18 February Tuesday

നൂറിന്റെ നിറവിൽ ചുവക്കുന്ന കേരളം

കോടിയേരി ബാലകൃഷ്ണൻUpdated: Friday Oct 18, 2019കേരള രാഷ്ട്രീയത്തെ പുരോഗമനപരമായ ദിശയിലേക്ക് മുന്നോട്ടുകൊണ്ടുപോകുന്നതിന് കരുത്തുപകരുന്നതാകും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചതിന്റെ 100–ാം വാർഷികാഘോഷം. ഒക്ടോബർ 17നു തുടങ്ങിയ ആഘോഷം ഒരു വർഷം നീണ്ടുനിൽക്കും. കേരളത്തിന്റെ പുരോഗതിക്കും കേരളീയരുടെ സാമൂഹ്യബോധ നിലവാരത്തിലെ വളർച്ചയ്ക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്. ആയുർദൈർഘ്യം ഉൾപ്പെടെ കേരളം വികസിത രാജ്യങ്ങളെ മറികടക്കുന്ന ഉയർന്ന സൂചികയിൽ എത്തി. ഇത്തരം കാര്യങ്ങളിലൊക്കെ നവോത്ഥാനപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർടിയും നൽകിയ സംഭാവന ചരിത്രം സാക്ഷ്യപ്പെടുത്തുന്നതാണ്.

വർഗസമര രാഷ്ട്രീയം ശക്തിപ്പെടുത്തി
കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ ഔദ്യോഗികമായി നിലവിൽ വരുന്നതിനുമുമ്പുതന്നെ കമ്യൂണിസ്റ്റ് സ്വാധീനവും മാർക്സിസ്റ്റ് തത്വശാസ്ത്രത്തിന്റെ ഇടപെടലും സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിലുണ്ടായി. ബഹുജനങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യമെന്ന അർഥത്തിൽ പൂർണ സ്വാതന്ത്ര്യം കോൺഗ്രസിന്റെ പ്രമേയത്തിൽ കൊണ്ടുവരുന്നതിൽ, തൊഴിലാളികളുടെയും കൃഷിക്കാരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സംഘടന രൂപീകരിക്കാനും വളർത്താനും അയിത്തം ‐ അനാചാരം എന്നിവയ്ക്കെതിരായ പ്രക്ഷോഭം, ജാതി സാമുദായിക സങ്കുചിതബോധത്തിന്റെ വേരറുക്കൽ, തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും ശിരസ്സുയർത്തി നിൽക്കാനുള്ള ആത്മാഭിമാനബോധം വളർത്തൽ, വർഗസമര രാഷ്ട്രീയം ശക്തിപ്പെടുത്തൽ‐ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം വഴി നാടിനു ലഭിച്ചത്. ഐക്യകേരളം എന്ന മുദ്രാവാക്യത്തിന് രൂപംനൽകിയതും കമ്യൂണിസ്റ്റ് പാർടിയാണ്.

കമ്യൂണിസത്തെ ഒഴിവാക്കി ഇന്ത്യക്കോ ലോകത്തിനോ മുന്നോട്ടുപോകാനാകില്ല. അത് നമുക്കുചുറ്റും നടക്കുന്ന ഓരോ സംഭവങ്ങളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ചെന്നൈയിൽ നടന്ന ഇന്ത്യ‐ചൈന ഉച്ചകോടിയും അതിന് ഉദാഹരണമാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയും ഉച്ചകോടിയും വലിയ വിജയമാണെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ. അമേരിക്കയും ഇന്ത്യയും ഉൾപ്പെടെ മുതലാളിത്ത രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ കാലത്തും സാമ്പത്തിക വളർച്ചയിൽ അത്ഭുതം സൃഷ്ടിക്കുന്ന ചൈനയുമായുള്ള സഹകരണം ഇന്ത്യക്ക് ഗുണകരമാണ്. ഇത് മനസ്സിലാക്കിയുള്ള ചുവടുവയ്പാണ്, ചൈനയുമായി വ്യാപാരമേഖലയിലടക്കം സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനമെടുത്ത മാമല്ലപുരം ഉച്ചകോടി. ഇതിലൂടെ കമ്യൂണിസത്തിന്റെ മേന്മ കേരളയീരും കൂടുതൽ മനസ്സിലാക്കുന്നു.

