15 October Tuesday

കേരളം 
കൂടുതൽ തിളങ്ങും - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

 

രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷതയും നിലനിർത്താനുള്ള ജനവിധിയാണ്‌ പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായത്‌. അതിനുതകുന്ന ഐക്യധാര രൂപപ്പെടുത്താനും ജനകീയ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനും ഇടതുപക്ഷത്തിനായി. കേന്ദ്ര സർക്കാരിന്റെ കടുത്ത പ്രതികാര നടപടികളെ നേരിട്ടാണ്‌ കേരളം ജനകീയ ബദൽ ഉയർത്തിയത്‌. കേന്ദ്രനയങ്ങൾ വഴി സംസ്ഥാന സർക്കാരിനെതിരായി ജനവികാരമുണ്ടാക്കാൻ തീവ്രശ്രമമുണ്ടായി. ആ സാഹചര്യങ്ങൾക്കിടെ ശക്തമായ ജനപിന്തുണയാർജിക്കാൻ സിപിഐ എമ്മിനും ഇടതുപക്ഷ പാർടികൾക്കും കഴിഞ്ഞില്ല. അതിന്റെ കാരണങ്ങൾ കണ്ടെത്തി തിരുത്തുന്നതിന് പാർടിതലത്തിലും സർക്കാർതലത്തിലും ഇടപെടൽ നടന്നുവരികയാണ്. കേന്ദ്രം പ്രതിബന്ധങ്ങൾ തീർക്കുമ്പോൾ, സംസ്ഥാന സർക്കാർ മുൻഗണനാക്രമം നിശ്ചയിക്കുക എന്നത് പ്രധാനമാണ്. അടിസ്ഥാനവിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് ഏറ്റവും പ്രധാനമായി പാർടിയും സർക്കാരും കാണുന്നു.  അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ സർക്കാർ തലത്തിൽ ആരംഭിച്ചുകഴിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ്  10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയും ചൊവ്വാഴ്ച പ്രഖ്യാപിച്ച 100 ദിന പരിപാടിയും. സാധാരണക്കാരുടെ ക്ഷേമവും സാമൂഹ്യപുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പുവരുത്തുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയം. താഴെത്തട്ടിലുള്ള ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും മുൻഗണന നൽകണമെന്നും അവർക്കുള്ള എല്ലാ ആനുകൂല്യവും സമയബന്ധിതമായി നൽകണമെന്നുമാണ് തീരുമാനിച്ചത്.

സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്നും ഇതുവരെ കുടിശ്ശികയായിട്ടുള്ള അഞ്ചു ഗഡു രണ്ടുവർഷത്തിനകം കൊടുത്തുതീർക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു. 62 ലക്ഷം പേർക്കാണ് 1600 രൂപ വീതം ക്ഷേമ പെൻഷൻ നൽകിവരുന്നത്. ഇക്കൊല്ലംമുതൽ വർഷംതോറും രണ്ടു ഗന്ധു ക്ഷാമബത്തയും ക്ഷാമാശ്വാസവും ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുമെന്നും സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ചു. കെട്ടിട നിർമാണത്തൊഴിലാളി പെൻഷൻ വിതരണം കാര്യക്ഷമമാക്കുമെന്നും അങ്കണവാടി പ്രവർത്തകർക്കുള്ള കുടിശ്ശിക കൊടുത്തുതീർക്കുമെന്നും താലൂക്ക് കേന്ദ്രങ്ങളിൽ മെഗാ ത്രിവേണി മാർക്കറ്റുകൾ തുറക്കുമെന്നും വിദ്യാർഥി സ്കോളർഷിപ് കുടിശ്ശിക ഉടൻ നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ക്ഷേമാനുകൂല്യങ്ങളിലും മറ്റും കുടിശ്ശിക വന്നത് കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമായിരുന്നു. എല്ലാവിഭാഗം ജനങ്ങൾക്കുമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണമെന്നുതന്നെയാണ് എൽഡിഎഫ് സർക്കാരിന്റെ തീരുമാനം.

