21 March Thursday

പോരാട്ടവഴിയിലെ കരുത്തുറ്റ സാന്നിധ്യം

കോടിയേരി ബാലകൃഷ്ണൻUpdated: Friday Jan 19, 2018


കേരളം ഇന്ത്യക്ക്‍ സംഭാവനചെയ്‍ത പ്രമുഖ ദേശീയ തൊഴിലാളിവർഗനേതാവായിരുന്നു സ. ഇ ബാലാനന്ദൻ. അടിയുറച്ച കമ്യൂണിസ്റ്റും തൊഴിലാളിവർഗത്തിന്റെ ഉത്തമനേതാവുമായിരുന്നു. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട്‍ ഇന്ന് ഒമ്പത്‍ വർഷമാകുന്നു. കേരളത്തിലെ തൊഴിലാളിവർഗപ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളാണ്. അലൂമിനിയം കമ്പനിയിലെ കൂലിത്തൊഴിലാളിയിൽനിന്ന് രാജ്യത്തെ ട്രേഡ്‍ യൂണിയൻ പ്രസ്ഥാനത്തിന്റെ അമരക്കാരനായി വളർന്ന അസാധാരണ വിപ്ലവഏടാണ് ആ ജീവിതം.

കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ ഒരു ദരിദ്ര തൊഴിലാളികുടുംബത്തിൽ 1924ൽ ജനിച്ചു. ജീവിതപ്രാരാബ്ധംകാരണം നന്നേ ചെറുപ്പത്തിലേ തൊഴിലെടുക്കാൻ നിർബന്ധിതനായി. ഷാപ്പുതൊഴിലാളി, കൂലിപ്പണിക്കാരൻ എന്നിങ്ങനെയെല്ലാം ജീവിത വഴി തേടുന്നതിനുമധ്യേ ഏലൂരിലെ അലൂമിനിയം കമ്പനിയിൽ പണിക്കാരനായി എത്തി. പിന്നീടുണ്ടായത്‍ പുതിയ ചരിത്രം. തൊഴിലാളിവർഗരാഷ്ട്രീയത്തിന്റെ ബാലപാഠം അവിടത്തെ പണിശാലയിൽനിന്ന് പഠിച്ചു. അലൂമിനിയം ഫാക്ടറി വർക്കേഴ്‍സ്‍ യൂണിയൻ രൂപീകരിക്കപ്പെട്ടു. അതിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി ബാലാനന്ദൻ.  തിരുവിതാംകൂറിൽ രജിസ്റ്റർ ചെയ്യുന്ന ആറാമത്തെ തൊഴിലാളി യൂണിയനായിരുന്നു അത്‍. ആദ്യം കോൺഗ്രസ്‍ പ്രവർത്തകനായിരുന്ന അദ്ദേഹം 1943ൽ കമ്യൂണിസ്റ്റ്‍ പാർടിയുടെ ആലുവ സെൽ രൂപീകരിച്ചപ്പോൾ അതിലെ അംഗമായി. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതിനെത്തുടർന്ന് സഖാവിനെ കമ്പനിയിൽനിന്ന് പുറത്താക്കി. അന്ന് പുന്നപ്ര‐വയലാർ സമരത്തിന്റെ കാലമായിരുന്നു. ഫാക്ടറിയിൽ നിന്ന് പുറത്താക്കപ്പെട്ട സഖാവ്‍ പൂർണസമയ പാർടി പ്രവർത്തകനായി.

