15 December Sunday

കോൺഗ്രസിലെ കൂറുമാറ്റം

പ്രകാശ്‌ കാരാട്ട്‌Updated: Thursday Jul 18, 2019

കോൺഗ്രസിലെ കൂറുമാറ്റം ലോക‌്സഭാ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ തുടങ്ങിയതാണ്. പക്ഷേ, തെരഞ്ഞെടുപ്പാനന്തര കാലത്ത് അതൊരു മലവെള്ളപ്പാച്ചിലായിത്തീർന്നിരിക്കുന്നു. ബിജെപിയിലേക്ക് കൂറുമാറുന്ന വ്യക്തികളായ നേതാക്കളും ജനപ്രതിനിധികളും എന്ന നില വിട്ട്, കൂറുമാറ്റംതന്നെ കൂറുമാറ്റ വിരുദ്ധ നിയമപ്രകാരം നിയമവിധേയമാകുംവിധം അതിന്റെ തീവ്രത വർധിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഗോവയിലെ 15 കോൺഗ്രസ് എംഎൽഎമാരിൽ 10 പേരും ബിജെപിയിലേക്ക് ചാടി. അത് അംഗങ്ങളുടെ എണ്ണത്തിൽ  മൂന്നിൽ രണ്ടായതുകൊണ്ട് കൂറുമാറ്റ നിയമപ്രകാരം, കോൺഗ്രസ് ബിജെപിയിൽ ലയിച്ചതായാണ് കണക്കാക്കുക.

നേരത്തെ തെലങ്കാനയിലെ 12 കോൺഗ്രസ് എംഎൽഎമാരിൽ  10 പേരും ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്)യിൽ ചേർന്നു. അതും ടിആർഎസിലേക്കുള്ള ലയനമായാണ് കണക്കാക്കിയത്. മഹാരാഷ്ട്രയിലെ കോൺഗ്രസുകാരനായ പ്രതിപക്ഷ നേതാവും രാജിവച്ച് ബിജെപിയിൽ ചേർന്നിരിക്കുന്നു. ഗുജറാത്തിലാണെങ്കിൽ, ലോക‌്സഭാ തെരഞ്ഞെടുപ്പിനുമുമ്പേതന്നെ നാല‌് കോൺഗ്രസംഗങ്ങളെ കൂറുമാറ്റാനുള്ള പരിപാടി ബിജെപി നടപ്പാക്കിക്കഴിഞ്ഞിരുന്നു. മൂന്നു ജെഡിഎസ് എംഎൽഎമാരോടൊപ്പം അസംബ്ലിയിൽനിന്ന് രാജിവച്ച ഒരു ഡസനോളം കോൺഗ്രസ് എംഎൽഎമാരെയും കൂട്ടിക്കെട്ടി ബിജെപി മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്കെത്തിച്ച ഏറ്റവും ഒടുക്കത്തെ ആ ദൃശ്യം, കോൺഗ്രസ് എന്ന കക്ഷിയെ സ്വാർഥ താൽപ്പര്യവും അവസരവാദവും അധികാരത്തിനുള്ള അത്യാർത്തിയും എങ്ങനെ തകർത്തെറിയുന്നു എന്ന് കാട്ടിത്തരുന്നുണ്ട്.

കൂറുമാറ്റങ്ങളുടെ പ്രവാഹത്തിന് വേഗതയേറിയത് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതിനുശേഷമാണ്. സംഗതികളിങ്ങനെ താറുമാറാക്കിയതിന്റെ പ്രത്യക്ഷകാരണം ഇതാണെങ്കിലും, കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിക്ക് കുറെക്കൂടി ആഴത്തിലുള്ള കാരണങ്ങളുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്, ബിജെപിക്കെതിരെയുള്ള ഒരു മതനിരപേക്ഷ ജനാധിപത്യ ബദലാണെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടു. ഈ രണ്ടു കക്ഷിയും നേർക്കുനേർ ഏറ്റുമുട്ടിയ ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ‌് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിലൂടെ ഇത് പൂർണമായും വ്യക്തമായി.