ഇ എം എസ്‌  കേരള മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയൽ ചിത്രം)

ഇ എം എസ്‌ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയൽ ചിത്രം)

 

ഒക്ടോബർ വിപ്ലവത്തിന്റെ ആവേശം
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ 100–ാം വാർഷികം ആഘോഷിക്കുമ്പോൾ ഒരു നൂറ്റാണ്ടിലെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ സംഭവം ബാലറ്റ് പേപ്പറിലൂടെ ഏഷ്യയിൽ ആദ്യമായി കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിൽ വന്നുവെന്നതാണ്. ആ നിർണായക ചരിത്രത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ എൽഡിഎഫിന്റെ നേതൃത്വത്തിൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ തുടരുന്നുവെന്നത് പ്രധാനമാണ്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടിയുടെ പിറവി 1920ൽ താഷ്കെന്റിലായിരുന്നു. അന്ന് സോവിയറ്റ് യൂണിയനിൽ സോഷ്യലിസ്റ്റ് സർക്കാർ അധികാരത്തിൽ വന്ന് മൂന്നുവർഷം ആകുന്നതേയുള്ളൂ. ഒക്ടോബർ വിപ്ലവത്തിന്റെ ആവേശം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണത്തിന് പ്രേരണയാണ്. ഒക്ടോബർ വിപ്ലവം ചരിത്രത്തിനു പറ്റിയ അബദ്ധമല്ല. ഈ വിപ്ലവം ലോകത്തിനാകെ ഗുണകരമായ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിദേശാധിപത്യത്തിൽനിന്നും സ്വാതന്ത്ര്യം ലഭിക്കാനും അത് സഹായകമായി.

തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവിതദുരിതം, പാർപ്പിടമില്ലായ്മ, ചികിത്സാനിഷേധം‐ഇതെല്ലാമാണ് മുതലാളിത്ത സാമൂഹിക വ്യവസ്ഥിതിയെന്ന് മാർക്സും ഏംഗൽസും ചൂണ്ടിക്കാട്ടി. എന്നാൽ, അത്തരം ദുരിതങ്ങൾ അകറ്റുന്നതാണ് സോഷ്യലിസമെന്ന് 74 വർഷം, 1917‐1991  വരെയുള്ള കാലത്ത് നിലനിന്ന ഭരണത്തിലൂടെ സോവിയറ്റ് റഷ്യ തെളിയിച്ചു. കമ്യൂണിസം തകർന്നുവെന്ന് പുരപ്പുറത്ത് കയറിനിന്ന് വിളിച്ചുകൂവുന്ന അമിത് ഷാ മുതൽ എ കെ ആന്റണി വരെയുള്ളവർ ഈ സത്യം തിരിച്ചറിയണം. ഏറ്റിറക്കങ്ങളും പിറകോട്ടടിയും മുന്നേറ്റവുമെല്ലാം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അഭേദ്യ ഭാവമാണ്.

1939 ഒടുവിൽ ചേർന്ന പിണറായിയിലെ പാറപ്പുറം സമ്മേളനത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയാകെ കമ്യൂണിസ്റ്റ് പാർടിയായി. അതോടെ കമ്യൂണിസ്റ്റ് പാർടി നാട്ടിൽ സജീവമായി

കേരളത്തിൽ 34,827 ബ്രാഞ്ചും 5,16,373 അംഗങ്ങളും സിപിഐ എമ്മിനുണ്ട്. 1937ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരള ഘടകത്തിന് തുടക്കമായപ്പോൾ അംഗങ്ങൾ കൈവിരലിൽ എണ്ണാവുന്നവർ മാത്രമായിരുന്നു. പാർടി പ്രതിനിധിയായി എസ് വി ഘാട്ടേ രഹസ്യമായി കോഴിക്കോട്ടെത്തി പാർടിയുടെ രഹസ്യ സംഘടന രൂപീകരിക്കുകയായിരുന്നു. പി കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട്, എൻ സി ശേഖർ, കെ  ദാമോദരൻ എന്നിവരടങ്ങിയ ഒരു ഘടകമാണ് അന്ന് രൂപീകരിച്ചത്. 1939 ഒടുവിൽ ചേർന്ന പിണറായിയിലെ പാറപ്പുറം സമ്മേളനത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയാകെ കമ്യൂണിസ്റ്റ് പാർടിയായി. അതോടെ കമ്യൂണിസ്റ്റ് പാർടി നാട്ടിൽ സജീവമായി.