കമ്യൂണിസ്റ്റ്‍ പ്രസ്ഥാനത്തിനെതിരെ നുണപ്രചാരണം ശക്തിപ്പെട്ടപ്പോൾ അതിനെതിരെ കുറിക്കുകൊള്ളുന്ന ഭാഷയിൽ ഒളിവിലായിരുന്ന സഖാവ്‍ പൊതുയോഗത്തിൽ പ്രസംഗിച്ച്‍ മറുപടി നൽകി. അതേത്തുടർന്ന് പൊലീസ്‍ അറസ്റ്റ്‍ ചെയ്‍തു. വിവിധ ഘട്ടങ്ങളിലായി അഞ്ചുവർഷം ജയിൽവാസവും നാലരവർഷത്തോളം ഒളിവുജീവിതവും നയിച്ചു. ഭീകരമായ പൊലീസ്‍ മർദനത്തിന് നിരവധി തവണ ഇരയായി. സിപിഐ എം രൂപീകരിച്ചപ്പോൾ പാർടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായി. പിന്നീട്‍ സംസ്ഥാന സെക്രട്ടറിയറ്റംഗവുമായി. 1972ൽ ഒമ്പതാം പാർടി കോൺഗ്രസിലാണ് കേന്ദ്ര കമ്മിറ്റിയംഗമായത്‍. 1978ൽ ജലന്ധർ പാർടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടശേഷം മൂന്ന് പതിറ്റാണ്ടോളം ഡൽഹി കേന്ദ്രമാക്കി തന്റെ പ്രവർത്തനം ദേശവ്യാപകമായി ശക്തിപ്പെടുത്തി. എ കെ ജിക്കും ഇ എം എസിനുംശേഷം പാർടി പിബിയിലെത്തിയ മലയാളിയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾക്ക്‍ അതീതമായി പൊതുസമൂഹത്തിന്റെ ആദരവും സ്നേഹവും പിടിച്ചുപറ്റിയ നേതാവായി.

തൊഴിലാളികളെ വിപ്ലവപാതയിലേക്ക്‍ കൊണ്ടുവരുന്നതിനും അവരുടെ അവകാശപ്പോരാട്ടങ്ങളെ ശക്തമാക്കുന്നതിനും സിഐടിയു നേതാവെന്നനിലയിൽ സഖാവ്‍ വഹിച്ച പങ്ക്‍ എന്നും സ്‍മരിക്കപ്പെടുന്നതാണ്. 1970ൽ സിഐടിയു രൂപീകരിച്ചപ്പോൾ അതിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും തുടർന്ന് അഖിലേന്ത്യാ ട്രഷററുമായി. ബി ടി രണദിവേയ്‍ക്കുശേഷം സിഐടിയുവിന്റെ പ്രസിഡന്റായി.

ആഗോളവൽക്കരണനയത്തിനെതിരെ ഇന്ത്യൻ തൊഴിലാളിവർഗത്തെ സമരപാതയിലെത്തിക്കുന്നതിന് നേതൃപരമായ ഉജ്വലപങ്കാണ് അദ്ദേഹം നിർവഹിച്ചത്‍. വൈദ്യുതിജീവനക്കാരുടെ സംഘടന ദേശീയമായി കെട്ടിപ്പടുത്തത്‍ അദ്ദേഹത്തിന്റെ മുൻകൈയിലായിരുന്നു. സംഘടനയുടെ സ്ഥാപക പ്രസിഡന്റായി. വൈദ്യുതിജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് അത്‍. അവസാനകാലംവരെ അതിന്റെ അഖിലേന്ത്യാ പ്രസിഡന്റായി.