ബിജെപിയിലേക്ക് ചായുന്നു
പ്രത്യയശാസ‌്ത്രതലത്തിലാകട്ടെ, കോൺഗ്രസ് ഹിന്ദുത്വ അക്രമാസക്തതയ‌്ക്കുമുമ്പിൽ കീഴടങ്ങിക്കൊണ്ട് ഒരു മൃദു ഹിന്ദുത്വഭാവമാണ് കൈക്കൊണ്ടത്. കോൺഗ്രസ് പ്രസിഡന്റ‌്  തെരഞ്ഞെടുപ്പുപ്രചാരണത്തിന് പോയിടത്തെല്ലാം നടത്തിയ അസംഖ്യം ക്ഷേത്രസന്ദർശനങ്ങൾതന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല, മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരുകൾ ഗോ സംരക്ഷണ നടപടികളും വേദപഠന സൗകര്യങ്ങളും മതപരമായ തീർഥാടന പ്രോത്സാഹനവും ഉറപ്പാക്കുമെന്ന് വാഗ‌്ദാനം ചെയ‌്തിരിക്കുന്നു. ഗോവധത്തിന്റെ പേരിലും ന്യൂനപക്ഷങ്ങൾക്ക‌ുനേരെയുള്ള ആൾക്കൂട്ടാക്രമണത്തിന്റെ പേരിലും നിരപരാധികൾ കൊലചെയ്യപ്പെടുന്ന കാര്യം ഒരിടത്തും കോൺഗ്രസ് ഉയർത്തിക്കൊണ്ടുവരുന്നില്ല. ബിജെപിയുടെ കടുത്ത ഹിന്ദുത്വ ദേശീയതാവാദപ്രചാരണത്തിന് ഒരു മറുപടിയുമില്ല കോൺഗ്രസിന്.

ബിജെപിക്ക് ചുറ്റുമായി ഭരണവർഗത്തിന് സമവായം ഉണ്ടാക്കിയെടുക്കാനായതിന്റെ  ഘനീഭാവമാണ് മോഡിയുടെ രണ്ടാം വരവിൽ തെളിയുന്നത്. വൻകിട ബൂർഷ്വാ -ഭൂപ്രഭു വർഗങ്ങളുടെ പ്രധാന കക്ഷിയായി മാറിയിരിക്കുന്നു ബിജെപി. ഈ വർഗപരമായ പരിവർത്തനം കോൺഗ്രസ് കക്ഷിക്കകത്തും പ്രതിഫലിക്കുന്നുണ്ട്. ആ പാർടിയിൽ വൻകിട മുതലാളിമാരെയും ഗ്രാമീണ സമ്പന്നരെയും പ്രതിനിധാനം ചെയ്യുന്നവരൊക്കെയും ഇപ്പോൾ ബിജെപിയിലേക്ക് ചായുകയാണ്.

കർണാടകയിൽ കോൺഗ്രസ് വിട്ട ഒരു ഡസനോളം എംഎൽഎമാരുടെ കാര്യം ഒന്നപഗ്രഥിച്ചാൽ ഇത് വ്യക്തമാകും. അവരിൽ മിക്കവരും റിയൽ എസ‌്റ്റേറ്റ‌്, കൺസ്ട്രക‌്ഷൻ, മൈനിങ‌് മേഖലയിലെ മുതലാളിമാരോ അല്ലെങ്കിൽ ധനിക കർഷകരോ ആണ്. ഉദാഹരണത്തിന്, ബെല്ലാരിയിലെ ആനന്ദ് സിങ് ഇരുമ്പൈയിര്‌ ഖനന ബിസിനസിലാണ്. എസ് ടി സോമശേഖർ റിയൽ എസ്റ്റേറ്റ് - കൺസ്ട്രക‌്ഷൻ, സിവിൽ കരാർ മേഖലയിലാണ്. രമേഷ് ജാർകിഹോളിക്കിന‌് പഞ്ചസാര ഫാക‌്ടറിയും  മറ്റ് ബിസിനസുകളുമാണ്. അസംബ്ലിയിലെ അതിസമ്പന്നനായ റിയൽ എസ്റ്റേറ്റ് ഉടമ എം ടി ബി നാഗരാജ് 1015 കോടിരൂപയുടെ ആസ‌്തിയാണ‌് കാട്ടിയിരിക്കുന്നത്. ഇത്തരത്തിൽ ബിസിനസ് താൽപ്പര്യങ്ങളുള്ള നിയമസഭാ സാമാജികരാണ്, മറ്റ് ചില അവസരവാദികൾക്കൊപ്പം ബിജെപിയിലേക്ക് നേരേ ചാടുന്നത്.

അവസരവാദ രാഷ്ട്രീയം
ഇത് വെളിപ്പെടുത്തുന്നത്, ഇന്ത്യൻ രാഷ്ട്രീയത്തെയും നമ്മുടെ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയെയും ബാധിക്കുന്ന മറ്റൊരു വിപുല പ്രതിഭാസത്തെയാണ്. നിയോലിബറൽ ഭരണക്രമം ജനാധിപത്യത്തിലും രാഷ്ട്രീയത്തിലും  ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കഴിഞ്ഞ ഒരു ദശകത്തിലേറെയായി സിപിഐ എം മുന്നറിയിപ്പ് നൽകിവരികയായിരുന്നു. ബിസിനസും രാഷ്ട്രീയവും തമ്മിലുള്ള അവിഹിതബന്ധം പഞ്ചായത്ത് സ്ഥാപനങ്ങൾമുതൽ പാർലമെന്റ് വരെയുള്ള എല്ലാ തലങ്ങളിലും വളരെ പ്രബലമായിരിക്കുന്നു.