1940ൽ ഇന്ത്യ രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കാളിയാണെന്ന് ലണ്ടനിലെ ഇന്ത്യ സെക്രട്ടറി അമറി സായിപ്പ് ബ്രിട്ടീഷ് പാർലമെന്റിൽ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സമ്മതമില്ലാതെ ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തിയ ഈ പ്രഖ്യാപനത്തിലും തുടർന്നുണ്ടായ കടുത്ത മർദനങ്ങളിലും പ്രതിഷേധിക്കാൻ 1940 സെപ്തംബർ 15 മർദനപ്രതിഷേധ ദിനമായി ആചരിക്കാൻ കോൺഗ്രസിന്റെ ആഹ്വാനം. പക്ഷേ, ദിനാചരണത്തിനു മുന്നിൽനിന്നു പ്രവർത്തിച്ചത് കമ്യൂണിസ്റ്റുകാരാണ്. ഇതിനെ നിരോധിച്ച് സർക്കാർ കൽപ്പന വന്നു. എന്നാൽ,  നിരോധനാജ്ഞ ലംഘിച്ചു. തലശ്ശേരി, മട്ടന്നൂർ, മൊറാഴ എന്നിവിടങ്ങളിൽ വെടിവയ്പ് നടന്നു. ജനങ്ങൾ സംഘടിതമായി തിരിച്ചടിച്ചു. മൊറാഴയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. തലശ്ശേരിയിലെ പൊലീസ് വെടിവയ്പിൽ അബു, ചാത്തുക്കുട്ടി എന്നീ സഖാക്കൾ രക്തസാക്ഷികളായി.

മൊറാഴയിൽ  പൊലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ എടുത്ത കേസിൽ കെ പി ആർ ഗോപാലനെ തൂക്കിക്കൊല്ലാൻ വിധിച്ചു. തുടർന്ന് കെ പി ആറിനെ രക്ഷിക്കാൻ കമ്യൂണിസ്റ്റ് പാർടി നടത്തിയ ബഹുജനപ്രക്ഷോഭം ഇന്ത്യയിൽ മാത്രമല്ല, ബ്രിട്ടനിൽ പോലും അലകളുയർത്തി. ലണ്ടൻ തെരുവിൽപോലും പ്രകടനം നടന്നു. കെ പി ആറിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. കൊലമരച്ചുവട്ടിൽനിന്നുള്ള ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ തിരിച്ചുവരവ്. കയ്യൂർ സമര പോരാളികളായ മഠത്തിൽ അപ്പു, ചിരുകണ്ടൻ, കുഞ്ഞമ്പു നായർ, അബൂബക്കർ എന്നിവരെ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റി. കൊലമരംകൊണ്ട് കമ്യൂണിസത്തെ തച്ചുടയ്ക്കാമെന്ന ശത്രുപക്ഷത്തിന്റെ മോഹം നടപ്പില്ലെന്ന് പിൽക്കാല ചുവപ്പുകേരളം തെളിയിച്ചു.

ദേശീയമായി നാവികസേനാ കലാപവും റെയിൽവേ തൊഴിലാളികളുടെയും പോസ്റ്റൽ തൊഴിലാളികളുടെയും പണിമുടക്കുമുണ്ടായി. 1946ൽ പുന്നപ്ര വയലാർ സമരത്തിൽ ആയിരക്കണക്കിന് പേർ രക്തസാക്ഷികളായി. കുറെയേറെപ്പേരെ കാണാതായി. തിരുവിതാംകൂർ പ്രത്യേക രാജ്യമായി നിൽക്കുന്നതിനുള്ള ദിവാന്റെയും രാജാവിന്റെയും കുടിലതന്ത്രത്തെ പൊളിച്ചത് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര വയലാർ സമരമാണ്.