മികച്ച പാർലമെന്റേറിയനുമായിരുന്നു അദ്ദേഹം. 1967മുതൽ 1977 വരെ കേരള നിയമസഭാംഗമായി. 1980ൽ ലോക്‍സഭാംഗവും പിന്നീട്‍ രണ്ടുതവണ രാജ്യസഭാംഗവുമായി. തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ നേടുന്നതിനുള്ള സമരവേദിയായി പാർലമെന്റിനെ മാറ്റുന്നതിൽ വിജയംകണ്ട വിപ്ലവകാരിയായ പാർലമെന്റേറിയനായി. അസംഘടിത തൊഴിലാളികൾക്കുവേണ്ടി നിയമം കൊണ്ടുവരുന്നതിന് പാർലമെന്റിൽ ഉയർന്ന ഏറ്റവും ശക്തമായ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്‍. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളുടെ ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടൽ ബിൽ അവതരിപ്പിക്കുന്ന മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയുംവരെ അഭിനന്ദനങ്ങൾക്ക്‍ ഇടയാക്കിയിട്ടുണ്ട്‍. ജീവിതപ്രാരാബ്ധങ്ങൾകാരണം ഏഴാംക്ലാസിൽ പഠിപ്പ്‍ നിർത്തേണ്ടിവന്നു. പക്ഷേ, ഔപചാരിക വിദ്യാഭ്യാസം വേണ്ടവിധത്തിൽ നേടാൻ കഴിഞ്ഞില്ലെന്ന പോരായ്‍മയെ മറികടന്നുകൊണ്ട്‍ ഇംഗ്ലീഷ്‍ ഉൾപ്പെടെയുള്ള ഭാഷകളിൽ നല്ല പ്രാവീണ്യം നേടാനും ശാസ്‍ത്രവിഷയങ്ങളിലടക്കം ഉയർന്ന പരിജ്ഞാനം സമ്പാദിക്കാനും സ്വപ്രയത്‍നത്താൽ കഴിഞ്ഞു. അതുകൊണ്ടാണ് പ്രധാനമന്ത്രിമാരുടെവരെ വാദമുഖങ്ങളെ ഖണ്ഡിച്ച്‍ അനർഗളമായി ഇംഗ്ലീഷിൽ വാദപ്രതിവാദം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞത്‍.

ഗഹനമായ വിഷയങ്ങൾപോലും ലളിതമായ ഭാഷയിൽ തൊഴിലാളികൾക്കും സാധാരണക്കാർക്കും മനസ്സിലാകുംവിധം അവതരിപ്പിക്കുന്നതിൽ പ്രത്യേക വൈഭവമുണ്ടായിരുന്നു. നർമം കലർത്തി പൊതുസദസ്സിൽ പ്രസംഗിക്കുന്നതിനും ശ്രദ്ധിച്ചിരുന്നു. ശബ്ദംതാഴ്‍ത്തി, ചില ഭാഗങ്ങൾ പറയാൻവിട്ട്‍, ഭാവപ്രകടനത്തിലൂടെ പൂരിപ്പിക്കുന്ന രീതിയുമുണ്ടായിരുന്നു. പറയേണ്ടകാര്യങ്ങൾ, നന്നായി പഠിച്ച്‍ ഉറപ്പിച്ച്‍ അവതരിപ്പിക്കുന്ന രീതിയായിരുന്നു. മാർക്‍സിസ്റ്റ്‍ സംവാദത്തിന്റെ എഡിറ്ററായി അവസാനകാലത്ത്‍ പ്രവർത്തിച്ചു. ഓരോ വിഷയത്തെയും മാർക്‍സിസ്റ്റ്‍‐ലെനിനിസ്റ്റ്‍ പ്രത്യയശാസ്‍ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശകലനംചെയ്യുന്നതിൽ അസാമാന്യപാടവമുണ്ടായിരുന്നു. മനസ്സിലാക്കിയ കാര്യങ്ങൾ തനതായ ശൈലിയിൽ അവതരിപ്പിക്കുകയുംചെയ്‍തു.