ഇതോടൊപ്പം സംസ്ഥാനത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പുവരുത്തുകയെന്നതും സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമാണ്. ഇക്കാര്യത്തിലും ഒരു ഒഴിവുകഴിവിനും വിട്ടുവീഴ്ചയ്‌ക്കും സർക്കാർ തയ്യാറല്ല. ഇതു തെളിയിക്കുന്നതാണ് നാലാമത്തെ 100 ദിന കർമപരിപാടിയുടെ പ്രഖ്യാപനവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റണ്ണും കൊച്ചിയിൽ നടന്ന രാജ്യത്തെ തന്നെ ആദ്യ ജനറേറ്റീവ് ഐഎ കോൺക്ലേവും. സംസ്ഥാനത്തിന്റെ സർവതോമുഖമായ വികസനത്തിന് എല്ലാ സാധ്യതയും പ്രയോജനപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമേറ്റെടുത്തതിനുശേഷമുള്ള നാലാമത്തെ 100 ദിന കർമപരിപാടികളാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പുപ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തിയാണ് കർമപരിപാടി തയ്യാറാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി സൂചിപ്പിക്കുകയുണ്ടായി.

ഒക്ടോബർ 22 വരെ സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഈ 100 ദിനകർമ പരിപാടിയിൽ 47 വകുപ്പുകളുടെ 13,013.40 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ആകെ 1070 പദ്ധതി. 2,59,384 തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. 706 പദ്ധതി  പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനും 364 പദ്ധതിയുടെ നിർമാണ ഉദ്ഘാടനം–- പ്രഖ്യാപനവും ഈ പരിപാടിയുടെ ഭാഗമായി നടക്കും. 761.93 കോടി ചെലവിൽ നിർമിച്ച 63 റോഡ്‌,  28.28 കോടിയുടെ 11 കെട്ടിടം, 90.91 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഒമ്പത്‌ പാലം എന്നിവയാണ് അടുത്ത 100 ദിവസത്തിനുള്ളിൽ ഉദ്ഘാടനംചെയ്യാൻ പോകുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലയിലുമായി 30,000 പട്ടയംകൂടി 100 ദിവസത്തിനുള്ളിൽ വിതരണംചെയ്യും. 37 സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പൂർത്തീകരണവും 29 സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണ ഉദ്ഘാടനവും ഈ ഘട്ടത്തിൽ നടക്കും. പുതുതായി 456 റേഷൻകട കൂടി കെ–--സ്റ്റോറുകളായി നവീകരിച്ചുകൊണ്ട് സംസ്ഥാനത്ത്‌ 1000 കെ–-സ്റ്റോറുകൾ എന്ന നാഴികക്കല്ല് പൂർത്തിയാക്കും. അർബുദ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നിവ ലാഭം ഒട്ടുമില്ലാതെ കാരുണ്യ കമ്യുണിറ്റി ഫാർമസി വഴി രോഗികൾക്ക് നൽകും.


 

കേരളത്തിന്റെ വികസന ചരിത്രത്തിലെ ഉജ്വല അധ്യായമാണ് വിഴിഞ്ഞം പദ്ധതി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറിയശേഷമാണ് ഈ പദ്ധതി നടപ്പാക്കുന്നതിന് വേഗം വർധിച്ചത്. സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത വികസന കാഴ്ചപ്പാടിന്റെ മറ്റൊരു ഉദാഹരണംകൂടിയാണ്‌ ഇത്. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ്‌ തുറമുഖമാണ് വിഴിഞ്ഞം. കഴിഞ്ഞ ദിവസമാണ് ആ തുറമുഖത്ത് ആദ്യ ചരക്ക് കപ്പൽ - മദർഷിപ് എത്തിയത്. ഇതോടെ ഇന്ത്യയുടെ തന്നെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ കവാടമായി വിഴിഞ്ഞം തുറമുഖം മാറുകയാണ്. രാജ്യത്തിന്റെ അന്താരാഷ്ട്ര ചരക്ക് നീക്കത്തിന്റെ പകുതിയും വിഴിഞ്ഞത്തേക്ക് മാറുമെന്നാണ് കണക്കാക്കുന്നത്. ഇത് തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. വലിയ സാധ്യതകളാണ് ഈ തുറമുഖം സംസ്ഥാനത്തിനു മുമ്പിൽ തുറന്നിടുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയിലും വികസനത്തിലും നിർണായക പങ്കാണ് ഈ തുറമുഖം വഹിക്കാൻ പോകുന്നത്. അന്താരാഷ്ട്ര ചരക്ക് നീക്കത്തിൽ മാത്രമല്ല വാണിജ്യം, വ്യവസായം, വിനോദസഞ്ചാരം എന്നീ മേഖലകളിലും പുതിയ അവസരങ്ങൾ കേരളത്തിനു മുമ്പിൽ തുറക്കും. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, ഇടമൺ കൊച്ചി പവർ ഹൈവേ, കൊച്ചി വാട്ടർ മെട്രോ തുടങ്ങി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട വൻകിട വികസനപദ്ധതികളുടെ തുടർച്ചയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെയും കാണാവുന്നതാണ്. പദ്ധതി യാഥാർഥ്യമായപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ പലരും മത്സരിക്കുന്നുണ്ടെങ്കിലും 80 ശതമാനം പ്രവർത്തനവും പൂർത്തിയാക്കിയത് എട്ടു വർഷമായി സംസ്ഥാനം ഭരിക്കുന്ന പിണായി വിജയൻ സർക്കാരാണെന്ന വസ്തുത നിഷേധിക്കാൻ ആർക്കും കഴിയില്ല.