സ്വാതന്ത്ര്യപ്രഖ്യാപനത്തെ തുടർന്നുണ്ടായ ഇന്ത്യാ വിഭജന തീരുമാനം വിവിധ ഭാഗങ്ങളിൽ സമുദായലഹള ആളിക്കത്തിച്ചു. അന്ന് സാമുദായിക സൗഹാർദത്തിന്റെയും മനുഷ്യത്വത്തിന്റെയും മാനവിക പതാക ഉയരെപ്പിടിച്ചു പോരാടിയത് കമ്യൂണിസ്റ്റുകാരാണ്. നെടുകെ മുറിക്കപ്പെട്ട പഞ്ചാബിലും ബംഗാളിലും അഭയാർഥിപ്രവാഹം താങ്ങാനാകാത്തവിധമായിരുന്നു. അഭയാർഥികളുടെ വാഹനങ്ങൾ തടഞ്ഞുവച്ച് കൂട്ടക്കൊല നടത്തുന്നത് വ്യാപകമായി. അതുകാരണം വണ്ടിയോടിക്കാൻ പോലും ആളെ കിട്ടാതെ വന്നു. ആ അപകടകരവും ഗൗരവതരവുമായ സ്ഥിതിയിൽ  വണ്ടിയോടിച്ച് അഭയാർഥികളെ രക്ഷിക്കാൻ മുന്നോട്ടുവന്നത് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ട്രേഡ് യൂണിയൻ അംഗങ്ങളായിരുന്നു. പരസ്പരം കുത്തിക്കീറുന്ന സാമുദായിക ഭ്രാന്തിന്റെ തീജ്വാലകൾക്കിടയിലൂടെ അവർ തീവണ്ടി എൻജിനുമേൽ രക്തപതാകയും പറത്തിക്കൊണ്ട് അഭയാർഥികളെ രക്ഷിച്ചു.

ബംഗാളിൽ സഹോദരപോരിൽ കത്തിക്കുത്തും വെടിയേറ്റുംമൂലം ചോരവാർന്ന് മരിക്കാൻ പോകുന്നവരെ രക്ഷിക്കാൻ രക്തം വേണമെന്ന് ആശുപത്രി അധികൃതർ പരിഭ്രാന്തിയോടെ ആവശ്യപ്പെടുന്നു. അവർ രാഷ്ട്രീയ സംഘടനകളെ സമീപിച്ചു. ബംഗാൾ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ടെലിഫോൺ എടുക്കാൻ പോലും ആളുണ്ടായില്ല. എന്നാൽ, സദാസമയം സജീവമായിരുന്നു കമ്യൂണിസ്റ്റ് പാർടി ഓഫീസ്. അവർ ഉടൻ വളന്റിയർമാരെ രക്തദാനത്തിനു തയ്യാറാക്കി ആശുപത്രിയിലേക്ക് അയച്ചു. ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ നോക്കാതെ മനുഷ്യരുടെ യോജിപ്പിനും രക്ഷയ്ക്കുംവേണ്ടി അന്ന് എന്നപോലെ ഇന്നും നിലനിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റുകാരുടേത്.

1948‐51 കാലത്ത് കേരളത്തിലെ പാർടി അതിസങ്കീർണമായ ഭരണകൂട ഭീകരതയെയാണ് നേരിട്ടത്. ശൂരനാട് കലാപം അടക്കമുള്ള കലാപങ്ങൾ ഈ കാലഘട്ടത്തിലുണ്ടായി. കമ്യൂണിസ്റ്റുകാരെ കണ്ടാൽ കെട്ടിയിട്ട് വെടിവച്ചുകൊല്ലുകയെന്ന രീതിപോലുമുണ്ടായി. തില്ലങ്കേരിയിൽ അനന്തനെ ഈന്തുമരത്തിൽ കെട്ടിയിട്ട് വെടിവച്ച് കൊല്ലുകയായിരുന്നു. ജയിലിൽ കിടന്ന സഖാക്കളെ ജാമ്യത്തിൽ ഇറക്കുന്നുവെന്ന് പറഞ്ഞ് ജയിലിൽനിന്ന് ഇറക്കിക്കൊണ്ടുവന്ന് പാടിക്കുന്നിൽ വെടിവച്ചുകൊന്നു. കാവുമ്പായി, പായം, പാടിക്കുന്ന്, മുനയൻകുന്ന്, ഒഞ്ചിയം ‐ വിപ്ലവകാരികളുടെ സിരകളെ തീപിടിപ്പിക്കുന്ന എത്രയെത്ര സ്ഥലനാമങ്ങൾ.

