത്തെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഈ സമരം കഴിഞ്ഞ് നിരവധി ദശാബ്ദങ്ങൾ കടന്നുപോവുകയും കാർഷികരംഗത്ത് നിരവധി മാറ്റങ്ങൾ വരികയും ചെയ്തെങ്കിലും ഭൂപ്രശ്നങ്ങൾ ഇപ്പോഴും പ്രസക്തമാണ്. ഈ പ്രശ്നം ഫലപ്രദമായി പരിഹരിക്കാതെ രാജ്യത്തിന് ശരിയായ ആധുനികസമൂഹമായി മാറാൻ കഴിയില്ല.

ഈയിടെയായി വലിയ തോതിലുള്ള കർഷകപ്രക്ഷോഭങ്ങളും സർക്കാരുകൾക്കെതിരായ ഏറ്റുമുട്ടലുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകുന്നുണ്ട്. ഇത്തരം സമരങ്ങളിൽ മിക്കതിന്റെയും നേതൃത്വം വഹിക്കുന്നത് കമ്യൂണിസ്റ്റുകാരാണ്.
രണ്ടായിരത്തിൽ ഐക്യ ആന്ധ്രപ്രദേശിൽ നടന്ന പ്രക്ഷോഭം ഓർത്തെടുക്കുകയാണ്. ലോകബാങ്ക് നിർദേശപ്രകാരം നടത്തിയ ഘടനാപരമായ മാറ്റങ്ങൾക്കെതിരെ ഹൈദരാബാദിൽ 2000 ആഗസ്ത് 28ന് നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു. ടിഡിപിയുടെ പൊലീസാണ് അന്ന് ക്രൂരമായ ആക്രമണം സമരക്കാർക്കുനേരെ നടത്തിയത്. ഈ ശക്തമായ സമരത്തോടെ സർക്കാരുകളുടെ വികലമായ ഭരണപരിഷ്കരണത്തിന് ഒരുപരിധിവരെ തടയിടാനായി.

നിലവിലെ സാഹചര്യത്തിൽ പൊതുസമൂഹവുമായുള്ള ബന്ധം   കൂടുതൽ ഊട്ടിയുറപ്പിക്കാൻ പ്രത്യയശാസ്ത്രപരവും സാംസ്കാരികപരവും സാമൂഹികപരവുമായ മേഖലയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. തുടക്കംമുതൽതന്നെ തെലുങ്ക് ജനതയുടെ ധൈഷണിക, സാംസ്കാരിക, സാമൂഹിക പരിഷ്കരണ മുന്നേറ്റങ്ങളുടെ മുൻനിരയിൽ കമ്യൂണിസ്റ്റുകാരാണ്. ജാതീയമായ അടിച്ചമർത്തലിനും പുരുഷാധിപത്യത്തിനും എതിരായും മതസൗഹാർദം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള മുന്നേറ്റങ്ങളെല്ലാംതന്നെ വർഗസമരവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുകയാണ്. ഈ പാരമ്പര്യമാണ് തെലുങ്ക് സംസ്ഥാനങ്ങളിൽ വർഗീയശക്തികൾക്കെതിരായ പ്രതിരോധത്തിന് പ്രധാനസ്രോതസ്സായി നിലകൊള്ളുന്നത്. ഈ പ്രവർത്തനം വരുംനാളുകളിലും തുടരുമെന്നും കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഞങ്ങൾ ഉറപ്പുനൽകുന്നു.