പുതിയ സാങ്കേതികവിദ്യകളെ സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും ഉപയോഗപ്പെടുത്തുന്നതിലും എൽഡിഎഫ് സർക്കാർ മടികാണിച്ചിട്ടില്ല. വിജ്ഞാനസമ്പദ് വ്യവസ്ഥ ലക്ഷ്യമാക്കിയുള്ള നവകേരളം സൃഷ്ടിക്കാനാണ് എൽഡിഎഫ് സർക്കാരിന്റെ ശ്രമം. ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് ഭാവിയുടെ സാങ്കേതികവിദ്യയായി പലരും വിശേഷിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (നിർമിതബുദ്ധി) സാധ്യതകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് എറണാകുളത്ത് നടന്ന ജനറേറ്റീവ് ഐഎ കോൺക്ലേവ്. സ്റ്റാർട്ടപ് ആവാസവ്യവസ്ഥയിലും അഫോഡബിൾ ടാലന്റ്‌ സൂചികയിലും കേരളം ഏറെ മുന്നേറിയെന്ന് ആഗോള പഠന റിപ്പോർട്ടുകൾ തന്നെ സാക്ഷ്യപ്പെടുത്തിയ വേളയിലാണ് ഒരു ചുവടുകൂടി മുന്നോട്ടുവച്ചുകൊണ്ട് ഇത്തരമൊരു കോൺക്ലേവ് നടത്തിയത്. ഇതിന് അനുബന്ധമായി ആഗസ്തിൽ റോബോട്ടിക്ക് റൗണ്ട് ടേബിളും സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിർമിതബുദ്ധി അധിഷ്ഠിത സംരംഭങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്ന എഐ നയം ഈ സാമ്പത്തികവർഷംതന്നെ പ്രഖ്യാപിക്കുമെന്നും സർക്കാർ അറിയിച്ചു.

ഭൂരിപക്ഷം മേഖലയിലും കേരളം നടത്തുന്ന മുന്നേറ്റം അംഗീകരിക്കാൻ പ്രതിപക്ഷത്തിന് മടിയാണെങ്കിലും നിതി ആയോഗിന്റെ സുസ്ഥിരവികസനസൂചികയിൽ കേരളം വീണ്ടും ഒന്നാമതെത്തിയത് എൽഡിഎഫ് സർക്കാരിനുള്ള അംഗീകാരമാണ്. 2023–--24ലെ സൂചികയിലാണ് 79 പോയിന്റ്‌ നേടി കേരളം ഒന്നാമതെത്തിയത്. 2020-–-21ൽ പുറത്തിറക്കിയ സൂചികയിൽ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമതെത്തിയത്. നാല് പോയിന്റുകൂടി ഉയർത്തിയാണ് ഇക്കുറി കേരളം ഒന്നാമതെത്തിയത്. നിതി ആയോഗിന്റെ പട്ടികയിൽ ഏക പട്ടിണിരഹിത സംസ്ഥാനവും കേരളമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആയുർദൈർഘ്യം തുടങ്ങി 16 സൂചികകളിലും കേരളം മികച്ച നിലയിലാണ്. ജനക്ഷേമവും സാമൂഹ്യപുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് നിതി ആയോഗിന്റെ റിപ്പോർട്ട്. ഇതെങ്കിലും അംഗീകരിക്കാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുമോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top