ബൂർഷ്വാ പാർടികളിൽ  കൂടുതൽ വൻകിട മുതലാളിമാരും ബിസിനസുകാരും സ്ഥാനാർഥികളാകാനും നിയമസഭകളിലേക്കും പാർലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെടാനും തുടങ്ങിയിരിക്കുന്നു. അവർ സർക്കാരുകളിൽ മന്ത്രിമാരായി വരുന്നു. ബിസിനസുകാരായ എംപിമാർ 1991 ൽ 14 ശതമാനമായിരുന്നത് 2014 ആകുമ്പോഴേക്കും 26 ശതമാനമായി വർധിച്ചിരിക്കുന്നു. 2019ലെ ലോക‌്സഭാ തെരഞ്ഞെടുപ്പോടെ ഇത് കൂടുതൽ വർധിച്ചിരിക്കാനാണിടയുള്ളത‌്. അത്തരക്കാരെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയവും ബിസിനസും പരസ‌്പരം  പിണഞ്ഞുകിടക്കുന്നവയാണ്.

കോൺഗ്രസിന്റെ മുന്നിലുള്ള യഥാർഥ പ്രതിസന്ധി ഒരു പുതിയ പ്രസിഡന്റിനെ കണ്ടെത്തുക എന്നതല്ല. അത് പ്രധാനം തന്നെയാണ്. പക്ഷേ, അതിലും പ്രധാനമായ കാര്യം, ഹിന്ദുത്വ വർഗീയതയോടുള്ള വിട്ടുവീഴ‌്ചാമനോഭാവത്തിൽനിന്ന് മാറി കൃത്യമായ മതനിരപേക്ഷതാ നിലപാടെടുക്കാത്തിടത്തോളംകാലം, കോൺഗ്രസ് ക്ഷയിക്കാനും ബിജെപിയുടെ നിറംമങ്ങിയ അനുകരണമാകാനുമാണ്  പോകുന്നത് എന്നതാണ്

നിയോലിബറൽ രാഷ്ട്രീയത്തിന്റെ മുഖമുദ്ര പ്രത്യയശാസ്ത്ര വിമുക്തിയാണ്. ബിസിനസ് താൽപ്പര്യത്തെ പൊതുസേവനത്തിനുമേലെ പ്രതിഷ‌്ഠിക്കലാണ‌്. ഇത്തരത്തിലുള്ള രാഷ‌്ട്രീയക്കാരാണ‌് കോൺഗ്രസിലും മറ്റ് ബൂർഷ്വാ പാർടികളിലും പെരുകിക്കൊണ്ടിരിക്കുന്നത്. ബിജെപിയാകട്ടെ, അത്തരക്കാരെ വൻതോതിൽ തങ്ങളുടെ പാർടിയിലേക്ക് കോ ഓപ്റ്റ് ചെയ്യുകയാണ്. ഇത്തരം അവസരവാദ രാഷ്ട്രീയത്തിന് ബിജെപി ഭാവിയിൽ കനത്ത വില നൽകേണ്ടിവരും.

കോൺഗ്രസിന്റെ മുന്നിലുള്ള യഥാർഥ പ്രതിസന്ധി ഒരു പുതിയ പ്രസിഡന്റിനെ കണ്ടെത്തുക എന്നതല്ല. അത് പ്രധാനം തന്നെയാണ്. പക്ഷേ, അതിലും പ്രധാനമായ കാര്യം, ഹിന്ദുത്വ വർഗീയതയോടുള്ള വിട്ടുവീഴ‌്ചാമനോഭാവത്തിൽനിന്ന് മാറി കൃത്യമായ മതനിരപേക്ഷതാ നിലപാടെടുക്കാത്തിടത്തോളംകാലം, കോൺഗ്രസ് ക്ഷയിക്കാനും ബിജെപിയുടെ നിറംമങ്ങിയ അനുകരണമാകാനുമാണ്  പോകുന്നത് എന്നതാണ്. മാത്രവുമല്ല, നിയോലിബറൽ നയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസിന്റെ നയങ്ങൾ അതിന്റെ സ്വഭാവത്തെത്തന്നെ കാർന്നുതിന്നുന്നുണ്ട്. അതിനെ സ്വന്തം കാര്യം നോക്കുന്നവരുടെ കൂടാരമായി മാറ്റുന്നുമുണ്ട്.

കോൺഗ്രസിന്, തങ്ങൾ ആശ്ലേഷിച്ച നിയോലിബറലിസത്തിൽനിന്ന് വ്യത്യസ‌്തമായി ഒരു സാമൂഹ്യ -സാമ്പത്തിക ദർശനം മുന്നോട്ടുവയ‌്ക്കാനാകുമോ?
ഇതാണ് കോൺഗ്രസ് പാർടിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. അതിനോട് എങ്ങനെ പ്രതികരിക്കുന്നു  എന്നതിനെ ആശ്രയിച്ചായിരിക്കും കോൺഗ്രസിന്റെ ഭാവി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top