തെലങ്കാനയും ആന്ധ്രപ്രദേശും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിജ്ഞാനകേന്ദ്രങ്ങളെ സംബന്ധിച്ച് കുറച്ച് വിവരങ്ങൾ ഇവിടെ പങ്കുവയ്ക്കട്ടെ. തെലങ്കാന ജനകീയ സായുധസമര പോരാളിയും വിഖ്യാത കമ്യൂണിസ്റ്റുമായ സഖാവ് പി സുന്ദരയ്യയുടെ സ്മരണാർഥം 1988ൽ ഹൈദരാബാദിൽ സ്ഥാപിച്ച സുന്ദരയ്യ വിജ്ഞാനകേന്ദ്രം പുരോഗമന, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങളുടെ കേന്ദ്ര സ്ഥാനമായി പ്രവർത്തിക്കുന്നു. ഇതിനുസമാനമായ സ്ഥാപനങ്ങൾ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളുടെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനറിക് മരുന്ന് വിൽപ്പനകേന്ദ്രങ്ങൾ, ക്ലിനിക്കുകൾ, നൈപുണ്യ പരിശീലനം, ലൈബ്രറികൾ, ജനകീയ ആർട്ട് ഗ്യാലറികൾ എന്നിവ പ്രവർത്തിക്കുന്നു. ഈ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകേന്ദ്രീകൃത ഗവേഷണം, സാംസ്കാരിക‐ പുസ്തക മേളകൾ, മെഡിക്കൽ ക്യാമ്പുകൾ, അടിയന്തര സാഹചര്യങ്ങളിലെ സാന്ത്വനപ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. ഭരണവർഗത്തിന്റെ പിന്തിരിപ്പൻനയങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ധൈഷണിക പ്രവർത്തനങ്ങളുടെ വിശാലവേദി രൂപപ്പെടുത്താനും അവയെ പ്രോത്സാഹിപ്പിക്കാനും ഈ പ്രവർത്തനം സഹായകമാകുന്നു. തെലങ്കാനയിലെയും ആന്ധ്രയിലെയും ഞങ്ങളുടെ പാർടിഘടകങ്ങൾ ഈ പ്രവർത്തനം സംസ്ഥാനത്ത് കൂടുതൽ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടം അടിയന്തരപ്രാധാന്യം അർഹിക്കുന്നതാണ്. ബിജെപി‐ സംഘപരിവാർ വർഗീയ ഹിന്ദുത്വ ശക്തികൾ ചൂഷിതവിഭാഗങ്ങളായ ദളിത്, അസംഘടിത തൊഴിലാളികൾ, ആദിവാസികൾ, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെ പ്രത്യയശാസ്ത്രപരവും കായികവുമായ കടന്നാക്രമണം വ്യാപിപ്പിക്കുകയാണ്. അതേസമയം, നവലിബറൽ സാമ്പത്തികനയങ്ങൾ ദുർബലവിഭാഗങ്ങളെ അതിരൂക്ഷമായി ബാധിച്ചിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടം അടിയന്തര പ്രാധാന്യം അർഹിക്കുന്നത്. വർഗീയതയ്ക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ടരവർഷമായി സാമൂഹ്യനീതി സംബന്ധമായ വിഷയങ്ങൾ ഏറ്റെടുത്ത് സിപിഐ എം നിരന്തര പോരാട്ടത്തിലാണ്. ഇതിന്റെ മൂർധന്യാവസ്ഥയിലാണ് സിപിഐ എം തെലങ്കാന സംസ്ഥാന കമ്മിറ്റി വിജയകരമായി 154 ദിവസം നീണ്ടുനിന്ന മഹാജന പദയാത്ര സംഘടിപ്പിച്ചത്. 4200 കിലോമീറ്റർ സഞ്ചരിച്ച് 1520 കേന്ദ്രങ്ങൾ സന്ദർശിച്ചാണ് വൻ റാലിയോടെ ഹൈദരാബാദിൽ പദയാത്ര സമാപിച്ചത്.

ബിജെപി‐സംഘപരിവാർ ഹിന്ദുത്വ ശക്തികളുടെ അജൻഡകൾക്കെതിരായ ശക്തമായ പ്രതിരോധമായി ഈ സമരം മാറി. ബദൽരാഷ്ട്രീയത്തിനുവേണ്ടിയുള്ള പോരാട്ടത്തിനും ഇടത് ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുന്നതിനും ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടത് പരമപ്രധാനമാണ്. പശ്ചിമബംഗാൾ, ത്രിപുര, കേരളം എന്നിവിടങ്ങളിൽ വർഗീയ‐പ്രതിലോമ ശക്തികൾ കടുത്ത ആക്രമണം നടത്തി ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലും ചെറുത്തുനിൽപ്പ് നടത്തുന്ന ഇവിടങ്ങളിലെ പാർടി പ്രവർത്തകരെ അഭിവാദ്യം ചെയ്യാൻ ഈ അവസരം ഉപയോഗിക്കുകയാണ്. ഇവരോട് ഐക്യപ്പെടാൻ തെലങ്കാനയിലെ എല്ലാ ജനാധിപത്യ പുരോഗമന ശക്തികളോടും അഭ്യർഥിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഞങ്ങളോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുകയും സഹായിക്കുകയും ചെയ്ത തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ എല്ലാ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങളോടും വ്യക്തികളോടും നന്ദി പറയാൻ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലും അടിച്ചമർത്തലിനും ചൂഷണത്തിനും എതിരായ പോരാട്ടങ്ങൾ തുടരാൻ സഹായിച്ച ഹൈദരാബാദിലെ ജനങ്ങളെയും നന്ദി അറിയിക്കുന്നു. ഹൈദരാബാദിൽ 22‐ാം പാർടി കോൺഗ്രസ് സംഘടിപ്പിക്കാൻ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ച എല്ലാവർക്കും നന്ദി

പ്രധാന വാർത്തകൾ
 Top