കൂടുതൽ കരുത്തോടെ മുന്നോട്ട്
ഐക്യകേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതും കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കേരള സംസ്ഥാനം രൂപീകൃതമായതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ 1957 ഏപ്രിൽ അഞ്ചിന് കമ്യൂണിസ്റ്റ് പാർടി അധികാരത്തിലെത്തി. 1959 ജൂലൈ 31ന് ആ സർക്കാരിനെ പിരിച്ചുവിട്ടു. 1964ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയിലുണ്ടായ ഭിന്നിപ്പിനെ തുടർന്ന് സിപിഐ എം രൂപീകൃതമായപ്പോൾ ആ പ്രസ്ഥാനത്തെ വളർത്താനും സംരക്ഷിക്കാനും കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ തയ്യാറായി. അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുകയാണ്. ഈ പ്രസ്ഥാനത്തെ കാത്തുരക്ഷിക്കുന്നതിനുവേണ്ടി രക്തസാക്ഷികളായവരുടെ എണ്ണം ചെറുതല്ല. സംഘപരിവാറിന്റെ ആപത്ത് തടയുന്നതിനു പോരാടി രക്തസാക്ഷിയായവരുടെ സംഖ്യയും ചെറുതല്ല.

സാർവദേശീയവും ദേശീയവുമായതടക്കമുള്ള അനുഭവങ്ങളിൽനിന്ന് പാഠംപഠിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുപോകുന്നത്. ഫാസിസത്തെ ചെറുത്തുതോൽപ്പിക്കുന്നതിനും സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമുള്ള അപാരസാധ്യതകൾ എത്രയെന്ന് 74 വർഷം നിലനിന്ന സോവിയറ്റ് ഭരണം കാട്ടിത്തന്നു. പക്ഷേ, ഈ പശ്ചാത്തലത്തിലും സോഷ്യലിസം കെട്ടിപ്പടുക്കുന്നതിൽ പിഴവുകളും വളച്ചൊടിക്കലുകളുമുണ്ടായി. അതുപോലെ ബംഗാളിലും ഇടതുപക്ഷ ഭരണത്തിന് പിഴവുകൾ പറ്റിയിട്ടുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞ്, ജനങ്ങളാണ് യഥാർഥ യജമാനന്മാരെന്നും  ജനങ്ങളുമായുള്ള ബന്ധം ജലത്തിലെ മത്സ്യംകണക്കെ ആയിരിക്കണമെന്നും സോവിയറ്റ് അനുഭവം ഉൾപ്പെടെ നമ്മെ ബോധ്യപ്പെടുത്തുന്നു. ജനകീയ ചൈനയുൾപ്പെടെ ലോകത്ത് ഇന്നും സുശക്തമായ കമ്യൂണിസ്റ്റ് ചേരിയുണ്ട്. കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ 100–ാം വാർഷികം സിപിഐ എമ്മിന്റെ സ്വതന്ത്രശക്തി വളർത്തുന്നതിനൊപ്പം ഇടതുപക്ഷ ജനാധിപത്യമുന്നണി രാഷ്്ട്രീയത്തെ പ്രബലപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തണം. കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവിക്ക് ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനം അനിവാര്യമാണ്. ഈ സന്ദേശം കൂടുതൽപേരിലേക്ക് എത്തിക്കാൻ 100–ാം വാർഷികാഘോഷം ഉപകരിക്കട്ടെ.
 


പ്രധാന വാർത്തകൾ
 Top