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ സമരപോരാട്ടങ്ങളിൽ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച ഇ ബാലാനന്ദന്റെ സ്‍മരണ നിലനിൽക്കുന്ന ഈ ഘട്ടത്തിൽ, ഇന്ത്യയിലെ തൊഴിലാളിവർഗം കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. 10 വർഷം പിന്നിട്ടെങ്കിലും ആഗോള ധനപ്രതിസന്ധിയിൽനിന്ന് കരകയറാൻ ലോക മുതലാളിത്തത്തിന് കഴിഞ്ഞിട്ടില്ല.  ഇന്ത്യയിലാകട്ടെ നോട്ട്‍ നിരോധനം, ജിഎസ്‍ടി തുടങ്ങിയ പരിഷ്‍കാരങ്ങളുടെയെല്ലാം ഭാരം പണിയെടുക്കുന്നവന്റെ ചുമലിൽ വീഴുകയാണ്. ആർഎസ്‍എസ്‍ നയിക്കുന്ന നരേന്ദ്ര മോഡി സർക്കാരിന്റെ ഭരണം ആഗോളവൽക്കരണ സാമ്പത്തികനയം തീവ്രമായി നടപ്പാക്കുകയാണ്. അതിനൊപ്പം ഹിന്ദുത്വ അജൻഡയും അടിച്ചേൽപ്പിക്കുന്നു. ദേശീയമായി ഇരുണ്ട ഈ അന്തരീക്ഷത്തിലും ബദൽരാഷ്ട്രീയത്തിന്റെ പ്രകാശ ഗോപുരങ്ങളാണ് കേരളത്തിലെയും ത്രിപുരയിലെയും ഇടതുപക്ഷ  സർക്കാരുകൾ. ത്രിപുര നിയമസഭയിലേക്ക്‍ ഫെബ്രുവരി  18ന് വോട്ടെടുപ്പാണ്.  അർഎസ്‍എസും കേന്ദ്രഭരണകൂടവും നടത്തുന്ന ഇടങ്കോലിടൽ പ്രവർത്തനങ്ങളെ അതിജീവിച്ച്‍ ത്രിപുരയിലെ പ്രബുദ്ധജനത ഇടതുപക്ഷത്തോടുള്ള പ്രതിബദ്ധത ആവർത്തിക്കുമെന്നത്‍ ഉറപ്പാണ്.

ഇ ബാലാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രവർത്തനഫലമായിക്കൂടി വളർന്നുവന്ന കേരളത്തിലെ കമ്യൂണിസ്റ്റ്‍ പ്രസ്ഥാനം മുന്നേറ്റത്തിന്റെ പാതയിലാണ്. പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന എൽഡിഎഫ്‍ സർക്കാർ നാടിന്റെ വികസനത്തിനും ജനതയുടെ ക്ഷേമത്തിനുംവേണ്ടി ഉറച്ച ചുവടുവയ്‍പുകളാണ് നടത്തുന്നത്‍. സമീപദിവസങ്ങളിൽ ചേർന്ന ലോക കേരളസഭ നമ്മുടെ ജനാധിപത്യസമ്പ്രദായത്തിൽ പുതിയൊരു സൂര്യോദയമായി. കേരളത്തിനുപുറത്ത്‍ ഇതരസംസ്ഥാനങ്ങളിലും വിദേശത്തുമായി കഴിയുന്ന പ്രവാസിസമൂഹത്തിന്റെ പ്രശ്‍നങ്ങൾ കേൾക്കാനും പരിഹാരം തേടാനുമുള്ള വേദിയായി അത്‍ മാറി. അവരുടെ കഴിവും ധനവും കേരളത്തിന്റെ വികസനത്തിനായി ബന്ധിപ്പിക്കുന്നതിനുള്ള മാതൃകാപരമായ വലിയൊരു കർമപരിപാടിക്കാണ് രൂപം നൽകിയത്‍. നിയമസഭയുടെ മാതൃകയിൽ ഏഴ്‍ വകുപ്പുകളിൽ സ്റ്റാൻഡിങ്‍ കമ്മിറ്റിയും പൊതുവായി സെക്രട്ടറിയറ്റും രൂപീകരിക്കാനുള്ള തീരുമാനമെടുത്താണ് ലോക കേരളസഭയുടെ ആദ്യ സമ്മേളനം സമാപിച്ചത്‍. ഇതടക്കം പൊതുസമൂഹത്തിന്റെ അംഗീകാരംനേടുന്ന നടപടികളാണ് എൽഡിഎഫ്‍ സർക്കാർ സ്വീകരിക്കുന്നത്‍. എൽഡിഎഫിനെയും സിപിഐ എമ്മിനെയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള, പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്ക്‍ കരുത്ത്‍ പകരുന്നതാകട്ടെ സ. ഇ ബാലാനന്ദൻ സ്‍മരണ

പ്രധാന വാർത്തകൾ
 Top